ADVERTISEMENT

ഒരു 10 വർഷം മുൻപു വരെ, അങ്ങാടിയിലെ ഏറ്റവും വലിയ സ്റ്റേഷനറി കടയിൽ പോയി 8 രൂപയുടെ ബോൾ‌ പെൻ വേണമെന്നു പറഞ്ഞാൽ കുടുങ്ങി പോകുമായിരുന്നു. സാധനങ്ങൾ എടുത്തു തരുന്ന മാന്യദ്ദേഹമല്ല, നമ്മൾ തന്നെ. കുറഞ്ഞത് 10 മോഡലുകൾ എങ്കിലും ഈ ‘സെഗ്മെന്റിൽ’ മാറ്റുരയ്ക്കുന്നുണ്ടാകും. ഒന്ന് കാണാൻ കൊള്ളാമെങ്കിൽ ഒന്ന് എഴുതാൻ കൊള്ളാം. ഒന്നിന്റെ റീഫിലിനു വിലക്കുറവായിരിക്കും. വേറൊന്ന് ഏറ്റവും പുതിയ മോഡൽ ആയിരിക്കും. അടുത്തതിനു ഭാരക്കുറവും മറ്റൊന്നു കൂടുതലും ആയിരിക്കും. സമയമുണ്ടെങ്കിൽ എല്ലാം എഴുതി നോക്കി ഒരു ‘ഷോർട്ട് റിവ്യൂ’ നടത്തിയിട്ടെ നമ്മൾ പേന വാങ്ങൂ... ഒരു കടുകട്ടി ചോദ്യത്തിന് ചിന്തിച്ച് ഉത്തരമെഴുതിയ സുഖമാണ് അപ്പോൾ കിട്ടുക.

പണ്ടത്തെ ആ 8 രൂപ ബോൾ പെൻ ‘സെഗ്‌മെന്റ്’ പോലെയാണ് ഇപ്പോൾ എസ്‌യുവികൾ. എത്ര എസ്‌യുവികൾ ആണ് ഓരോ മാസവും അവതരിപ്പിക്കപ്പെടുന്നതെന്നു കണക്കെടുക്കാൻ പോലും ബുദ്ധിമുട്ട് ആണെന്ന അവസ്ഥ. നല്ല ഒന്നാംതരം സെഡാനുകൾ ഉണ്ടാക്കിയിരുന്ന കമ്പനികൾ പോലും ഇപ്പോൾ എസ്‌യുവികളുടെ പുറകെയാണ്. എസ്‌യുവി പ്രേമം മൂത്ത് അവർ സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും സ്റ്റേഷൻ വാഗണുകളുടെയും പ്ലാറ്റ്ഫോമുകൾ‌ ഉപയോഗിച്ച് എസ്‌യുവികൾ നിർമിക്കുകയാണിപ്പോൾ. ആളുകൾക്ക് ഒരു വണ്ടി ‘എസ്‌യുവി ആണെന്നു’ തോന്നിക്കിട്ടിയാൽ മതി ബുക്കിങ് മണിക്കൂറുകൾക്കുള്ളിൽ 10000 കടക്കും. അപ്പോൾ സ്നേഹത്തെ കുറ്റം പറയാനുമാകില്ലല്ലോ...

01

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ എസ്‌യുവികളുടെ ചാറ്റൽമഴ ഉണ്ടായി എന്നു പറയാം. ഈ കണക്കിനാണെങ്കിൽ 2025 ആകുമ്പോഴേക്കും മിക്ക വമ്പൻമാരും തങ്ങളുടെ മോഡൽ ലൈനപ്പ് എസ്‌യുവികൾ കൊണ്ടു നിറയ്ക്കും. അതായതു വൈകാതെ തന്നെ ശക്തമായ മഴ പ്രതീക്ഷിക്കാം എന്ന്. ചാറ്റൽമഴയിൽ ‘ഭൂമി’യിലെത്തിയ എസ്‌യുവികളെപ്പറ്റി...

ഫോക്സ്‌വാഗൺ ടൈഗോ

ഇംഗ്ലിഷിലെഴുതിയാൽ നമ്മൾ ഇന്ത്യക്കാർ ടിയാഗോ എന്നു തെറ്റി വായിക്കാൻ സാധ്യതയുള്ള പേരാണു ടൈഗോ. ഫോക്സ്‌വാഗണിന്റെ തന്നെ ടി റോക്ക് എന്ന ചെറിയ എസ്‌യുവിയുടെയും പുത്തൻ പോളോയുടെയും പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ടൈഗോ കുറച്ചുകൂടി ‘കൂപ്പെയിഷ്’ രൂപത്തിനുടമയാണ്. നമ്മുടെ നാട്ടിലെ മാരുതി സുസുക്കി എസ് ക്രോസ് വാങ്ങുന്ന, വലിയ വലുപ്പം ഉള്ളതോ വലുപ്പമുണ്ടെന്നു തോന്നുന്നതോ ആയ എസ്‌യുവികളോടു താൽപര്യം ഇല്ലാത്ത ജനസമൂഹത്തെയാണ് ടൈഗോയിലൂടെ ഫോക്സ്‌വാഗൺ നോട്ടമിട്ടിരിക്കുന്നത്. അതായത് ഗ്രൗണ്ട് ക്ലിയറൻസ് സാധാരണ കാറുകളെക്കാൾ അൽപം കൂടുതൽ വേണമെന്ന ഒറ്റ ആവശ്യത്തിനായി ‘എസ്‌യുവി’ ബോഡി ഷെയ്പ്പിനെ ഇഷ്ടപ്പെടുന്നവർ.

03

ക്ലീൻ യൂറോപ്യൻ ഡിസൈനിലുള്ള ഒരു കൂപ്പെ സ്റ്റൈൽ എസ്‌യുവി എന്ന് ഒരു വാചകത്തിൽ ടൈഗോയെ വിശേഷിപ്പിക്കാം. നമ്മുടെ നാട്ടിൽ ഇറങ്ങി സ്വീകാര്യത കിട്ടാതെപോയ റെനോ ക്യാപ്ചർ, നമ്മുടെ നാട്ടിൽ ഇറങ്ങാൻ സാധ്യത ഒട്ടുമില്ലാത്ത ഫോർഡ് പ്യൂമ എന്നിവയായിരിക്കും ടൈഗോയുടെ എതിരാളികൾ.

മൂന്ന് എൻജിൻ ട്യൂണിങ്ങിലായിരിക്കും ടൈഗോ വരികയെന്നാണു അനുമാനം ഉള്ളത്. 1000 സിസി ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിൽ രണ്ട് രീതിയിൽ കരുത്തു സൃഷ്ടിക്കുന്ന വകഭേദങ്ങളും 1500 സിസി ടർബോ ചാർജ്ഡ് പെട്രോൾ എൻജിനിൽ ഒരു രീതിയിൽ കരുത്തു സൃഷ്ടിക്കുന്ന വകഭേദവും ആയിരിക്കും എത്തുക. യഥാക്രമം 95, 110, 150 എന്നിങ്ങനെയായിരിക്കും ഇവയുടെ കുതിരശക്തി അക്കങ്ങൾ. ഫ്രണ്ട്‌വീൽ ഡ്രൈവായ ടൈഗോയ്ക്ക് 5 സ്പീഡ്, ആറ് സ്പീഡ് മാനുവൽ ഗീയർബോക്സുകളും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗീയർബോക്സും ലഭിക്കും, വേരിയന്റിന് അനുസരിച്ച്. ഡിസംബറോടെ വിൽപന തുടങ്ങാനാണു സാധ്യത. ഇന്ത്യയിലെത്താൻ സാധ്യതയില്ല. ഏറ്റവും പുതിയ തലമുറ ഇന്റലിജന്റ് ക്രൂസ് കൺട്രോളും ടൈഗോയുടെ ഫുൾ ഓപ്ഷനിൽ ഇടം പിടിക്കും.

മിത്സുബിഷി ഔട്ട്‌ലാൻഡർ

പുതുപുത്തൻ മിത്സുബിഷി ഔട്ട്‌ലാൻഡർ സാങ്കേതികമായി ക്രോസ്ഓവർ എസ്‌യുവി തന്നെയാണെങ്കിലും ഇപ്പോൾ അസ്സൽ ഒരു എസ്‌യുവിയുടെ ‘ലുക്ക് ആൻഡ് ഫീൽ’ എടുത്ത് അണിഞ്ഞാണു വരുന്നത്. പുട്ടിനു പീര എന്നപോലെ ഫോർവീൽ ഡ്രൈവും ഉണ്ട് കൂട്ടിന്. അതു മിഡിൽ വേരിയന്റ് മുതൽ ലഭ്യമാക്കാനും മിത്സുബിഷി പദ്ധതിയിട്ടിട്ടുണ്ട്. 

റെനോ – നിസാൻ കൂട്ടുകെട്ടിന്റെ ഭാഗമായ ശേഷം അവരുമായി സാങ്കേതിക സഹകരണത്തിലേർപ്പെട്ട് നിർമിക്കുന്ന ആദ്യ വാഹനമാണ് 2022 ഔട്ട്‌ലാൻഡർ. നിസാൻ റോഗ് ആണ് വാഹനത്തിന്റെ അടിസ്ഥാനം. നിസാൻ എക്സ്ട്രെയിൽ എന്നു പറഞ്ഞാൽ നമുക്ക് ഇന്ത്യക്കാർക്ക് കുറച്ചുകൂടി പിടികിട്ടും. 

02

അഞ്ചു വേരിയന്റുകൾ ഉണ്ടെങ്കിലും എൻജിൻ ഒന്നേയുള്ളു: 2500 സിസി 4 സിലിണ്ടർ. 181 കുതിരശക്തിയും 245 എൻഎം കുതിപ്പുശേഷിയും ഇതു നൽകും. ഡീസൽ എൻജിനുകൾ‌ എല്ലാം നിർത്തി. പകരം 2022 പകുതിയോടെ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡൽ പുറത്തിറക്കും. ആദ്യം യുഎസിലായിരിക്കും പുത്തൻ ഔട്ട്‌ലാൻഡറിന്റെ എല്ലാ മോഡലുകളും എത്തുക. തൊട്ടടുത്തു തന്നെ ജപ്പാനിലും എത്തും. ഇന്ത്യയിൽ മിത്സുബിഷി പുനരവതരിക്കുമോ എന്നു തന്നെ സംശയമുള്ള സാഹചര്യത്തിൽ ഔട്ട്‌ലാൻഡർ എത്തുമോയെന്നു ചിന്തിക്കേണ്ട കാര്യമില്ലല്ലോ. വന്നാൽ കൊള്ളാം. 

7 സീറ്റർ ആയാണു വാഹനം യുഎസിലെത്തുക. എന്നാൽ, ഇന്ത്യയിൽ 5 സീറ്റർ ആയി എത്തുകയും വില 20 ലക്ഷം കടക്കാതിരിക്കുകയും ചെയ്താൽ ചിലപ്പോൾ അതു മിത്സുബിഷിയുടെ തിരിച്ചുവരവിനു നാന്നിയാകും എന്നുറപ്പിച്ചു പറയാം. അത്ര അഴക്...

ഇസുസു എംയുഎക്സ്

ടൊയോട്ട ഫോർച്യൂണറും ഫോർഡ് എൻഡവറും മഹീന്ദ്ര ആൽട്യൂറാസും കൊമ്പുകോർക്കുന്ന പ്രീമിയം ഡീസൽ എസ്‌യുവി നിരയിലെ ഇസുസുവിന്റെ പോരാളിയാണ് എംയുഎക്സ്. 2022 മോഡൽ എംയുഎക്സ് ശരിക്കും പറഞ്ഞാൽ ഒരു നന്നായി ഊരി പണിതെടുത്ത മുഖംമിനുക്കലാണ്. എന്നുവച്ചാൽ, മുഖം മിനുക്കൽ ആണെന്നു തോന്നുമെങ്കിലും ഇസുസു നന്നായി ഊരി പണിതിട്ടുണ്ട് എന്ന്. 

തായ്‌ലന്റിലും ഓസ്ട്രേലിയയിലുമാണ് ഇത് ആദ്യം വിൽപനയ്ക്കെത്തുക. അതു സെപ്റ്റംബർ ആദ്യത്തോടെ എത്തുകയും ചെയ്യും. ഈ രണ്ടിടത്തും ഇസുസുവിന്റെ തുറുപ്പുചീട്ടായ 3000 സിസി ഡീസൽ എൻജിനായിരിക്കും വാഹനത്തിനു കരുത്തു പകരുക. 180 കുതിരശക്തി പ്രതീക്ഷിക്കാം. 450 എൻഎം കുതിപ്പുശേഷിയും. 

ഇന്ത്യയിൽ 2022 ആദ്യ പാദത്തിൽ എത്തുമെന്നു കേൾക്കുന്നുണ്ട്. ടെസ്റ്റ് വാഹനങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും ശ്രദ്ധയിൽപ്പെട്ടത് സംശയം ബലപ്പെടുത്തുന്നു. ഇന്ത്യയിൽ ഇസുസുവിന്റെ 1900 സിസി ഡീസൽ എൻജിനായിരിക്കും വരിക. ഇസുസുവിന്റെ പാരമ്പര്യം അനുസരിച്ച് കുറവുകൾ നികത്തി തന്നെയായിരിക്കും വരിക. നേരിയ കരുത്തുവർധനയും വിലവർധനയും പ്രതീക്ഷിക്കാം. എന്നാൽ വണ്ടി വിൽക്കാൻ ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ ഒരിക്കലും അവർ രണ്ടാമത്തെ കാര്യം ചെയ്യില്ല.

ചങ്‌ഗൻ സിഎസ്75 പ്ലസ് 

ചൈനീസ് കമ്പനിയായ ചങ്‌ഗൻ ഓട്ടമൊബീലിന്റെ ഏറ്റവും മികച്ച രാജ്യാന്തര മോഡലുകളിലൊന്നായ സിഎസ്75 പ്ലസ് മുഖം മിനുക്കലിനു വിധേയമാകുന്നു. യുകെയിലും മിഡിൽ ഈസ്റ്റിലും ആയിരിക്കും പുത്തൻ വണ്ടി ആദ്യം എത്തുക. വിരൂപികളായ കാറുകൾ ഡിസൈൻ ചെയ്യുന്നു എന്നു കുപ്രസിദ്ധി കേട്ടവയാണ് മൂന്നിൽ രണ്ടു ചൈനീസ് വാഹനനിർമാണ കമ്പനികളും. ഇവയിൽ പലതും രാജ്യാന്തരതലത്തിൽ വാഹനം നിർമിച്ചു വിൽക്കാൻ തുടങ്ങിയപ്പോഴാണ് രൂപഭംഗിയിൽ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നു പറഞ്ഞാൽപോലും അധികമാകില്ല. 

എന്നാൽ, 2013ൽ പുറത്തിറങ്ങിയപ്പോൾ ‘തെറ്റില്ല’ എന്നും 2019ൽ രണ്ടാം തലമുറ ഇറങ്ങിയപ്പോൾ ‘തകർത്തു’ എന്നും കാർ പ്രേമികളെക്കൊണ്ടു പറയിപ്പിച്ച പാരമ്പര്യമുള്ള വാഹനമാണ് സിഎസ്75 പ്ലസ്. ഇതു വിൽക്കുന്നിടത്തെല്ലാം ചങ്‌ഗന്റെ ഗ്ലാമർബോയ് പരിവേഷം സിഎസ് 75 പ്ലസിനു തന്നെയാണ്. ക്രോസ്ഓവർ എസ്‌യുവി ആണ് ഇതും. ഫോർ വീൽ ഡ്രൈവും ഇല്ല. എന്നാൽ ഇന്ത്യയിലെ ‘ഗ്ലാമർബോയ്’ ആയ ഹ്യൂണ്ടെയ് ക്രെറ്റയോടു വരെ മുട്ടാനുള്ള രൂപഭംഗിയും സൗകര്യങ്ങളും ഇതിലുണ്ട്. 

ചങ്ഗൻ ഇന്ത്യയിലെത്തും എന്ന പഴയ കിംവദന്തി വിശ്വസിക്കാമെങ്കിൽ അവരുടെ ആദ്യത്തെ അവതരണം ഇതായിരിക്കും എന്നു നിസ്സംശയം പറയാം. ഇന്ത്യൻ വിപണിക്ക് കാഴ്ചപ്പകിട്ട് പ്രധാനമാണെന്നു മനസ്സിലാക്കി ആയിരിക്കുമല്ലോ അവരുടെ വരവ്. 

നിലവിൽ രണ്ടു പെട്രോൾ എൻജിനുകൾ ആണ് വാഹനത്തിനുള്ളത്. 1500 സിസി 178 ബിഎച്ച്പിയും 2000 സിസി 233 ബിഎച്ച്പിയും. ഇന്ത്യയിലേക്ക് ചങ്ഗൻ എത്തിയാൽ തന്നെ 2000 സിസി എൻജിൻ അവർ കൊണ്ടുവരില്ലെന്നും ഉറപ്പിക്കാം. 1500 സിസി പെട്രോൾ എൻജിൻ ഡീട്യൂൺ ചെയ്യാനും സാധ്യതയുണ്ട്. 

ചൈനയിൽ ഫോർഡുമായി സഹകരിക്കുന്നതുകൊണ്ട് 1500 സിസി ഡ്യൂറടോർക്ക് എൻജിൻ ചിലപ്പോൾ ഇവരും ഉപയോഗിച്ചേക്കും. ഇന്ത്യയിൽ വന്നാലും ഇല്ലെങ്കിലും പാക്കിസ്ഥാനിൽ ചങ്ഗൻ സിഎസ്75 പ്ലസ് ഇറങ്ങും. അവിടുത്തെ അവരുടെ പങ്കാളിയായ മാസ്റ്റർ മോട്ടോഴ്സ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്, സാങ്കേതിക വിവരങ്ങളൊന്നും അറിവായിട്ടില്ലെങ്കിൽ കൂടി...

 

English Summary: New Suvs in International Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com