വാഹനം പൊളിക്കൽ നയം നിലവിൽ വന്നാൽ യൂസ്ഡ് കാറിന്റെ വില കുറയുമോ?

Scrappage policy
SHARE

ഇരുപതു വർഷത്തിലേറെ പഴക്കമുള്ള നാൽപത്തൊന്നു ലക്ഷത്തോളം ലഘുവാഹനങ്ങൾ (എൽഎംവി) ഇന്ത്യൻ നിരത്തുകളിലുള്ളതായാണു കണക്ക്. ഇവയുടെ ഉപയോഗം അവസാനിപ്പിച്ച് പുനരുപയോഗത്തിനു സാധ്യമായ അസംസ്കൃതവസ്തുക്കളെല്ലാം പൊളിച്ചെടുക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട്: 

1. പഴക്കമുള്ളതും കാലഹരണപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾമൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയും. 

2. വാഹനവ്യവസായത്തിനു വളർച്ച ഉണ്ടാകും.

3. പൊളിച്ചെടുക്കുന്ന അസംസ്കൃതവസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ഖനനവും ഇറക്കുമതിയും കുറയ്ക്കാം. മെച്ചം പ്രകൃതിസംരക്ഷണവും സമ്പത്തികലാഭവും.

4. പൊളിക്കൽ, പഴയ വാഹനങ്ങളുടെ ഉപയോഗയോഗ്യത നിർണയം എന്നീ രംഗങ്ങളിൽ തൊഴിൽസാധ്യത വർധിക്കും. 

scrappage-policy-2

ഇതിനായി ‘വാഹനംപൊളിക്കൽ നയം’ പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഇതുപ്രകാരം ഇരുപതു വർഷം പഴക്കമുള്ള  സ്വകാര്യവാഹനം ഉടമയ്ക്ക് പൊളിക്കാനായി നൽകാം. ഇതു സ്വമേധയാ ഉള്ള തീരുമാനമായിരിക്കും–അതായത് ഇരുപതു വർഷം പഴക്കമായി എന്നതുകൊണ്ടു പൊളിച്ചേ തീരൂ എന്നില്ല. പൊളിക്കാൻ നൽകുന്നില്ലെങ്കിൽ ഉടമയ്ക്ക് ഇവ നിയുക്ത യോഗ്യത നിർണയകേന്ദ്രത്തിൽ ഹാജരാക്കി, പരിശോധനകളിൽ വിജയിക്കുന്നപക്ഷം ഒരു ഉയർന്ന തുക നികുതി നൽകി തുടർന്നുപയോഗിക്കാം. ഇതിനായി മൂന്നു തവണ അവസരം നൽകുന്നതാണ്. 

വാഹനങ്ങൾ പൊളിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും സൗകര്യമേർപ്പെടുത്തും. ഇവ സ്വകാര്യ ഉടമസ്ഥതയിൽ സർക്കാർ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്നവയായിരിക്കും. രാജ്യത്ത് എവിടെ വേണമെങ്കിലും ഇങ്ങനെയൊരു കേന്ദ്രത്തിൽ വാഹനം പൊളിക്കാൻ നൽകാം. വാഹനം വാങ്ങിയപ്പോൾ നികുതികൾക്കു മുൻപു നൽകിയ തുകയുടെ 4–6% വരെ വില  ലഭിക്കും. പൊളിച്ചതിനു പകരം പുതിയ വാഹനം വാങ്ങിയാൽ അതിനു റജിസ്ട്രേഷൻ ചാർജ് ഒഴിവാക്കുകയും റോഡ് ടാക്സിൽ 25% ഇളവു നൽകുകയും ചെയ്യാൻ സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. അതിനു പുറമെ വാഹനനിർമാതാക്കൾ പുതിയ വാഹനത്തിനു വിലയിൽ 5% ഇളവ് പൊളിക്കൽ രേഖ ഹാജരാക്കുന്നവർക്കു നൽകണമെന്നും നിബന്ധനയുണ്ട്. നൽകേണ്ടിവരുന്ന ഇളവു മറികടക്കാൻ നിർമാതാക്കൾ വില ആനുപാതികമായി കൂട്ടാനിടയുണ്ട്. അതുകൊണ്ടു പുതിയ വാഹനങ്ങൾക്കു വില കൂടും. 

used-car

യൂസ്ഡ് കാർ വില കൂടുമോ?,

പുതിയ നയം കാര്യമായി ബാധിക്കാൻ പോകുന്നത് യൂസ്ഡ്കാർ വിപണിയെ ആയിരിക്കും. കോവിഡിന്റെ വരവോടെ സ്വകാര്യ വാഹന ഉടമസ്ഥതയിൽ വർധിച്ച താൽപര്യമുണ്ടായിട്ടുണ്ട്. മാറിയ തൊഴിൽ സാഹചര്യങ്ങളും വാങ്ങൽശേഷിയിലുണ്ടായ കുറവും ഏറെപ്പേരെ യൂസ്ഡ്കാർ വിപണിയിലേക്കെത്തിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ യൂസ്ഡ്കാർ വിപണി, പുത്തൻ കാർവിപണിയുടെ 1.3 ഇരട്ടിയാണെന്നാണ് ഒരു കണക്ക്. യൂസ്ഡ്കാർ വിപണിയിൽ കൈമാറ്റം ചെയ്യപ്പെടുന്ന കാറുകളിൽ അൻപതു ശതമാനത്തിലേറെ ഹാച്ച്ബാക്ക് വിഭാഗത്തിൽപെടുന്നവയാണെന്നും കണക്കുകൾ പറയുന്നു. 

പഴക്കം വില നിർണയിക്കും

യൂസ്ഡ് കാറിന്റെ വില നിർണയിക്കുന്നത് അതിന്റെ നിർമാണവർഷം, ഓടിയ ദൂരം, എത്രാമത്തെ ഉടമസ്ഥത, നിലവിലുള്ള അവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ്. ഇതുവരെ നിർമാണവർഷത്തിന്, മറ്റു ഘടകങ്ങൾക്കു തുല്യമായ പ്രാധാന്യമാണുണ്ടായിരുന്നത്. എന്നാൽ, പൊളിക്കൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇതിന്റെ പ്രാധാന്യം ഏറെ വർധിക്കും. അതായത്, മുൻപ്, ആദ്യത്തെ ഉടമസ്ഥന്റെ, കുറഞ്ഞ ദൂരം ഓടിയിട്ടുള്ള ഒരു കാറിനു ലഭിച്ചിരുന്ന വില പുതിയ സാഹചര്യത്തിൽ ലഭിക്കണമെന്നില്ല. മറിച്ച് രണ്ടു കൈമറിഞ്ഞ, അൽപം കൂടുതൽ ഓടിയ കാറിനു പഴക്കം കുറവാണെങ്കിൽ കൂടുതൽ വില ലഭിക്കാം.  

ഒന്നുകൂടി വിശദമാക്കാൻ ഒരു പെട്രോൾ ഹാച്ച്ബാക്ക് കാറിന്റെ കാര്യം നോക്കാം. സാധാരണഗതിയിൽ പുതിയ കാർ വാങ്ങിയാൽ 3–5 വർഷംകൊണ്ട് 60 ശതമാനത്തോളം വിലയിടിവ് വിൽക്കുമ്പോൾ ഉണ്ടാകാം. തുടർന്ന് 5–15 വർഷംവരെയുണ്ടാകുന്ന ഇടിവ് ഓരോ വർഷവും ഒരു ചെറിയ ശതമാനം മാത്രവും. എന്നാൽ, പുതിയ സാഹചര്യത്തിൽ അഞ്ചു വർഷം പഴക്കമുള്ള ഒരു കാറിന് പൊളിക്കൽ പരിധിയായ ഇരുപതു വർഷമാകാൻ പതിന​ഞ്ചു വർഷംകൂടി ബാക്കിയുണ്ട്. അതുകൊണ്ടു വിൽക്കുമ്പോൾ വില കുറയാൻ സാധ്യത കുറവാണ്. അതായത് യൂസ്ഡ്കാർ വിപണിയിൽ  പഴക്കം കുറഞ്ഞ കാറുകൾക്കു മുൻപുള്ളതിനെക്കാൾ വില നൽകേണ്ടി വരും. എന്നാൽ ‘പ്രായമായ’ കാറുകൾക്ക് വില ഗണ്യമായി കുറയാനും സാധ്യതയുണ്ട്. 

scrappage-policy-1

പെട്രോൾ ഹാച്ചുകൾ

പെട്രോൾ ഹാച്ച്ബാക്കുകളുടെ കാര്യത്തിൽ ഇത് ഒരു പ്രത്യേക സാഹചര്യത്തിനുകൂടി വഴി തെളിച്ചേക്കാം. പതിനഞ്ചു വർഷത്തിനുമേൽ പഴക്കമുള്ള കാർ കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന ഒരാൾ ഇരുപതു വർഷമാകുമ്പോൾ ഇതു പൊളിക്കാൻ നൽകണമെന്നില്ല. അറ്റകുറ്റപ്പണികളെല്ലാം തീർത്ത് കാർ ഉപയോഗക്ഷമത പരിശോധന മറികടക്കാൻ പര്യാപ്തമാക്കാൻ ചെലവിടേണ്ടിവരുന്ന തുകയും അതിനുശേഷം ഒടുക്കേണ്ടിവരുന്ന ഉയർന്ന നികുതിയും കണക്കിലെടുത്താൽപോലും പുതിയ കാർ വാങ്ങുന്നതിലും ലാഭകരമായിരിക്കും. റിട്ടയർ ചെയ്തവർ, ശരാശരി വരുമാനമുള്ളവർ, അധികദൂരം യാത്ര ആവശ്യമില്ലാത്തവർ തുടങ്ങിയവർ ഇരുപതു വർഷം കഴിഞ്ഞും ഈയിനം കാറുകൾ ഉപേക്ഷിക്കാനിടയില്ല.

English Summary: Scrappage Policy and Used Car Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA