ബുക്കിങ് കുതിച്ചു, കാർ കിട്ടാൻ 2022 വരെ കാത്തിരിക്കണോ? ഓഫറുകളും കുറയും!

car-showroom
ClassicVector/Shutterstock
SHARE

രാജ്യത്ത് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന ഉത്സവകാലത്ത് ഉൽപാദനം വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിരിക്കുകയാണ് കാർ നിർമാതാക്കൾ. കാർ നിർമാണത്തിലെ പ്രധാന ഘടകമായ സെമികണ്ടക്ടറുകളുടെ ക്ഷാമം കൂടുതൽ രൂക്ഷമായത് വാഹനനിർമാതാക്കളെ ചില്ലറയല്ല വലയ്ക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയിലും വിപണിയിൽനിന്നു ശക്തമായ ആവശ്യം തുടരുമ്പോൾ, അതു മുതലെടുക്കാനാകാതെ പ്രതിസന്ധിയിലാണ് നിർമാതാക്കൾ. കൂടാതെ സെമികണ്ടക്ടർ നിർമാണം നടക്കുന്ന പ്രധാന രാജ്യമായ മലേഷ്യയിൽ കോവിഡിനെ തുടർന്ന് ഫാക്ടറികൾ അടച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 

ഇതോടെ വാഹനം ബുക്ക് ചെയ്തിരിക്കുന്നവരുടെ കാത്തിരിപ്പ് മാസങ്ങളോളം നീളുമെന്ന് ഉറപ്പായി. സെപ്റ്റംബറിലെ ഉൽപാദനത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 37 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് വാഹനനിർമാതാക്കളുടെ കണക്കൂകൂട്ടൽ. ഓഗസ്റ്റിലെ കാർ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ടെങ്കിലും തൊട്ടുമുൻപത്തെ മാസത്തെ അപേക്ഷിച്ചു കുറഞ്ഞു. 2,64,442 യൂണിറ്റ് കാറുകൾ ജൂലൈയിൽ വിറ്റപ്പോൾ ഓഗസ്റ്റിൽ വിറ്റത് 2,46,096 യൂണിറ്റുകൾ മാത്രം. 

കാർ ബുക്കിങ്ങിൽ വൻ വർധന

സാധാരണഗതിയിൽ ഇന്ത്യയിലെ ഉത്സവ സീസൺ കച്ചവടങ്ങളുടെ കൊടിയേറ്റം നടക്കുക കേരളത്തിലെ ഓണക്കാലത്താണ്. എന്നാൽ ഓണവിപണി സജീവമാകേണ്ടിയിരുന്ന ഓഗസ്റ്റ് മാസത്തെ കച്ചവടം കുറഞ്ഞതിന്റെ പ്രധാനകാരണവും ചിപ്പ് ക്ഷാമം തന്നെ. ഈ പ്രത്യേക സാഹചര്യത്തിൽ ദീപാവലി, നവരാത്രി കാലത്ത് പരമാവധി വാഹനങ്ങൾ ഡീലർമാരിലേക്ക് എത്തിക്കാൻ പുതിയ കർമപദ്ധതികളും വാഹന നിർമാതാക്കൾ ആവിഷ്കരിച്ചിട്ടുണ്ട്. കാത്തിരിപ്പു കാലാവധി കൂടിയിട്ടു പോലും മിക്കവാറും കമ്പനികൾക്കു കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ബുക്കിങ്ങിൽ മികച്ച വളർച്ചയുണ്ട്. 

രാജ്യത്ത് ആകമാനം പുതിയ കാറുകൾക്കായുള്ള ബുക്കിങ് 4–5 ലക്ഷം ആയി ഉയർന്നിരിക്കുകയാണ്. മാരുതി സുസുക്കിക്കു മാത്രം ഒന്നരലക്ഷത്തോളം ബുക്കിങ് കൊടുത്തു തീർക്കാനുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അടക്കം ആധുനിക സൗകര്യങ്ങൾ കൂടുതലുള്ള ഉയർന്ന വേരിയന്റുകൾക്കാണ് ബുക്കിങ് കാലാവധി കൂടുതൽ. ചിപ്പുകൾ ഇവയ്ക്കു കൂടുതലായി വേണ്ടിവരുന്നതാണു കാരണം. ഏഴും എട്ടും മാസം വരെയാണ് പല മോഡലുകളുടെയും കാത്തിരിപ്പു കാലാവധി. അടിസ്ഥാനമോഡലുകൾക്കും കുറ​ഞ്ഞത് ഒന്നര മാസത്തെ കാത്തിരിപ്പ് ഇപ്പോൾ വേണ്ടിവരുന്നുണ്ട്. ഉത്സവസീണിലെ പ്രധാന മാസമായ സെപ്റ്റംബറിൽതന്നെ ഉൽപാദനം കുറയ്ക്കാനുള്ള കമ്പനികളുടെ തീരുമാനം വന്നതോടെ ഉത്സവകാലത്തു ബുക്ക് ചെയ്യുന്ന വാഹനങ്ങൾ കയ്യിൽ കിട്ടാൻ 2022 എങ്കിലുമാകുമെന്നു വാഹനവിപണന മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. 

ഈ മാസം ഉൽപാദനത്തിൽ ഒരു ലക്ഷം യൂണിറ്റിന്റെ കുറവ്

സെപ്റ്റംബറിൽ ആകെ പാസഞ്ചർ വാഹന ഉൽപാദനത്തിൽ ഒരു ലക്ഷം യൂണിറ്റിന്റെ കുറവെങ്കിലും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമാവധി രണ്ടു ലക്ഷം വാഹനങ്ങൾ മാത്രമാകും ഉൽപാദിപ്പിക്കുക. കമ്പനികൾക്കുണ്ടാകുക 1000 കോടി ഡോളറിന്റെയെങ്കിലും വരുമാനനഷ്ടവും. നിലവിൽ ഈ മേഖലയുടെ വരുമാനത്തിന്റെ നാലു ശതമാനം വരുമിത്. കോവിഡ് ലോക്ഡൗൺ ഒഴിച്ചുനിർത്തിയാൽ ഒരു പതിറ്റാണ്ടിനിടെ ഉൽപാദനത്തിൽ കമ്പനികൾ ഇത്രയും കുറവു വരുത്തുന്നത് ഇതാദ്യമാണ്.

ലഭ്യമായ ഇടങ്ങളിൽനിന്ന്, ഉയർന്ന വില നൽകിയാണ് വാഹനനിർമാതാക്കൾ ചിപ്പുകൾ ഇപ്പോൾ വാങ്ങിക്കുന്നത്. ആവശ്യക്കാർ പതിവിലും കൂടുതലായിട്ടും വാഹനം നൽകാനാകാതെ വന്നത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുടെ ആഭ്യന്തര വിൽപനയിൽ ഓഗസ്റ്റിൽ 6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടാക്കിയത്. അതേ സമയം മൊത്തം വിൽപന 5 ശതമാനം ഉയർന്നു. മാരുതി സുസുക്കി അവരുടെ ഉൽപാദനം സെപ്റ്റംബറിൽ 40 ശതമാനമാക്കി കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ഒരാഴ്ച ഫാക്ടറി അടച്ചിടേണ്ടി വരുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്.

ഉൽപാദനം കുറയ്ക്കുമെന്നു ടാറ്റ അറിയിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രമായിരിക്കുമെന്ന് സൂചനയില്ല. രാജ്യത്തെ ആകെ കാർവിൽപനയുടെ 65 ശതമാനം ഈ മൂന്നു കമ്പനികളുടേതാണ്. എന്നാൽ ഏറ്റവും പുതിയ എക്സ്‌യുവി 700 ഉൽപാദനം മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. കമ്പനിയുടെ ഹോട്സെല്ലിങ് മോഡലായ താറിന് ഇപ്പോൾതന്നെ പത്തു മാസം വരെയാണ് കാത്തിരിപ്പു കാലാവധി. കൊടുത്തുതീർക്കാനുള്ള ബുക്കിങ് 39,000 ഉണ്ട്. അതേസമയം ചിപ്പ് ക്ഷാമം മൂലം ഉൽപാദനത്തിൽ ഏതെങ്കിലും നിയന്ത്രണം വരുത്തുന്നതു സംബന്ധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ വാഹനനിർമാതാക്കളായ ഹ്യുണ്ടേയുടെ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. സ്വന്തം വാഹനങ്ങളിൽ ഉപയോഗിക്കാനുള്ള ചിപ്പുകൾ ഹ്യുണ്ടേ കൊറിയയിൽ സ്വയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത വർഷമിറങ്ങുന്ന അയോനിക് 6 എന്ന ഇലക്ട്രിക് കാറിൽ ഇത് ഉപയോഗിക്കുമെന്നും വാർത്തകളുണ്ട്. 

ഓഫറുകൾ കുറയും; പക്ഷേ, പലിശ നിരക്ക് ആകർഷകം

ഉൽപാദനം കുറയുകയും ആവശ്യം ഇനിയും കൂടുകയും ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് വരുംമാസങ്ങളിൽ വലിയ വിലക്കിഴിവുകളും സൗജന്യങ്ങളും കിട്ടാനിടയില്ല. അതേസമയം രാജ്യത്ത് വാഹന വായ്പാ പലിശയിൽ കുറഞ്ഞ നിരക്ക് തുടരുന്നതിനാൽ തവണവ്യവസ്ഥയിൽ വാഹനം വാങ്ങുന്നവർക്ക് ഗുണകരമായിരിക്കും. 6.8 ശതമാനം പലിശനിരക്കു മുതൽ വാഹന വായ്പ കിട്ടും (പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്). 

English Summary: Global Semiconductor Shortage's Impact on Indian Car Market Continues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA