കറന്റടിക്കും, നോക്കിക്കോ; ഇലക്ട്രിക് മാറ്റി മറിക്കുന്ന 5 കാര്യങ്ങൾ

electric-car
Electric Car
SHARE

ഇലക്ട്രിക് വാഹനയുഗത്തിൽ ഓല സ്കൂട്ടർ പുത്തൻ വിപ്ലവം തീർത്താൽ പിന്നാലെയെത്തുന്നത് വൻ മാറ്റങ്ങൾ. രണ്ടു ചക്രത്തിൽനിന്നു നാലു ചക്രത്തിലേക്കും അവിടെനിന്നു പതിയെ മുകളിലേക്കും വ്യാപിക്കുന്ന ഇലക്ട്രിക് സംസ്കാരം വാഹനങ്ങളെപ്പറ്റിയുള്ള നമ്മുടെ ധാരണകളെയും നൂറ്റാണ്ടുകളായി ആന്തര ദഹന യന്ത്രങ്ങൾ സൃഷ്ടിച്ചെടുത്ത സംസ്കാരങ്ങളെയും ശീലങ്ങളെയുമൊക്കെ മാറ്റിമറിക്കും. പെട്രോൾ പമ്പും വർക്ക് ഷോപ്പും ഡീലർഷിപ്പുമൊക്കെ മൊബൈൽ മണിക്കും ആപ്പിനും വെർഷൻ അപ്ഡേറ്റിനുമൊക്കെ വഴിമാറിയേക്കാം. ഡീലർഷിപ്പിൽനിന്ന് കാർ വാങ്ങുന്നതിനു പകരം ഓൺലൈൻ ഡെലിവറി എടുക്കുന്നതും സർവീസിനു പകരം വീട്ടിലിരുന്നു വെർഷൻ അപ്ഡേറ്റ് ചെയ്യുന്നതും തുച്ഛമായുള്ള മൂവിങ് പാർട്സുകൾക്ക് ഓയിലിടാനും സർവീസ് തരാനും ടെക്നീഷ്യൻ വീട്ടിലെത്തുന്നതും ചായ കുടിക്കാനിറങ്ങുമ്പോൾ ചാർജിങ്ങിനു കുത്തിയിടുന്നതും സൂര്യശക്തികൊണ്ടു മാത്രം വാഹനം ചലിക്കുന്നതുമടക്കം ലളിതസുന്ദരമായ മോട്ടറിങ് ദിനങ്ങൾ വരാനിരിക്കുന്നു.

gustave-trouves-personal-electric-vehicle--1881
Gustave Trouvé's personal electric vehicle (1881), world's first full-scale electric car to be publicly presented, Source: Jacques CATTELIN

ആദ്യം പിറന്നത് ഇലക്ട്രിക്

നമ്മുടെയൊക്കെ ധാരണകൾക്കു വിപരീതമായി ഇലക്ട്രിക് വാഹനങ്ങൾക്കാണ് ആന്തരദഹന വാഹനങ്ങളെക്കാൾ ചരിത്രം. 1828 ൽ ഹംഗറിയിൽ അന്യോസ് ജെദ്‌ലിക് വൈദ്യുതിയിൽ ചലിക്കുന്ന ആദ്യകാർ നിർമിച്ചതായി രേഖയുണ്ട്. പിന്നീട് സമാന കാലഘട്ടത്തിൽ യൂറോപ്പിൽ പരക്കെ അനേകം ഇലക്ട്രിക് വാഹനങ്ങൾ രൂപകൽപന ചെയ്യപ്പെട്ടു, സ്കോട്‌ലൻഡുകാരനായ റോബർട്ട് ആൻഡേഴ്സൻ 1832 മുതൽ കുറേയറെ വർഷങ്ങൾ പ്രായോഗികമായ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കി. ഇലക്ട്രിക് ട്രെയിനുകളും ട്രാമുകളുമൊക്കെ ഏതാണ്ട് അന്നത്തെ സാങ്കേതികതയിൽത്തന്നെ ഇന്നും പഴമയുള്ള യൂറോപ്യൻ നഗരങ്ങളിൽ ഓടുന്നു.

thomas-parker-electric-car-1895
Early electric car, built by Thomas Parker, photo from 1895

റേഞ്ച് ഔട്ട്

‍ഡെയിംലറിന്റെ ആദ്യ ആന്തരദഹന കാറിനു പിന്നാലെ വ്യവസായം അങ്ങോട്ടു വഴിതിരിഞ്ഞിട്ടും ഇലക്ട്രിക് വാഹനങ്ങൾ പിടിവിട്ടില്ല. സമാന്തരമായി നീങ്ങി. പെട്രോൾ കാറുകളെ എല്ലാ അർഥത്തിലും പിന്തള്ളുന്ന ഇത്തരം കാറുകൾ അന്യം നിന്നു പോകാനുള്ള മുഖ്യകാരണം ഇപ്പോഴുള്ള പ്രശ്നം തന്നെ– റേഞ്ച്. പത്തൊൻപതാം നൂറ്റാണ്ടോടെ ലോകത്ത് മികച്ച റോഡുകളും മറ്റ് സൗകര്യങ്ങളും എത്തിയതോടെ കാറുകൾക്ക് നഗരം വിട്ട് കൂടുതൽ ദൂരേക്ക് ഓടേണ്ടി വന്നു. ഇലക്ട്രിസിറ്റി എത്താത്ത പ്രദേശങ്ങളിൽ ചാർജിങ് സൗകര്യം അന്യമായതോടെ ഇലക്ട്രിക് നഗരങ്ങളിലേക്കു ചുരുങ്ങി. പിന്നീട് പെട്രോൾ, ഡീസൽ കാറുകളുടെ തള്ളലിലും അവയുടെ വ്യാവസായിക സമവാക്യങ്ങളിലും ഇലക്ട്രിക് ഏതാണ്ട് നാമാവശേഷമായി. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗങ്ങളിലൊന്ന് പെട്രോളും ഡീസലും വിറ്റുകിട്ടുന്ന നികുതിയായിരിക്കുമ്പോൾ ഇലക്ട്രിക്കുകളെ ആരു പരിപോഷിപ്പിക്കാൻ...

electric-car-1

ഹൈവേ ഇലക്ട്രിക് കാർ

എല്ലാ കാലഘട്ടത്തിലും ഇലക്ട്രിക് കാറുകൾ ചെറിയൊരു അരുവിയായി ആന്തരദഹന സമുദ്രത്തിനു വശത്തു കൂടി ഒഴുകിയെങ്കിലും രണ്ടായിരത്തോടെയാണ് കൂടുതൽ റേഞ്ചും ആധുനികതയുമൊക്കെയുള്ള ഇലക്ട്രിക്കുകൾ ജനിക്കുന്നത്. സെമി കണ്ടക്ടർ മേഖലയിലും ലിതിയം അയൺ ബാറ്ററി നിർമാണത്തിലുമുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണ് ഇലക്ട്രിക് കാറുകളുടെ തിരിച്ചു വരവിനു കാരണം. ഈ സാങ്കേതിക തള്ളലിൽ ഒറ്റ ചാർജിങ് കൊണ്ട് ആയിരം കിലോമീറ്ററിലധികം ഓടാനാവുന്ന ഇലക്ട്രിക് കാറുകൾ ഇന്നു പ്രായോഗികമാണ്. സോണി, അസാഹി കസേയ്, മിത്‌സുബിഷി, നിസ്സാൻ, പെഷൊ, സിട്രോൺ, ടെസ്‌ല എന്നിങ്ങനെ കേട്ടിട്ടുള്ളതും അല്ലാത്തതുമായ കുറേ കമ്പനികൾ ഇലക്ട്രിക്കിന് വേഗം കൂട്ടി. ഇന്നിപ്പോൾ ഏതാനും ചെറിയ തടസ്സങ്ങൾ കൂടി മറികടന്നാൽ ഇലക്ട്രിക്കുകൾ സാധാരണ കാറുകളെ എല്ലാ അർഥത്തിലും പിന്തള്ളും.

tesla-roadster
Tesla Roadster

സമൂല മാറ്റത്തിനു തുടക്കം

എന്തൊക്കെ മാറ്റങ്ങളായിരിക്കും ഇലക്ട്രിക് കാറുകൾ വാഹന രംഗത്തു വരുത്തുക? അലകും പിടിയും മാറ്റും എന്നു തന്നെ പറയേണ്ടിവരും. കാലത്തിനൊത്ത് ഉയരാത്ത പരമ്പരാഗത സ്ഥാപനങ്ങൾ മണ്ണടിയുന്നതു മുതൽ ഓല പോലെയുള്ള സ്റ്റാർട്ടപ്പുകൾ കത്തിക്കയറുന്നതു വരെ നാം കാണേണ്ടിവരും. പരിസ്ഥിതി മലിനീകരണമില്ലാത്ത നഗരങ്ങളും സൂര്യശക്തിയിൽ പൂജ്യം മുതൽമുടക്കിൽ വാഹനങ്ങൾ ഓടുന്നതും വീടും കാറും വീട്ടിലെ എല്ലാ ഉപകരണങ്ങളും വിരൽത്തുമ്പിൽ നിയന്ത്രിക്കപ്പെടുന്നതും നിയന്ത്രണങ്ങളും നിരോധനങ്ങളും സുഗമമായി നടപ്പാക്കപ്പെടുന്നതും കാണാം. ഇലക്ട്രിക് വാഹനങ്ങളോടെ സമൂല മാറ്റങ്ങൾ വരുന്ന 5 മേഖലകൾ ഇതാ.

electric-car

ഒന്ന്: ഇന്ധന സ്റ്റേഷൻ

ഇന്നത്തെപ്പോലെയുള്ള പെട്രോൾ സ്റ്റേഷനുകൾക്ക് സാങ്കേതികമായി ഇനി പ്രസക്തിയില്ല. വാഹനം പ്രധാനമായും ചാർജ് ചെയ്യപ്പെടുന്നത് വീടുകളിലും ഒാഫിസുകളിലും വലിയ യാത്രകൾക്ക് ഇടവേള തീർക്കുന്ന റസ്റ്ററന്റുകളും മറ്റിടങ്ങളിലുമായിരിക്കും. ഇവിടങ്ങൾ ക്വിക് ചാർജിങ് സ്റ്റേഷനായി മാറും. ചായ കുടിച്ച് ഇറങ്ങുമ്പോൾ വണ്ടി ഫുൾ ചാർജ്. പണം ഫാസ്ടാഗ് പോലെയുള്ള സംവിധാനങ്ങളിൽനിന്ന് ഈടാക്കും. പെട്രോളും ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാര തുകയേ വരൂ.

electric-car-2

രണ്ട്: ഡീലർഷിപ്, സർവീസ്

സാങ്കേതികമായി പ്രസക്തിയില്ലാതെയാകും. ഒാല അനുവർത്തിച്ചതുപോലെ ഇന്റർനെറ്റ് വഴിയാകും ബുക്കിങ്. ടെസ്റ്റ്ഡ്രൈവിനും ഡിസ്പ്ലെയ്ക്കും മാത്രമായി പരിമിത സൗകര്യങ്ങളുള്ള ഡീലർഷിപ്പുകൾ വേണ്ടി വന്നേക്കും. ആന്തര ദഹന എൻജിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ചലിക്കുന്ന ഘടകങ്ങൾ കുറവായതിനാൽ കാര്യമായ സർവീസിങ് ആവശ്യമില്ല. ആറു മാസം കൂടുമ്പോൾ ചെയ്യേണ്ട സർവീസ് വീട്ടിൽ വന്നു ചെയ്യാവുന്നതേയുള്ളൂ. വാട്ടർ പ്യൂരിഫയറിന്റെ ഫിൽറ്റർ കാലാകാലങ്ങളിൽ മാറുന്നതുപോലെ ലളിതമായ സംവിധാനം. വലിയ അറ്റകുറ്റപ്പണികൾക്കും ആക്സിഡന്റ് റിപ്പയറിനും മാത്രമേ സർവീസ് പോയിന്റ് ആവശ്യമുള്ളൂ.

tesla-model-s

മൂന്ന്: എല്ലാം ആപ്പിലാകും

വാഹനവും വീടും ഗൃഹോപകരണങ്ങളുമെല്ലാം ഒരൊറ്റ മൊബൈൽ ആപ് കൊണ്ട് നിയന്ത്രിക്കാം. റിമോട്ട് സ്റ്റാർട്ടിങ്ങും എ സി ഒാണാക്കി വയ്ക്കലും സർവീസ് റിമൈൻഡറും എല്ലാം ആപ് നിയന്ത്രിക്കും. ഗൃഹോപകരണങ്ങളുമായി ലിങ്ക് ചെയ്യാവുന്നതിനാൽ പച്ചക്കറിയും അവശ്യസാധനങ്ങളും തീർന്നാൽ കടയുടെ സമീപത്തെത്തുമ്പോൾ കാർ അലേർട്ട് തരുന്ന കാലം വിദൂരമല്ല. ഓടിക്കുന്നയാളുടെ സൗകര്യങ്ങൾ ഓർത്തു വച്ച് ക്രമീകരണം നടത്തും. എന്നു വേണ്ട, എല്ലാം കിടിലൻ.

tesla-model-s-1

നാല്: നിയമം ലംഘിക്കാനാവില്ല

നിയമ പാലകർ പിടി മുറുക്കിയാൽ നിയമലംഘനം നടക്കില്ല. വേഗപരിധി ലംഘിച്ചാലും ട്രാക്ക് മാറി ഓടിയാലും അപകടമുണ്ടാക്കിയാലും പിടിവീഴും. ഫൈൻ പെരുകിയാൽ വണ്ടി സ്റ്റാർട്ടാകാത്ത അവസ്ഥയും ഫാസ്ടാഗിൽനിന്ന് സ്വയം ഫൈൻ ഈടാക്കുന്ന സ്ഥിതിയും വന്നേക്കാം.

solar-charging-station

അഞ്ച്: സൂര്യൻ വക സൗജന്യയാത്ര

സോളാർ യൂണിറ്റുകൾ വ്യാപകമാകും. 3–5 കിലോവാട്ട് വരെയുള്ള ഓൺ ഗ്രിഡ് സംവിധാനമുണ്ടെങ്കിൽ എ സികൾ അടക്കമുള്ള വീട്ടിലെ സൗകര്യങ്ങളും പാചകവും കാർ ചാർജിങ്ങും സൗജന്യമായി നടക്കും. 4 ലക്ഷം രൂപ വരെ മുടക്കുമുതൽ വരുന്ന ഇത്തരം സംവിധാനം വന്നാൽ കിട്ടുന്ന ദീർഘകാല ലാഭം പരിഗണിച്ചേ പറ്റൂ. പ്രത്യേകിച്ച് പാചക വാതകത്തിനും വൈദ്യുതിക്കും ഇന്ധനത്തിനുമൊക്കെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ. മാറ്റം വരും, തീർച്ച.

English Summary: Future Changes In Electric Car Segments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA