ദുൽക്കറിന്റെ പോർഷെ, പൃഥ്വിരാജിന്റെ റേഞ്ച് റോവർ; സാനിയയുടെ വാഹനപ്രേമകഥകൾ

HIGHLIGHTS
  • റേഞ്ച് റോവർ സ്പോർട്ടും ബെൻസ് എ ക്ലാസുമാണ് സ്വപ്നവാഹനങ്ങൾ
  • ബുള്ളറ്റിൽ ലേ ലഡാക്ക് പോകണമെന്നാണ് ആഗ്രഹം
Saniya-car
Saniya Iyappan
SHARE

‘മഞ്ഞ നിറമുള്ള ഒരു യമഹാ ആർഎക്സ് 100 ചുമ്മാ വാങ്ങി വയ്ക്കണം. ഓടിച്ചു നടക്കാനൊന്നുമല്ല. കാർ പോർച്ചിന് അലങ്കാരമായി ഒരു ആർട് ഇൻസ്റ്റലേഷൻ പോലെ അതിങ്ങനെ ഇരുന്നാൽ മതി...’. നിറങ്ങളെ അത്രയേറെ ഇഷ്ടപ്പെടുന്ന നടി സാനിയ അയ്യപ്പൻ വളർന്നുവരുന്ന വാഹനപ്രേമി കൂടിയാണെന്നതിന്റെ തെളിവാണ് ഈ വാചകം.

Saniya-6

സാനിയയുടെ ബക്കറ്റ് ലിസ്റ്റിൽ രണ്ടു കിടിലൻ വാഹനങ്ങളും കുറച്ചേറെ നീളൻ റോഡ് ട്രിപ്പുകളും ഉൾപ്പെട്ടിട്ടുണ്ട്. എസ്‌യുവികളോടുള്ള ഇഷ്ടം, മറ്റു വാഹനപ്രേമികളെ തിരിച്ചറിയാനുള്ള കഴിവ്, യാത്ര ചെയ്തിട്ടുള്ള മികച്ച വാഹനങ്ങളെപ്പറ്റിയുള്ള ഓർമ എന്നിവ കൂടി ചേരുമ്പോൾ നർത്തകി കൂടിയായ താരം ഭാവിയിൽ ലക്ഷണമൊത്ത ഒരു വാഹനപ്രേമി ആകുമെന്നു നിസംശയം പറയാം. ‘എനിക്കു വാഹന മോഡലുകളെക്കുറിച്ച് ആഴത്തിലുള്ള അറിവില്ല’ എന്ന് ആദ്യം പറഞ്ഞെങ്കിലും തന്റെ കാർ – ബൈക്ക് അനുഭവങ്ങൾ ഉത്സാഹത്തോടെ ഓർത്തെടുത്തു ഈ കൗമാരക്കാരി.

കാർപോർച്ചിൽ എത്തിക്കാൻ...

റേഞ്ച് റോവർ സ്പോർട്ടും ബെൻസ് എ ക്ലാസും ആണ് ഈ ‘ഡാൻസിങ് ബ്യൂട്ടി’യുടെ സ്വപ്നവാഹനങ്ങൾ. റേഞ്ച് റോവർ സ്പോർട് കറുത്ത നിറത്തിലുള്ളതും എ ക്ലാസ് മഞ്ഞ അല്ലെങ്കിൽ ആകാശ നീല നിറമുള്ളതും വേണമെന്നാണു സ്വപ്നത്തിന്റെ പൂർണരൂപം. റേഞ്ച് റോവറിന്റെ രാജപ്രൗഢിയും ബെൻസ് എ ക്ലാസിന്റെ ചന്തമുള്ള രൂപവുമാണ് ആകർഷിച്ചത്.

Saniya-7

സാനിയയുടെ എസ്‌യുവി പ്രേമത്തിന്റെ ഫലമായി കഴിഞ്ഞ മാസം വീടിന്റെ കാർ പോർച്ചിലേക്ക് പുതിയ അതിഥി എത്തി: കിയ സെൽറ്റോസ് ജിടി ലൈൻ ഡീസൽ. കറുത്ത നിറമുള്ള സെൽറ്റോസ് ആണു സാനിയയുടേത്. ജിടി ലൈൻ ഡീസൽ മോഡലിന് ഓട്ടമാറ്റിക് ഗീയർബോക്സാണ്. ഓട്ടമാറ്റിക് ഗീയർബോക്സ് ഉള്ള മോഡൽ മനഃപൂർവം തിരഞ്ഞെടുത്തതു തന്നെയെന്നു സാനിയ. സാനിയയും മൂത്ത സഹോദരി സാധികയും ഓട്ടമാറ്റിക് കാറുകളുടെ ആരാധകരാണ്. വാഹനബാഹുല്യം കാരണം ബുദ്ധിമുട്ടുന്ന കേരളത്തിലെ നഗരറോഡുകളിൽ ഓട്ടമാറ്റിക് കൊണ്ടു മാത്രമേ ഡ്രൈവിങ് ആയാസരഹിതമാകൂ എന്നാണ് ഇരുവരുടെയും പക്ഷം.

22 ലക്ഷം രൂപയോളമാണു സാനിയ വാങ്ങിയ സെൽറ്റോസ് മോഡലിന്റെ വില. 25 ലക്ഷത്തിനു താഴെയാണു വിലയെങ്കിലും ഒരു പ്രീമിയം വാഹനത്തിന്റെ കെട്ടും മട്ടും സൗകര്യങ്ങളും ആണ് ഈ ചെറിയ എസ്‌യുവിക്ക് എന്നാണു സാനിയ പറയുന്നത്. മികച്ച യാത്രാസുഖവും സെൽറ്റോസ് നൽകുന്നു. 19 വയസ്സ് തികഞ്ഞെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇതുവരെ ലൈസൻസ് എടുക്കാൻ കഴിഞ്ഞിട്ടില്ല ഈ യാത്രാപ്രേമിക്ക്. ലോക്ഡൗൺ മാറുമ്പോൾ ലൈസൻസ് എടുക്കുന്നതിനും മുംബൈ – ലേ (ലഡാക്) റോഡ് ട്രിപ്പ് പോകുന്നതിനും ആയിരിക്കും മുൻഗണന.

Saniya-99

ബക്കറ്റ് ലിസ്റ്റിലുള്ള നീളൻ റോഡ് ട്രിപ്പുകളിൽ‌ ഒന്നാണ് മുംബൈ – ലേ (ലഡാക്). പക്ഷേ, ഈ റോഡ് ട്രിപ് കാറിൽ ആയിരിക്കില്ല പോകുക. ബുള്ളറ്റിൽ പോകണമെന്നാണ് ആഗ്രഹം. ലൈസൻസ് എടുത്തിട്ടാണു മുംബൈ – ലേ യാത്ര പോകുന്നതെങ്കിലും ഇരുചക്രവാഹനങ്ങളിൽ ഗീയർലെസ് ആണു വശം എന്നതിനാൽ ഈ ട്രിപ്പിൽ താനൊരു പില്യൻ റൈഡർ (പിന്നിലെ സീറ്റിൽ ഇരിക്കുന്ന ആൾ) മാത്രമായിരിക്കും എന്നും സാനിയ വ്യക്തമാക്കി.

ക്രൂസർ ഇഷ്ടം

വേദികളിൽ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും വ്യത്യസ്ത സ്റ്റൈലുകൾ കൊണ്ടും അമ്പരപ്പിക്കുന്ന നർത്തകിയാണെങ്കിലും ഇരുചക്രവാഹനങ്ങളിൽ ക്രൂസർ ബോഡിസ്റ്റൈൽ ഉള്ള വാഹനങ്ങളോടു മാത്രമാണു സാനിയയ്ക്കു പ്രിയം. ഇതിൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടെന്നു നടി.

ഗീയർലെസ് സ്കൂട്ടറുകൾ ഓടിക്കാൻ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും ഭാവിയിൽ ബൈക്ക് കൂടി ഓടിക്കാൻ പഠിക്കണമെന്നുണ്ട്. അത് ക്രൂസറുകളോടുള്ള ഇഷ്ടം കൊണ്ട് ഉണ്ടായ ആഗ്രഹമാണ്. ഇന്ത്യൻ ബൈക്കുകളിൽ ക്രൂസർ സ്റ്റൈലിനോട് അടുത്തു നിൽക്കുന്ന റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് എന്ന മോഡൽ ആണു പ്രിയപ്പെട്ടത്. തന്റെ ബന്ധുക്കളിൽ പലർക്കും സ്പോർട്സ് ബൈക്കുകൾ ഉണ്ടെങ്കിലും അതിൽ പില്യൻ റൈഡർ ആയുള്ള യാത്ര അതികഠിനമാണെന്നും ഈ ‘ഡി 4 ഡാൻസറുടെ’ സത്യസന്ധമായ കമന്റ്.

വാഹനപ്രേമികൾ

‘എനിക്കു പരിചയമുള്ള ഏറ്റവും മികച്ച വാഹനപ്രേമികൾ 4 പേരാണ്: ദുൽക്കർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, ഡോ. നിലുഫർ ശരീഫ്, പേളി മാണി. ദുൽക്കറിന്റെ ആകാശ നീല നിറമുള്ള പോർഷെ, പൃഥ്വിരാജിന്റെ റേഞ്ച് റോവർ, ത്വക്‌രോഗ വിദഗ്ധയായ ഡോ. നിലുഫറിന്റെ ലംബോർഗിനി എന്നിവയുടെ രൂപഭംഗി പറഞ്ഞറിയിക്കാൻ പറ്റില്ല. പേളി ഈ പട്ടികയിൽ വന്നത് അവരുടെ ഡ്രൈവിങ്ങിനോടുള്ള ഇഷ്ടത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ്. എത്ര മനോഹരമായി പേളി ഡ്രൈവ് ചെയ്യുമെന്നറിയാമോ...’. അവസാനത്തെ വാചകത്തിൽ മികച്ച ഡ്രൈവർ ആകണം എന്ന ആഗ്രഹവും ഒളിപ്പിച്ചു സാനിയ.

Saniya-8

ഔഡി ഷോട്ട്

ലൂസിഫറിലെ എന്റെ ആദ്യ ഷോട്ട് ഞാനും മഞ്ജു ചേച്ചിയും കൂടി ഒരു കാറിൽ വരുന്നതാണ്. പി.കെ.രാംദാസ് എന്ന കഥാപാത്രത്തിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന സ്ഥലത്തേക്കു മകളുടെ കഥാപാത്രം ചെയ്യുന്ന മഞ്ജു ചേച്ചിയും പേരക്കുട്ടിയുടെ കഥാപാത്രം ചെയ്യുന്ന ഞാനും ഒരുമിച്ചു കാറിൽ എത്തുകയാണ്. പൊലീസ് എസ്കോർട്ടോടെ ഞങ്ങൾ എത്തുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്. ഇതുവരെ ചെയ്തതിൽ എന്റെ ഏറ്റവും മികച്ച ‘കാർ ഷോട്ട്’ അതു തന്നെയായിരിക്കും എന്നാണു കരുതുന്നത്. ദുഃഖകരമായ അന്തരീക്ഷം ആണു ചിത്രീകരിച്ചതെങ്കിലും സുഖകരമായ യാത്രയാണ് കാർ നൽകിയത്’. ഇതു പറഞ്ഞു സാനിയ ചിരിച്ചു. കറുത്ത നിറമുള്ള ഔഡി എ സീരിസ് സെഡാൻ ആണ് ഈ ഷോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.

സുന്ദരി ഫെറാരി, ബിഎംഡബ്യൂ ‘ഹെവി’

ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരമായ കാർ കണ്ടത് ദുബായിൽ വച്ചാണ്. ദുബായ് മാളിന്റെ മുന്നിൽ വച്ചു കണ്ട ഫെറാരിയാണ് അത്. മോഡൽ ഏതാണെന്നു വ്യക്തമായില്ല. എന്നാൽ ഫെറാരിയാണെന്നു തിരിച്ചറിഞ്ഞു. കറുത്ത നിറമുള്ള ഫെറാരിയിൽ ചുവപ്പു നിറമുള്ള ഗ്രാഫിക്സ് നൽകിയിരുന്നു. ഒരു നിമിഷം നോക്കി നിന്നുപോയി.

Saniya-2

ബിഎംഡബ്യൂവിന്റെ ബൈക്കുകൾ അടുത്തു കണ്ടതും ദുബായ്‌യിൽ വച്ചാണ്. ഒറ്റവാക്കിൽ ‘ഹെവി’ എന്നു തന്നെ പറയണം. കാഴ്ചയിൽ തന്നെ ആ കനം തോന്നും. അപ്പോൾ ഉപയോഗിക്കുമ്പോഴോ? ആലോചിക്കാൻ വയ്യ. ഉൽപന്നത്തിന്റെ മികവും കാഴ്ചയിൽ തന്നെ തിരിച്ചറിയാം. വാഹനപ്രേമികൾ ദുബായ്‌യിൽ ചെന്നാൽ എങ്ങോട്ടു നോക്കണമെന്നറിയാതെ കുഴങ്ങും. അത്രയുമധികം വാഹനങ്ങൾ ഉണ്ട് അവിടെ. അതിൽ തന്നെ മിക്കതും നമ്മുടെ നാട്ടിൽ കണികാണാൻ കിട്ടാത്തതും ആണ്.

എന്നും എപ്പോഴും റിറ്റ്സ്...

സെൽറ്റോസ് സ്വന്തമാക്കുന്നതിനു മുൻപുവരെ സാനിയ ഉപയോഗിച്ചിരുന്നത് റിറ്റ്സ് ഡീസൽ കാർ ആണ്. ഈ റിറ്റ്സും ഒരു കൊച്ചു സെലിബ്രിറ്റിയാണ്. വാഹനം മുന്നോട്ടു ചലിക്കുമ്പോൾ കോഡ്രൈവർ സീറ്റിൽ നിന്നിറങ്ങി നൃത്തം ചെയ്തു മുന്നേറുന്ന ‘കീ... കീ... ഡാൻസ് ചാലഞ്ച്’ സാനിയ ചെയ്തു ഹിറ്റ് ആക്കിയത് ഈ റിറ്റ്സിനെ കൂട്ടുപിടിച്ചാണ്. വിഡിയോയിൽ റിറ്റ്സിന്റെ ഇന്റീരിയർ ആണു കാണുന്നതെന്നു മാത്രം.

8 വർഷം മുൻപു വാങ്ങിയതാണ് ഈ കാർ. മികച്ച ഇന്ധനക്ഷമതയും യാത്രാസുഖവും റിറ്റ്സിന്റെ പ്രത്യേകതയാണെന്നു സാനിയ. സെൽറ്റോസ് വാങ്ങിയിട്ടും റിറ്റ്സ് ഉപേക്ഷിച്ചിട്ടില്ല സാനിയയുടെ കുടുംബം. മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ അച്ഛൻ അയ്യപ്പനും അമ്മ സന്ധ്യയുമല്ല, മറിച്ച് അമ്മൂമ്മ (അമ്മയുടെ അമ്മ) സൗമിനിയാണു പുതിയ വാഹനം സ്വന്തമാക്കാൻ സാനിയയ്ക്കു പ്രോത്സാഹനം നൽകിയത് എന്നതാണ്. തന്റെ സ്വപ്നവാഹനങ്ങൾ രണ്ടും വീട്ടുമുറ്റത്ത് എത്തിച്ചാലും റിറ്റ്സ് ഒഴിവാക്കില്ലെന്നു സാനിയ പറയുന്നു. കാരണം ലളിതം, ആദ്യ വാഹനത്തോടുള്ള വൈകാരിക ബന്ധം തന്നെ.

English Summary: Saniya Iyappan Celebrity Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA