കൈനിറയെ കാശ് ലാഭം; ഇലക്‌ട്രിക് വാഹനത്തിലേക്കു മാറിയാലോ?

electric-car
Electric Car
SHARE

ആലപ്പുഴ ∙ ഇന്ധന വില നൂറും കടന്നു കുതിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്കു പ്രോത്സാഹനവുമായി സംസ്ഥാന സർക്കാർ. വാഹന നികുതിയിൽ ഇളവും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനു സബ്സിഡി നൽകുന്ന പദ്ധതികൾക്ക് തുടക്കമിട്ടു കഴിഞ്ഞു. 2022ൽ സംസ്ഥാനത്ത് 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനെർട്ടിന്റെ സഹകരണത്തോടെ ഇ–മൊബിലിറ്റി പദ്ധതിക്കു കൂടുതൽ പ്രോത്സാഹനം നൽകുന്നത്. സർക്കാർ സ്ഥാപനങ്ങളും അനെർട്ടുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മോട്ടർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ എഴുപതോളം ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. മറ്റു വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അനെർട്ട് ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്കു നൽകുന്നുണ്ട്. 8 വർഷത്തെ കരാറിലാണ് മാസവാടകയ്ക്കു വാഹനങ്ങൾ നൽകുന്നത്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി ഉൾപ്പെടെ ചെലവുകള്‍ കുറവാണെന്നതും മാസം നിശ്ചിത വാടക മാത്രം നൽകിയാൽ മതിയെന്നതും പദ്ധതിയുടെ ആകർഷണമാണ്. 8 വർഷത്തെ കരാർ കാലാവധിയിൽ വാഹനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ വാഹന കമ്പനി നേരിട്ട് പരിഹരിച്ചു നൽകുകയും ചെയ്യും. 

ഇലക്ട്രിക് വാഹനങ്ങൾക്ക് ന‍ികുതി കുറയും; ഉത്തരവ് ഉടൻ

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 2.5% ആയി കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഉടന‍ുണ്ടാകും. കഴിഞ്ഞ വർഷം വരെ 5% നികുതിയാണ് ഈടാക്കിയിരുന്നത്. കേന്ദ്ര സർക്കാർ അംഗീകരിച്ച നിലവാരത്തിലുള്ള ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനു വായ്പയെടുക്കുന്നവർക്ക് പലിശ സബ്സിഡി നൽകുന്നതിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തു കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഉടൻ

അനെർട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 5 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളാണ് ഇതുവരെ കമ്മിഷൻ ചെയ്തത്. തിരുവനന്തപുരം ശംഖുമുഖം ബീച്ച്, തൈക്കാട് ഗെസ്റ്റ്ഹൗസ്, അനെർട്ട് ഹെഡ്ക്വാർട്ടേഴ്സ്, ചേർത്തല ഓട്ടോകാസ്റ്റ്, എറണാകുളം കെടിഡിസി ടൂറിസ്റ്റ് റിസപ്ഷൻ സെന്റർ എന്നിവയാണ് കമ്മിഷൻ ചെയ്തത്. ചവറ ഡിടിപിസി, തൃശൂർ കില കോംപ്ലക്സ്, ഇടുക്കി ഡിടിപിസി, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ ഉടൻ ആരംഭിക്കുമെന്ന് അനെർട്ട് അധികൃതർ പറഞ്ഞു.

സ്ഥലം കിട്ടിയാൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ആരംഭിക്കാൻ അനെർട്ട് ഉപകരണങ്ങൾ എത്തിച്ചെങ്കിലും സ്ഥലസൗകര്യം ലഭിക്കാൻ പ്രയാസം. പ്രധാന റോഡുകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം 10 വർഷത്തെ ലീസിനു വിട്ടുകൊടുത്താൽ അനെർട്ട് സ്വന്തം ചെലവിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ തയാറാണെങ്കിലും ഇതുസംബന്ധിച്ചു സർക്കാർ പൊതുവായി ഉത്തരവിടാത്തതാണ് തടസ്സമാകുന്നത്.

നിലവിൽ 5 കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷൻ കമ്മിഷൻ ചെയ്തിട്ടുണ്ട്. 5 കേന്ദ്രങ്ങളിൽ നിർമാണം നടക്കുന്നു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സ്ഥലം ലഭിച്ചാലുടൻ ചാർജിങ് സ്റ്റേഷൻ നിർമിക്കാൻ തയാറാണെന്ന് അനെർട്ട് അധികൃതർ പറഞ്ഞു. എറണാകുളത്ത് കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം പൂർത്തിയായി. നാലു മെട്രോ സ്റ്റേഷനുകൾ ആദ്യഘട്ടത്തിൽ കണ്ടെത്തിയതിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരിടത്ത് ഉടൻ ചാർജിങ് സ്റ്റേഷൻ ആരംഭിക്കും. ഇവിടെ ഒരു യൂണിറ്റിന് 70 പൈസ നിരക്കിൽ മെട്രോയ്ക്ക് ഭൂമി വാടക അനെർട്ട് നൽകും. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്നതനുസരിച്ച് കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കും. 

പത്തനംതിട്ടയിൽ ശബരിമല തീർഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട് ചാർജിങ് സ്റ്റേഷൻ ആരംഭിക്കുന്നതിന് ചർച്ച നടക്കുന്നുണ്ട്. രണ്ടു വർഷത്തിനുള്ളിൽ 50 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങള്‍ ഭൂമി പാട്ടത്തിനു നൽകിയാൽ 10 വർഷത്തെ കരാർ വച്ച് അനെർട്ട് സ്വന്തം ചെലവിൽ ചാർജിങ് സ്റ്റേഷൻ ആരംഭിക്കും. ഭൂമി വാടകയായി ഒരു യൂണിറ്റിന് 70 പൈസ സ്ഥാപനത്തിനു നൽകും. കുറഞ്ഞത് 5 സെന്റ് സ്ഥലമെങ്കിലും ഇതിനു നൽകേണ്ടി വരും.

സ്വകാര്യ മേഖലയിൽ ചാർജിങ് സ്റ്റേഷനു സബ്സിഡി

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ സൗരോർജാധിഷ്ഠിത ചാർജിങ് സ്റ്റേഷനുകൾക്ക് സബ്സ‍ിഡി നൽകാൻ പദ്ധതി. ദേശീയപാത, എംസി റോഡ്, സംസ്ഥാന പാതകൾ ഉൾപ്പെടെ പ്രധാന റോഡുകളുടെ അരികിലുള്ള ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ എന്നിവയ്ക്കാണ് സൗരോർജം ഉപയോഗിക്കുന്ന ചാർജിങ് സ്റ്റേഷൻ ആരംഭിക്കാൻ സബ്സിഡി നൽകുന്നത്. പദ്ധതിക്കു ഭരണാനുമതി ലഭിച്ചു. ഉടൻ അപേക്ഷ ക്ഷണിച്ചു തുടങ്ങും.

അനെർട്ട് എംപാനൽ ചെയ്ത ഏജൻസികൾ മുഖേന 5– 50 കിലോവാട്ട് സോളർ പാനലുകൾ സ്ഥാപിക്കാം. ഓൺഗ്രിഡിന് ഒരു കിലോവാട്ടിന് 20000 രൂപ വീതമോ ആകെ ചെലവിന്റെ 50 ശതമാനമോ ആണ് സബ്സിഡി. ലിഥിയം ബാറ്ററി ഉൾപ്പെടെ ഓഫ് ഗ്രിഡ് ആണെങ്കിൽ കിലോവാട്ടിന് 30,000 രൂപയോ 50% സബ്സിഡിയോ സർക്കാർ നൽകും. ദീർഘദൂര വാഹനങ്ങൾ പോകുന്ന റോഡരികിലുള്ള സ്ഥാപനങ്ങൾക്കു മാത്രമേ അപേക്ഷിക്കാനാകൂ. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, മാളുകൾ തുടങ്ങി ചാർജ് ചെയ്യുന്ന സമയം യാത്രക്കാർക്കു ചെലവഴിക്കാൻ കഴിയുന്ന സൗകര്യമുള്ള സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ പദ്ധതിക്ക് അപേക്ഷിക്കാം.

ചാർജിങ് സ്റ്റേഷനിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച 50 കിലോവാട്ടിന്റെ കംബൈൻഡ് ചാർജിങ് സിസ്റ്റം (സിസിഎസ്) മെഷീൻ സ്ഥാപിക്കണം. ഇതിന് 8 ലക്ഷം രൂപയും കെഎസ്ഇബി സർവീസ് കണക്ഷന് 2 ലക്ഷം രൂപയും വേണ്ടി വരും. സ്ഥല സൗകര്യമുള്ളവർക്ക് കൂടുതൽ മെഷീനുകൾ സ്ഥാപിക്കാം. അധികമായി ഉൽപാദിപ്പിക്കുന്ന സൗരോർജം കെഎസ്ഇബിക്കു വിൽക്കാന‍ും സൗകര്യമുണ്ടാകും. വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപ നിരക്കിലാണ് ഈടാക്കുക. ഇതിൽ 5 രൂപ സർവീസ് ചാർജ് ആയി കെഎസ്ഇബിക്കു നൽകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA