ADVERTISEMENT

റൊവാന്‍ ആറ്റ്കിന്‍സന്‍ എന്ന പേര് അധികമാര്‍ക്കും പരിചയമുണ്ടാകണമെന്നില്ല. എന്നാല്‍, മിസ്റ്റര്‍ ബീന്‍ എന്നു പറഞ്ഞാല്‍ അറിയാത്തവരായി അധികം പേരുമുണ്ടാവില്ല. ഏതൊരു കാര്‍ പ്രേമിയേയും അമ്പരപ്പിക്കുന്നതാണ് ഈ ബ്രിട്ടീഷ് നടന്റെ സ്വകാര്യ കാര്‍ശേഖരം. നടന്റെ കാർ റേസിങ് ഭ്രാന്തും പ്രശസ്തമാണ്.

ആറ്റ്കിന്‍സന്‍ കാറുകളേയും ഡ്രൈവിങ്ങിനേയും ഏറെ ഇഷ്ടത്തോടെയും ആവേശത്തോടെയും കാണുന്ന സെലിബ്രിറ്റികളിലൊരാളാണ്. അദ്ദേഹത്തിന്റെ വിപുലമായ കാര്‍ ശേഖരം തന്നെയാണ് ഇതിനുള്ള തെളിവ്. മക്‌ലാരന്‍ എഫ് 1, അസ്റ്റണ്‍ മാര്‍ട്ടിന്‍ വി 8 വന്റേജ് സഗാട്ടോ, അകുറ എന്‍എസ്എക്‌സ്, അസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി2, 1939 ബിഎംഡബ്ല്യു 328 എന്നിവക്ക് പുറമേ കാലം പോറലേല്‍പിക്കാത്ത ഒരുകൂട്ടം ആഢംബരകാറുകളും അറ്റ്കിന്‍സന്റെ ശേഖരത്തിലുണ്ട്.

മക്‌ലാരന്‍ എഫ് 1

mclaren-f1-

മണിക്കൂറില്‍ 386 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ ശേഷിയുണ്ട് മക്‌ലാരന്‍ എഫ് 1ന്. 1992ല്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഈ സ്‌പോര്‍ട്‌സ് കാര്‍ അദ്ഭുതമായിരുന്നു. അന്ന് 525000 പൗണ്ടായിരുന്നു (അന്നത്തെ മൂല്യമനുസരിച്ച് ഏതാണ്ട് രണ്ടര കോടിയിലേറെ രൂപ) വില. ഇത് വലിയ തുകയായി തോന്നാമെങ്കിലും 20 വര്‍ഷത്തിനുശേഷം ഇറങ്ങിയ ഫെരാറി ലാഫെരാരിയുടെ പകുതി വില മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. 1997ലാണ് ഈ എഫ് 1 ആറ്റ്കിന്‍സന്‍ സ്വന്തമാക്കുന്നത്. ആദ്യത്തെ മിസ്റ്റര്‍ ബീന്‍ ചിത്രത്തിലും ഈ സൂപ്പര്‍കാറുണ്ട്. അഞ്ചു വര്‍ഷം മുമ്പ് എട്ട് ദശലക്ഷം പൗണ്ടിനാണ് ഈ കാര്‍ ആറ്റ്കിന്‍സന്‍ വിറ്റത്. അതിന് മുമ്പ് രണ്ട് തവണ ഈ എഫ്1 കാര്‍ അപകടത്തില്‍പെടുകയും ചെയ്തിരുന്നു. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തുകയായ 910,000 പൗണ്ടും ഇതിനിടെ ആറ്റ്കിന്‍സന്‍ നേടിയെടുക്കുകയും ചെയ്തു.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 സഗാറ്റോ(1986)

aston-martin-v8-zagato

ആറ്റ്കിന്‍സന് കാറിനോടുള്ള ഇഷ്ടം കാറോടിക്കാനും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ മികച്ച ഡ്രൈവറാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രത്യേകിച്ചും ആറ്റ്കിന്‍സന്‍ ഓടിച്ച കാറുകള്‍ അപകടത്തില്‍ പെട്ടതിന്റെ കണക്കെടുത്താല്‍. ഈ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 സഗാറ്റോയും ആറ്റ്കിന്‍സന്‍ ഓടിച്ച് അപകടത്തില്‍ പെട്ടിട്ടുണ്ട്. 2001ലുണ്ടായ അപകടത്തില്‍ തകര്‍ന്ന ഈ ജാഗ്വാറിനെ നേരയാക്കിയെടുക്കാൻ‌ 220,000 പൗണ്ട് ആറ്റ്കിന്‍സന് ചിലവിട്ടു. പിന്നീട് 1,22,500 പൗണ്ടിന്റെ നഷ്ട തുകക്ക് ഈ കാര്‍ വിറ്റൊഴിവാക്കേണ്ടി വന്നു.

ഫോര്‍ഡ് ഫാല്‍കണ്‍ സ്പ്രിന്റ്(1964)

ford-falcon-sprint

ഫോര്‍ഡിന്റെ ഈ 1964 മോഡല്‍ റേസ് കാറിലും ആറ്റ്കിന്‍സന്‍ അപകടത്തിൽ പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ മത്സരത്തിനിടെയായിരുന്നുവെന്ന ആശ്വാസം മാത്രം. 2014ലെ ഷെല്‍ബി റേസ് കപ്പിനിടെയായിരുന്നു അപകടം.

ബി.എം.ഡബ്ല്യു 328

bmw-328

1939ല്‍ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് കാറായ ബി.എം.ഡബ്ല്യു 328 ആണ് ആറ്റ്കിന്‍സന്റെ ശേഖരത്തിലെ മാസ്റ്റര്‍ പീസ് വാഹനം. 1936-1940 കാലത്ത് ആകെ 464 ബിഎംഡബ്ല്യു 328 കാറുകള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇതിലൊന്നാണ് പിന്നീട് ആറ്റ്കിന്‍സന്‍ സ്വന്തമാക്കിയത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ പോകാനാകും ഇതിന്.

രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പുള്ള കാലത്ത് വന്‍ വിജയമായ റേസിങ് കാറായിരുന്നു ഇത്. 1938ല്‍ 125 മത്സരങ്ങളില്‍ വിജയിച്ചാണ് ബിഎംഡബ്ല്യു 328 വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതില്‍ Mille Miglia, International Avusrunnen, GP des Frontières എന്നീ കാറോട്ട മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനവും 328 കാറുകളാണ് സ്വന്തമാക്കിയതെന്നത് ഈ കാറിന്റെ അക്കാലത്തെ മേല്‍ക്കൈ വെളിവാക്കുന്നത്. കാറിന്റേയും ഡ്രൈവറുടേയും ശേഷി പരമാവധി പരീക്ഷിക്കുന്ന ലേ മാന്‍സിന്റെ 1939ലെ പതിപ്പില്‍ അഞ്ച്, ഏഴ്, ഒമ്പത് സ്ഥാനങ്ങളും ബി.എം.ഡബ്ല്യു 328നായിരുന്നു. 1999ല്‍ അന്താരാഷ്ട്ര ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ തയ്യാറാക്കിയ നൂറ്റാണ്ടിലെ 25 കാറുകളുടെ പട്ടികയിലും ഈ വാഹനം ഇടം പിടിച്ചിരുന്നു.

റോള്‍സ് റോയ്‌സ് ഫാന്റം (2011)

rolls-royce-phantom-drophead

കാറുകളില്‍ റോള്‍സ് റോയ്‌സിനോട് ആറ്റ്കിന്‍സന് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. റോള്‍സ് റോയ്‌സ് പലരുടേയും ആജീവനാന്ത സ്വപ്‌നമായതിന് പിന്നിലെ കാരണവും ആറ്റ്കിന്‍സന്‍ പറയുന്നുണ്ട്. റോള്‍സ് റോയ്‌സ് കാറുകളുടെ ഓരോ ഭാഗങ്ങളും ഓരോ പ്രത്യേകതകളും നിര്‍മിച്ചെടുത്ത വാഹന എൻജിനീയര്‍മാരുടെ മേന്മയാണ് ഈ ബ്രാന്‍ഡിനെ സൃഷ്ടിച്ചതെന്നാണ് ആറ്റ്കിന്‍സന്റെ അഭിപ്രായം. ജോണി ഇംഗ്ലീഷിന്റെ രണ്ടാംഭാഗത്തില്‍ റോള്‍സ് റോയ്‌സ് ഫാന്റം നായകനെ ഏതു പ്രതിസന്ധിയിലും സഹായിക്കുന്ന സുഹൃത്തായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ലാന്‍സിയ ഡെല്‍റ്റ എച്ച്എഫ് ഇന്റഗ്രേല്‍(1989)

lancia-delta-integrale

റാലി പ്രേമികളുടെ ഇഷ്ട വാഹനങ്ങളിലൊന്ന്. 1989ല്‍ നിര്‍മ്മിച്ച ആദ്യ തലമുറയില്‍പെട്ട ലാന്‍സിയ ഡെല്‍റ്റ എച്ച്എഫ് ഇന്‍ഗ്രേലാണ് ആറ്റ്കിന്‍സന്റെ പക്കലുള്ളത്. 80കളിലും 90കളിലും കാര്‍ റാലികളില്‍ നിത്യ സാന്നിധ്യമായിരുന്നു ഈ കാര്‍. തന്റെ പ്രിയ കാറിനെക്കുറിച്ച് കാര്‍ മാഗസിനില്‍ ആറ്റ്കിന്‍സന്‍ ഒരു കോളം പോലും എഴുതിയിട്ടുണ്ട്. 

ലാന്‍സിയ തെമ 8.32(1989)

lancia-thema

ഇടതുഭാഗത്ത് ഡ്രൈവിങ് സീറ്റുള്ള ബ്രിട്ടനില്‍ വളരെ അപൂര്‍വ്വമായ ലാന്‍സിയ തെമ 8.32വാണ് അദ്ദേഹത്തിന്റെ പക്കലുള്ള മറ്റൊരു കാര്‍. ഇറ്റാലിയന്‍ കമ്പനിയായ ലാന്‍സിയ 1984നും 94നും ഇടക്കാണ് ലാന്‍സിയ തെമ നിര്‍മിച്ചത്. ഫെരാരിയുടെ 32 വാല്‍വ് വി 8 എൻജിനായിരുന്നു ഈ വാഹനത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. 

മെഴ്‌സിഡസ് 500ഇ(1993)

mercedes-benz-500e

1993 മോഡല്‍ മെഴ്‌സിഡസ് ബെന്‍സിന്റെ 500 ഇ കാറും ആറ്റ്കിന്‍സന്റെ ഗാരേജിലുണ്ട്. ബെന്‍സും പോര്‍ഷെയും ചേര്‍ന്ന് നിര്‍മിച്ച ഒരു ഹൈപെര്‍ഫോമെന്‍സ് കാറാണിത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ ഈ കാറിന് 6.1 സെക്കന്റ് മാത്രം മതി. പരമാവധി വേഗത 260 കിലോമീറ്റാണ്. 4973 സിസിയുള്ള 32 വാല്‍വ് വി8 എൻജിനാണ് ഈ കാറിലുള്ളത്. 

ഹോണ്ട എന്‍എസ്എക്‌സ്(2002)

honda-nsx

ജാപ്പനീസ് ഫെരാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോണ്ടയുടെ കാര്‍. ഹോളിവുഡ് ചിത്രമായ പള്‍പ് ഫിക്ഷനില്‍ മിസ്റ്റര്‍ വോള്‍ഫ് എന്ന് വിളിക്കുന്ന കാര്‍ ഹോണ്ടയുടെ എന്‍എസ്എക്‌സാണ്. 1990 മുതല്‍ 2005 വരെ പുറത്തിറക്കിയ ആദ്യ തലമുറ ഹോണ്ട എന്‍എസ്എക്‌സില്‍ ഒന്നാണ് ആറ്റ്കിന്‍സന്‍ സ്വന്തമാക്കിയത്. ഓള്‍ അലൂമിനിയം ബോഡിയില്‍ ആദ്യമായി വലിയതോതില്‍ നിർമിക്കപ്പെട്ട കാറായിരുന്നു ഇത്. എഫ് 16 പോര്‍വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു എന്‍എസ്എക്‌സിന്റെ ഡിസൈന്‍. എഫ് വണ്‍ ലോക ചാമ്പ്യന്‍ അയര്‍ട്ടന്‍ സെന്നയുടെ നിര്‍ദേശങ്ങളും ഈ കാറിന്റെ നിര്‍മ്മാണഘട്ടത്തില്‍ ഹോണ്ടയെ സഹായിച്ചിട്ടുണ്ട്. 

അസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ്(1977)

aston-martin-v8-vintage

റോവന്‍ ആറ്റ്കിന്‍സന്റെ ആദ്യകാല കാറുകളിലൊന്നായിരുന്നു 1977ല്‍ നിര്‍മിച്ച ഈ അസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ്. 5.3 ലിറ്ററിന്റെ വി8 എൻജിന് 389 ബിഎച്ച്പി കരുത്താണുള്ളത്. 1984ലായിരുന്നു ഈ കാര്‍ ആറ്റ്കിന്‍സന്റെ കയ്യിലെത്തിയത്. ശേഷം ഇതിന് ഉടമസ്ഥനെ മാറ്റേണ്ടി വന്നിട്ടില്ല. ജോണി ഇംഗ്ലീഷിന്റെ രണ്ടാം ഭാഗത്തിലും ഈ കാര്‍ തല കാണിച്ചിട്ടുണ്ട്.

English Summary: Rowan Atkinson's Car Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com