ഇലക്ട്രിക് വാഹനരംഗത്തിന് ഭാവിയിൽ എന്തൊക്കെ മാറ്റങ്ങൾ വരും?

electric-car
SHARE

കണ്ണടച്ചു തുറക്കും വേഗത്തിലാണ് സാങ്കേതികവിദ്യ വളരുന്നത്. വാഹനലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ബാറ്ററി സാങ്കേതികവിദ്യയ്ക്കു വലിയ പങ്കുണ്ടെന്നു നാം കണ്ടുകഴിഞ്ഞു. സാധാരണ ബാറ്ററിയിൽനിന്നു ലിഥിയം അയോൺ ബാറ്ററിയിലേക്കുള്ള ചാട്ടം ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചു. ഇന്ത്യയിൽ ആദ്യമിറങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചും ഇപ്പോഴത്തെ വാഹനങ്ങളുടെ റേഞ്ചും താരതമ്യം ചെയ്താൽ ആ മാറ്റം മനസ്സിലാകും. ഭാവി ഇലക്ട്രിക് വാഹനങ്ങളുടേതാണെന്നു നമുക്കറിയാം. എന്തെന്തു മാറ്റങ്ങൾ ഈ രംഗത്തു വരും?

സമീപഭാവിയിൽ  

നിലവിൽ ലിഥിയം അയോൺ ബാറ്ററികളിലാണ് വാഹനങ്ങളുടെ നിലനിൽപ്. ചാർജിങ്ങിന് എടുക്കുന്ന സമയം, സുരക്ഷിതത്വമില്ലായ്മ, വിലക്കൂടുതൽ തുടങ്ങിവയാണ് ലിഥിയം അയോൺ ബാറ്ററിയുടെ പോരായ്മകൾ. എന്നാൽ, പുതിയ സാങ്കേതികവിദ്യ ജനകീയമാകാൻ സമയമെടുക്കും. ലിഥിയം അയോൺ ബാറ്ററിയുടെ സമർഥമായ ഉപയോഗമാണ് പോംവഴി.

ചാർജിങ് സമയം കുറയ്ക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫുൾ ചാർജിൽ ഒരു യാത്രയ്ക്കിറങ്ങിയാൽ പിന്നെ അഞ്ചോ ആറോ മണിക്കൂർ കാത്തിരിക്കണം അടുത്ത ഫുൾ ചാർജിങ്ങിന്. ഇതിനിടെ ഒരു ഫുൾ ചാർജ് ബാറ്ററി കിട്ടിയാലോ? അതിനുള്ള വഴിയാണ് വാടകയ്ക്കു ബാറ്ററി. കുക്കിങ് ഗ്യാസ് ഏജൻസികളുടെ മാതൃക ഓർക്കുക. നാം കാലി സിലിണ്ടറുമായി ചെല്ലുന്നു. ഗ്യാസ് നിറച്ചുവച്ച സിലിണ്ടർ തിരികെ എടുത്തുകൊണ്ടുപോരുന്നു. ഇങ്ങനെ ബാറ്ററി സ്വാപ് ചെയ്യാനുള്ള സ്റ്റേഷനുകളും വരും. ആ സ്റ്റേഷനുകൾ സദാസമയവും ബാറ്ററി ചാർജ് ചെയ്യുന്നവയായിരിക്കും. ഇപ്പോൾ പല സർക്കാരുകളും ബാറ്ററി ഇല്ലാതെ ഇലക്ട്രിക് വാഹനം വാങ്ങാനുള്ള സാധ്യത തുറക്കുന്നുണ്ട്. വാടക നൽകി ബാറ്ററി ഉപയോഗിക്കാം. ഒരു ഏജൻസിക്കു തന്നെ പലയിടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടെങ്കിൽ എത്ര ദീർഘയാത്ര ചെയ്താലും കുഴപ്പമുണ്ടാകില്ല. നിലവിലെ ചാർജിങ് സ്റ്റേഷനുകൾക്കു പകരം ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ രംഗം കയ്യടക്കിയേക്കാം.

tesla-charging

ലിഥിയം അയോൺ ബാറ്ററിയുടെ കാലം കഴിയുമോ?

അൾട്രാഫാസ്റ്റ് കാർബൺ ഇലക്ട്രോഡ് ബാറ്ററികൾ വന്നേക്കാം. ലിഥിയം അയോൺ ബാറ്ററികളിലെ വില കൂടുതലുള്ള ഘടകം കൊബാൾട്ട് ആണ്. ഇതിനു പകരം നിക്കൽ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടക്കുന്നു. ചെലവു കുറയുമെന്നതാണു നേട്ടം. പരിസ്ഥിതിക്കു കുറഞ്ഞ ദോഷം ഉണ്ടാക്കുന്ന ലിഥിയം സൾഫർ ബാറ്ററികളും വന്നേക്കാം. കടൽവെള്ളം ഉപയോഗിച്ചുള്ള ബാറ്ററിയാണ് ഐബിഎം റിസർച് മുന്നോട്ടുവയ്ക്കുന്നത്. ഘനലോഹങ്ങളായ നിക്കലിന്റെയും മറ്റും ഉപയോഗം  ഇല്ലാതാകുന്നതോടെ ബാറ്ററിക്കു വിലകുറയുമെന്നു നിരീക്ഷകർ.  ടെസ്‌ലയുടെ ഇലോൻ മസ്ക് സിലിക്കൺ ആനോഡ് ഉപയോഗിച്ചുള്ള ബാറ്ററി വിഭാവനം ചെയ്യുന്നു.

ബാറ്ററിക്കായി സ്ഥലം വേറെ വേണോ?  

ബാറ്ററി പാക്ക് കാറിന്റെ ഫ്രെയിമിൽ നല്ലൊരു സ്ഥലം അപഹരിക്കുന്നുണ്ട്. ഇതു ഭാരം കൂട്ടുകയും വാഹനത്തിന്റെ റേഞ്ച് കുറയ്ക്കുകയും ചെയ്യും. ടെസ്‌ല ഇതിനൊരു പരിഹാരം വിഭാവനം ചെയ്യുന്നു.  കാറിന്റെ ബോഡിയും ബാറ്ററിയും ഒന്നിച്ചായിരിക്കും. തൻമൂലം ഭാരം കുറയും. കൂടുതൽ റേഞ്ച് കിട്ടും. കാറിന്റെ ഫ്രെയിമിനുള്ളിൽത്തന്നെ ഇങ്ങനെ ബാറ്ററി വരുന്ന രൂപകൽപ്പനയാകും ഭാവിയിൽ. 

കൊബാൾട്ടിന്റെ ലഭ്യത അടുത്ത പത്തു വർഷത്തിനുള്ളിൽ 90 % ബാറ്ററി ആവശ്യം വാഹനങ്ങളുടേതായിരിക്കുമെന്നാണു പഠനങ്ങൾ. അതു മുന്നിൽ കണ്ട്  പ്രകടനക്ഷമത കൂടിയ ബാറ്ററി സാങ്കേതികവിദ്യകൾ കണ്ടുപിടിക്കുന്നതിനുളള ശ്രമത്തിലാണ് കമ്പനികൾ. നിലവിൽ ലിഥിയം അയോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന കൊബാൾട്ട് വരുന്നത് ആഫ്രിക്കൻ രാജ്യമായ കോംഗോയിൽനിന്നാണ്. 2030 ൽ കൊബോൾട്ടിന്റെ ആവശ്യകത നാലുമടങ്ങായി വർധിക്കുമെന്നു  വേൾഡ് എക്കണോമിക് ഫോറം ഗ്ലോബൽ ബാറ്ററി അലയൻസ്  കണക്കുകൂട്ടുന്നു. ഈ വർധിച്ച ഡിമാൻഡ്  തന്നെയാണു പുതു കണ്ടുപിടിത്തങ്ങളിലേക്കു മാനവരാശിയെ നയിക്കുന്നത്. 

tesla-battery

ഇന്ത്യയിൽ

താപനിലയങ്ങൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്നത് എന്നതൊരു പോരായ്മയാണ്. ബദൽ ഇന്ധനമാർഗങ്ങൾ വിരളമാണ് നമുക്കിന്ന്. സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തിയാകണമെങ്കിൽ വാഹനവിൽപ്പനയുടെ 78 %  ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നൊരു കണക്കുണ്ട്. 2019 ൽ ഇത് .1 % മാത്രമായിരുന്നു. അത്രയും വാഹനങ്ങൾ വന്നാൽ അവയ്ക്കുള്ള വൈദ്യുതി കൽക്കരി ത്തിച്ചുതന്നെ ഉണ്ടാക്കേണ്ടി വരുമോ എന്നതു മറ്റൊരു ചർച്ചാവിഷയം.  

ചാർജിങ് സ്റ്റേഷനുകൾ

നിലവിൽ കുറച്ചു ചാർജിങ് സ്റ്റേഷനുകൾ മാത്രമാണ് ഇവിടെയുള്ളത്. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടണം. ഹോട്ടലുകളിലും മറ്റും രാവുറങ്ങുമ്പോൾ വാഹനം ചാർജ് ചെയ്യാനിടുന്ന രീതി വരണം. 

ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി

കൂടുതൽ പേർ സ്വകാര്യ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നതിനെക്കാൾ മികച്ചത് പൊതുവായ ഇലക്ട്രിക് വാഹനത്തിൽ യാത്ര ചെയ്യുന്നതാണ്. കൊച്ചി മെട്രോയ്ക്ക് ആലുവയിൽനിന്ന് കൊച്ചി എയർപോർട്ട് വരെ ഇലക്ട്രിക്  ബസ് സർവീസ് ഉള്ളത് ഒരു മാതൃകയാണ്. ഇതുപോലെ കെഎസ്ആർടിസികളും മറ്റും പതിയെ ഇലക്ട്രിക് ബസുകളിലേക്കു മാറേണ്ട കാലമായി. പുതിയ സ്ക്രാപ്പേജ് പോളിസി വരുമ്പോൾ പഴയ വാഹനങ്ങൾ പൊളിച്ചുനീക്കേണ്ടിവരും. ആ വിടവു നികത്താൻ ഇലക്ട്രിക് ബസുകൾ വരുന്നതു നല്ല കാര്യമല്ലേ? വീട്ടിൽനിന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ എടുത്ത് ഇറങ്ങി ഇലക്ട്രിക് ബസിൽ കയറിപ്പോകുന്ന സംസ്കാരം വളർന്നുവരും. ഇപ്പോൾത്തന്നെ കൊച്ചി മെട്രോയിൽ ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി. ഈ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഫാസ്റ്റ്ട്രാക്ക് ഇലക്ടിക് ടൂ വീലർ മോഡലുകളെ പരിചയപ്പെടുത്തുന്നത്. അടുത്ത പേജുകളിൽ പെർഫോമൻസ് ഇ–ബൈക്കുകളും സാധാരണ ഇ–സ്കൂട്ടറുകളും  കാണാം. മലിനീകരണമില്ലാത്ത ഭാവിയിലേക്കുള്ള ‘ഷോക്ക്’ ആകട്ടെ ഓരോ ഇലക്ട്രിക് വാഹനവും.

English Summary: Future Of Electric Cars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA