ഓല വരുന്നേ, ഓടിക്കോ... സൂപ്പർ ഹിറ്റോ, സൂപ്പർ ഫ്ലോപ്പോ...

ola-electric
Ola Series One
SHARE

ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ മാറ്റത്തിന്റെ ഓലക്കുറിയായി ഓല സ്കൂട്ടർ. ലക്ഷം രൂപയ്ക്ക് 180 കിലോമീറ്റർ മൈലേജുമായി കണ്ടാൽ കൊതിക്കുന്ന രൂപവും യന്തിരനോടടുക്കുന്ന ആധുനികതകളുമായി വിപ്ലവ നായകനെപ്പോലെ ഓല.

ola-s1-2
Ola Series One

പരിസ്ഥിതിക്ക് തെല്ലും പോറലേൽപ്പിക്കാതെ ലക്ഷത്തിലും ഒരു രൂപ വിലക്കുറവിൽ അടിസ്ഥാന മോഡൽ ഇറങ്ങുമ്പോൾ സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക്കിനു നൽകുന്ന നികുതിയിളവുകളും പ്രതീക്ഷിക്കണം. ഓലയുടെ ഗതിയെന്താകും? അതറിയണമെങ്കിൽ ഇന്ത്യയുടെ ഇരുചക്ര വാഹന ചരിത്രത്തിലൂടെത്തന്നെ സ്കൂട്ടറോടിക്കണം.

ola-s1-6
Ola

വിപ്ലവ നായകൻ

ശരാശരി ഇന്ത്യക്കാരന്റെ സാമ്പത്തിക ശാസ്ത്രം നന്നായി മനസ്സിലാക്കിയാണ് സമാനതകളില്ലാത്ത പുതുമകളുമായി ഓല എത്തുന്നത്. പെട്രോൾ സ്കൂട്ടറിന് 500 രൂപയ്ക്ക് ഫുൾ ടാങ്ക് അടിച്ചാൽ 200 കിലോമീറ്റർ ഓടാം. കിലോമീറ്റർ ചെലവ് ശരാശരി 2.5 രൂപ. ഇലക്ട്രിക്കിന് വേണ്ടിവരിക ചില്ലറപ്പൈസ. ചെറിയൊരു സോളാർ വൈദ്യുത യൂണിറ്റ് കൂടി വീട്ടിലൊരുക്കിയാൽ ദൈനംദിന ഇന്ധനച്ചെലവ് പൂജ്യം. പേരെടുത്ത് ഉടമയെ വിളിച്ച് സ്വാഗതം ചെയ്യുന്ന സാങ്കേതികത്തികവ്. ഓല ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ വിപ്ലവമായാൽ അദ്ഭുതം തെല്ലും വേണ്ട.

vespa-vbb
Vespa

വെസ്പയിൽ തുടങ്ങിയ ചിന്തകൾ

ഇറ്റലിയിൽ നിന്ന് അറുപതുകളിൽ ഓടിയെത്തിയ വെസ്പയാണ് ഇന്ത്യയിലെ പ്രഥമ സ്കൂട്ടർ വിപ്ലവത്തിന് തുടക്കം. അന്ന് സാധാരണക്കാരന്റെ വാഹനമല്ല, യുവത്വത്തിന്റെയും മുന്തിയ ജീവിതരീതിയുടെയും പ്രതീകമായിരുന്നു വെസ്പ. വ്യവസായികളും ഉദ്യോഗസ്ഥരും പട്ടാള ഓഫിസർമാരും ജീവിതം ആഘോഷിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവരും മഹാനഗരങ്ങളിൽ വെസ്പയിലേറി പറന്നു. ഇക്കാലഘട്ടത്തിൽത്തന്നെ ഇറ്റലിയിൽ നിന്നെത്തിയ എതിരാളി ലാംബട്രയും അനേകരെ സ്കൂട്ടറുകളിലേറ്റി. ലാംബിയായും വിജയ് സൂപ്പറായും ആൽവിൻ പുഷ്പക്കായുമൊക്കെ ഇവയും അടുത്ത കുറെ ദശകങ്ങൾ ഇന്ത്യയിലിറങ്ങിട്ടുണ്ട്.

lambi-vijay-super
Lambretta & Vijay Super

ഹമാരാ ബജാജ്

ഇന്ദിരാ ഗാന്ധിയുടെ സ്വദേശവൽക്കരണത്തിൽ മനസ്സു മടുത്ത് വെസ്പ കമ്പനി ഇറ്റലിക്ക് മടങ്ങുമ്പോഴും വെസ്പ സ്കൂട്ടർ നമുക്ക് നഷ്ടമായില്ല. പ്രാദേശിക സാങ്കേതിക സഹകാരികളായിരുന്ന ബജാജ് 1971 മുതൽ വെസ്പയിൽ അടിസ്ഥാനമാക്കി സ്വന്തമായി സ്കൂട്ടറുകൾ ഇറക്കി. സൂപ്പറായും ഛേതക്കായും ബജാജ് വെസ്പകൾ എതിരാളികളില്ലാതെ നിരത്തിൽ വിലസി. വരേണ്യരിൽ നിന്ന് സാധാരണക്കാരനിലേക്ക് സ്കൂട്ടർ എത്തിച്ചതിന്റെ മികവ് ബജാജിനു നൽകണം.

bajaj-chetak
Bajaj Chetak

വെസ്പ വന്നു, വീണ്ടും

എൺപതുകളുടെ തുടക്കത്തിൽ ലോഹിയ മെഷീൻ ടൂൾസ് വെസ്പ പി സീരീസ് വീണ്ടും എത്തിച്ചപ്പോളുണ്ടായ ജനപ്രീതി അപാരമായിരുന്നു. 21 വർഷമുണ്ടെങ്കിലേ അന്നുണ്ടായ ബുക്കിങ് നൽകിത്തീർക്കാൻ കമ്പനിക്ക് സാധിക്കുമായിരുന്നുള്ളൂ. ഉത്പാദനം ഗണ്യമായി ഉയർത്തി പ്രശ്നപരിഹാരമുണ്ടാക്കേണ്ടി വന്നു.

lml-vespa
LML Vespa

തൊണ്ണൂറുകളിൽ ഗിയറില്ലാത്ത സ്കൂട്ടറുകൾക്കുമുന്നിൽ അടിപതറും വരെ വെസ്പക്കാലമായിരുന്നു. 2018 ൽ സ്ഥാപനം നിർത്തുന്നതു വരെ പേരിനെങ്കിലും എൽ എം എൽ വെസ്പകൾ ഇറങ്ങി. സമാന കാലത്ത് പി എൽ 170 എന്ന ചെറു ബോഡിയുള്ള കുഞ്ഞു വെസ്പകളും കുറെ നാൾ ഇറങ്ങിയിരുന്നു എന്നു കൂടി പറഞ്ഞാലേ ചരിത്രം പൂർണമാകൂ. (ഇപ്പോഴും ഇന്ത്യയിലുണ്ടാക്കുന്ന വെസ്പ പി സീരീസ് ബോഡി കിറ്റുകൾ വിദേശ രാജ്യങ്ങളിൽ ലഭിക്കും. സ്വന്തമായി ക്ലാസ്സിക് സ്കൂട്ടറുകൾ നിർമിക്കുന്നവർക്കായാണത്).

vespa-and-allwyn-pushpak
Vespa PL 170 & Allwyn Pushpak

ഗിയർ ഒഴിവായപ്പോൾ

ആദ്യ വെസ്പയുടെ വരവിനു സമാനമായ സ്കൂട്ടർ വിപ്ലവം ഇന്ത്യയിലുണ്ടാകുന്നത് 1984 ലാണ്. കൈനറ്റിക് ഹോണ്ട എന്ന രണ്ടു സ്ട്രോക്ക് 98 സി സി സ്കൂട്ടർ ഇന്ത്യക്കാർ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന രീതി പുനർലേഖനം ചെയ്തു. തുടക്കത്തിൽ മടിച്ചു നിന്നവർ പിന്നീട് രണ്ടു കയ്യും നീട്ടി കൊച്ചു ജാപ്പനീസ് സ്കൂട്ടറിനെ പുണർന്നു. ഇറ്റലിയിൽ നിന്നു ജപ്പാനിലേക്കുള്ള സാങ്കേതികത പറിച്ചു നടൽ കൂടിയായിരുന്നു അത്.

kinetic-honda
Kinetic Honda

ചവിട്ടു കൊടുത്ത് സ്റ്റാർട്ടു ചെയ്യുന്നതിന്റെ ക്രൂരതയിൽ നിന്ന് പെരുവിരലിന്റെ നേരിയൊരു സ്പർശത്തിലുള്ള സ്നേഹലോലുപതയിലേക്കുള്ള വലിയ മാറ്റം നിരത്തുകളിലും പ്രകടമായി. വലുപ്പക്കുറവു കൊണ്ട് ഉപയോഗത്തിൽ അനായാസതയെത്തി. പരന്ന ഫുട്ബോർഡിൽ ഗ്യാസ് സിലണ്ടർ വയ്ക്കാം എന്നത് വലിയൊരു മികവായിരുന്നുവെന്ന് മികച്ച ഹോം ഡെലിവറിയുടെ ഇക്കാലഘട്ടത്തിലെ പിള്ളേർക്ക് തെല്ലും പിടി കിട്ടില്ല. കൈനറ്റിക് വാണു, രാജാവിനു തുല്യം. പുരുഷന്മാർക്കൊപ്പം സ്ത്രീകളെയും കൈനറ്റിക് സ്കൂട്ടറിലേറ്റി. 2008 വരെ ഇറങ്ങിയെങ്കിലും അതിനു മുമ്പേ കൈനറ്റിക് കുറേശ്ശേ അപ്രത്യക്ഷമായിത്തുടങ്ങിയിരുന്നു.

honda-activa
Honda Activa

സ്വകാര്യതയുടെ സഞ്ചാരം; വീണ്ടും വെസ്പ

പൊതുയാത്രാ സൗകര്യങ്ങളുടെ ബുദ്ധിമുട്ടുകളിൽ നിന്ന് സ്വകാര്യ യാത്രയുടെ സുഖത്തിലേക്ക് പൊതുജനം നീങ്ങിത്തുടങ്ങിയ നാളുകളിൽ ഇന്ത്യയെന്ന വിപണിയുടെ വലിയ സാധ്യതകൾ ആഗോളതലത്തിൽ ശ്രദ്ധേയമായി. ഹോണ്ട കൈനറ്റിക്കുമായി പിരിഞ്ഞ് 1998 ൽ ആക്ടിവയായി ഇന്ത്യയിൽ മടങ്ങിയെത്തി. ആദ്യ സ്കൂട്ടർ 2001ൽ ഇറക്കിയതു മുതൽ പ്രാദേശിക പങ്കാളിത്തമില്ലാതെ ഹോണ്ട ഇന്ത്യയിൽ സ്കൂട്ടറുകൾ ഇറക്കുന്നു. പിന്നെയും ഒരു ദശകം കൂടിക്കഴിഞ്ഞ് 2012 ഓട്ടൊ എക്സ്പൊ മുതൽ ഇറ്റാലിയൻ വെസ്പയും പ്രാദേശിക സഹകരണമില്ലാതെ ഇന്ത്യയിൽ സ്കൂട്ടറുണ്ടാക്കി വിൽക്കുന്നു. ജപ്പാനിൽ നിന്നുള്ള സുസുക്കിയും സ്കൂട്ടർ വിപണിയിലെ സജീവ സാന്നിധ്യമാണ്.

new-vespa
Vespa New Model

പറയാതെ വയ്യ

ഹീറോ, ടി വി എസ്, മഹീന്ദ്ര, ബജാജ്... മൂലസ്ഥാപനങ്ങളെക്കാൾ വളർന്ന പേരുകളാണ്. ഹീറോയും ഹോണ്ടയും ചേർന്ന് ഹീറോ ഹോണ്ട നടത്താൻ തുടങ്ങുമ്പോൾ ഹീറോ വെറും സൈക്കിൾ നിർമാതാക്കളും ഹോണ്ട ലോകോത്തര ഇരുചക്രരാജാക്കന്മാരുമായിരുന്നു. ഇന്ത്യയിൽ വണ്ടികളുണ്ടാക്കി എണ്ണം പെരുകിയപ്പോൾ ഹീറോ ഏറ്റെടുക്കാമെന്ന് ഹോണ്ട. വേണ്ടെന്ന് ഹീറോ. ഈ തർക്കത്തിലുടക്കി 2010 ൽ പിരിഞ്ഞ ബന്ധം ഹീറോയെ ഇന്ന് എണ്ണത്തിൽ ഹോണ്ടയെക്കാൾ വലിയ കമ്പനിയാക്കി. ടി വി എസിനും മഹീന്ദ്രയ്ക്കും ബജാജിനും പാടാനുണ്ട് സമാന വീരഗാഥകൾ. ഈ കമ്പനികളെല്ലാം ഇന്ന് നാമൊന്നും തീരെ പ്രതീക്ഷിക്കാത്ത ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ആഫ്രിക്കയിലുമൊക്കെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ്. അവരുടെ ഇന്നത്തെ എതിരാളികൾ പഴയ ജാപ്പനീസ് ഇറ്റാലിയൻ സ്ഥാപനങ്ങളല്ല, വെട്ടുക്കിളികളെപ്പോലെ വേട്ടയാടുന്ന ചൈനീസ് വമ്പൻമാരാണ്... അതു വേറൊരു വലിയ കഥ...

ola-s1-7
Ola Series One

സാധ്യതയുണ്ടോ?

ഓലയിലേക്കു മടങ്ങാം. രക്ഷപെടുമോ ഓല? സാധ്യത വളരെയധികമാണ്. ഒരു ലക്ഷം എന്ന പ്രീ ബുക്കിങ് എണ്ണം നോക്കി വലിയ അദ്ഭുതമൊന്നും കൂറേണ്ട. ഇന്ത്യയിലെ ഇന്നത്തെ വിപണിയിൽ ലക്ഷം ബുക്കിങ് വലിയ കാര്യമൊന്നുമല്ല. ദശകങ്ങൾ മുമ്പ് വിപണി ഇതിന്റെ പത്തിലൊന്നു പോലുമില്ലാതിരുന്ന കാലത്ത് സ്കൂട്ടറുകൾ ഇതിലുമധികം ബുക്കിങ് നേടിയിട്ടുണ്ട്. എന്നാൽ മൂന്നു കാര്യങ്ങൾ നന്നായി വന്നാൽ ഓല ചരിത്രമാകും.

ola-s1-4
Ola Series One

വിജത്തിന്റെ മൂല മന്ത്രങ്ങൾ ഇതാ

ഒന്ന്: വിൽപനാന്തര സേവനം. ഇലക്ട്രിക് വാഹന വിപണി സാങ്കേതികമായി ഇപ്പോഴും പിച്ച വയ്ക്കുകയാണ്. ധാരാളം പോരായ്മകളുണ്ടാവാം, സാങ്കേതികമായി വലിയ മാറ്റങ്ങളുണ്ടാകാം. ഇതൊക്കെ അപ്പപ്പോൾ മനസ്സിലാക്കി കേടു തീർത്ത് ഉപഭോക്താവിന് അലോസരമുണ്ടാക്കാതിരുന്നാൽ ജയിച്ചു.

ola-electric-1
Ola Series One

രണ്ട്: ബാറ്ററി സാങ്കേതികത. വലിയൊരു പ്രശ്നമാണ്. സ്കൂട്ടറായതിനാൽ ചാർജിങ്ങിൽ ഏറ്റവും താണ മോഡൽ പോലും 120 കിലോമീറ്റർ ഓടുന്നത് മികവു തന്നെ. പ്രത്യേകിച്ച് എതിരാളികൾ പലരും ഇപ്പോഴും 60 കി മീ കണക്ക് പറയുമ്പോൾ. എന്നാൽ 120 പറഞ്ഞാൽ പ്രായോഗികമായി 80 എങ്കിലും കിട്ടണം. പ്രത്യേകിച്ച് നമ്മുടെ ഡ്രൈവിങ് സാഹചര്യങ്ങളിൽ. മാത്രമല്ല, 5 വർഷം വരെയെങ്കിലും ഇക്കാര്യത്തിൽ സ്ഥിരത വേണം. വർഷം കഴിയുന്തോറും ബാറ്ററിയും മൈലേജും നിലനിൽക്കണം.

ola-s1-5
Ola Series One

മൂന്ന്: ചാർജിങ് ലാളിത്യം. സ്കൂട്ടറായതിനാൽ ദിവസേന വൈകീട്ട് താമസ സ്ഥലത്തെത്തി ചാർജ് ചെയ്യേണ്ട കാര്യമേയുള്ളൂ. അത്രയ്ക്കുള്ള ദൈനംദിന യാത്രയ്ക്കേ ഈ വാഹനം ഉദ്ദേശിക്കുന്നുള്ളു. സാധാരണ പ്ലഗ്പോയിന്റിൽ, ഇൻവർട്ടർ വൈദ്യുതിയിൽ ചാർജാകണം. എങ്കിലേ പ്രായോഗികതയുള്ളൂ. അല്ലെങ്കിൽ ഈ രാജ്യത്ത് പ്രായോഗികമല്ല.

ola-s1
Ola Series One

ലോകത്തിലെ ഏറ്റവും വലിയ ഓല

‌സ്റ്റാർട്ടപ്പായി തുടക്കം. കഴിഞ്ഞ വർഷം ആംസ്റ്റർഡാമിലെ എറ്റേർഗോ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളെ ഏറ്റെടുത്തു. സാങ്കേതികത അവിടെ നിന്നാണ്. ഇലക്ട്രിക് സ്കൂട്ടർ എന്ന വൻ സാധ്യത മനസ്സിലാക്കി വലിയ മുതൽ മുടക്കിലേക്ക് ഇറങ്ങുകയാണ്. 2400 കോടി രൂപ മുതൽ മുടക്കി ഹൊസൂരിൽ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണ ഫാക്ടി തീർത്തു. 500 ഏക്കറിലുള്ള നിർമാണ ശാലയിൽ 2 സെക്കൻഡിൽ ഒരു സ്കൂട്ടർ. വർഷം 1 കോടി നിർമാണ ശേഷി. 2022 ൽ പൂർണമായി പ്രവർത്തനക്ഷമമാകും. ഇക്കൊല്ലം ഒക്ടോബർ മുതൽ ഡെലിവറി തുടങ്ങും.

ola-s1-1
Ola Series One

ബുക്കിങ് മുതൽ സർവീസ് വരെ ആപ്പിലാക്കി

എല്ലാം പുതുമകളാണ്, ഡീലർഷിപ്പില്ല. സർവീസ് സെൻററുകളുമില്ല. ശരാശരി സ്കൂട്ടർ ഉപയോക്താക്കൾ വീടുകളിൽ ചാർജ് ചെയ്യാനാണ് സാധ്യതയെങ്കിലും 400 നഗരങ്ങളിലായി 1 ലക്ഷത്തിൽ അധികം ചാർജിങ് പോയിന്റുകൾ ഓല ഒരുക്കുന്നുണ്ട്. ബുക്കിങ് ഒാൺലൈൻ. ആപ് ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്താൽ എല്ലാം നടക്കും. ഉപയോഗിക്കുന്ന വ്യക്തിയുടെ പേരു വിളിച്ച് സ്വാഗതം ചെയ്യും. ഒന്നിലധികം പ്രൊഫൈലുകൾ ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാം. ആ വ്യക്തി വണ്ടിക്കു സമീപമെത്തുമ്പോൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യും. സർവീസ് ബുക്ക് ചെയ്താൽ വീട്ടിൽ ആളെത്തി നന്നാക്കി പോകും.

ola-electric-scooter
Ola Series One

കണ്ടാൽ കൊതിക്കും കയറിയാൽ പായും

കാഴ്ചയിൽ അതിസുന്ദരമാണ് ഒാല. യുവതലമുറയെ കയ്യിലെടുക്കാനായുള്ള രൂപകൽപന. 10 സുന്ദര നിറങ്ങൾ യുവത്വം ആവശ്യത്തിലധികം വാരി വിതറുന്നു. ഒതുക്കമുണ്ടെങ്കിലും ഏറ്റവും അധികം സംഭരണ സ്ഥലം, സീറ്റിനടിയിൽ രണ്ടു ഹെൽമറ്റ് സൂക്ഷിക്കാൻ ഇടം, താക്കോലിനു പകരം മൊബൈൽ ആപ്ലിക്കേഷൻ, പൂർണ എൽ ഇ ഡി ലൈറ്റിങ്, ഡിസ്ക് ബ്രേക്ക്, ആന്റി തെഫ്റ്റ് അലേർട്ട് സിസ്റ്റം, ജിയോ ഫെൻസിങ്, നാവിഗേഷൻ.

ola-s1-9
Ola Series One

പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററെത്താൻ 3 സെക്കൻഡും 60 കിലോമീറ്റർ വേഗത്തിലെത്താൻ 5 സെക്കന്റും മതി. ഇനി ശബ്ദമില്ല, ഇലക്ട്രിക്കല്ലേ എന്നു കരുതുന്നവർക്കുമുണ്ട് പ്രതിവിധി. ബോൾട്ട്, കെയർ, വിന്റേജ്, വണ്ടർ‌ എന്നിങ്ങനെ വ്യത്യസ്തമായ ശബ്ദങ്ങൾ തിരഞ്ഞെടുക്കാം. നോർമൽ, സ്പോർട്, ഹൈപ്പർ എന്നിങ്ങനെ മൂന്നു റൈഡ് മോഡുകളുമുണ്ട്. എസ് വൺ, എസ് വൺ പ്രോ എന്നീ വകഭേദങ്ങൾക്ക് ഷോറൂം വില 99999,1.29 ലക്ഷം.

ola-electric-price
Ola Series One

റേഞ്ചുണ്ട് ഭായ്

ഈ വിഭാഗത്തിലെ തന്നെ ഏറ്റവും ഉയർന്ന റേഞ്ച്. എസ് വൺ ഒറ്റ ചാർജിൽ 121 കിലോമീറ്റർ ഓടുമ്പോൾ എസ് വണ്‍ പ്രോയുടെ റേഞ്ച് 181 കിലോമീറ്റർ. എസ് വണ്ണിന്റെ ഉയർന്നവേഗം 90 കി മി, എസ് വണ്‍ പ്രോ 115. 8.5 കിലോ വാട്ടാണ് സ്കൂട്ടറിന്റെ കരുത്ത്. പൂർണ ചാർജിങ്ങിന് 4 മണിക്കൂർ 6 മണിക്കൂർ എന്നിങ്ങനെ. 18 മിനിറ്റിൽ ബാറ്ററി പാതി ചാർജിലെത്തും. 75 ഒാടും. 

English Summary: Know More About OLA S1 Electric Scooter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA