ADVERTISEMENT

അഭിമുഖത്തിനിടെ ഒരിക്കല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. താങ്കളുടെ പിതാവിന് എത്ര കാറുകളുണ്ടായിരുന്നു? ഒന്നുമില്ല എന്ന് മറുപടി. താങ്കള്‍ക്ക് എത്ര കാറുകളുണ്ട്? എത്ര എണ്ണമെന്ന് അറിയില്ല! എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

ബുഗാട്ടി കെയ്‌റണ്‍ മുതല്‍ റോള്‍സ് റോയ്‌സ് കള്ളിനന്‍ വരെ നീണ്ടു കിടക്കുന്ന കാര്‍ശേഖരത്തിന്റെ ഉടമയാണ് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കായികക്ഷമതക്കും വേഗത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ശൈലിയാണ് റൊണാള്‍ഡോയുടേത്. വേഗമേറിയ കാറുകളോടും അദ്ദേഹത്തിന് പ്രത്യേകമായുള്ള ഇഷ്ടമുണ്ട്. സ്‌പോര്‍ട്‌സ്‌കാറുകളും സൂപ്പര്‍കാറുകളും ആഡംബര കാറുകളും ഹൈപ്പര്‍ കാറുകളുമെല്ലാം റോണൊള്‍ഡോയ്ക്ക് സ്വന്തമായുണ്ട്. അദ്ദേഹത്തിന്റെ കാറുകളെ കൂടുതലറിയാം.

ഫെരാരി മൊന്‍സ

ഏറ്റവും അവസാനം റൊണാള്‍ഡോ വാങ്ങിയ കാറാണ് ഫെരാരിയുടെ മൊന്‍സ എസ്പി2. ഫെരാരിയുടെ ആസ്ഥാനത്തേക്ക് റൊണാള്‍ഡോ നേരിട്ട് ചെന്നാണ് ഈ കാര്‍ വാങ്ങിയത്. റൊണാള്‍ഡോയ്ക്ക് ഇഷ്ടപ്പെട്ട പ്രത്യേകം ചുവപ്പു നിറമാണ് കാറിനുള്ളത്. പ്രത്യേകം ക്ഷണിക്കുന്നവര്‍ക്ക് മാത്രമായിരുന്നു ഇത്തരം കാറുകള്‍ ഫെരാരി നല്‍കിയിരുന്നത്. 809ബിഎച്ച്പിയും പരമാവധി 718 ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 6.5 ലീറ്റര്‍ വി12 എൻജിനാണ് ഫെരാരി മൊന്‍സയുടെ കരുത്ത്.

ബുഗാട്ടി ചെന്റോഡിയേചി

bugatti-centodieci

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗ്യാരേജിലെ ഏറ്റവും വിലയുള്ള കാറുകളിലൊന്നാണ് ഇത്. ലോകത്തിൽ വെറും 10 എണ്ണം മാത്രം നിർമിക്കുന്ന ഈ ഹൈപ്പർ കാറിന്റെ വില 65 കോടി രൂപയാണ്. ഷിറോണിനെ അടിസ്ഥാനപ്പെടുത്തി ചെന്റോഡിയേചി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 1600 എച്ച്പി കരുത്തുണ്ട്. ബുഗാട്ടിയുടെ ഏക്കാലത്തേയും പ്രശസ്ത കാറായ ഇബി110 ന്റെ സ്മരണാർത്ഥമാണ് ചെന്റോഡിയേച്ചിയെ പുറത്തിറക്കിയിരിക്കുന്നത്. 1991ൽ പുറത്തിങ്ങിയ ഇബി 110 ന്റെ നിരവധി ഘടകങ്ങൾ പുതിയ സൂപ്പർകാറിൽ ഉപയോഗിച്ചിട്ടുണ്ട്. 

ഫെരാരി എഫ്12 ടിഡിഎഫ്

cristiano-ferrari

ഏറ്റവും മികച്ചത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫെരാരി എഫ്12 ടൂര്‍ ഡെ ഫ്രാന്‍സ് സ്വന്തമാക്കിയതില്‍ അദ്ഭുതമില്ല. ആകെ 799 എഫ് 12 ടിഡിഎഫുകള്‍ മാത്രമാണ് ആഗോളതലത്തില്‍ ഫെരാരി നിര്‍മിച്ചത്. ഇതിലൊന്ന് റൊണാള്‍ഡോയുടെ ഗാരേജിലുണ്ട്. റൊണാള്‍ഡോക്ക് ഏറെ ഇഷ്ടപ്പെട്ട കരിംചുവപ്പു നിറമാണ് ഈ സൂപ്പര്‍കാറിന്. പരമാവധി 769 ബിഎച്ച്പിയും 704 എൻഎം ടോര്‍ക്കുമുള്ള ഈ ഫെരാരി കാറിന്റെ ശക്തി 6.3 ലിറ്റര്‍ വി12 എൻജിനാണ്. ഏകദേശം നാലര കോടി രൂപക്ക് മുകളിലാണ് ഈ കാറിന് ഇന്ത്യന്‍ വിപണി വില.

ബുഗാട്ടി ഷിറോൺ

cristiano-chiron

ഏകദേശം 21 കോടി രൂപ അടിസ്ഥാനവിലയുള്ള ഷിറോൺ തന്നെയാണ് റൊണാള്‍ഡോയുടെ കൈവശമുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയ രണ്ടാമത്തെ കാര്‍. ആദ്യ കാര്‍ വിറ്റു പോകുന്നതിന് മുമ്പ് തന്നെ പുറത്തിറങ്ങിയ 200 കാറും മുന്‍കൂട്ടി ബുക്കുചെയ്ത ചരിത്രമുണ്ട് കെയ്‌റണ്‍ എന്ന അതിവേഗ സ്‌പോര്‍ട്‌സ് കാറിന്. രണ്ട് ലക്ഷം യൂറോയായിരുന്നു ഈ കാര്‍ ബുക്ക് ചെയ്യാന്‍ വേണ്ടിയിരുന്ന തുക.

2017ലാണ് ബുഗാട്ടി ഷിറോൺ റൊണാള്‍ഡോ സ്വന്തമാക്കുന്നത്. റൊണാള്‍ഡോയുടെ കെയ്‌റണിന്റെ വശങ്ങളിലും കാറിന്റെ സീറ്റുകളിലും 'CR7' ലോഗോ ചേര്‍ത്തിട്ടുണ്ട്. 1001 ബിഎച്ച്പിയും പരമാവധി 1250 Nm ടോര്‍ക്കുമുള്ള ഈ സൂപ്പര്‍ കാറിലുള്ളത് 8.0 ലിറ്റര്‍ ക്വാഡ് ടര്‍ബോ ഡബ്ല്യു എൻജിനാണ്. 

വേഗതയാണ് ഷിറോണിന്റെ മുഖമുദ്ര. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്ററിലേക്ക് 2.4 സെക്കന്റിലും 0-200 കിലോമീറ്ററിലേക്ക് 6.5 സെക്കന്റിലും 0-300 കിലോമീറ്ററിലേക്ക് 13.6 സെക്കന്റിലും കെയ്‌റണ്‍ പാഞ്ഞിട്ടുണ്ട്. ഇത്ര വേഗത്തില്‍ പോവുമ്പോഴും ബ്രേക്ക് ചവുട്ടി 9.4 സെക്കന്റില്‍ പൂര്‍ണ്ണമായും നിശ്ചലമാവാനും ഷിറോണിന് സാധിക്കും. സുരക്ഷയുടെപേരില്‍ ഷിറോണിന്റെ പരമാവധി വേഗത മണിക്കൂറില്‍ 375-380 കിലോമീറ്ററാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് ബുഗാട്ടി. ഇപ്പോള്‍ പുറത്തിറങ്ങുന്ന ടയറുകള്‍ക്കൊന്നും തങ്ങളുടെ വാഹനത്തിന്റെ പരമാവധി വേഗത കൈകാര്യം ചെയ്യാനാവില്ലെന്നാണ് ഫ്രഞ്ച് കമ്പനിയുടെ വിശദീകരണം.

മക്‌ലാരന്‍ സെന്ന

cristiano-mclaren-senna

ഫോര്‍മുല വണ്‍ ലോകചാമ്പ്യനായിരുന്ന അയര്‍ട്ടണ്‍ സെനയോടുള്ള ബഹുമാനാര്‍ഥമാണ് മക്‌ലാരന്‍ ഈ കാറിന് അയര്‍ട്ടണ്‍ സെന എന്ന് പേരിട്ടത്. ആകെ 500 മക്‌ലാരന്‍ സെന്ന കാറുകള്‍ മാത്രമാണ് വിപണിയിലെത്തിയിട്ടുള്ളത്. ഇതിലൊന്ന് 2019ലായിരുന്നു റൊണാള്‍ഡോ സ്വന്തമാക്കിയത്. 789 ബിഎച്ച്പിയും 800എൻഎം പരമാവധി ടോര്‍കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി 8 എഞ്ചിനാണ് ഈ സൂപ്പര്‍കാറിനുള്ളത്. 

മെഴ്‌സിഡസ് ബെന്‍സ് ജി വാഗണ്‍

തന്റെ 35ാം പിറന്നാളിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൂട്ടുകാരി ജോര്‍ജിന റോഡ്രിഗസ് സമ്മാനിച്ചതാണ് ഈ കരുത്തന്‍ വാഹനം. ലിമിറ്റഡ് എഡിഷന്‍ ബ്രാബസ് ജി വി12 വിഭാഗത്തില്‍ പെട്ട ജി വാഗണായിരുന്നു ഇത്. പരമാവധി 888 ബിഎച്ച്പിയും 1499എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 6.3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എൻജിനാണ് ഈ വാഹനത്തിനുള്ളില്‍. 

ലംബോര്‍ഗിനി അവെന്റഡോര്‍

cristiano-avantador

ഒരു ലംബോര്‍ഗിനി റൊണാള്‍ഡോയുടെ കാറുകളുടെ കൂട്ടത്തിലുണ്ട്, ലംബോര്‍ഗിനി അവെന്റഡോര്‍ എല്‍പി 700-4 ആണത്. കരുത്തിനൊപ്പം ആകര്‍ഷണീയമായ രൂപകല്‍പനയുമായിരിക്കണം റൊണാള്‍ഡോയെ ഈ കാറിലേക്ക് ആകര്‍ഷിച്ചത്. സ്പാനിഷ് പോരുകാളയുടെ പേരാണ് ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനി ഈ മോഡലിന് നല്‍കിയത്.

വേഗത ഇഷ്ടപ്പെടുന്ന ഏതൊരു കാര്‍പ്രേമിയുടേയും സ്വപ്‌ന വാഹനങ്ങളിലൊന്നാണിത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ലംബോര്‍ഗിനി അവെന്റഡോറിന് വെറും 2.9 നിമിഷങ്ങള്‍ മാത്രം മതി. പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്ററാണ്. പരമാവധി 750എൻഎം ടോര്‍ക്കും 602 ബിഎച്ച്പി കരുത്തും പുറത്തുവിടുന്ന 6.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ഡബ്ല്യു 12 എൻജിനാണ് അവെന്റഡോറിലുള്ളത്.

മസെരാറ്റി ഗ്രാന്‍കാബ്രിയോ

ആഡംബരവും കരുത്തും ഒത്തിണങ്ങിയ ഒരു മസെരാറ്റി കാറും റൊണാള്‍ഡോക്കുണ്ട്. ഇരട്ട ഡോറുള്ള ഈ വാഹനം 2010ലാണ് ഇറ്റാലിയന്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയത്. 4.7 ലീറ്റര്‍ വി8 എൻജിനാണ് ഗ്രാന്‍കാബ്രിയോക്കുള്ളത്. പരമാവധി ടോര്‍ക്ക് 489 ന്യൂട്ടണ്‍ മീറ്ററും റൊട്ടേഷന്‍ 7000 ആര്‍പിഎം ആണ്.

റോള്‍സ് റോയ്‌സ് കള്ളിനന്‍

cristiano-cullinan

2019ലാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കുന്നത്. റോള്‍സ് റോയ്‌സ് കള്ളിനന്‍ ആയിരുന്നു ആ കാര്‍. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗുണമേന്മയുള്ളതും പരുക്കനുമായ വജ്രത്തിന്റെ പേരാണ് റോള്‍സ് റോയ്‌സ് ഈ കാറിനിട്ടിരിക്കുന്നത്.

യുവന്റസിലേക്ക് എത്തിയ ശേഷമാണ് റൊണാള്‍ഡോ 3,50,000 ലക്ഷം ഡോളര്‍ മുടക്കി ഈ സ്വപ്‌ന വാഹനം വാങ്ങുന്നത്. റോള്‍സ് റോയ്‌സിന്റെ ആദ്യത്തെ എസ്‌യുവിയും ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും കള്ളിനന്‍ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com