തനിക്കൊപ്പം കാറും കുഴിച്ചു മൂടിയ സ്വേച്ഛാധിപതി, ഉത്തരകൊറിയന്‍ ഏകാധിപതികളുടെ ഇഷ്ട കാറുകള്‍

kim-benz
Kim Jong Un
SHARE

തനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്‍ മരണശേഷവും ഉപേക്ഷിക്കാന്‍ തയാറാകാതിരുന്ന പ്രസിഡന്റ് വരെ ഉണ്ടായിരുന്ന രാജ്യമാണ് ഉത്തരകൊറിയ. അന്ന് രാഷ്ട്രതലവന്റെ ശവകുടീരത്തിന് സമീപം കുഴിയില്‍ ഈ പ്രിയ വാഹനം കൂടി അടക്കം ചെയ്യുകയാണ് ചെയ്തത്. ഉത്തരകൊറിയയിലെ അധികാര സ്ഥാനത്തുള്ള കിം കുടുംബത്തിന് ഇഷ്ടപ്പെട്ട കാറുകള്‍ ഏതെല്ലാമെന്ന് അറിയാം.

മുന്നിലും പിന്നിലുമായി നിരവധി കാറുകളുടെ അകമ്പടിയില്‍ രാഷ്ട്ര നേതാക്കള്‍ സഞ്ചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഒരേസമയം ആഡംബരവും സുരക്ഷിതത്വവുമുള്ള വാഹനങ്ങളായിരിക്കും ഈ വ്യൂഹത്തിലുണ്ടാവുക. ഓരോ രാജ്യത്തിന്റെയും അഭിമാന പ്രതീകങ്ങളായിരിക്കും ഈ വാഹനങ്ങള്‍. ഉത്തരകൊറിയയിലെ പ്രസിഡന്റുമാരും ഇക്കാര്യത്തില്‍ വ്യത്യസ്തരായിരുന്നില്ല.

മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു100 600

mercedes-benz-600-pullman-limousine

അതിസമ്പന്നര്‍ക്ക് മാത്രം വാങ്ങാനാകുന്ന വാഹനങ്ങളിലൊന്നായിരുന്നു 1960കളില്‍ മെഴ്‌സിഡസ് ബെന്‍സ് ഡബ്ലു100 600. ഏതാണ്ട് 22,000 ഡോളറായിരുന്നു അന്ന് ഈ ആഡംബര കാറിന്റെ വില. ഉത്തരകൊറിയയുടെ ആദ്യ പ്രസിഡന്റ് കിം ഇല്‍ സുങിന്റെ പ്രിയ വാഹനമായിരുന്നു ഇത്. ലോകത്തെ ഏകാധിപതികള്‍ക്ക് വേണ്ടി പ്രത്യേകമായി മൂന്ന് ഡബ്യു100 600 കാറുകളാണ് മെഴ്‌സിഡസ് ബെന്‍സ് നിര്‍മിച്ചത്. ഒന്ന് കിം ഇല്‍ സുങിന് വേണ്ടിയായിരുന്നുവെങ്കില്‍ രണ്ടാമത്തേത് അല്‍ബേനിയന്‍ ഏകാധിപതിയായിരുന്ന എന്‍വര്‍ ഹോക്‌സക്കു വേണ്ടിയായിരുന്നു. ആറു ഡോറുകളും ഉയര്‍ന്ന മേല്‍ക്കൂരയും നിരവധി ആഡംബര സൗകര്യങ്ങളും ഈ കാറിലുണ്ടായിരുന്നു. കാറില്‍ ഏകാധിപതികള്‍ ഇരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ നേരെ എതിര്‍വശത്തായിട്ടായിരുന്നു സുരക്ഷാ കാരണങ്ങളാല്‍ ഇവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നത്. 

247 എച്ച്പി പുറത്തുവിടാന്‍ ശേഷിയുള്ള 6.3 ലീറ്ററിന്റെ വി8 എൻജിനാണ് ഈ കാറിലുണ്ടായിരുന്നത്. വെടിയുണ്ടകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത വിധമായിരുന്നു ഈ വാഹനത്തിന്റെ നിര്‍മാണം. സീറ്റുകളുടെ ഉയരം ക്രമീകരിക്കാന്‍ സാധിക്കുമായിരുന്നു. ഉത്തരകൊറിയന്‍ ഏകാധിപതികളായ കിം ജോങ് ഇല്ലും കിം ജോങ് ഉന്നും ഈ വാഹനം ഉപയോഗിച്ചിരുന്നു. 

മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു 140 500എസ്ഇഎല്‍; കുഴിച്ചു മൂടിയ കാര്‍

mercedes-benz-w140

ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്കിടയില്‍ തന്നെ ഏറ്റവും ജനപ്രീതിയുള്ള കാറാണ് മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു 140. 1992ല്‍ പുറത്തിറങ്ങിയ ശേഷം ഈ വാഹനത്തില്‍ സഞ്ചരിക്കുന്ന നിരവധി ലോക നേതാക്കളെ നമ്മള്‍ കണ്ടിട്ടുമുണ്ട്. ഉത്തരകൊറിയന്‍ അധികാരികള്‍ സ്വന്തമാക്കിയത് മെഴ്‌സിഡസ് ബെന്‍സ് ഡബ്ല്യു 140 500 എസ്ഇഎല്‍ ആയിരുന്നു. 330 എച്ച്.പി ശേഷിയുള്ള 5.0ലിറ്റര്‍ വി8 എൻജിനായിരുന്നു ഈ വാഹനത്തിന്റെ കരുത്ത്. ഡബ്ല്യു 140 മെഴ്‌സിഡസ് അടക്കമുള്ള വാഹനങ്ങളായിരുന്നു പ്രസിഡന്റിന്റെ പ്രധാന വാഹനത്തിന്റെ സംഘത്തിലുണ്ടായിരുന്നത്. ഉത്തരകൊറിയയുടെ ആദ്യ ഏകാധിപതിയായ കിം ഇല്‍ സുങിന് മെഴ്‌സിഡസ് ബെന്‍സുമായുള്ള ബന്ധം ഏറെ പ്രസിദ്ധമായിരുന്നു. അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് തന്നെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഡബ്ല്യു 140 500 എസ്.ഇ.എല്‍ കാറും അടക്കം ചെയ്യുക പോലും ചെയ്തിട്ടുണ്ട് ഉത്തരകൊറിയക്കാര്‍. 

മേബാക് 62എസ്

07c2250_113

കിം ഇല്‍ സുങിന് പിന്‍ഗാമിയായെത്തിയ കിം ജോങ് ഇല്ലിന്റെ പ്രിയ വാഹനം ജര്‍മന്‍ നിര്‍മിത മേബാക് 62 എസ് ആയിരുന്നു. 2000മുതല്‍ വിപണിയിലെത്തിയ ഈ കാര്‍ വളരെ പെട്ടെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ കണ്ണിലുടക്കുന്നത്.  604 എച്ച്.പിയുള്ള വി 12 ട്വിന്‍ ടര്‍ബോ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. മേബാക് 57എസിന് സമാനമായ എൻജിനാണിത്. കിം ജോങ് ഉന്‍ വിയറ്റ്‌നാം സന്ദര്‍ശനത്തിനായി പോയപ്പോഴാണ് ഈ വാഹനങ്ങള്‍ പുറം ലോകം കാണുന്നത്. 

ഡബ്ല്യു221 എസ് 600 പുള്‍മാന്‍ ഗാര്‍ഡ്‌സ്

mercedes-benz-s600-pullman-maybach-guard

അതിസമ്പന്നര്‍ക്കും പോപ് താരങ്ങള്‍ക്കും ലോക നേതാക്കള്‍ക്കും ഇടയില്‍ ഏറെ പ്രസിദ്ധമായ മെഴ്‌സിഡസ് വാഹനമാണ് ഡബ്ല്യു221. നീളമേറിയ ഈ ലിമസീന്‍ വാഹനം ആഡംബരത്തിനും സുരക്ഷക്കും സുഖകരമായ യാത്രക്കും പേരുകേട്ടതായിരുന്നു. അതുകൊണ്ട് തന്നെയാണ് ഉത്തരകൊറിയയുടേത് അടക്കമുള്ള ലോക നേതാക്കള്‍ ഇതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചത്.

ഔഡി എ6എല്‍ 

ഇപ്പോഴത്തെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നാണ് ഔഡി എ6എല്‍. മൂന്നാം തലമുറയിലെ റേഞ്ച് റോവര്‍ അടക്കമുള്ള വാഹനങ്ങള്‍ കിം ജോങ് ഉന്നിനുണ്ട്. വെള്ളപ്പൊക്കത്തിലായ ഉത്തരകൊറിയന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ കിം ജോങ് ഉന്നിനെ റേഞ്ച് റോവറും പുള്‍മാന്‍ എസ് 600ഉമൊക്കെ അനുഗമിച്ചിരുന്നു. മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, ലെക്‌സസ് ജി.എസ് എന്നീ ആഡംബര വാഹനങ്ങളും കിം കുടുംബത്തിനുണ്ട്.

English Summary: Car Collection Of North Korea's Secretive Kim Dynasty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA