ADVERTISEMENT

മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിലേക്ക് 500 എക്സ് എന്ന കരുത്തനെ എത്തിച്ചിരിക്കുകയാണ് ഹോണ്ട. സുസുക്കി വിസ്റ്റോം 650, ബെനലി ടിആർകെ 502, കാവാസാക്കി വെഴ്സിസ് 650 എന്നിവരോട് ഏറ്റുമുട്ടുന്ന 500 എക്സിന്റെ സവിശേഷതകൾ എന്തൊക്കെയെന്നു നോക്കാം.

അഗ്രസീവ് ലുക്ക്

കാഴ്ചയിൽ അഗ്രസീവ് ലുക്കാണ് 500 എക്സിനുള്ളത്. ഉറച്ച പേശികളുള്ള അത്‌ലീറ്റിന്റെ ശരീരവടിവുകൾ. ഉയർന്നു നിൽക്കുന്ന മുൻഭാഗത്തേക്കാണ് നോട്ടം പോകുക. ഉയരമുള്ള വൈസറും ലോങ് ട്രാവൽ ഫോർക്കുകളും വലിയ ടയറും മുൻഭാഗത്തിന് എടുപ്പു നൽകുന്നു. വൈസറിന്റെ ഉയരം ക്രമീകരിക്കാവുന്നതാണ്. എൽഇഡി ലൈറ്റുകളാണ്. ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളാണ്. നെഗറ്റീവ് ഡിസ്പ്ലേയാണ്. സ്പീഡോ–ടാക്കോ മീറ്റർ, രണ്ട് ട്രിപ് മീറ്റർ, ഫ്യൂവൽ ലെവൽ, ഗിയർ പൊസിഷൻ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയെല്ലാം അടങ്ങിയതാണ് കൺസോൾ.

honda-cb500-1

ലോങ് ട്രാവൽ‌ സസ്പെൻഷൻ

150 എംഎം ട്രാവലുള്ള 41 എംഎമ്മിന്റെ ടെലിസ്കോപ്പിക് ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ 135 എംഎം ട്രാവലുള്ള പ്രോ–ലിങ്ക് മോണോഷോക്കും. രണ്ടു സസ്പെൻഷനുകളുടെയും പ്രീ ലോഡ് ക്രമീകരിക്കാവുന്നതാണ്. ഒാൺറോഡ്–ഒാഫ് റോ‍ഡ് യാത്രകളിൽ ഒരുപോലെ പെർഫോമൻസ് കാഴ്ചവയ്ക്കുന്ന രീതിയിലാണ് ട്യൂണിങ് എന്നു ഹോണ്ട.

ഡയമണ്ട് ട്യൂബ് ഫ്രെയിം 

ഏതു റോഡ് സാഹചര്യത്തിലും  മികച്ച ഹാൻഡ്‌ലിങ് സാധ്യമാക്കുന്ന സ്റ്റീൽ ഡയമണ്ട് ട്യൂബ് ഫ്രെയ്മിലാണ് 500 എക്സ് നിർമിച്ചിരിക്കുന്നത്. സ്ഥിരത കൂട്ടാനായി സ്വിങ് ആം പിവിയറ്റിനോടു ചേർന്നാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്. 199 കിലോഗ്രാം ഭാരമേയുള്ളൂ 500 എക്സിന് (ബെനലി 502–235 കിലോഗ്രാം). സീറ്റിന്റെ ഉയരം 830 എംഎം. ടിആർകെ 502 മോഡലുമായി താരതമ്യം ചെയ്താൽ ഉയരക്കൂടുതലാണിത്. 181 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് (റോയൽ എൻഫീൽഡ് ഹിമാലയൻ–220 എംഎം).ടാങ്കിലേക്കു കയറി നിൽക്കുന്ന സിംഗിൾ പീസ് സീറ്റ് വിസ്താരമേറിയതാണ്.  

honda-cb500-2

എൻജിൻ

8 വാൽവ് ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. കൂടിയ കരുത്ത് 46.9 ബിഎച്ച്പി. ടോർക്ക് 43.2 എൻഎം. മികച്ച  ലോ എൻഡ്–മി‍ഡ് റേഞ്ച് ടോർക്ക് ലഭ്യമാകത്തക്ക രീതിയിലാണ് ട്യൂണിങ് എന്നു ഹോണ്ട. 6 സ്പീഡ് ഗിയർബോക്സാണ്. അസിസ്റ്റ്–സ്ലിപ്പർ ക്ലച്ചാണ്. അഗ്രസീവ് ഡൗൺ ഷിഫ്റ്റിങ്ങിൽ വീൽ ലോക്കാകാതെ നോക്കും ഈ സംവിധാനം. മാത്രമല്ല, സ്മൂത്ത് ഷിഫ്റ്റിങ്ങും സാധ്യമാക്കുന്നു.

എമർജൻസി സ്റ്റോപ് സിഗ്‍നൽ സംവിധാനം ഇതിലുണ്ട്. സഡൻ ബ്രേക്കിങ്ങിൽ ഒാട്ടമാറ്റിക്കായി ഹസാഡ് ലൈറ്റുകൾ മിന്നുന്നതാണ് ഈ സംവിധാനം. 310 എംഎം ഡിസ്ക് ബ്രേക്കാണ് മുന്നിൽ. പിന്നിൽ 240 എംഎമ്മിന്റെയും. ഡ്യൂവൽ ചാനൽ എബിഎസുണ്ട്. ട്രാക്‌ഷൻ കൺട്രോൾ, കോർണറിങ് എബിഎസ്, ക്വിക് ഷിഫ്റ്റർ പോലുള്ള സംവിധാനങ്ങൾ നൽകിയിട്ടില്ല. മൾട്ടി സ്പോക് അലോയ് വീലാണ് മുന്നിലും പിന്നിലും. 18 ഇഞ്ച് വീലാണ് മുന്നിൽ. പിന്നിൽ 17 ഇഞ്ചും.

വില

₨ 6.87 ലക്ഷമാണ് എക്സ്ഷോറും വില പാർട്സ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത് ഇന്ത്യൻ പ്ലാന്റിൽ കൂട്ടിയോജിപ്പിച്ചാണ് വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിനെക്കാളും വിലക്കൂടുതലാണ് 500 എക്സിന്.

English Summary: Honda CB 500 Preview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com