ADVERTISEMENT

ലോകത്തിന്റെ പലഭാഗത്തു നിന്നു സ്‌പോര്‍ട്‌സ് കാര്‍ ശേഖരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി പുറത്തുവരാറുണ്ട്. സമൂഹമാധ്യമ കാലത്തിന് മുമ്പേ ഏതൊരു സ്‌പോര്‍ട്‌സ് കാര്‍ പ്രേമിയുടേയും കണ്ണഞ്ചിപ്പിച്ച ഒരു കാര്‍ശേഖരമുണ്ടായിരുന്നു. ഇപ്പോഴത്തെ വിഖ്യാതമായ പല കാര്‍ശേഖരങ്ങളുടേയും വഴികാട്ടിയായ സ്വകാര്യ കാര്‍ശേഖരമാണ് റോസോ ബിയാന്‍കൊ കളക്ഷന്‍സ്.

പീറ്റര്‍ കൗസിന്റെ സ്വപ്നം

ലേമാന്‍സ്, ഡേടോണ, മോന്‍സ, ദ ന്യൂറംബര്‍ഗ്, സ്പാ തുടങ്ങി സ്‌പോര്‍ട്‌സ് കാര്‍ മത്സരയോട്ടങ്ങളില്‍ തിളങ്ങി നിന്ന കാറുകളുടെ വന്‍ ശേഖരമായിരുന്നു റോസോ ബിയാന്‍കോ. ജര്‍മനിയിലെ ഓഷാഫന്‍ബഗ് നഗരത്തിലായിരുന്നു ഈ പ്രശസ്ത സ്‌പോര്‍ട്‌സ് കാര്‍ ശേഖരത്തിന്റെ മ്യൂസിയം നിര്‍മിക്കപ്പെട്ടത്. അതിനു പിന്നിലും ഒരു കഥയുണ്ട്. പീറ്റര്‍ കൗസ് എന്നയാളാണ് 60കളിലും 70കളിലുമായി ശേഖരിച്ച സ്‌പോര്‍ട്‌സ് കാറുകളിലൂടെ ഈ കാര്‍ ശേഖരത്തിന് തുടക്കമിടുന്നത്. 1980കളുടെ തുടക്കമാകുമ്പോഴേക്കും പീറ്റര്‍ കൗസിന്റെ കൈവശം നൂറോളം കാറുകള്‍ ഉണ്ടായിരുന്നു. സ്വന്തം നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ കാര്‍മ്യൂസിയം തുടങ്ങാനായിരുന്നു പീറ്ററിന് താല്‍പര്യം.

എന്നാല്‍ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിലെ ഭരണാധികാരികള്‍ ഇതില്‍ വലിയ താല്‍പര്യം കാണിച്ചില്ലെന്ന് മാത്രമല്ല കാര്‍ മ്യൂസിയം എന്ന പീറ്ററിന്റെ അപേക്ഷ നിഷ്‌ക്കരുണം തള്ളിക്കളയുകയും ചെയ്തു. ഇതോടെയാണ് ഓഷാഫന്‍ബഗിലേക്ക് കാര്‍ മ്യൂസിയം എത്തുന്നത്. ഓഷാഫന്‍ബഗിലെ അധികാരികള്‍ സമ്മതം മൂളിയതോടെ 1987 ഒക്ടോബര്‍ മൂന്നിന് റോസോ ബിയാന്‍കോ സ്‌പോര്‍ട്‌സ് കാര്‍ ശേഖരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. അപ്പോഴും പിറന്ന നഗരമായ ഫ്രാങ്ക്ഫര്‍ട്ടിനെ പീറ്റര്‍ മറന്നില്ല. ഫ്രാങ്ഫര്‍ട്ട് നഗരത്തിലെ നിറങ്ങളായ ചുവപ്പിനേയും വെളുപ്പിനേയും സൂചിപ്പിക്കുന്നതായിരുന്നു റോസോ ബിയാന്‍കൊ എന്ന പേര്. 

അമൂല്യ ശേഖരം

50 കാര്‍ നിര്‍മാതാക്കളുടേതായി 220 സ്‌പോര്‍ട്‌സ് കാറുകളാണ് ഈ ശേഖരത്തിലുണ്ടായിരുന്നത്. 1906ല്‍ നിര്‍മിച്ചതടക്കമുള്ള കാറുകള്‍ ഇതിലുണ്ടായിരുന്നു. റേസിങ് കാറുകള്‍ക്കൊപ്പം 50 മോട്ടോര്‍ ബൈക്കുകളും അഞ്ച് കൂറ്റന്‍ ഹാളുകളിലായി സജ്ജീകരിച്ച റോസോ ബിയാന്‍കോയിലുണ്ടായിരുന്നു. ഇവക്കൊപ്പം 1860കള്‍ മുതലുള്ള കാറുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്‍പങ്ങളും അടക്കമുള്ള കലാസൃഷ്ടികളും ഈ മ്യൂസിയത്തെ തിളക്കമുള്ളതാക്കി. 1990ല്‍ നവീകരിച്ചപ്പോഴേക്കും 600 ഓളം പെയിന്റിങുകളും ചരിത്രപ്രാധാന്യമുള്ള പോസ്റ്ററുകളും ശില്‍പങ്ങളുമെല്ലാം മ്യൂസിയത്തില്‍ ഇടംപിടിച്ചിരുന്നു.

പ്രവേശനകവാടത്തോട് ചേര്‍ന്നായിരുന്നു പ്രധാന ഹാള്‍ സജ്ജീകരിച്ചിരുന്നത്. 1930കള്‍ മുതലുള്ള സ്ട്രീറ്റ് സ്‌പോര്‍ട്‌സ് കാറുകളും 1960കളിലേയും 70കളിലേയും സ്‌പോര്‍ട്‌സ് കാറുകളും ഈ ഹാളില്‍ നിരത്തിയിരുന്നു. താഴത്തെ നിലയിലെ മൂന്നാം ഹോളില്‍ ലേമാന്‍സ് അടക്കമുള്ള കാര്‍ മത്സരയോട്ടങ്ങളില്‍ പങ്കെടുത്തിരുന്ന കാറുകളാണുണ്ടായിരുന്നത്. 70കളിലെ തന്നെ കാന്‍ആം(കനേഡിയന്‍ അമേരിക്കന്‍ ചലഞ്ച് കപ്പ്) കാറുകളും ഇവിടെയുണ്ടായിരുന്നു. മോട്ടോര്‍ ബൈക്കുകളില്‍ 80കളിലും 90കളിലും മത്സരയോട്ടങ്ങളില്‍ പങ്കെടുത്ത സൂപ്പര്‍ബൈക്കുകളായിരുന്നു ഭൂരിഭാഗവും.

പ്രതിസന്ധി, അടച്ചുപൂട്ടല്‍

കാലം ചെല്ലും തോറും ഇത്രയും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന് പുറമേനിന്നുള്ള സഹായങ്ങളില്ലാതെ പിടിച്ചു നില്‍ക്കുക ദുഷ്‌കരമായി മാറി. സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനവും പ്രദര്‍ശനങ്ങളും കൊണ്ട് മാത്രം ചിലവ് കഴിഞ്ഞു പോകാത്ത നിലവന്നു. ഒടുവില്‍ 2006 ഫെബ്രുവരിയോടെ ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കാര്‍ മ്യൂസിയം അടച്ചു. കാറുകളും മ്യൂസിയത്തിന്റെ ഭാഗമായിരുന്ന കലാസൃഷ്ടികളുമെല്ലാം നെതര്‍ലണ്ട്‌സിലെ ലോമാന്‍ കളക്ഷന്‍സാണ് സ്വന്തമാക്കിയത്.

ലോമാന്‍ കളക്ഷന്‍സിന്റെ ഉടമയായിരുന്ന എവര്‍ട്ട് ലോമാന് കാറുകള്‍ പരിപാലിക്കുന്നതിലോ കാര്‍ശേഖരം അതേപടി നിലനിര്‍ത്തുന്നതിലോ യാതൊരു താല്‍പര്യവുമില്ലായിരുന്നു. ഓരോ കാറുകളെയായി പതിയെ ലേലത്തില്‍ വെച്ച് വിറ്റ് വരുമാനം നേടാനായിരുന്നു ലോമാന് താല്‍പര്യം. ഇപ്പോള്‍ റോസോ ബിയാന്‍കോ കളക്ഷനിലുണ്ടായിരുന്ന 15 കാറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നിരിക്കിലും ഇപ്പോഴും സ്‌പോര്‍ട്‌സ് കാര്‍ ശേഖരങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍ നിരയിലുണ്ട് പീറ്റര്‍ കൗസിന്റെ ഈ സ്വപ്‌ന ശേഖരം.

English Summary: This Is The Largest Sports Car Collection In The World

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com