ADVERTISEMENT

ടർബോ പെട്രോൾ എൻജിനുകൾ, കരുത്തു കൂടിയാൽ ഇന്ധനക്ഷമത കുറയും. ചെറു പെട്രോൾ കാറുകൾക്ക് ഇത്ര കരുത്തുമതി എന്ന് നിർമാതാക്കൾ തീരുമാനിച്ചുറച്ച കാലത്താണ് പെട്രോൾ എൻജിനിൽ ടർബോ കരുത്തുമായി ഫീയറ്റ് എത്തുന്നത്. പുന്തോയിലും ലീനിയയിലും ഘടിപ്പിച്ചു പുറത്തിറങ്ങിയ ഫിയറ്റിന്റെ ടിജെറ്റ് പരമ്പരയിൽപ്പെട്ട 1400 സിസി ടർബോ എൻജിനുകള്‍ എത്തിതുടങ്ങിയതോടെയാണ് കുഞ്ഞൻ ടർബോ പെട്രോൾ എൻജിനുകളുടെ (ഇന്ത്യയിൽ കുഞ്ഞൻ എന്നാൽ 1800 സിസിയിൽ താഴെയുള്ളവ) സാധ്യത ഇവിടുത്തെ വാഹനപ്രേമികളും നിർമാതാക്കളും തിരിച്ചറിഞ്ഞത്. കരുത്തു കൂടിയ ഈ പെട്രോൾ എന്‍ജിനുകൾ ചെറു ഹാച്ച് വിപണിയുടെ സമാവാക്യങ്ങൾ പതിയ മാറ്റാൻ തുടങ്ങി.

ഇന്ധനക്ഷമതാ സമവാക്യങ്ങൾ പെട്രോൾ ടർബോയെ ഇടക്കാലത്ത് പുറകോട്ട് വലിച്ചെങ്കിലും 2020 ഏപ്രിൽ ഒന്നിന് ഇന്ത്യയിൽ ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടം നിലവിൽ വന്നത് മുതലാണു വീണ്ടും ടർബോ പെട്രോൾ എൻജിനുകൾ പുനരവതരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ വാഹനവിപണിയിലുണ്ടായ സാങ്കേതിക മുന്നേറ്റത്തിന്റെ ബാക്കിപത്രമായിരുന്നു ഈ ടർബോ പെട്രോൾ സ്നേഹം.

ചുരക്കം ചിലരൊഴികെ മിക്ക നിർമാതാക്കളും തങ്ങളുടെ മോഡൽ ലൈനപ്പിൽ പെട്രോൾ കാറുകൾ മാത്രമാക്കി. ഡീസൽ എൻജിനുള്ള നിർമാതാക്കളും പെട്രോൾ മോഡലുകൾക്കു തുല്യപ്രാധാന്യം നൽകിത്തുടങ്ങി. പെട്രോൾ എൻജിൻ മാത്രമുള്ള നിർമാതാക്കൾ മറ്റു കമ്പനികളുടെ ടർബോ ഡീസൽ എൻജിൻ മോഡലുകളായ എതിരികളോടു കോർക്കാനായാണു ടർബോ പെട്രോൾ മോഡലുകൾ വികസിപ്പിച്ചത്. എന്നാൽ ഇപ്പോൾ‌ ടർബോ പെട്രോൾ എൻജിൻ ഇല്ലാത്ത വളരെ കുറച്ചു വാഹനനിർമാതാക്കൾ മാത്രമെ രാജ്യത്തുള്ളു എന്നതാണു സ്ഥിതി. ടർബോ പെട്രോൾ എൻജിൻ ഓപ്ഷൻ ആയി എങ്കിലും ലഭിക്കുന്ന മോഡലുകൾ തിരഞ്ഞുപിടിച്ച് എടുക്കുകയാണ് കാർ പ്രേമികൾ. 

4 സിലിണ്ടറിൽ നിന്ന് മൂന്നിലേക്ക് 

ബിഎസ് 3, ബിഎസ് 4 മലിനീകരണ നിയന്ത്രണച്ചട്ടങ്ങളുടെ കാലത്ത് പാലിയോ, പുന്തോ, പോളോ, ഫിഗോ, ബോൾട്ട് – സെസ്റ്റ് എന്നിവയെല്ലാം ഉപയോഗിച്ചിരുന്ന പെട്രോൾ എൻജിനുകൾ നാലു സിലിണ്ടർ‌ ലേഔട്ടിലുള്ളതായിരുന്നു. ശേഷിയിൽ മാത്രമായിരുന്നു വ്യത്യാസം: പാലിയോ 1600 സിസി നാച്ചുറലി ആസ്പിറേറ്റഡ് എൻജിൻ ഉപയോഗിച്ചപ്പോൾ പുന്തോ 1400 സിസി ടർബോ പെട്രോൾ ഉപയോഗിച്ചു. ഫിഗോ 1200 സിസി നോൺ ടർബോ എൻജിൻ ഉപയോഗിച്ചപ്പോൾ ബോൾട്ട് – സെസ്റ്റും പോളോയും 1200 സിസി ടർബോ എൻജിൻ ഉപയോഗിച്ചു.

പെട്രോൾ എൻജിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടാറ്റ പുറത്തിറക്കിയ റെവട്രോൺ പരമ്പരയാണു ടർബോ പെട്രോൾ എന്ന ആശയം ആദ്യമായി രാജ്യത്തു ചർച്ചയാക്കിയത്. അതിനു മുൻപു ടർബോ എന്നാൽ ചെറുകാറുകളിൽ‌ ഡീസൽ എൻജിനൊപ്പം മാത്രം ഉപയോഗിച്ചിരുന്ന വാക്കും ഉപകരണവുമായിരുന്നു. ഈ ആശയം ആവേശമാക്കി മാറ്റി എന്ന സൽപ്പേരാണു പുന്തോയ്ക്കുള്ളത്.

ബിഎസ് 4 കാലത്തും 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനുകൾ ഉപയോഗിച്ച രണ്ടു കാറുകളാണ് ഇന്ത്യയിൽ വിൽപനയ്ക്കുണ്ടായിരുന്നത്: മാരുതി സുസുക്കി ബലേനോ ആർഎസ്, ഫോർഡ് ഇക്കോസ്പോർട്ട് ഇക്കോബൂസ്റ്റ് എന്നിവ. എന്നാൽ ഇന്നു വിപണി മുഴുവൻ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനുകളുടെ അയ്യരുകളിയാണ്. നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടാറ്റ നെക്സോൺ, ഹ്യൂണ്ടായ് വെന്യൂ, ഐ 10, ഐ 20, ഓറ, വെർന, സ്കോഡ റാപിഡ്, ഫോക്സ്‌വാഗൺ പോളോ, വെന്റോ, ടാറ്റ ആൾട്രോസ് ഐ ടർബോ, എക്സ്‌യുവി 300, കിയ സോണറ്റ് എന്നീ കാറുകൾ 3 സിലിണ്ടർ ടർ‌ബോ പെട്രോൾ എൻജിനുകൾ ഉപയോഗിച്ചു റോഡിൽ വിസ്മയകരമായ പ്രകടനം നടത്തുന്നു. ഫോർഡ്, മാരുതി സുസുക്കി, ഹോണ്ട, ടൊയോട്ട എന്നിവയാണ് ടർബോ എൻജിനുകളുമായി അകലം പാലിക്കുന്ന കമ്പനികൾ. ഇതിൽ മാരുതി സുസുക്കി ബുസ്റ്റർജെറ്റുമായും ഫോർഡ് ഇക്കോബൂസ്റ്റുമായും തിരികെ വന്നാൽ പട്ടികയിൽ ഹോണ്ടയും ടൊയോട്ടയും മാത്രമകും ബാക്കി. പല രാജ്യാന്തര മോഡലുകളിലും ടർബോ പെട്രോൾ എൻജിനുകൾ ഉപയോഗിക്കുന്നുണ്ടെന്നതിനാൽ ഇവരെയും ഒട്ടും കുറച്ചുകാണാൻ കഴിയില്ല. 

നിർമിക്കാനും പരിപാലിക്കാനും ഉള്ള എളുപ്പവും പണച്ചെലവിനുണ്ടാകുന്ന കുറവും പെർഫോമൻസിലെ വിട്ടുവീഴ്ചയില്ലായ്മയും ആണു 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനുകളെ കൂടുതലായി ഉപയോഗിക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്. 3 സിലിണ്ടർ നോൺ ടർബോ എൻജിനെ അപേക്ഷിച്ച് നോയിസ്, വൈബ്രേഷൻ, ഹാർഷ്‌നെസ് എന്നീ കാര്യങ്ങളിൽ ടർബോ എൻജിനുകൾ 4 സിലിണ്ടർ എൻജിനോട് അടുത്തു നിൽക്കും. എന്നാൽ 4 സിലിണ്ടർ എൻജിനുകൾക്കുള്ളതുപോലെ ‘സ്മൂത്ത് ഫീലിങ്’ നൽകാൻ അപ്പോഴും അവയ്ക്കാകില്ല. ഈ രീതിയിൽ നോക്കിയാൽ നാലു സിലിണ്ടർ ടർബോ എൻജിനുകളും അവയുടെ നോൺ ടർബോ സഹോദരങ്ങളെക്കാൾ പ്രകടനത്തിൽ മികവു കാട്ടും എന്നതു മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല. ടർബോ ചാർജർ എൻജിനിൽ ഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന അധിക പ്രകടനത്തിന് ടർബോ ലാഗ് എന്ന മോശം അവസ്ഥ കൂടി ഡ്രൈവർ സഹിക്കേണ്ടി വരും എന്ന പോയിന്റിലാണ് നോൺ ടർബോ പെട്രോൾ എൻജിനുകളിൽ ഒട്ടി നിൽക്കുന്ന കമ്പനികൾ പ്രതീക്ഷ അർപ്പിക്കുന്നത്. ടർബോ ലാഗ് ഇഷ്ടപ്പെടാത്തവരും രാജ്യത്ത് ഒട്ടേറെയുണ്ടെന്ന് ഹോണ്ട സിറ്റിയുടെയും മാരുതിയുടെ മിക്ക മോഡലുകളുടെയും വിൽപന നോക്കിയാൽ മനസ്സിലാകും. (എൻജിന്റെ കറക്കം നിശ്ചിത ആർപിഎം ആകുമ്പോൾ മാത്രമെ ടർബോ ഓൺ ആകൂ എന്നതിനാൽ അതുവരെ ഒരു പതിഞ്ഞ മട്ടും, ടർബോ ഓൺ ആയി കഴി‍ഞ്ഞാൽ പെട്ടെന്നുള്ള കുതിപ്പുമാണു ടർബോ ലാഗ് കൊണ്ടുള്ള പ്രശ്നം.)

ഇന്ത്യയിൽ ലഭ്യമായ ചില 4 സിലിണ്ടർ ടർബോ പെട്രോൾ കാറുകളെക്കൂടി പരിചയപ്പെടാം – ഹ്യൂണ്ടായ് ക്രെറ്റ, ജീപ്പ് കോംപസ്, കിയ സെൽറ്റോസ്, എംജി ഹെക്ടർ, നിസാൻ കിക്സ്, റെനോ ഡസ്റ്റർ, ഫോക്സ്‌വാഗൺ ടി റോക്ക്, സ്കോഡ ഒക്ടാവിയ, സ്കോഡ സൂപ്പർബ്, ഫോക്സ്‌വാഗൺ ടിഗ്വാൻ എന്നിവയാണവ. ആഡംബര ബ്രാൻഡുകളുടെ മിക്ക പെട്രോൾ മോഡലുകളും ടർബോ എൻജിനുകളോടു കൂടി എത്തുന്നവയാണ്. അതിനാൽ ആ ഭാഗത്ത് ഇതൊന്നും വാർത്തയേ അല്ല. 

പാരമ്പര്യേതര ഊർജം ഉപയോഗിക്കുന്ന കാറുകൾ സജീവമാകുന്നതു വരെ ‘കുഞ്ഞൻ ടർബോ പെട്രോൾ എൻജിനുകൾ’ തന്നെയായിരിക്കും ഇനി ഇന്ത്യൻ വാഹനവിപണി ഭരിക്കുക. ഇത്തരം എൻജിനുകൾ ജനകീയമായതോടെ ഈ നീക്കത്തിനു തുടക്കമിട്ട ഹോട്ട്ഹാച്ച് സെഗ്മെന്റിന് ഇനി ഇന്ത്യയിൽ കാര്യമായ സംഭാവനകൾ ചെയ്യാനൊന്നുമില്ലെങ്കിലും രാജ്യാന്തര വിപണിയിലെ കരുത്തർ വീണ്ടും ഇന്ത്യൻ തീരത്തേക്ക് അടുത്താൽ പൊടി പാറുമെന്ന് ഇപ്പോഴും കയ്യടിച്ച് ഉറപ്പിക്കാം. 

English Summary: Know More About Turbo Petrol Engine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com