ADVERTISEMENT

ഏതൊരു സൂപ്പര്‍ ബൈക്ക് പ്രേമിയേയും കൊതിപ്പിക്കുന്ന ഫീച്ചറുകളുള്ള ബൈക്കുകളുണ്ട്. പ്രൊഫഷണലുകളായ റേസിങ് താരങ്ങള്‍ പോലും ആദ്യം പരമാവധിയില്‍ പരീക്ഷിക്കാന്‍ മടിക്കുന്നത്രയും കരുത്തുള്ളവ. മോട്ടോര്‍ സൈക്കിളുകളുടെ ലോകത്തെ ആ അദ്ഭുത മെഷീനുകളെ പരിചയപ്പെടാം. 

റാപ്പം വി8 (2007)- 1000എച്ച്.പി

rapom-v8

8.2 ലീറ്റര്‍ വി8 എൻജിനുള്ള ബൈക്ക് എന്ന വിശേഷണം മാത്രം മതി ഈ വാഹനത്തെ വ്യത്യസ്തമാക്കാന്‍. ബ്രിട്ടീഷ് എൻജിനീയറായ നിക് അര്‍ഗെയ്‌ലാണ് ഈ ബൈക്കിന്റെ നിർമാതാവ്. ഭാര്യയുടെ പ്രചോദനത്തിലാണ് നിക് സ്വന്തം ഗാരേജിലുണ്ടായിരുന്ന 1200 എച്ച്പിയുടെ കൂറ്റന്‍ ട്രക് എൻജിന്‍ ഉപയോഗിച്ച് ഒരു ബൈക്ക് നിർ‌മിക്കാന്‍ തീരുമാനിക്കുന്നത്. 450 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്റെ പിന്‍ടയറുകളാണ് തുടക്കത്തിൽ വാഹനം പിടിവിട്ട് പോകാതിരിക്കാന്‍ സഹായിക്കുക. വെറും രണ്ടു സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഈ ബൈക്കിനാകും.

ഡോഡ്ജ് 8300 ടൊമാഹോക്

dodge-tomahawk

ഒറ്റനോട്ടത്തില്‍ ഈ വാഹനം കാഴ്ചക്കാരില്‍ ഒരു ചോദ്യം ഉയര്‍ത്തും. ഇത് ഇരുചക്രവാഹനമാണോ അതോ നാലുചക്ര വാഹനമാണോ? എന്നതാണത്. ചേര്‍ത്തുവച്ചവയെങ്കിലും എണ്ണത്തില്‍ നാലു ചക്രങ്ങളുണ്ട് ഈ ബൈക്കിന്. ഡോഡ്ജിനുവേണ്ടി ക്രൈസ്‌ലറാണ് ഈ സൂപ്പര്‍ബൈക്ക് നിർമിച്ചത്. ബൈക്കിലെ വൈപര്‍ വി10 എൻജിന്‍ 500 എച്ച്പിയുടേതാണ്. 2003ലെ നോര്‍ത്ത് അമേരിക്കന്‍ ഓട്ടോഷോയിലായിരുന്നു ഈ വാഹനം ആദ്യം അവതരിപ്പിച്ചത്. ഏതാണ്ട് 680 കിലോഗ്രാം ഭാരമുള്ള ഈ സൂപ്പര്‍ബൈക്ക് ആദ്യ കാഴ്ചയില്‍ തന്നെ ബൈക്ക് പ്രേമികളുടെ മനം കവരും.

എംടിടി 420 ആര്‍ആര്‍-420

mtt-420-rr420

ഒരു ഹെലികോപ്റ്ററിന്റെ എൻജിന്‍ ബൈക്കില്‍ ഘടിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് എംടിടി 420 ആര്‍ആര്‍-420. ജെറ്റ് എൻജിനായ റോള്‍സ് റോയ്‌സ് അലിസണ്‍ മോഡല്‍ 250 സി18 ആണ് ഈ ബൈക്കിലുള്ളത്. മണിക്കൂറില്‍ 365 കിലോമീറ്റര്‍ എന്ന സ്വപ്‌ന വേഗവും ഈ ജെറ്റ് ബൈക്കിനുണ്ട്. 420 എച്ച്പിയുടെ ഈ ബൈക്കില്‍ 2 സ്പീഡ് ഗിയര്‍ ബോക്‌സാണ് ഉണ്ടായിരുന്നത്.

കാവസാക്കി നിന്‍ജ എച്ച്2ആര്‍

kawasaki-ninja-h2r

കാവസാക്കിയുടെ സൂപ്പര്‍ബൈക്കുകളില്‍ എച്ച്2വിനെയാണ് അഭ്യാസിയായി കണക്കാക്കാറുള്ളത്. നിര്‍ഭയരായ റൈഡര്‍മാരാണ് ട്രാക്കില്‍ മാത്രം ഓടിക്കാന്‍ അനുമതിയുള്ള ഈ സൂപ്പര്‍ബൈക്കിന്റെ ആരാധകര്‍. സാധാരണ റോഡില്‍ കാണാറുള്ള ബൈക്കുകളുടെ ഇരട്ടി എച്ച്പിയുണ്ട് കാവസാകി നിന്‍ജ എച്ച്2ആറിന്. 215 കിലോഗ്രാമാണ് ഭാരം. മണിക്കൂറില്‍ 336 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ വാഹനം പറ പറന്നിട്ടുണ്ടെന്ന് ഹോട്ട് കാര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എംടിടി വൈ2കെ ടര്‍ബൈന്‍ സൂപ്പര്‍ ബൈക്ക്

mtt-y2k

അതീവശേഷിയുള്ള സൂപ്പര്‍ബൈക്കുകള്‍ നിർമിക്കുന്നതില്‍ പേരുകേട്ട കമ്പനിയാണ് എംടിടി. 320 എച്ച്.പി കുതിരശക്തിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 418 കിലോമീറ്ററാണ്. എന്നിട്ടും ഈ വാഹനത്തിന് റോഡുകളിലൂടെ ഓടിക്കാനുള്ള നിയമപരമായ അനുമതി നേടാന്‍ സാധിച്ചിട്ടുണ്ട്.

മന്‍ച് മാമുത്ത്

munch-mammut

ജര്‍മന്‍ കമ്പനിയായ മന്‍ച് ഈ ശ്രേണിയിലുള്ള ആകെ 15 ബൈക്കുകള്‍ മാത്രമേ നിർമിച്ചിട്ടുള്ളൂ. ഫ്രൈഡ് മ്യൂനിച്ച് എന്ന ബൈക്ക് നിര്‍മ്മാണ എൻജിനീയറുടെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ഈ വാഹനങ്ങള്‍. അതുകൊണ്ടുതന്നെ ഇപ്പോഴും വിപണിയില്‍ മന്‍ച് മാമുത്തിന് പൊന്നുംവിലയാണ്. പരമാവധി 250 കിലോമീറ്റര്‍ വേഗതയുള്ള ഈ ബൈക്കിന് നാലു സിലിണ്ടര്‍ ടര്‍ബോ എൻജിനാണുള്ളത്.

എഫ്ജിആര്‍ മിഡാലു 2500 വി6

fgr-midalu

ചെക്ക് റിപ്പബ്ലിക് സര്‍ക്കാരിന്റെ കൂടി സഹായത്തിലാണ് ഈ സൂപ്പര്‍ബൈക്ക് പിറന്നത്. 262 കിലോഗ്രാം ഭാരമുള്ള ബൈക്കിന് ആറ് വ്യത്യസ്ത വേഗതയുള്ള ഗിയര്‍ ബോക്‌സാണുള്ളത്. ഈ വാഹനവും വളരെ കുറവ് എണ്ണം മാത്രമേ വിപണിയിലേക്ക് എത്തിയിട്ടുള്ളൂ.

ഡുക്കാട്ടി 1299 പനിഗാലെ സൂപ്പര്‍ലെഗാര

2017-ducati-1299-panigale-superleggera

2016ലെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഡുക്കാട്ടി തങ്ങളുടെ സ്‌പെഷല്‍ വാഹനത്തെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ആകെ 500 വാഹനങ്ങള്‍ മാത്രമേ ഈ ശ്രേണിയില്‍ ഡുക്കാട്ടി ഇറക്കിയുള്ളൂ. വിപണിയിലിറങ്ങും മുമ്പേ ഇതെല്ലാം ബൈക്ക് പ്രേമികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌തെടുക്കുകയും ചെയ്തു. ഇന്ത്യയില്‍ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 1.12 കോടി രൂപ വരുന്ന ബൈക്കാണിതെന്ന് ഓര്‍ക്കണം. ‌എൻജിനൊഴികെയുള്ള വാഹന ഭാഗങ്ങള്‍ കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ആദ്യത്തെ മോട്ടോര്‍ ബൈക്കായിരുന്നു ഇത്. ടൈറ്റാനിയം റോഡുകള്‍ ഉപയോഗിച്ച് എൻജിന്റെ ഭാരം കുറച്ചിരുന്നു. 1285 സിസിയുള്ള ഈ ഡുക്കാട്ടി വാഹനത്തിന്റെ ഭാരം ആകെ 156 കിലോഗ്രാമായിരുന്നു.

സുസുകി ജിഎസ്എക്‌സ്-ആര്‍1000ആര്‍ 

2020-suzukigsx-r1000r

സ്‌പോര്‍ട്ടി ബൈക്കുകളില്‍ സുസുക്കിയുടെ ഏറ്റവും ശ്രദ്ധേയമായ ശ്രേണിയാണ് ജിഎസ്എക്‌സ് സീരീസ്. സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ സൂപ്പര്‍ബൈക്കാണിത്. വെറുതെയല്ല സുസുകി ജിഎസ്എക്‌സ്-ആര്‍1000ആറിന് സൂപ്പര്‍ബൈക്കുകളിലെ രാജാവ് എന്ന വിശേഷണം ലഭിച്ചത്. 999 സിസിയുള്ള ഈ സൂപ്പര്‍ ബൈക്കിന് ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് സുസുക്കി നല്‍കിയിരിക്കുന്നത്. ലീറ്ററിന് 16 കിലോമീറ്ററെന്ന സൂപ്പര്‍ബൈക്കുകളിലെ ഉയര്‍ന്ന ഇന്ധനക്ഷമതയും ജിഎസ്എക്‌സ്-ആര്‍1000ആറിന് സ്വന്തം. 

അപ്രില്ല 1000 ആര്‍എസ്‌വി 4 ആര്‍ആര്‍

aprilia-rsV4-rr

തുടര്‍ച്ചയായുള്ള പുതുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളുമാണ് 2012ല്‍ ഇറങ്ങിയ അപ്രില്ല 1000 ആര്‍എസ്‌വി 4നെ ഇപ്പോഴും സൂപ്പര്‍ബൈക്ക് ആരാധകരുടെ പ്രിയ വാഹനമാക്കുന്നത്. 999.6 സിസിയുള്ള എൻജിനാണ് ഇറ്റാലിയന്‍ കമ്പനി ഈ വാഹനത്തിന് നല്‍കിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ മൂന്നര സെക്കന്റ് മതി അപ്രില്ലക്ക്. 180 കിലോഗ്രാമാണ് ഈ സൂപ്പര്‍ബൈക്കിന്റെ ഭാരം.

English Summary: Most Overpowered Superbikes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com