സിനിമയിൽ അഭിനയിച്ചു, ഇപ്പോൾ പൊലീസിനെയും അതിശയിപ്പിച്ച ഡ്രൈവർ: അഭിമുഖം

karthika-raj
Karthika Raj
SHARE

സമയം അർധരാത്രി, സ്ഥലം തൃശ്ശൂർ മലപ്പുറം അതിർത്തി.. റോഡില്‍ ലോക്‌ഡൗണ്‍ പരിശോധനയിൽ വ്യാപൃതരായി ഏർപ്പെട്ടിരിക്കുന്ന പോലീസുകാർ. പെട്ടെന്നൊരാൾ ട്രക്ക് ഓടിച്ചു കൊണ്ട് എത്തുന്നു. ഡ്രൈവർ വണ്ടി നിർത്തി. പോലീസ് അകത്തേക്കു നോക്കി.

''വണ്ടിയിൽ എന്താണ്. എങ്ങോട്ടാണ്? '', ആദ്യചോദ്യം.

പൈനാപ്പിൾ ആണ് സർ, എറണാകുളത്തു നിന്നും കണ്ണൂർക്ക് കൊണ്ടുപോകുകയാണ്'', ഡ്രൈവറുടെ മറുപടി.

'വല്ല മയക്കുമരുന്നും ആണോ'', അടുത്ത ചോദ്യം. 

''സര്‍, പരിശോധിച്ചോളൂ..'',  ഉത്തരം വീണ്ടുമെത്തി.

പരിശോധനക്കു ശേഷം: ''ഇതിനകത്ത് മയക്കുമരുന്നൊന്നും ഇല്ലല്ലോ അല്ലേ?...''

''എല്ലാം എടുത്തുനോക്കി പരിശോധിച്ചോളൂ സാര്‍.. പരിശോധന കഴിഞ്ഞ് അതുപോലെ തിരിച്ചുവെച്ചാല്‍ മതി'', ആത്മവിശ്വാസത്തോടെ മറുപടി. 

ട്രക്കില്‍ പൈനാപ്പിള്‍ മാത്രമേ ഉള്ളൂവെന്നു മനസിലാക്കിയ പൊലീസ് പച്ചക്കൊടി കാണിച്ചു. വണ്ടി നേരെ കണ്ണൂര്‍ക്ക്... ആത്മവിശ്വാസം മുഖത്തും വാക്കുകളിലും പ്രവര്‍ത്തിയിലും ഒരുപോലെ പ്രതിഫലിപ്പിച്ച് വാഹനമോടിക്കുന്നത് കണ്ണൂര്‍ അഴീക്കോടുകാരി കാര്‍ത്തിക രാജ്.

''പൊലീസിനെ കുറ്റം പറയാന്‍ പറ്റില്ല. അവരുടെ ജോലിയല്ലേ ചെയ്യുന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗിക്കുന്നവരും ഉണ്ടല്ലോ. അതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ ഉണ്ടായത്''. കാര്‍ത്തിക പറയുന്നു.

വാഹനക്കമ്പം  ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കാര്‍ത്തികക്ക്. ചെറുപ്പത്തില്‍ ആരും കാണാതെ അമ്മാവന്റെ ജീപ്പ് എടുത്തോടിച്ച് ഉരുട്ടിയിട്ടതു മുതലുള്ള കഥകള്‍ ഏറെ പറയാനുണ്ട്. ഡ്രൈവിങ്ങ് പ്രേമത്തെക്കുറിച്ച് പറയുമ്പോള്‍ ബ്രേക്കില്ലാത്ത വണ്ടി പോലെ കാര്‍ത്തിക നിര്‍ത്താതങ്ങ് പായും. ഇടക്ക് മറുചോദ്യം കൊണ്ട് തടയുമ്പോള്‍ മാത്രം ഇടിച്ചുനിര്‍ത്തും.

''ഇപ്പോ ഈ ലോക്ഡൗണ്‍ സമയത്താണ് ട്രക്കില്‍ ലോഡ് കയറ്റിക്കൊണ്ടുള്ള യാത്ര ആരംഭിച്ചത്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചങ്ങോട്ടും പച്ചക്കറികളും പഴങ്ങളും കയറ്റിയാകും യാത്ര. കുടുംബത്തില്‍ ഒരുപാട് പ്രാരാബ്ധങ്ങളുണ്ട്. പക്ഷേ, എനിക്കിത് വരുമാനമാര്‍ഗം മാത്രമല്ല. ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതും അതില്‍ നിന്നും പണം സമ്പാദിക്കുന്നതും ജീവിക്കുന്നതുമൊക്കെ ഒരു പ്രത്യേത സുഖമല്ലേ..?'', കാർത്തികയുടെ വാക്കുകളിൽ സന്തോഷം.

കൂടുതൽ സ്ത്രീകൾ ഡ്രൈവിങ്ങ് രംഗത്തേക്ക് കടന്നുവരണമെന്ന പക്ഷക്കാരിയാണ് കാർത്തിക: ''ഇത് പുരുഷൻമാർക്കു വേണ്ടി മാത്രം പറഞ്ഞിട്ടുള്ള പണിയല്ലല്ലോ'', കാർത്തിക ചോദിക്കുന്നു.

ഡ്രൈവിങ്ങ് അഭിമാനം, സന്തോഷം

''ഇടക്ക് ഒരു കോസ്മറ്റിക് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പക്ഷേ, മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നതൊക്കെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. എസി റൂമിനകത്തിരുന്നു ചെയ്യുന്ന പണിയൊന്നും എനിക്ക് പറ്റില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യാനാണ് ഇഷ്ടം. എങ്കില്‍ പിന്നെ ഏറ്റവും ഇഷ്ടമുള്ള ഡ്രൈവിങ്ങ് തന്നെ പ്രൊഫഷന്‍ ആക്കാം എന്നു വിചാരിച്ചു.

ഇതിനിടെ മട്ടന്നൂര്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അവര്‍ക്ക് ഡ്രൈവിങ്ങ് പഠിക്കണം എന്ന ആഗ്രഹം തോന്നിയപ്പോള്‍ ഞാന്‍ തന്നെ പഠിപ്പിച്ചു. അവര്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ എന്റെ ആവശ്യം ഇല്ലല്ലോ. അങ്ങനെ ആ ജോലി പോയി. പിന്നെ എയര്‍പോര്‍ട്ടിലേക്കും മറ്റ് ദൂരയാത്രകള്‍ക്കുമൊക്കെ ഡ്രൈവര്‍ ആയി പോയിത്തുടങ്ങി. പെണ്‍കുട്ടി ആയതുകൊണ്ട് അമിതവേഗത്തില്‍ പോകില്ല എന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. പിന്നെ കുടുംബമായിട്ട് പോകുന്നവരൊക്കെ എന്നെ വിളിക്കും. 

എന്റെ കാര്യത്തില്‍ വീട്ടുകാര്‍ക്കും നോ ടെന്‍ഷന്‍. ഏതു പാതിരാത്രി, എവിടെപ്പോയാലും സുരക്ഷിതയായി വീട്ടിലെത്തും എന്ന് അവര്‍ക്കറിയാം. അമിതവിശ്വാസമെന്നെ അഹങ്കാരമെന്നോ ചിലര്‍ക്കൊക്കെ തോന്നാം.  ഒരു കത്തിയൊക്കെ കൂടെ കരുതിയിട്ടുണ്ട്. സ്വയംസുരക്ഷക്കു വേണ്ടി. എന്റെ സുഹൃത്ത് സമ്മാനിച്ചതാണ്. എത്രയൊക്കെ പറഞ്ഞാലും ഒന്നു കരുതണമല്ലോ. പക്ഷേ, ഇതുവരെ ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ചിലപ്പോള്‍ കാണുന്നവരൊക്കെ അതിശയത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്.

ഈയടുത്താണ് ലോണ്‍ എടുത്ത് മഹീന്ദ്ര ബൊലേറോ മാക്സി ട്രക്ക് വാങ്ങിയത്. വീടുമായി ബന്ധപ്പെട്ട ബാധ്യതകളുണ്ട്. വെറുതേ ഇരുന്നാല്‍ ശരിയാവില്ലല്ലോ''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA