ബെൻസ് എന്ന സ്വപ്നം, ഡ്രൈവിങ് എന്ന സന്തോഷം: വിശേഷങ്ങൾ പങ്കുവച്ച് പൂജിത

poojitha
Poojitha Menon
SHARE

യാത്രകളെ സ്നേഹിക്കുന്ന പൊലെ തന്നെ ഡ്രൈവിങ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നടിയും അവതാരകയുമായ പൂജിത മേനോൻ. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഒക്കെ മാത്രമാണ് ഏറ്റവും ദീർഘമായി സ്വന്തം വണ്ടിയോടിച്ചിട്ടുള്ളൂവെങ്കിലും പൂജിതയുടെ വാഹന സങ്കൽപങ്ങളും ഡ്രൈവിങ് ആറ്റിറ്റ്യൂടുകളും തികച്ചും വ്യത്യസ്തമാണ്. "വണ്ടിയുടെ ടെക്നോളജിയെക്കുറിച്ച് എന്നോട് അധികം ഒന്നും ചോദിക്കരുത്" എന്ന ആമുഖത്തോടെയാണ് പൂ‍ജിതയുടെ ഡ്രൈവിങ് വിശേഷം പങ്കിടൽ.

poojitha-4

ഡ്രൈവിങ് സന്തോഷമാണ്.. ഒരുപാട് ഇഷ്ടമാണ്

ഡ്രൈവ് ചെയ്യാൻ അവസരം കിട്ടിയാൽ ഒരിക്കലും അതു പാഴാക്കാറില്ല. എന്റെ സുഹൃത്തുക്കൾ വാഹനവുമായി വരുമ്പോഴാണെങ്കിലും എന്റെ സ്വന്തം വാഹനത്തിൽ സുഹൃത്തുക്കൾക്കൊപ്പം പോകാനാണെങ്കിലും മിക്കവാറും ഞാനാകും വണ്ടി ഓടിക്കുക. അതിൽപരം ഒരു സന്തോഷം എനിക്കില്ല. കോളജിൽ പഠിക്കുന്ന സമയത്ത് സു‍ഹൃത്തുക്കൾക്കൊപ്പം ഗോ–കാർട്ടിങ്ങിന് പോയ സമയത്താണ് എനിക്ക് ഡ്രൈവിങ്ങിനോട് ഇത്രയും താൽപര്യം തോന്നി തുടങ്ങിയത്. അന്ന് അവിടെ ഡ്രൈവ് ചെയ്ത് ബോയിസിനെ ഉൾപ്പെടെ പൊട്ടിച്ചപ്പോഴാണ് എനിക്ക് ഡ്രൈവിങ്ങിനോട് ഇത്രയും പാഷൻ തുടങ്ങിയത്.

poojitha-3

കോളജിൽ പഠിക്കുമ്പോൾ ലൈസൻസ്, ബെൻസാണ് സ്വപ്നം

ഞാൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ലൈസൻസ് എടുത്തിരുന്നു. പതിനെട്ടാം വയസിലാണത്. തൃശൂരാണ് സ്വദേശം അവിടുന്ന് തന്നെയാണ് ലൈസൻസും എടുത്തത്. എനിക്കിപ്പോൾ സ്വന്തമായുള്ളത് ഹോണ്ട സിറ്റിയാണ്. മെർസിഡീസ് ബെൻസ് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. എന്റെ ഡ്രീം കാർ എതാണെന്ന് ചോദിച്ചാൽ ചിന്തിക്കാതെ തന്നെ മെർസിഡീസ് ബെൻസ് എന്നു ഞാൻ പറയും. ഔഡിയും ജാഗ്വറുമാണ് ഇഷ്ടങ്ങളിൽ കയറിയിരിക്കുന്ന മറ്റ് രണ്ട് വാഹനങ്ങൾ.

ഓട്ടമാറ്റിക് ആണിഷ്ടം

ഓട്ടമാറ്റിക് വണ്ടികൾ ആണ് കൂടുതലിഷ്ടം. മാനുവൽ മോഡിലുള്ള വാഹനങ്ങൾ ഇപ്പോൾ അധികം ഓടിക്കാറില്ലെന്ന് തന്നെ പറയാം. ഓടിക്കാൻ കിട്ടുന്നതിൽ അധികവും ഓട്ടമാറ്റിക് കാറാണ്. കുറേ നാൾ മാനുവൽ മോഡിലുള്ള വണ്ടി ഓടിക്കാതെ സീരിയൽ ഷൂട്ടിനായി ഓടിച്ചപ്പോൾ എട്ടിന്റെ പണികിട്ടി. സീരിയലിലെ സഹതാരം വണ്ടിയിൽ നിന്നിറങ്ങിയിട്ട്, എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ലെന്ന് ഡയറക്ടറിനോട് പറഞ്ഞു. ഒടുവിൽ മാനുവൽ കാർ ഓടിക്കുന്ന സീനൊക്കെ ഡ്യൂപിനെ വച്ചാണ് ഷൂട്ട് ചെയ്തത്. മെർസിഡീസും സുഹൃത്തുക്കളിൽ നിന്ന് വാങ്ങി ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് അതിനോട് ഇത്ര പ്രണയം.

poojitha-life

സ്ത്രീകളുടെ ഡ്രൈവിങ്

സ്ത്രീകളുടെ ഡ്രൈവിങ്ങിനെ പറ്റി പല അപവാദങ്ങളും ഞാൻ കേട്ടിട്ടുണ്ട്. അവരാണ് കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത് എന്നോ, അവർ വണ്ടിയും കൊണ്ടിറങ്ങിയാൻ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുമെന്നൊക്കെ പറച്ചിലുകളുണ്ട്. കുറേ വർഷങ്ങൾക്ക് മുൻപ് വരെ ചില സംഭവങ്ങൾ കാണുമ്പോൾ ഒരു പരിധി വരെ അതൊക്കെ സത്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. എന്നാൽ അതൊക്കെ പഴങ്കഥയാണ്. ഇപ്പോൾ ഡ്രൈവ് ചെയ്യുന്ന സ്ത്രീകളൊക്കെ ആണുങ്ങളെ പോലെ തന്നെ എക്സ്പേർട്ട് ആണെന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളുടെ വാഹനം ഉപയോഗിക്കുന്ന രീതികളിലും മറ്റും വല്ലാതെ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് കളിയാക്കി പറയുന്ന കഥകൾക്കൊക്കെ വിടപറയാം. ഇപ്പോൾ സ്ത്രീകൾ വാഹനമോടിക്കുന്നത് വളരെ ആത്മവിശ്വാസത്തോടെയാണ്. സ്പീഡ്, വണ്ടിയുടെ ബാലൻസ്, മറ്റു കാൽക്കുലേഷനുകളിലെല്ലാം അവർ ഇപ്പോൾ വളരെ മുന്നിലാണ്. വാഹമോടിക്കലിന്റെ കാര്യത്തിൽ സ്ത്രീകൾ കൂടുതൽ സ്മാർട്ടായി എന്നു തന്നെ പറയാം. ആണുങ്ങളിലും മോശം ഡ്രൈവർമാരുടെ എണ്ണം കുറവൊന്നുമല്ല.

E2

പൊലീസ് എന്റെ സുഹൃത്തുക്കൾ

ഡ്രൈവിങ്ങിനിടെ പൊലീസ് ഒരുപാട് പ്രാവശ്യം പിടിച്ചിട്ടുണ്ട്. ഓവർ സ്പീഡ്, മൊബൈലിൽ സംസാരിച്ച് വണ്ടിയോടിക്കൽ എന്നിവയ്ക്കാണ് മിക്കവാറും പെറ്റി കിട്ടാറ്. അതൊരു ക്രെഡിറ്റായി ഞാൻ കാണുന്നില്ല. ചില സമയത്തെ തിരക്കോ മറ്റുമൊക്കെയാണ് ഈ നിയമലംഘനത്തിനൊക്കെ കാരണം. ഒരിക്കൽ വൈറ്റിലയിൽ വച്ച് വളവിൽ അത്യാവശ്യം സ്പീഡിൽ വണ്ടി തിരിച്ചപ്പോൾ പെട്ടെന്ന് മുന്നിൽ രണ്ട് പൊലീസുകാർ. എന്റെ വരവ് കണ്ട് പേടിച്ച ഒരു പൊലീസുകാരൻ ചാടി ജീപ്പിനുള്ളിൽ കയറി. സത്യം പറഞ്ഞാൽ അതു കണ്ട് ചിരിയാണ് വന്നത്, അവർ കൈകാണിച്ചു. ഞാൻ വണ്ടി സൈഡിലൊതുക്കി, വിൻഡോ അൽപമൊന്ന് താഴ്ത്തി. തെറി കിട്ടുമെന്ന് ഉറപ്പായിരുന്നു. പച്ചത്തെറി വിളിച്ചില്ലെങ്കിലും, നമ്മളെ കൊല്ലാൻ വരികയാണോ എന്ന രീതിയിൽ നല്ലതു പറഞ്ഞു. പൊലീസുകാരന്റെ കാലു പിടിച്ചാണ് അന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ടത്.

poojitha-trip3

ടൂവീലർ ഓടിക്കൽ നിർത്തി...

ടൂവീലർ നന്നായി ഓടിക്കും. എന്നാൽ സ്ഥിരമായി ഓടിക്കാറില്ല. കുറേ നാളുകൾക്ക് ശേഷം ഒരു ചിത്രത്തിനു വേണ്ടി വീണ്ടും പ്രാക്ടീസു ചെയ്തതായിരുന്നു. ഓടിച്ചു പോകുമ്പോൾ ഗോവയിൽ വച്ച് ഒരു ആക്സിന്റന്റ് ഉണ്ടായി. ബൈക്ക് വന്ന് എന്റെ ദേഹത്തേക്ക് വീണു. ആറു മാസത്തോളം ഫിസിയോ തെറാപ്പിയൊക്കെയായി കിടപ്പായി പോയി. അതോടെ പിന്നെ ടൂവീലർ ഓടിക്കൽ മതിയാക്കി. പക്ഷേ സൈക്കിളിങ് ക്രെയ്സാണ്, അതിപ്പോഴും എപ്പോഴും.

E4

ദുബായിലും സിംഗപ്പൂരിലും വണ്ടി ഓടിച്ചു

ഇന്റർനാഷനൽ ലൈസൻസ് ഒന്നുമില്ല. പക്ഷേ, ദുബായിലും സിംഗപ്പൂരിലും വണ്ടി ഓടിച്ചിട്ടുണ്ട്. അവിടുത്തെ ലൈസൻസില്ലാതെ ഓടിച്ചാൽ, പിടിച്ചാൽ അകത്തു പോകുന്ന കേസാണ്. പക്ഷേ സേഫായി തോന്നുന്ന സ്ഥലത്ത് എന്റെ ബന്ധുക്കൾ തന്നെ വണ്ടി ഓടിക്കാൻ തന്നതാണ്. ഡ്രൈവിങ്ങിലുള്ള എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ടും ഞാൻ നന്നായി ഓടിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടുമാണ് അവർ അതിന് സമ്മതിച്ചത്. അവിടെ റോഡും വാഹനമോടിക്കുന്ന ആളുകളുമൊക്കെ അത്യാവശ്യം സിസ്റ്റമാറ്റിക്കാണ്. റോഡ് മര്യാദകളൊക്കെ പാലിക്കുന്നവരാണ്. ഇവിടെ അതാണ് കുറവ്. സത്യം പറഞ്ഞാൻ ഇവിടെ വണ്ടി ഓടിക്കാമെങ്കിലും നമ്മുക്ക് എവിടെയും വണ്ടി ഓടിക്കാൻ പറ്റും.

poojitha-trip5

ഷൂട്ടിങ്ങിനിടെ റാഷ് ഡ്രൈവിങ്ങിന് അവസരം കിട്ടി

സീരിയൽ ഷൂട്ടിങ്ങിനിടെ ഒരിക്കൽ എനിക്ക് റാഷ് ഡ്രൈവിങ്ങിന് അവസരം കിട്ടി. അവിടെ ഡ്യൂപ് ഒന്നുമില്ല. വണ്ടി ഓടിക്കാൻ എനിക്ക് ഡ്യൂപിന്റെ ആവശ്യമില്ലല്ലോ. ഔഡി റാഷായി ഓടിക്കുന്ന സീനാണ്. ഞാനാണെങ്കിൽ ഭയങ്കര ഹാപ്പി. റോഡിലിറങ്ങി നമ്മുക്ക് ഇങ്ങനെ ഓടിക്കാൻ പറ്റില്ലല്ലോ? ഞാൻ ഡയറക്ടർ പറഞ്ഞതനുസരിച്ച് വണ്ടി പറ‍‍ത്തി. ആ സീൻ ഗംഭീരമായി. പക്ഷേ, അവിടെ ഉണ്ടായിരുന്ന ക്രൂവെല്ലാം ദൈവത്തെ വിളിച്ചിരിക്കുകയായിരുന്നു. പക്ഷേ, സീരിയലിലെ സീനിന് അതാവശ്യമായിരുന്നു. അതുകൊണ്ട് മാത്രമാണ് ഓഡിയിൽ സാഹസം കാണിക്കാൻ സമ്മതിച്ചത്.

poojitha-trip

മെർസിഡീസിന് കൊടുത്ത പണി

ഞാൻ പറഞ്ഞല്ലോ.. എനിക്ക് വണ്ടിയുടെ ടെക്നോളജിയെ കുറിച്ച് അധികമൊന്നും അറിയില്ല. അതിനുള്ള പണി എനിക്ക് ഇടയ്ക്കൊന്ന് കിട്ടിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനിടെ മെർസിഡീസ് ബെൻസിന് ചെറുതായൊരു പണികൊടുത്തിരുന്നു. എന്റെ അറിവില്ലായ്മ കൊണ്ട് കൂടി സംഭവിച്ചതാണ്. കാറിനുള്ളിലായിരുന്നു ഷൂട്ടിങ്. നമ്മൾ എസി ഓൺ ചെയ്ത് അകത്തിരുന്നു. പക്ഷേ എസിയിൽ നിന്നൊക്കെ ഭയങ്കര ചൂട് കാറ്റാണ് വന്നത്. ഇ ക്ലാസ് വണ്ടിയാണേ.. എന്തോ ആകട്ടെ ചെറിയ കാറ്റു വരുന്നുണ്ടല്ലോ എന്ന് കരുതി അങ്ങനെ തന്നെ ഇരുന്നു.

poojitha-trip1

ഷൂട്ടെല്ലാം കഴി‍ഞ്ഞ് വണ്ടിയുടെ ഓണർ വന്നു ചോദിച്ചു നിങ്ങളിത് എന്ത് പണിയാണ് കാണിച്ചതെന്ന്. അതിലെ എണ്ണ തീർന്നത് കാരണമാണ് എസിയിൽ നിന്ന് ചൂട് കാറ്റ് വന്നതെന്ന്. എന്തായാലും നമ്മളെ കാരണം. ബെൻസിന്റെ എന്തോ ഒരു സാധനം അടിച്ചു പോയി. അതു പണിയാൻ അവർക്ക് 60000 രൂപയിലധികം ചെലവായി.

E3

ഡ്രൈവിങ് ഒരു അനുഗ്രഹമാണ്, ആവശ്യമാണ്

എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ള ഒറ്റ കാര്യം ഡ്രൈവിങ് ഉറപ്പായും നല്ല രീതിയിൽ പഠിച്ചിരിക്കണം. എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കാൻ ശ്രമിക്കരുത്. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് അതൊരു ആവശ്യമാണ്.

English Summary: Poojitha Menon About Her Dream Car and Driving Experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA