ADVERTISEMENT

രണ്ടു ഹാരിയർമാരും ഒരുമിച്ചെത്തുമോ ഇന്ത്യയിൽ? എത്തിയാൽ ഹരികൃഷ്ണൻസ് സിനിമ പോലെ വാഹനപ്രേമികൾക്കും ഒരു മൾട്ടി സ്റ്റാർ ചിത്രം പ്രതീക്ഷിക്കാം. അറിയില്ലേ, ടൊയോട്ടയ്ക്കും ഒരു ഹാരിയർ ഉണ്ട്, നമ്മുടെ ടാറ്റയ്ക്കുള്ളതു പോലെ. യുഎസിൽ ടൊയോട്ട വെൻസ എന്ന പേരിൽ വിൽക്കുന്ന വാഹനത്തിന്റെ ജപ്പാനിലെ പേരാണ് ഹാരിയർ.

Tata Harrier
Tata Harrier

ഇപ്പോൾ ഇങ്ങനെ ഒരു ചർച്ച ഉണ്ടാകാൻ കാര്യം ടൊയോട്ട അവരുടെ ഹാരിയറിനെ അതേ പേരിൽ മലേഷ്യൻ വിപണിയിൽ പുറത്തിറക്കി എന്നതുകൊണ്ടാണ്. കഴിഞ്ഞ മാസം ആയിരുന്നു ലോഞ്ച്. 

കണ്ടാൽ ബോണറ്റിലേക്കു വീണു കെട്ടിപ്പിടിക്കാൻ തോന്നുന്ന ക്യൂട്ട് രൂപമാണു ടൊയോട്ട ഹാരിയറിന്. അതിന്റെ കറുത്ത നിറമുള്ള വാഹനം ഉപയോഗിച്ച് ഒന്നാംതരമൊരു പരസ്യവും ചെയ്തു കമ്പനി. അതു കണ്ടാൽ, ശമ്പളത്തിൽ നിന്നു റൊട്ടിയും പാലും മാത്രം തിന്നു ജീവിക്കാനുള്ള പണം വച്ചിട്ടു ബാക്കി മുഴുവൻ ഇഎംഐ ഇട്ടിട്ടാണെങ്കിലും ഒരു വാഹനപ്രേമി ഹാരിയർ വാങ്ങിപ്പോകും. അത്രത്തോളം ആഡംബരം, കുലീനത, സൗകര്യങ്ങൾ...

toyota-harrier-1

ടൊയോട്ടയുടെ ‘ഹരിക്കുട്ടൻ’ മിഡ്സൈസ് ക്രോസോവർ എസ്‌യുവി ആണെങ്കിൽ ടാറ്റയുടേത് കോംപാക്ട് ക്രോസോവർ എസ്‌യുവി ആണ്. ഒന്നല്ല ഒന്നര സെഗ്‌മെന്റ് മുകളിലാണ് ടൊയോട്ടയുടെ വണ്ടി എന്നു പച്ച മലയാളത്തിൽ പറയാം.

ടാറ്റ ഹാരിയറിനെപ്പോലെ ഒരു വാഹനത്തെ നോക്കി എങ്ങനെ കോംപാക്ട് എന്നൊക്കെ വിളിക്കാൻ കഴിയുന്നു എന്നു ചോദിച്ചാൽ, രാജ്യാന്തര വിപണിയിൽ അങ്ങനെയൊക്കെയാണു കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കിക്കൊള്ളുക. യുഎസിൽ പുറത്തിറങ്ങുന്ന ഫോർഡ് എക്സ്പെഡീഷൻ ഒന്നും കണ്ടിട്ടില്ലല്ലോ... അതാണ് ഇത്തരം സംശയങ്ങൾ. ടാറ്റ ഹാരിയർ പാണ്ടയും ടൊയോട്ട ഹാരിയർ ഹിപ്പൊപ്പൊട്ടാമസും ആണെങ്കിൽ എക്സ്പെഡീഷൻ ആഫ്രിക്കൻ ആനയാണ്. 

toyota-harrier-6

1997ൽ നിരത്തിലെത്തിയ ടൊയോട്ട ഹാരിയറിന്റെ 4ാം തലമുറയാണിപ്പോൾ വിപണിയിൽ ഉള്ളത്. ടാറ്റ ഹാരിയറിന്റെ മുഖം മിനുക്കിയ ഒന്നാം തലമുറയും. സെഗ്മെന്റ് വച്ചു നോക്കിയാൽ ടൊയോട്ട ഹാരിയർ ടാറ്റയുടെ സന്തതിയേക്കാൾ മുന്നിലാണെന്നു പറഞ്ഞല്ലോ. മലേഷ്യയിൽ അവതരിപ്പിക്കപ്പെട്ട ഹാരിയറിന്റെ സവിശേഷതകൾ ഒന്നു നോക്കാം. ടാറ്റ ഇന്ത്യയിൽ ചർച്ചയാക്കിയ ‘സുരക്ഷ’ എന്ന വിഭാഗത്തിലാണു ടൊയോട്ട ഹാരിയറും മലേഷ്യയിൽ പിടിമുറുക്കിയിരിക്കുന്നത്. ഈ വണ്ടിക്ക് എത്ര സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നു നോട്ടെഴുതി പഠിക്കേണ്ടി വരും.

toyota-harrier-4

വണ്ടി ഇടിക്കാൻ പോയാൽ തനിയെ ബ്രേക്ക് ചെയ്യുന്ന സംവിധാനം, ലെയ്ൻ സമ്പ്രദായം ഉള്ള രാജ്യങ്ങളിൽ നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്ന ലെയ്‌നിൽ നിന്നു മാറി പോയാൽ മുന്നറിയിപ്പു നൽകുന്ന സംവിധാനം, മുന്നിൽ പോകുന്ന വാഹനവുമായി സുരക്ഷിത അകലം പാലിച്ചു വാഹനത്തെ കൊണ്ടുപോകുന്ന റഡാർ അധിഷ്ഠിത ക്രൂസ് കൺട്രോൾ (ഇന്ത്യയിൽ എംജി ഗ്ലോസ്റ്ററിന്റെ ഫുൾ ഓപ്ഷൻ വാഹനത്തിൽ സമാനമായ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്), മുൻപിൽ പോകുന്ന വാഹനത്തിന്റെ സ്ഥിതി മനസ്സിലാക്കി ലെ‌യ്ൻ തെറ്റാതെ നോക്കുന്ന സംവിധാനം, മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ കണ്ണുകൾക്ക് ആഘാതം ഏൽക്കാത്ത തരം ഹൈ ബീം ലൈറ്റ്, ടയർ പ്രഷർ മോനിറ്ററിങ് സിസ്റ്റം, റിയർ വ്യൂ മിററിൽ ബ്ലൈൻഡ് സ്പോട് മോനിറ്ററിങ് സിസ്റ്റം, ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, 7 എയർ ബാഗുകൾ, മുൻപിലും പുറകിലും റെക്കോർഡിങ് സംവിധാനമുള്ള ക്യാമറ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്‌ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ... ഈ പട്ടിക ഇനിയും നീളും.

തങ്ങൾ നിർമിച്ച വാഹനത്തെപ്പറ്റി ഇളകാത്ത വിശ്വാസം ഉള്ളതുകൊണ്ട് 5 വർഷത്തേക്ക് ‘അൺലിമിറ്റഡ് കിലോമീറ്റർ’ വാറന്റിയും നൽകി ടോയോട്ട. ടാറ്റ ഹാരിയറിന് 2000 സിസി മൾട്ടിജെറ്റ് ഡീസൽ എൻജിൻ (170 ബിഎച്ച്പി) ആണെങ്കിൽ ടൊയോട്ടയുടെ ഹാരിയറിന് 2000 സിസി പെട്രോൾ എൻജിൻ (173 ബിഎച്ച്പി) ആണു ശക്തി പകരുന്നത്. ടാറ്റയുടെ ‘ഹരി മോന്’ മാനുവൽ – ടോർക് കൺവർട്ടർ ഗിയർ ബോക്സുകൾ ലഭ്യമാണ്. ടൊയോട്ട തങ്ങളുടെ കുട്ടിക്ക് ഡയറക്ട് ഷിഫ്റ്റ് സിവിടി ഗീയർബോക്സ് മാത്രമാണു നൽകിയത്. ധാരാളം മതിയാകും...

toyota-harrier-2

സുരക്ഷയുടെ കാര്യത്തിൽ തീരെ പിശുക്കു കാട്ടാത്ത ടൊയോട്ട ആഡംബരത്തിൽ പിശുക്കു കാട്ടുമെന്നു കരുതാമോ? ഇല്ല. ഒന്നും കുറച്ചിട്ടില്ല. സ്റ്റാർട് സ്റ്റോപ്പ് സ്വിച്ച് മുതൽ പാനോരമിക് സൺ റൂഫ് വരെ ഉണ്ട് വണ്ടിയിൽ. ഡോർ തുറക്കുമ്പോൾ ഹാരിയർ എന്ന പേരിനു കാരണക്കാരനായ പരുന്തിന്റെ രൂപം ഭൂമിയിലേക്കു വന്നു പതിക്കുന്ന വെളിച്ച വിദ്യകൾ വേറെയും.

വിലനിലവാരം വച്ചു പക്ഷേ, നമ്മുടെ നാട്ടിൽ മുൻപു വിലസിയിരുന്ന ഹോണ്ട സിആർവി, റെനോ കോളിയോസ്, നിസാൻ എക്സ്ട്രെയിൽ എന്നിവയുടെ തൊട്ടു മുകളിൽ വരും ടൊയോട്ട ഹാരിയർ. രണ്ടര ലക്ഷം മലേഷ്യൻ റിങ്കിറ്റ് ആണ് ഇതിന്റെ വില. ഇന്ത്യയിൽ ഉദ്ദേശം 44 ലക്ഷം രൂപ. അതിനാൽ തന്നെ വിപണിയിൽ ടാറ്റ ഹാരിയറിനോടു മുട്ടേണ്ട ആവശ്യം വരുന്നില്ല ടൊയോട്ട ഹാരിയറിന്. പകരം ആഡംബര ബ്രാൻഡുകളുടെ എൻട്രി ലെവൽ ക്രോസോവർ എസ്‌യുവികളോടു മത്സരിക്കാം. 

toyota-harrier-5

ആഡംബരത്തിനും സുരക്ഷയ്ക്കുമൊപ്പം കുറഞ്ഞ പരിപാലനച്ചെലവ് എന്ന കത്തിയേറും 5 വർഷത്തേക്ക് അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി എന്ന മാജിക് ഷോയും കൂടി ടൊയോട്ട പുറത്തെടുത്താൽ ഔഡി ക്യൂ 2വിനും ബിഎംഡബ്യൂ എക്സ് വണ്ണിനും മെഴ്സിഡെസ് ജിഎൽഎക്കും ഹാരിയർ ഭീഷണിയാകും. ഒപ്പം വാഹനപ്രേമികൾക്ക് രണ്ടു ഹാരിയർമാരുടെയും സ്റ്റാർ ഷോ ആവോളം ആസ്വദിക്കുകയും ചെയ്യാം...

English Summary: Toyota Harrier Launched In Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com