ADVERTISEMENT

കേരളത്തിന്റെ കടലോരത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കൊച്ചി ആസ്ഥാനമായ നവാൾട് സോളർ ആൻഡ് ഇലക്ട്രിക് ബോട്സ് ലിമിറ്റഡ്. രാജ്യത്തെ ആദ്യ സോളർ ഫെറി ബോട്ടായ ‘ആദിത്യ’ നിർമിച്ച അതേ മലയാളി സംഘം ഇത്തവണ കടലിന്റെ മക്കൾക്ക് ആശ്വാസമെത്തിക്കാനുള്ള ശ്രമത്തിലാണ്. മണ്ണെണ്ണ വിലവർധനയിൽ നട്ടംതിരിയുന്ന മത്സ്യത്തൊഴിലാളികൾക്കായാണ് ഈ മലയാളി നേവൽ എൻജിനീയറിങ് സ്റ്റാർട്ടപിന്റെ ഇപ്പോഴത്തെ അധ്വാനം.

solar-fishing-boat

സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മത്സ്യബന്ധനയാനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. അരൂരിലെ നിർമാണകേന്ദ്രത്തിൽ അഞ്ച് സോളർ മത്സ്യബന്ധന ബോട്ടുകളാണ് നിർമാണം പൂർത്തിയാക്കുന്നത്. ഇവ കേരളത്തിലെ തിരഞ്ഞെടുത്ത അഞ്ച് കേന്ദ്രങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് കൈമാറും. രണ്ടാഴ്ചത്തെ പരീക്ഷണ ഓട്ടത്തിനൊടുവിൽ വിശദമായ അവലോകനം നടത്തും. തുടർന്ന് വ്യാവസായിക അടിസ്ഥാനത്തിൽ നിർമാണം.

ലക്ഷ്യം ചെറുകിടക്കാർ

10 മീറ്റർ നീളമുള്ള നാലു മുതൽ അഞ്ചു നോട്ടിക്കൽ മൈൽ വരെ മാത്രം മത്സ്യബന്ധനം നടത്തുന്ന ചെറുകിടക്കാർക്കു വേണ്ടിയാണ് ആദ്യഘട്ടത്തിലെ ബോട്ടുകൾ. യന്ത്രം ഘടിപ്പിച്ച ചെറുവള്ളങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഇവരുടെ ജീവിതം മാറ്റിമറിക്കുന്നതാവും സോളർ ബോട്ടുകൾ  എന്നാണ് പ്രതീക്ഷ. വർധിക്കുന്ന മണ്ണെണ്ണ വില മൂലം ചെറിയ ബോട്ടുകളിലെ മത്സ്യബന്ധനം ഇന്നു പലർക്കും ആദായകരമല്ല. ചിലരെങ്കിലും മത്സ്യബന്ധനം ഉപേക്ഷിക്കുക കൂടി ചെയ്യുന്നു. 

മുടക്കുമുതൽ കൂടും ചെലവു കുറയും

HAITI-POLITICS-MOISE

രണ്ടു ലക്ഷം രൂപയാണ് ഇപ്പോൾ ഒരു യന്ത്രവൽകൃത ബോട്ടിന്റെ നിർമാണച്ചെലവ്. എന്നാൽ സോളർ ബോട്ടിന് അതു 10 ലക്ഷം വരെയാകും. അഞ്ചിരട്ടി മുതൽമുടക്കി സോളർബോട്ട് വാങ്ങുന്നത് എന്തിന് എന്നു ചിന്തിക്കാൻ വരട്ടെ! ഇനി ദൈനംദിന ചെലവിനെ കുറിച്ചു പറയാം. ഒരു വർഷം യന്ത്രബോട്ടിന് 1.6 ലക്ഷം രൂപ വരെ ഇന്ധനച്ചെലവാകുമെങ്കിൽ സോളർ ബോട്ടിന് അത് ഇരുപതിനായിരത്തിൽ ഒതുങ്ങും. ബാട്ടറി ചാർജിങ്ങിനായി വരുന്ന നിസ്സാര തുകയാണ് സോളർബോട്ടിന്റെ ആകെ ചെലവ്. അരൂരിൽ അഞ്ചു ബോട്ടു മാത്രം നിർമിക്കുമ്പോഴുള്ള ചെലവാണ് ബോട്ടൊന്നിന് 10 ലക്ഷം എന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുമ്പോൾ ഇതു വളരെ കുറയുമെന്നു തീർച്ച. 

കടലും തീരവും മാലിന്യമുക്തം

ഒരു യന്ത്രബോട്ട് വർഷം ശരാശരി 1.13 ടൺ കാർബൺ മാലിന്യം പുറത്തന്തുള്ളുന്നു എന്നാണു കണക്ക്. ഇതു കൂടാതെ കടൽവെള്ളത്തിൽ കലരുന്ന ഇന്ധനവും എൻജിൻ ഓയിലും വേറെ. സോളർ ബോട്ട് കടലും തീരവും ശുദ്ധീകരിക്കുമെന്നു തീർച്ച. ഇതുവഴി മത്സ്യവർധനയും ഉണ്ടാകുമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. 

വേഗമേറിയ യാത്രാബോട്ടും

മത്സ്യബന്ധന ബോട്ടിനു പുറമെ രാജ്യത്തെ ഏറ്റവും വേഗമേറിയ സോളർ യാത്രാ ബോട്ടും നവാൾട് സോളർ ആൻഡ് ഇലക്ട്രിക് ബോട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പണിപ്പുരയിലാണ്. മണിക്കൂറിൽ 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) വേഗമുള്ള ബോട്ട് വാഗ്ദാനം ചെയ്യുന്നതു നിലവിലെ സോളർ ഫെറി ബോട്ടുകളുടെ ഇരട്ടി വേഗം! പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മാസഗോൺ ഡോക്കിൽ വേണ്ടി നിർമിക്കുന്ന  ബോട്ട് ഒക്ടോബർ അവസാനത്തോടെ കൈമാറും. 

‘ആദിത്യ’ എന്ന വിസ്മയം

രാജ്യത്തെ ആദ്യ സോളർ ഫെറി ബോട്ടായ ‘ആദിത്യ’ നിർമിച്ചതും നവാൾട് തന്നെ. ‌ വൈക്കം – തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘ആദിത്യ’യിൽ ഇതിനകം യാത്ര ചെയ്തത് 13.5 ലക്ഷം പേർ. പിന്നിട്ടത് 80,000 കിലോമീറ്റർ. അതും, ഒരു ലീറ്റർ ഡീസൽ പോലും ഉപയോഗിക്കാതെ പൂർണമായി സൗരോർജത്തിൽ! ലാഭം 1.3 ലക്ഷം ലീറ്റർ ഡീസലും 88 ലക്ഷം രൂപയും. ഒഴിവാക്കാനായതു 330 ടൺ കാർബൺ ഡയോക്സൈഡ് മാലിന്യപ്പുക.

സംസ്ഥാന ജലഗതാഗത വകുപ്പിനു വേണ്ടിയാണ് ആദിത്യ നിർമിച്ചത്. സമാനമായ 5 ബോട്ടുകൾ കൂടി വകുപ്പിനു വേണ്ടി നിർമിക്കുന്നുണ്ട് നവാൾട്. ഇതിനു പുറമെ കബനീ നദിയുടെ ഭംഗി ആസ്വദിച്ച് സഞ്ചാരികൾ കറങ്ങി നടക്കുന്ന സോളർ ബോട്ടുകളും നവാൾട്ടിന്റെ നിർമിതിയാണ്. ജലഗതാഗതത്തിൽ സൗരോർജ മാർഗത്തിലൂടെ ഏറെ സഞ്ചരിക്കാനുണ്ടെന്നാണ് നവാൾട്ടിന്റെ സിഇഒ സന്ദിത് തണ്ടാശേരിയുടെ വിശ്വാസം. ഫ്രഞ്ച് കമ്പനിയായ ആൾട്ടണിന്റെ സാങ്കേതിക പിന്തുണയോടെയാണ് നവാൾട്ടിന്റെ പ്രവർത്തനം.

English Summary: Solar Fishing Boat soon from Navalt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com