ദുൽഖറും ഫഹദും പൃഥ്വിരാജും ലക്ഷണമൊത്ത വാഹനപ്രേമികൾ; ഗോകുൽ സുരേഷ് ന്യൂ ജെൻ ‘പെട്രോൾഹെഡ്’

gokul
SHARE

ലൂസിഫർ എന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രത്തിന്റെ 17-ാം മിനിറ്റ്, ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സത്യൻ അന്തിക്കാട് – മമ്മൂട്ടി ചിത്രം മൂന്നര മിനിറ്റ് പൂർത്തിയാക്കുന്ന നിമിഷം... ഈ രണ്ടു ചലച്ചിത്ര ശകലങ്ങൾക്കും നടൻ ഗോകുൽ സുരേഷിന്റെ ചുണ്ടിൽ രണ്ടു തരം ചിരി വിരിയിക്കാനാകും. ലൂസിഫറിന്റെ 17-ാം മിനിറ്റ്: മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന കറുത്ത നിറമുള്ള ഹിന്ദുസ്ഥാൻ ലാൻഡ്മാസ്റ്റർ ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഗോകുലിന്റെ ചുണ്ടിൽ ആഴമുള്ള ഒരു പുഞ്ചിരി വിരിയും. സൗഹൃദ സംഭാഷണങ്ങൾക്കിടെ ഒട്ടേറെ തവണ കടന്നുവന്ന വിന്റേജ് ഓട്ടമൊബീൽ മാസ്റ്റർപീസ് കണ്ട സന്തോഷം നിറഞ്ഞ ചിരി.

gokul-5

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമ തുടങ്ങുമ്പോൾ മമ്മൂട്ടിയും ഇന്നസെന്റും ഒരു കാറിൽ വളരെ വേഗം സഞ്ചരിക്കുകയാണ്. മമ്മൂട്ടി വണ്ടി ഓടിക്കുന്നു, ഇന്നസെന്റ് കാറിന്റെ മുന്നിൽ തന്നെ ഇടതുവശത്ത് ഇരിക്കുന്നു. ഇരുവരുടെയും മുഖഭാവം കണ്ടാൽ എന്തോ വലിയ കാര്യത്തിനായി വേഗം പോകുകയാണവർ എന്നു തോന്നും. പിരിമുറുക്കം കൂട്ടുന്ന പശ്ചാത്തല സംഗീതവും. മമ്മൂട്ടി കാറിന്റെ വേഗം കൂട്ടിക്കൊണ്ടിരിക്കുന്നു. ഇന്നസെന്റിന്റെ മുഖത്ത് പരിഭ്രമവും പേടിയും കൂടി വരുന്നു. ചിത്രം മൂന്നര മിനിറ്റ് പൂർത്തിയാക്കുമ്പോൾ മമ്മൂട്ടിയുടെ നായകകഥാപാത്രമായ മെക്കാനിക്ക് ശ്രീധരൻ അവർ സഞ്ചരിച്ചിരുന്ന ഹിന്ദുസ്ഥാൻ അംബാസഡർ മാർക്ക് 4 കാർ വർക്‌ഷോപ്പിന്റെ മുറ്റത്തേക്കു തെന്നിച്ചു കൊണ്ടുവന്നു നിർത്തി ആ യാത്ര അവസാനിപ്പിക്കുന്നു. ഭയവും ദേഷ്യവും കൂടി കലർന്ന മുഖഭാവത്തോടെ ഡോർ തുറന്നിറങ്ങി വരുന്ന കാർ മുതലാളിയായ ഇന്നസെന്റിനോടു മമ്മൂട്ടി വളരെ കൂളായി പറയുന്നു, ‘വണ്ടി കണ്ടീഷൻ ആണ്’. ‘വണ്ടി കുന്തം ആണ്. ഹെഡ്‌ലൈറ്റ് ശരിയാണോയെന്നു നോക്കാൻ കാർ 120 കിലോമീറ്റർ സ്പീഡിലാണോ ഓടിക്കുക...’ എന്ന് ഇന്നസെന്റ് തിരിച്ച്. ആ മാർക്ക് 4 സഡൻ ബ്രേക്ക് ഇടുമ്പോൾ മുതൽ ഗോകുലിന്റെ ചിരി സ്റ്റാർട്ട് ആകും. വരാനിരിക്കുന്ന തമാശ മനഃപാഠമാക്കിയതുപോലെ.

ഈ രണ്ടു തരം ചിരികളും ഗോകുലിനു പ്രിയപ്പെട്ടതാണ്. അത്ര തന്നെ ആ കാറുകളും. കാർ കളിപ്പാട്ട നിർമാതാക്കളായ ‘ഹോട്ട് വീൽസി’ന്റെ മോഡലുകൾ ശേഖരിച്ചുകൊണ്ടാണു ഗോകുൽ സുരേഷ് തന്റെ വാഹനപ്രേമത്തിനു തുടക്കമിട്ടത്, അഞ്ചാം വയസ്സിൽ. ഈ വിനോദം പിന്നീട് 4 വർഷത്തോളം ആത്മാർഥമായി തുടർന്നു. അപ്പോഴേക്കും കൺമുന്നിൽ‌ അംബാസഡർ, മാരുതി 800, ഹിന്ദുസ്ഥാൻ കോണ്ടസ, ടാറ്റ സീയറ തുടങ്ങി ഒരു കുട്ടി വാഹനപ്രേമിയെ ആകർഷിക്കാൻ പോന്ന ‘വലിയ കളിപ്പാട്ടങ്ങൾ’ എല്ലാം ഗോകുലിന്റെ അച്ഛൻ സുരേഷ് ഗോപിയുടെ താൽപര്യപ്രകാരം അവരുടെ ഗാരജിൽ വന്നുപൊയ്ക്കൊണ്ടിരുന്നു...

ആദ്യ പ്രണയം കോണ്ടസ

ടാറ്റ സീയറ ടർബോ, ഓപ്പൽ ആസ്ട്ര, മിത്‌സുബിഷി ലാൻസർ, മെഴ്സിഡെസ് ഇ 220 എലഗൻസ്, ടാറ്റ സഫാരി ഇഎക്സ്, ടൊയോട്ട ക്വാളിസ്, ഷെവർലേ ഒപ്ട്ര ഡിസൈനേഴ്സ് എഡിഷൻ, ടൊയോട്ട കാമ്രി, ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഔഡി ക്യു സെവൻ (രണ്ടു തലമുറകൾ), ടൊയോട്ട വെൽഫയർ, സഫാരി സ്റ്റോം... ഇങ്ങനെ സ്വന്തം ഗാരജിൽ വാഹനങ്ങൾ വീണ്ടും മാറി വന്നെങ്കിലും ഗോകുൽ സുരേഷിന്റെ വാഹനഭ്രമം തുടങ്ങുന്നതു കോണ്ടസയിൽ നിന്നാണ്. ബെംഗളൂരു ക്രൈസ്റ്റ് കോളജ് പഠനകാലത്തു കോണ്ടസ ഉപയോഗിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ബിബിഎ ട്രാവൽ ആൻഡ് ടൂറിസം രണ്ടാം വർഷം പൂർത്തിയാകുന്നതിനു മുൻപ് ഗോകുൽ ഒരു വാഹന ഉടമയായി. ആദ്യത്തെ വാഹനം പക്ഷേ കോണ്ടസയായിരുന്നില്ല, മറിച്ചു ഫോർഡ് ഇക്കോസ്പോർട്ട് ഡീസൽ മാനുവൽ മോഡൽ ആയിരുന്നു. ‘ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര ബെംഗളൂരുവിൽ പ്രശ്നമായിരുന്നതിനാൽ കോണ്ടസയുടെ ഉയിർത്തെഴുന്നേൽപ്പ് എന്ന സ്വപ്നം ഒന്നു നീട്ടി വയ്ക്കാൻ അച്ഛൻ പറഞ്ഞു. അതിനു പകരമായി കിട്ടിയ സമ്മാനമാണ് ഇക്കോസ്പോർട്ട്’.

പിന്നീടു സ്വന്തം വണ്ടി ഡ്രൈവ് ചെയ്താണ് ഗോകുൽ ക്രൈസ്റ്റ് കോളജിലും തിരികെ തിരുവനന്തപുരത്തെ വീട്ടിലേക്കും യാത്ര ചെയ്തിരുന്നത്. താനൊരു റാഷ് ഡ്രൈവർ അല്ലെങ്കിലും പെർഫോമൻസ് ആവശ്യമുള്ളിടത്ത് അതു വേണമെന്നു നിർബന്ധമുള്ളയാളാണെന്നു ഗോകുൽ. അങ്ങനെയുള്ള തന്നെ ഒരിക്കലും നിരാശപ്പെടുത്താത്ത വണ്ടിയാണ് ഇക്കോസ്പോർട്ട്.

ഇപ്പോൾ ഗോകുലിന്റെ വാഹനം രണ്ടാം തലമുറ മഹീന്ദ്ര ഥാറിന്റെ ഡീസൽ ഓട്ടമാറ്റിക് മോഡലാണ്. അപ്പോഴും കോണ്ടസ പഴയ പ്രതാപത്തിലേക്ക് എത്തിക്കണം എന്ന സ്വപ്നം വിട്ടിട്ടില്ല താരം. ഒന്നാം തലമുറയിൽ നിന്നു രണ്ടാം തലമുറയിലേക്ക് വന്നപ്പോൾ ഥാറിന് ഉണ്ടായ മാറ്റമാണ് കോണ്ടസയ്ക്കു ജീവൻ തിരികെ നൽകാൻ ഇറങ്ങുമ്പോൾ ഗോകുലിനു പ്രചോദനം. തരിപോലും ഏച്ചുകെട്ടൽ തോന്നാത്ത രീതിയിൽ മോഡിഫൈ ചെയ്തു കോണ്ടസ നിരത്തിലിറക്കണമെന്നാണ് ആഗ്രഹമെന്നു ഗോകുൽ.

gokul-2

‘പാപ്പൻ’ എന്ന സുരേഷ് ഗോപി – ജോഷി ചിത്രത്തിനു വേണ്ടി ഥാറിന്റെ പെട്രോൾ ഓട്ടമാറ്റിക്കും ഈ യുവതാരം ഓടിച്ചു. ‘രണ്ടും ഒരുപോലെ മികവു പുലർത്തുന്നു’ എന്നാണു ഗോകുലിന്റെ അഭിപ്രായം. ഥാറിന്റെ ആദ്യതലമുറയെ അതിന്റെ എല്ലാ പോരായ്മകളോടും കൂടി ഇഷ്ടപ്പെട്ടിരുന്ന ആളായിട്ടു കൂടി ഇപ്പോഴത്തെ ഓട്ടമാറ്റിക് ഗീയർ ബോക്സും അകത്തെ സൗകര്യങ്ങളും ഹാർഡ് ടോപ്പും ഥാറിന്റെ പൗരുഷം ഒട്ടും ചോർത്തുന്നില്ലെന്നും ഗോകുൽ. ഥാറിന്റെ 5 ഡോർ മോഡൽ ഇറങ്ങിയാൽ അതു കൂടി സ്വന്തമാക്കണം. എന്നാൽ, അവിടം കൊണ്ട് വാഹന പർച്ചേസുകൾ കുറച്ചു നാളത്തേക്കു നിർത്തി വയ്ക്കും. പിന്നീട് നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതിൽ വിജയിച്ച ശേഷമെ ഇഷ്ടവാഹനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന സന്തോഷത്തിലേക്കു തിരികെയെത്തൂ. ഗോകുലിന്റെ റൂട്ട് മാപ്പ് ക്ലിയർ ആണ്...

താര വാഹനങ്ങൾ, വാഹന താരങ്ങൾ...

ഏതൊരു വാഹനപ്രേമിക്കും ഉള്ളതുപോലെ താരങ്ങളുടെ കാറുകളും താരങ്ങളായ കാറുകളും ഉൾപ്പെട്ട ഒരു പട്ടിക ഗോകുലിനും ഉണ്ട്. താരങ്ങളായ കാറുകളിൽ ഏറ്റവുമിഷ്ടം നിക്കോളാസ് കേജ് നായകനായി അഭിനയിച്ച ഗോൺ ഇൻ 60 സെക്കൻഡ്സ് എന്ന ഇംഗ്ലിഷ് ചിത്രത്തിലെ ‘എലനോർ’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന 1969 മോഡൽ ഫോർഡ് മസ്താങ് ആണ്. ഗോകുലിന്റെ ‘ഡ്രീം കാർ’ അതു തന്നെ.

ഈയടുത്ത കാലത്തു ജനറൽ മോട്ടോഴ്സ് പുറത്തിറക്കിയ ഹമ്മറിന്റെ ഇലക്ട്രിക് വകഭേദവും സ്വപ്നവാഹനമാണ്. ഒട്ടേറെ ഇലക്ട്രിക് വാഹനങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഹമ്മറിന്റെ രൂപകൽപനാ മികവ് അതിശയിപ്പിച്ചതായി ഗോകുൽ പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ  നമുക്കുള്ളതല്ല എന്ന തോന്നൽ ഇപ്പോഴും ശക്തമാണ്. വാഹനപ്രേമികളിൽ ഒരു വിഭാഗത്തിനു പോലും അതുണ്ട്. അതിനെ മറികടക്കാൻ പോന്ന രൂപകൽപനാ മികവാണ് ഹമ്മർ ഇവിക്ക് ഉള്ളത്. 

വെള്ളിത്തിരയിലൂടെ ഗോകുലിന്റെ മനസ്സിൽ സ്റ്റാറായ മറ്റൊരു കാർ അയൺ മാൻ എന്ന ഇംഗ്ലിഷ് ചിത്രത്തിൽ നായകനായ റോബർട്ട് ഡൗണി ജൂനിയറിന്റെ ടോണി സ്റ്റാർക് എന്ന കഥാപാത്രം ഉപയോഗിക്കുന്ന ഔഡി ആർ 8 ആണ്. ആർ 8 പരമ്പരയിൽ തനിക്ക് ഏറ്റവും ഇഷ്ടം ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന 2008 മോഡൽ ആണെന്നു ഗോകുൽ. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് സിനിമകളിലൂടെ തരംഗമായ ടൊയോട്ട സൂപ്രയും ഗോകുലിന്റെ ഇഷ്ടവാഹനങ്ങളിലൊന്നാണ്.

ദുൽക്കറും ഫഹദും പൃഥ്വിരാജും ലക്ഷണമൊത്ത വാഹനപ്രേമികൾ

മലയാള സിനിമയിലെ ലക്ഷണമൊത്ത വാഹനപ്രേമികൾ ദുൽക്കർ സൽമാനും ഫഹദ് ഫാസിലും പൃഥ്വിരാജും ആണെന്നു ഗോകുൽ പറയും. സ്വന്തമാക്കാൻ പണച്ചെലവ് ഏറെയുള്ള വാഹനങ്ങൾ വാങ്ങിയതുകൊണ്ടല്ല, മറിച്ച് ഏതു വാഹനം വാങ്ങി എന്നതിന്റെ അടിസ്ഥാനത്തിലാണ് മൂവരും ഗോകുലിന്റെ നോട്ടത്തിൽ വാഹനപ്രേമികൾ ആകുന്നത്. ഫഹദ് ഫാസിൽ സ്വന്തമാക്കിയ പോർഷെ കരേറ 992 എന്ന മോഡലും ദുൽക്കറിന്റെ പോർഷെ 992 ജിടി 3 എന്ന മോഡലും ആണ് ഇവരെ ലക്ഷണമൊത്ത വാഹനപ്രേമികൾ ആക്കുന്നത്. ഈ രണ്ടു വാഹന മോഡലുകളും ഇന്ത്യൻ മാർക്കറ്റിൽ എണ്ണത്തിൽ വളരെ കുറവാണ്. ദുൽക്കറിന്റെ വിന്റേജ് വാഹനങ്ങളോടുള്ള പ്രിയവും അതിശയിപ്പിച്ചിട്ടുണ്ടെന്നു ഗോകുൽ സുരേഷ്. 

‘മിക്ക ആളുകളും പൃഥ്വിരാജിനെ വാഹനപ്രേമിയായി ഐഡന്റിഫൈ ചെയ്യുന്നത് അദ്ദേഹത്തിന്റെ ലാംബോർഗിനി ഹുറാകാൻ കണ്ടിട്ടായിരിക്കും. എന്നാൽ പൃഥ്വിരാജ് ഒരു വാഹനപ്രേമിയാണെന്നു ഞാൻ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ സെവൻ സീരീസ് എം760എൽഐ എന്ന കാർ കണ്ടിട്ടാണ്. ബിഎംഡബ്യൂവിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ 7 സീരീസിന് നാലഞ്ചു വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. അതിൽ പൃഥ്വിരാജ് എടുത്തത് 12 സിലിണ്ടർ (വി12) ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുള്ള മോഡലാണ്. ഇന്ത്യയിൽ തന്നെ 10ൽ താഴെ കാറുകളെ ഈ കോൺഫിഗറേഷനിൽ ഉള്ളതു കാണൂ. ആ തിരഞ്ഞെടുപ്പിൽ ഒരു വാഹനപ്രേമിയുടെ ആവേശമില്ലെ? താങ്കൾ പറയൂ...’.

തന്റെ നോട്ടത്തിൽ മലയാള സിനിമയിലെ വാഹനപ്രേമികളിൽ ഏറ്റവും പ്രമുഖരായ 3 പേർ ഇവരാണെങ്കിലും ഈ കൂട്ടത്തിലെ മെഗാസ്റ്റാർ ആരാണെന്ന കാര്യത്തിൽ ഗോകുലിനു സംശയമേതുമില്ല, അതു മമ്മൂക്ക തന്നെ.

gokul-3

ഓട്ടോറിക്ഷയും ബൈക്കും

വാഹനപ്രേമി എന്നാൽ മികച്ച വാഹനങ്ങളോടെല്ലാം ഒരുപോലെ ഇഷ്ടം ഉണ്ടാകണം എന്നാണല്ലോ. ഗോകുലും വ്യത്യസ്തനല്ല. സ്വന്തം ഔഡി ക്യൂ സെവൻ ഓടിക്കുന്നതുപോലെ തന്നെ, അതേ ആവേശത്തോടെ ഓട്ടോറിക്ഷയും ബൈക്കും ഓടിച്ചിട്ടുണ്ട് ഗോകുൽ. ഇരുചക്ര വാഹനങ്ങളിൽ റോയൽ എൻഫീൽഡ് ബ്രാൻഡിന്റെ എല്ലാ ബൈക്കുകളോടും വലിയ പ്രിയമാണു ഗോകുലിന്. എന്നാൽ, കാറുകൾ ഒഴികെയുള്ള വാഹനങ്ങൾ എല്ലാം തന്നെ ഇടറോഡുകളിലൂടെ മാത്രമാണ് ഓടിച്ചിട്ടുള്ളത്.

അച്ഛനും മുത്തച്ഛനും

മുത്തച്ഛനും ഫിലിം ഡിസ്ട്രിബ്യൂട്ടറും ആയിരുന്ന കെ.ഗോപിനാഥ പിള്ള ഫിയറ്റ് കാറുകളുടെ ആരാധകനായിരുന്നു. പുതിയ വാഹനങ്ങൾ സ്വന്തമാക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാലം ആയിരുന്നിട്ടും സിനിമാ മേഖലയിലെ സൗഹൃദങ്ങൾ കാരണം ആ സമയത്തു പുറത്തിറങ്ങിയിരുന്ന മിക്ക ഫിയറ്റ് മോഡലുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നതായി ഗോകുൽ പറഞ്ഞു. ‘അച്ഛനും വാഹനപ്രേമിയാണ്. അല്ലെങ്കിൽ ഷെവർലേ ഒപ്ട്ര ഡിസൈനേഴ്സ് എഡിഷൻ, ടൊയോട്ട വെൽഫയർ, ഔഡി ക്യൂ സെവൻ എന്നിവയൊന്നും സ്വന്തമാക്കാൻ മെനക്കെടില്ലല്ലോ... അച്ഛൻ ഓൺ സ്ക്രീനിൽ ഉപയോഗിച്ചതിൽ ഏറ്റവും ഇഷ്ടം വാഴുന്നോർ എന്ന ചിത്രത്തിലെ മിത്സുബിഷി പജീറോ ആണ്. പിന്നെ, പ്രേക്ഷകർക്കെല്ലാം ഒരുപോലെ ഇഷ്ടമുള്ള മാൾബ്രോ ജിപ്സിയും.’

മമ്മൂട്ടി പ്രജാപതി എന്ന സിനിമയിൽ ഉപയോഗിച്ച കറുത്ത നിറമുള്ള ബെൻസ് ഇ ക്ലാസും അത്യുഗ്രനായിരുന്നെന്നു ഗോകുൽ. മോഹൻലാലിന്റെ മിക്ക മാസ് ചിത്രങ്ങളിലെയും വാഹനങ്ങൾ പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്. ടൊയോട്ട പ്രാഡോ, ഓപ്പൺ ടോപ്പ് മഹീന്ദ്ര ജീപ്പ് എന്നിവ തനിക്കും വളരെ പ്രിയപ്പെട്ടതാണെന്നും താരം.

ആദ്യത്തെ കാരവാൻ

ആദ്യത്തെ കേരള റജിസ്ട്രേഷൻ കാരവാൻ സുരേഷ് ഗോപിയുടെ പേരിലുള്ളതാണ്. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച അധോലോക നായക കഥാപാത്രത്തെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനായി സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രം ഉപയോഗിക്കുന്നത് ഈ വാൻ ആണ്. ‘ബുള്ളറ്റ് പ്രൂഫ് വാൻ’ എന്ന രീതിയിലാണ് കാരവാൻ അതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ വാനിന്റെ ആകർഷകമായ അകത്തളം അന്നുതന്നെ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. മൊത്തം രണ്ടു കാരവാനുകൾ സുരേഷ്ഗോപിക്ക് ഉണ്ട്. രണ്ടും നിർമിച്ചിരിക്കുന്നത് കോതമംഗലം ഓജസ് ഓട്ടമൊബീൽസ് എന്ന ബോഡി നിർമാതാക്കളാണ്. ‘ക്യാംപർ വാൻ എന്നാണു ഞങ്ങളുടെ ആദ്യത്തെ കാരവാൻ ക്ലാസിഫൈ ചെയ്തിരിക്കുന്നത്. ക്യാംപർ വാൻ എന്ന ക്ലാസിഫിക്കേഷനിൽ ആ കാലത്തു വാഹനങ്ങൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ കുറവായിരുന്നു. കേരളത്തിലെ ആദ്യ റജിസ്ട്രേഷൻ ആയിരുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ വാഹനങ്ങളുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് അന്വേഷിച്ചു. അപ്പോൾ മറ്റൊരു രസകരമായ വിവരം കൂടി കിട്ടി. മഹാരാഷ്ട്രയിലാണു മറ്റൊരു ക്യാംപർ വാൻ ഉള്ളത്. ഉടമയുടെ പേര് ഷാരൂഖ് ഖാൻ’.

English Summary: Celebrity Car Gokul Suresh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA