ആ വാഹനങ്ങളുടെ ഗ്ലാമറിനു പിന്നിൽ ഒരു മലയാളി മിടുക്കിയാണ്, ശരണ്യ; ഒപ്പം വൈശാഖും

saranya-2
ശരണ്യയും വൈശാഖും
SHARE

നിങ്ങൾ ഇപ്പോൾ ഓടിക്കുന്ന പ്രിയപ്പെട്ട ബൈക്ക് ഒരുപക്ഷേ ആദ്യം ഓടിച്ചത് ഈ യുവതിയായിരിക്കും. ആ ബൈക്കിന്റെ നിങ്ങൾക്കു പ്രിയങ്കരമായ ആ നിറങ്ങൾ, അവയുടെ സങ്കലനം, തിളക്കം, പേര് എഴുതിയ രീതി, ആ വണ്ടിയെ സ്വപ്നതുല്യമാക്കാൻ കൂട്ടിച്ചേർ‍ത്ത ചമയങ്ങളും ഒരുക്കങ്ങളും അതെല്ലാം ആദ്യം കണ്ടതും ഈ യുവതിയായിരിക്കാം...

സ്ത്രീകൾ വിരലിലെണ്ണാൻ മാത്രമുള്ള ഇന്ത്യൻ ഇരുചക്ര വാഹന രൂപകൽപന സിഎംഎഫ് (കളർ ഗ്രാഫിക്സ്, മെറ്റീരിയൽ, ഫിനിഷിങ്) വിഭാഗത്തിൽ ടിവിഎസിലെ ഏക മലയാളി വനിതയായ ശരണ്യ നായരെ അങ്ങനെ പരിചയപ്പെടുത്താം. ഒരുപക്ഷേ ഇന്ത്യൻ മോട്ടോർ കമ്പനികളിൽ ഇതേ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഏക മലയാളി യുവതിയും തിരുവനന്തപുരം പേട്ട കണ്ണമ്മൂല സ്വദേശിനി ശരണ്യയാകാം.

saranya-1
ശരണ്യ

ഭർത്താവ് തിരുവനന്തപുരം തിരുമല സ്വദേശി എ.എൻ.വൈശാഖ് ടിവിഎസിൽ തന്നെ ഡിസൈൻ വിഭാഗത്തിൽ പ്രവർത്തിക്കുമ്പോൾ, ബൈക്ക് രൂപകൽപനാ രംഗത്ത് ഇന്ത്യയിലുള്ള ഏക മലയാളി ദമ്പതികൾ കൂടിയാകുന്നു ശരണ്യയും വൈശാഖും. 2013 ൽ ശരണ്യ ഈ രംഗത്തേക്കു വരുമ്പോൾ മാതൃകയാക്കാൻ ഇന്ത്യയിൽ മുൻഗാമികൾ (സ്ത്രീകൾ) തീരെ കുറവ്. ചെയ്യാൻ പോകുന്ന ജോലി എന്താണെന്നു ശരണ്യക്കു തന്നെ അറിയില്ലായിരുന്നു എന്നും പറയാം. അതേക്കുറിച്ച് പറയും മുൻപേ ശരണ്യ ഇങ്ങോട്ടേക്കു വന്നു കയറിയതെങ്ങനെ എന്നല്ലേ പറയേണ്ടത്.

∙ മിടുക്കിക്കുട്ടി, സ്കൂൾ ഗേൾ

creaon-saranya
ശരണ്യ

അതായിരുന്നു തിരുവനന്തപുരം മരിയൻവില്ല കോൺവെന്റ് ഐഎസ്‍സി സ്കൂളിൽ പഠിക്കുമ്പോൾ ശരണ്യ നായർ. വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ രാജേന്ദ്രൻ പിള്ളയുടെയും ഗീതാ ദേവിയുടെയും മകൾ. സഹോദരൻ എൻജിനീയർ. വരയ്ക്കാനായിരുന്നു ശരണ്യയ്ക്കു ചെറുപ്പം മുതലേ താൽപര്യം. എൻട്രൻസ് പരീക്ഷയിൽ കോഴിക്കോട് എൻഐടിയിൽ ബി.ആർക്ക് കോഴ്സിനു പ്രവേശനം കിട്ടി. പക്ഷേ ഇത്രയും ദൂരെ ഏക മകളെ അയയ്ക്കാൻ മാതാപിതാക്കൾക്കൊരു പ്രയാസം. ഡിസൈൻ കോഴ്സിലേക്കു പോകണമെന്ന് ശരണ്യ. എൻജിനീയറിങ് ബിരുദമെടുത്ത ശേഷം ഇഷ്ടം പോലെ ആയിക്കൊള്ളാൻ മാതാപിതാക്കൾ സമ്മതിച്ചു. അങ്ങനെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദമെടുത്തു. കോഴ്സ് കഴിഞ്ഞ ഉടനെ ഒന്നു രണ്ടിടത്തു ജോലി ശരിയായി. അതൊന്നും പക്ഷേ ശരണ്യയെ തൃപ്തയാക്കിയില്ല.
കോളജിലെ സഹപാഠിയും ആത്മമിത്രവുമായ വൈശാഖ് ഓട്ടമൊബീൽ ഡിസൈനിങ് സ്വപ്നം തലയ്ക്കു പിടിച്ച് അതിനായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രൊഡക്ടീവ് ഡിസൈൻ കോഴ്സിൽ ഉന്നതപഠനം നടത്താൻ വൈശാഖ് ആണു നിർദേശിച്ചത്. അപേക്ഷിക്കാൻ ഒരാഴ്ച മാത്രം ബാക്കി. എങ്കിലും ശരണ്യ ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. MIT (മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) പുണെയിൽ അഡ്മിഷൻ കിട്ടി. അതായിരുന്നു വഴിത്തിരിവ്.

∙ ഉൽപന്ന രൂപകൽപനയുടെ ലോകം

പുതിയൊരു ലോകം. പുതിയ സിലബസ്. എഴുത്തു പരീക്ഷകളില്ല. വിവിധ ഉൽപന്നങ്ങളുടെ മോഡലുകൾ ഉണ്ടാക്കി സ്വയം തെളിയിക്കണം. ശരണ്യയുടെ ഭാവനയ്ക്കു പറ്റിയ ഇടം. രണ്ടര വർഷത്തെ കോഴ്സിനിടെ ശരണ്യ രൂപകൽപന ചെയ്ത വാക്വം ക്ലീനറും ഷൂസുമെല്ലാം കോളജ് നടത്തിയ മത്സരങ്ങളിലും ഇന്റർ കോളജ് മത്സരങ്ങളിലും ഒന്നാമതെത്തി. അടുക്കള ഉപകരണങ്ങളിലും ഫോണുകളിലുമെല്ലാം പല പരീക്ഷണങ്ങളും നടത്തി. പക്ഷേ വാഹന രൂപകൽപന ആ സിലബസിലെങ്ങും ഇല്ലായിരുന്നു. അക്കാലത്ത്, പ്രോഡക്ട് ഡിസൈനിങ്ങിനായിരുന്നു ഏറ്റവും ഡിമാൻഡ് എന്നു ശരണ്യ ഓർക്കുന്നു. വൈശാഖ് അപ്പോൾ സ്വന്തം സ്വപ്നം പിന്തുടർന്ന് ഓട്ടമോട്ടീവ് ഡിസൈനിങ് പഠിക്കുകയാണ്.

saranya-scooty-pep
ശരണ്യ

∙ അപ്രതീക്ഷിതമായി വാഹനങ്ങളുടെ ലോകത്തേക്ക്

കോഴ്സ് കഴിഞ്ഞപ്പോൾ ആദ്യം ഇന്റർവ്യൂവിനു വിളിച്ചതു ഹോണ്ട മോട്ടോർ കമ്പനിയിൽ നിന്ന്. ഡൽഹിയിൽ പോകാൻ തയാറെടുക്കുമ്പോഴാണു നിർഭയ സംഭവം കത്തിപ്പടർന്നു നിൽക്കുന്നത്. ആ യാത്ര നടന്നില്ല. രണ്ടാമത്തെ വിളി വന്നത് ടിവിഎസിൽ നിന്ന്. ഡിസൈൻ കൺസൽറ്റന്റ് ആയി 2013 ൽ ശരണ്യ അവിടെ ജോലിയിൽ പ്രവേശിച്ചു.

‘‘ഞാൻ പുണെയിൽ പഠിച്ചിരുന്നപ്പോൾ ചെയ്യുന്ന കോഴ്സ് എന്താണെന്നു ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഒരു പിടിയുമില്ലായിരുന്നു. അച്ഛനും അമ്മയ്ക്കും പോലും ശരിക്കു മനസ്സിലായില്ല. എന്നാലും എന്റെ ഇഷ്ടത്തിനു വിട്ടു തന്നു. പ്രോത്സാഹിപ്പിച്ചു. അപ്പോഴേക്കും അമേരിക്കയിൽ സോഫ്റ്റ്‍വെയർ കമ്പനിയിൽ ഉയർന്ന സ്ഥാനത്തെത്തിയ ചേട്ടൻ രെഞ്ജു രാജായിരുന്നു ഏറ്റവുമധികം പിന്തുണച്ചത്. കുട്ടിയായിരുന്നപ്പോൾ ചേട്ടൻ ബൈക്കുകളുടെ പല മോഡൽ പടങ്ങൾ വരയ്ക്കുമായിരുന്നു. വാഹന രൂപകൽപന ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്ന സ്വപ്നമായിരുന്നു. ആ സ്വപ്നം എന്നോട് ഏറ്റെടുത്തു കൊള്ളാൻ ചേട്ടൻ പറഞ്ഞു’’.

‘‘വാസ്തവത്തിൽ, ഇപ്പോഴും എന്റെ ജോലി എന്താണെന്ന് അടുത്ത ബന്ധുക്കൾക്കോ നാട്ടുകാർക്കോ പോലും മനസ്സിലായിട്ടില്ല’’– ഓണം ആഘോഷിക്കാൻ ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശരണ്യ പൊട്ടിച്ചിരിക്കുന്നു.

hlx-150
HLX 150

∙ ഏക മലയാളി ദമ്പതികൾ

വാഹന രൂപകൽപനയിൽ മറ്റു സ്ഥാപനങ്ങളിൽ പ്രവർത്തിച്ച വൈശാഖ് ശരണ്യയുമായുള്ള വിവാഹത്തോടെ ടിവിഎസിലെത്തി അവിടത്തെയും കുടുംബാംഗമായി. ‘‘ഈ രംഗത്തു ദമ്പതികൾ കുറവ്. മലയാളി ദമ്പതികൾ ഞങ്ങൾ മാത്രം’’– വൈശാഖും ശരണ്യയും ഒരേ സ്വരത്തിൽ ആഹ്ലാദവും അഭിമാനവും പങ്കിടുന്നു.

∙ വളർത്തിയത് സ്ഥാപനം

‘‘ഇതു പുരുഷന്മാരുടെ മേഖലയായിരുന്നു. ഇപ്പോൾ സ്ത്രീകളും സജീവമായിത്തുടങ്ങി. എങ്ങനെ ഈ രംഗത്തെത്താം, ഏതു കോഴ്സ്, എവിടെ പഠിക്കണമെന്നൊക്കെ ഇപ്പോൾ പലരും എന്നോടു തിരക്കുന്നുണ്ട്. അതു നല്ലൊരു മാറ്റമാണ്.
ടിവിഎസ് ആയതുകൊണ്ടാണ് ഇത്രയും അവസരങ്ങളും കിട്ടിയത്. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചു. ആരും മാറ്റിനിർത്തിയില്ല. എന്റെ ജോലി ഞാനും ശരിക്കും ആസ്വദിച്ചു ചെയ്യുന്നു’’ – വിജയരഹസ്യം ശരണ്യ പറയുന്നു.

tvs-jpiter-colour-range
Jupiter Colour Range

∙ പക്ഷേ ഓടിക്കാനിഷ്ടം കാർ

ബൈക്ക് ഡിസൈനിങ് രംഗത്തുള്ള ഒരുപാടു പേർക്കു റേസിങ് താൽപര്യമില്ലെന്നാണു ശരണ്യയുടെ ഒരു നിരീക്ഷണം. ശരണ്യയ്ക്കും അങ്ങനെ തന്നെ. ഡിസൈൻ ചെയ്യുന്ന സ്കൂട്ടറും ബൈക്കുമെല്ലാം ഓടിക്കുമെങ്കിലും കൂടുതൽ ഇഷ്ടം കാർ ഡ്രൈവിങ് ആണ്. ബെംഗളൂരുവിലെ താമസസ്ഥലത്തു നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു കാർ ഡ്രൈവ് ചെയ്തു വരുന്നതാണ് ഏറ്റവുമിഷ്ടം. പക്ഷേ ബൈക്കുകൾ അങ്ങനെ ഓടിക്കാറില്ല. അല്ലെങ്കിലും ശരണ്യ ബൈക്കും സ്കൂട്ടറുമെല്ലാം ഡിസൈൻ ചെയ്യുന്നത് അവനവനു വേണ്ടിയല്ലല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA