ADVERTISEMENT

ചവിട്ടിയാല്‍ തീരാത്ത കയറ്റത്ത് സൈക്കിള്‍ തള്ളികയറ്റുകയായിരുന്നു പത്താം ക്ലാസുകാരായ കാര്‍ത്തിക്കും കൂട്ടുകാരനും. 'ചവിട്ടാതെ വല്ല ബാറ്ററിയിലും പോകുന്ന സൈക്കിളായിരുന്നെങ്കില്‍ പൊളിച്ചേനേ... ലേ?' എന്ന കാര്‍ത്തികിന്റെ ചോദ്യത്തിനു പിന്നാലെ ഇ സൈക്കിളിനെക്കുറിച്ചായി സംസാരം. വൈകാതെ കൂട്ടുകാരന്‍ ബാറ്ററി സൈക്കിളിനെക്കുറിച്ച് മറന്നെങ്കിലും കാര്‍ത്തിക് അത് വിട്ടില്ല. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇ സൈക്കിളും ഇ ബൈക്കും സ്വന്തമായി നിര്‍മിച്ചാണ് കാര്‍ത്തിക് സുരേഷ് എന്ന അമല്‍ ജ്യോതിയിലെ എൻജിനീയറിങ് വിദ്യാര്‍ഥി ഞെട്ടിക്കുന്നത്. 

ബാറ്ററിയിലോടുന്ന സൈക്കിള്‍ വാങ്ങാന്‍ പറ്റുമോ എന്നതായിരുന്നു സ്വാഭാവികമായും ആദ്യ ചിന്ത. തയ്യല്‍ക്കാരായ മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം വാടകവീട്ടില്‍ കഴിയുന്ന കാര്‍ത്തിക്കിന് താങ്ങാവുന്നതിനപ്പുറമായിരുന്നു ഇ ബൈക്കിന്റെ വില. ''Rather than watching it happen, I'd like to make it happen' എന്നുവിശ്വസിക്കുന്ന കാര്‍ത്തിക്കിന്റെ ചിന്ത പിന്നീട് സ്വന്തമായി ബാറ്ററിയില്‍ ഓടുന്ന സൈക്കിള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചായി. 

karthik-3

'ഇന്നത്തെ കാലത്ത് എന്തെങ്കിലും പഠിക്കാന്‍ നിങ്ങള്‍ ഒരു കോളജിലും പോകേണ്ടതില്ല. ഇഷ്ടമുള്ള എന്തു വിഷയവും ഇന്ന് ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കും' എന്ന് സംരംഭകനായ ഇലോണ്‍ മസ്‌ക് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മസ്‌ക് പറഞ്ഞ വഴിയിലൂടെയായിരുന്നു കാര്‍ത്തികിന്റെ സഞ്ചാരവും. ഇന്റര്‍നെറ്റിലാണ് ഇ സൈക്കിളിനെക്കുറിച്ച് തിരഞ്ഞത്. ഓരോ കമ്പനികളുടേയും ഇ സൈക്കിളുകളുടെ സ്‌പെസിഫിക്കേനുകള്‍ പരിശോധിക്കും. അതില്‍ വിവരിച്ചിട്ടുള്ള ഓരോ സാധനങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എവിടെ നിന്നും ലഭിക്കുമെന്നുമൊക്കെ പിന്നാലെ തിരയും. അങ്ങനെയാണ് തനിക്കുവേണ്ട ഇ സൈക്കിള്‍ ഭാഗങ്ങളും കണ്ടെത്തിയത്. 

2017ല്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വേനലവധിക്കാലത്ത് ആക്രി കടയില്‍ നിന്നും വാങ്ങിയ സൈക്കിളിന്റെ മുകളിലാണ് കാര്‍ത്തിക് പണി തുടങ്ങിയത്. സൈക്കിളിന് പറ്റിയ മോട്ടോര്‍ വാങ്ങാന്‍ ഇലക്ട്രിക് ഷോപ്പില്‍ പോയപ്പോള്‍ കളിപ്പാട്ടത്തിന് വയ്ക്കുന്ന മോട്ടോര്‍ കൊടുത്ത് കളിയാക്കിയവരുണ്ട്. അതുപോലെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നവരുമുണ്ട്. കാര്‍ത്തിക് പഠിച്ച പിറവം എം.കെ.എന്‍ ഹയര്‍സെക്കണ്ടറിയിലെ ഫിസിക്‌സ് ടീച്ചര്‍ ജിസ മോള്‍ കെ ജോര്‍ജ്ജ് അങ്ങനെയൊരാളായിരുന്നു. 

karthik-1

ഒടുവില്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തന്റെ ഇ സൈക്കിള്‍ സ്വപ്‌നം കാര്‍ത്തിക് യാഥാര്‍ഥ്യമാക്കി. മുന്‍ഭാഗത്താണ് സൈക്കിളിന്റെ മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് സൈക്കിളിന്റെ ഒഴുകിയുള്ള ചലനത്തിന് സഹായിക്കുമെന്ന് കാര്‍ത്തിക് പറയുന്നു. ഇന്‍ഡിക്കേറ്റര്‍, ഹോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുള്ള സൈക്കിള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 35 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഏതാണ്ട് 15,000 രൂപയാണ് കാര്‍ത്തിക്കിന് ആകെ ചിലവ് വന്നത്. അവധിക്കാലത്ത് ജോലിക്ക് പോയാണ് സൈക്കിളിനുവേണ്ട പല സാധനങ്ങളും വാങ്ങിയത്. 

അറക്കുന്നം TISTല്‍ നടന്ന ഫെസ്റ്റില്‍ മൂന്നാം സ്ഥാനവും രാജഗിരി കോളജില്‍ നടന്ന സാവിഷ്‌കാറില്‍ മൂന്നാം സ്ഥാനവും കുസാറ്റിലെ ധിക്ഷണ ഫെസ്റ്റ് 2019ല്‍ ഒന്നാം സ്ഥാനവും കാര്‍ത്തികിനായിരുന്നു. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനികള്‍ ഒരുക്കിയ ഇവോള്‍വ്, സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ YIA'19ല്‍ പങ്കെടുത്തു. ഇലക്ട്രിക് വാഹന നിര്‍മ്മാതാവെന്ന നിലയില്‍ 2019ലെ മെയ്ക്കര്‍ ഫെസ്റ്റില്‍ പങ്കെടുത്തു. മാര്‍ കൂറിലോസ് മെമ്മോറിയല്‍ എച്ച്.എസ്.എസില്‍ അതിഥിയായി പോകാനും അവസരമുണ്ടായി.

ഇത്തരം പ്രദര്‍ശനങ്ങളില്‍ പങ്കെടുത്ത് ലഭിക്കുന്ന സമ്മാനതുക ഉപയോഗിച്ചാണ് ഇ ബൈക്ക് എന്ന സ്വപ്‌നം കാര്‍ത്തിക് യാഥാര്‍ഥ്യമാക്കി തുടങ്ങിയത്. അതിന് ആദ്യം ചെയ്തത് പഴയൊരു സി.ടി 100 ബൈക്ക് വാങ്ങുകയാണ്. ബൈക്കിന്റെ എൻജിനും പെട്രോള്‍ ടാങ്കും പൊളിച്ച് മാറ്റി. ലെയ്ത്തില്‍ കൊണ്ടുപോയി ഇ ബൈക്കിന് വേണ്ട ബാറ്ററിയും മറ്റും ഘടിപ്പിക്കാനുള്ള രൂപത്തിലേക്ക് സിടി 100നെ ഒരുക്കിയെടുത്തു. 

karthik-2

രണ്ടു മണിക്കൂറുകൊണ്ട് ഫുള്‍ ചാര്‍ജ്ജാവും കാര്‍ത്തികിന്റെ ഇ ബൈക്ക്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും. ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മദ്രാസ് ഐ.ഐ.ടിയില്‍ പോയി ഈ ബാറ്ററികളുടെ നിര്‍മാണവും മറ്റും നേരിട്ട് അറിയാനുള്ള അവസരവും കാര്‍ത്തിക്കിന് ലഭിച്ചിട്ടുണ്ട്. 

2019 കാര്‍ത്തിക്കിന് തന്റെ ഇ സൈക്കിള്‍ പ്രദര്‍ശനങ്ങളുടെ വര്‍ഷമായിരുന്നെങ്കില്‍ 2020ല്‍ ആകെ മനോരമയുടെ യുവ മാസ്റ്റര്‍ മൈന്‍ഡ്‌സില്‍ മാത്രമാണ് ഇ ബൈക്കുമായി പങ്കെടുക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചത്. പിന്നീട് അങ്ങോട്ടുള്ള പ്രദര്‍ശനങ്ങള്‍ കോവിഡിന്റെ വരവോടെ നീട്ടിവെക്കപ്പെടുകയോ റദ്ദാക്കുകയോ ആയിരുന്നു. 

കാഞ്ഞിരപ്പള്ളിയിലെ അമല്‍ ജ്യോതി എൻജിനീയറിംങ് കോളജിലെ ആദ്യ വര്‍ഷ മെക്കാനിക്കല്‍ എൻജിനീയറിങ്(ഓട്ടോമൊബൈല്‍) വിദ്യാര്‍ഥിയാണ് ഇപ്പോള്‍ കാര്‍ത്തിക് സുരേഷ്. ഈ പത്തൊമ്പതുകാരന്റെ ഇലക്ട്രിക് പ്രേമത്തിന് വകുപ്പ് മേധാവി പ്രൊഫ. ഷെറിന്‍ സാം ജോസിന്റേയും കോളജ് അധികൃതരുടേയും പൂര്‍ണ്ണ പിന്തുണയുമുണ്ട്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളെ എങ്ങനെ വൈദ്യുതിയില്‍ ഓടുന്നവയാക്കാം എന്നതാണ് മെക്കട്രോണിക്‌സ്(Mechatronics) ഇഷ്ടമേഖലയായുള്ള കാര്‍ത്തികിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പിറവം വള്ളൂക്കാട്ടില്‍ സുരേഷ് തങ്കപ്പന്റേയും ജെയ്‌നിയുടേയും രണ്ടു മക്കളില്‍ മൂത്തയാളാണ് കാര്‍ത്തിക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com