ADVERTISEMENT

ഇന്ത്യയ്ക്കു യോഗമില്ലെന്നു പറഞ്ഞാൽ മതിയല്ലോ... തെക്കൻ അമേരിക്കൻ രാജ്യങ്ങളെയും ഇതര വികസ്വര രാജ്യങ്ങളെയും മനസ്സിൽ കണ്ടു പുറത്തിറക്കുന്ന ‘പൾസ്’ എന്ന കോംപാക്ട് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫിയറ്റ്. ആഡംബരം, ലളിതം എന്നീ അവസ്ഥകൾക്കിടയിലെ സന്തുലിതാവസ്ഥ പ്രകടമാക്കുന്ന ക്യാബിനും അതിരുകടന്ന രൂപകൽപനാ വൈഭവം പ്രകടമാക്കാത്ത ബാഹ്യരൂപവും പൾസിനെ വേറിട്ടതാക്കുന്നു. കഴിഞ്ഞ മേയിലാണ് പൾസിന്റെ ചിത്രങ്ങൾ ഫിയറ്റ് ആദ്യമായി പുറത്തുവിട്ടത്.

fiat-pulse-3

എംഎൽഎ എന്ന മൊഡ്യൂലാർ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന പൾസ്, വിപണിയിലെ മറ്റു മല്ലൻമാരായ ഹ്യൂണ്ടായ് വെന്യൂ, കിയ സോണറ്റ്, ഹോണ്ട ഡബ്യൂആർവി, ഫോക്സ്‌വാഗൺ ടി റോക്ക്, ഫോർഡ് ഇക്കോസ്പോർട് എന്നിവയെയും ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ജീപ്പ് റെനഗേഡ് എന്നിവയുടെ അടിസ്ഥാന മോഡലുകളെയും നേരിടും. കാഴ്ചയിൽ ഫിയറ്റ് ആർഗോ, സ്ട്രാഡ എന്നീ മോഡലുകളുടെ രൂപകൽപനാ ശകലങ്ങൾ പൾസിലും ആവർത്തിക്കുന്നുണ്ട്. ആദ്യം തന്നെ കണ്ണുടക്കുക കാറിന്റെ ഗ്രില്ലിൽ വലിയ വലുപ്പത്തിൽ സ്ഥാപിച്ചിരിക്കുന്ന പുതിയ ‘FIAT’ ലോഗോയിലാണ്. തങ്ങളുടെ ഇറ്റാലിയൻ പാരമ്പര്യവും അഭിമാനബോധവും ഉറക്കെ വിളിച്ചു പറയുന്നതുപോലെയുള്ള വലിയ ലോഗോ ഫിയറ്റ് ഇന്ത്യ വിട്ട ശേഷം പ്രാബല്യത്തിൽ വന്നതായതിനാൽ നമുക്ക് അത്ര പരിചിതമായിരിക്കില്ല. കൃത്യമായി പറഞ്ഞാൽ 2020ലാണ് പുതിയ ലോഗൊ അവതരിപ്പിക്കുന്നത്.

fiat-new-logo

പൾസ് ഒരു ക്രോസോവർ എസ്‌യുവി ആണെങ്കിലും അസ്സൽ എസ്‌യുവികളുടെ ഭാവം കൊണ്ടുവരുന്നതിനായി മുൻ – പിൻ ബംപറുകളിലും വശങ്ങളിലും കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയിരിക്കുന്നു. ത്രികോണ ആകൃതിയുള്ള ഫോഗ്‌ലാംപ് ഏരിയയും ഷഡ്ഭുജ ആകൃതിയുള്ള ലാംപുകളും ഭംഗി കൂട്ടുന്നുണ്ട്. ഫോഗ്‌ലാംപ് ഉൾപ്പെടെ എൽഇഡി യൂണിറ്റുകൾ ആണ്. കുറഞ്ഞ മോഡലുകളിൽ ചിലപ്പോൾ ഹെഡ്‌ലൈറ്റ് യൂണിറ്റ് ഹാലജൻ വന്നേക്കാം. വിവിധ ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനം നടത്തുന്നതിനു വേണ്ട മുൻകരുതലുകളും പൾസിൽ ഒരുക്കിയിട്ടുണ്ടെന്നാണു ഫിയറ്റിന്റെ അവകാശവാദം. ഡ്യുവൽ എക്സ്ഹോസ്റ്റ് ആണ് കാറിനു നൽകിയിരിക്കുന്നത്. ഫുൾ ഓപ്ഷനിൽ ഡ്യൂവൽ ടോൺ നിറങ്ങളും ലഭിക്കും.

fiat-pulse

1000 സിസി 3 സിലിണ്ടർ ടർബോ പെട്രോൾ ആയിരിക്കും പൾസിന്റെ പ്രധാന എൻജിൻ. 125 ബിഎച്ച്പി കരുത്ത് ഇതു പറത്തെടുക്കും. സിവിടി ഗീയർബോക്സാണു പരിഗണിക്കുന്നത്. ജീപ്പ് കോംപസിനും റെനഗേഡിനും ചില വിപണികളിൽ നൽകിയിരിക്കുന്ന 1300 സിസി 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ ഉയർന്ന മോഡലിൽ പൾസിനും ലഭിച്ചേക്കും. 150 കുതിരശക്തി ട്യൂണിങ്ങിൽ ഇത് എത്തുമെന്നാണു കരുതുന്നത്. ഇത് ഹൈബ്രിഡ് മോഡൽ ആകുമെന്നും പറയപ്പെടുന്നു. എന്നാൽ ഉറപ്പിച്ചിട്ടില്ല. 2 എൻജിനുകളും ഫിയറ്റിന്റെ ‘ഫയർഫ്ലൈ’ പരമ്പരയിൽപ്പെട്ടതു തന്നെയാണ്. അടിസ്ഥാന മോഡലിൽ 1300 സിസി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും ലഭിച്ചേക്കും. 105 കുതിരശക്തിയായിരിക്കും ഇതു പുറത്തെടുക്കുക.

fiat-pulse-1

10 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ സംവിധാനവും 7 ഇഞ്ച് ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോളും പൾസിന്റെ അകത്തളത്തെ സമ്പന്നമാക്കും. ഡ്രൈവ് മോഡുകൾ മാറുന്നത് അനുസരിച്ച് മീറ്റർ കൺസോളിന്റെ നിറം മാറുന്ന ‘പ്രീമിയം കാർ രീതി’യും ഇതിന്റെ ടോപ് മോഡലിൽ ഇടം പിടിച്ചേക്കും. ചതുരാകൃതിയിലുള്ള എസി വെന്റുകളുടെ രൂപകൽപനയും കൊള്ളാം. 

fiat-pulse-4

എന്നാൽ, 2019ൽ ഫിയറ്റ് ബ്രാൻഡ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ പൾസ് ഇവിടേക്കു വരില്ല. പകരം ഫിയറ്റിന്റെയും ജീപ്പിന്റെയും സിട്രന്റെയും ഒക്കെ മാതൃകമ്പനിയായ സ്റ്റെലന്റിസ് എംഎൽഎ പ്ലാറ്റ്ഫോമിൽ തന്നെ 2 ചെറു എസ്‌യുവികൾ ഇന്ത്യയ്ക്കായി ഒരുക്കുന്നുവെന്നാണു റിപ്പേർട്ടുകൾ. ഒന്ന് സിട്രന്റെ ബ്രാൻഡ് നാമത്തിലും മറ്റൊന്ന് ജീപ്പ് ബ്രാൻഡ് നാമത്തിലും ഇറങ്ങും. ജീപ്പ് റെനഗേഡിന്റെ അവതരണം ഒരു പക്ഷേ ഉണ്ടായേക്കില്ലെന്നു കരുതാനും ഇതൊരു കാരണമാണ്. അതുപക്ഷേ, വാഹനപ്രേമികൾക്കൊരു തിരിച്ചടിയായിരിക്കും.

fiat-pulse-5

ഇന്ത്യൻ വിപണിക്കായി ഒരു 7 സീറ്റർ വാഹനവും ജീപ്പ് ബ്രാൻഡിൽ ഇതേ പ്ലാറ്റ്ഫോമിൽ പുറത്തിറക്കാൻ സ്റ്റെലന്റിസ് ആലോചിക്കുന്നതായി പറയപ്പെടുന്നു. പൾസിന്റെ അവതരണം ആദ്യം ബ്രസീലിൽ ആയിരിക്കും നടക്കുക. ഒക്ടോബർ – നവംബർ മാസങ്ങളിൽ അവതരണവും വില പ്രഖ്യാപനവും പ്രതീക്ഷിക്കാം. ഇറക്കുന്ന എല്ലാ വിപണികളിലും മധ്യവർഗത്തിനു ബോധിക്കുന്ന വിലയായിരിക്കും പൾസിന് ഫിയറ്റ് ഇടുക എന്നതും ഉറപ്പിച്ചു പറയാം. എന്നാൽ, പൾസിന്റെ ഇന്ത്യൻ കസിൻസ് എന്നെത്തും എന്ന കാര്യത്തിൽ സിട്രനൊ ജീപ്പൊ ഇതുവരെ മനസ്സുതുറന്നിട്ടില്ല. 

English Summary: Fiat Pulse Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com