ഫോഡ്, ജിഎം... ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങിയ വാഹന നിർമാതാക്കൾ

ford-gm
SHARE

ഇന്ത്യൻ വിപണിയിൽ നിന്ന് പടിയിറങ്ങുന്ന വാഹന നിർമാതാക്കളുടെ നിര വർദ്ധിക്കുകയാണ്. വാഹന വില്‍പന മികച്ച നേട്ടത്തിലെത്തിയിട്ടും ജനമനസുകളിൽ സ്ഥാനം നേടിയിട്ടും തങ്ങളുടെ നില ഭദ്രമാക്കാനാവാതെ ഫോഡ് ഇന്ത്യയിലെ നിർമാണം അവസാനിപ്പിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ വിറ്റുകൊണ്ട് ഇന്ത്യൻ വിപണിയിലെ സാന്നിധ്യം നിലനിർത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് നാമമാത്രമായി ചുരുങ്ങും. ഫിഗോയും ആസ്പെയറും ഇക്കോസ്പോർട്ടും എൻ‍ഡെവറും അടക്കം മികച്ച വാഹനങ്ങളാണ് നഷ്ടങ്ങളുടെ പട്ടികയിൽ. 2017 ൽ ഇന്ത്യൻ പ്രവർത്തനം അവസാനിപ്പിച്ച ജനറൽ മോട്ടോഴ്സ് ഇക്കാര്യത്തിൽ ഫോഡിന്റെ മുൻഗാമിയാണ്. ഇവർമാത്രമല്ല പ്രതിസന്ധികൾക്ക് ഒടുവിൽ പ്രവർത്തനം അവസാനിപ്പിച്ച ഒരു പിടി വാഹന നിർമാതാക്കളുണ്ട് ഇന്ത്യൻ വിപണിയിൽ. അവർ ആരൊക്കെയെന്ന് നോക്കാം.

സിപാനി മോട്ടോഴ്സ്

റോവാൻ അറ്റ്കിൻസണിന്റെ മിസ്റ്റർ ബീനിലെ മൂന്നു വീലൻ കാർ ഓർമയില്ലേ. എന്നാൽ അത്തരം കാർ ബ്രിട്ടനിൽ മാത്രമല്ല ഇന്ത്യയിലും ഇറങ്ങിയിട്ടുണ്ട്, ബെംഗളൂരു ആസ്ഥാനമായുള്ള കാർ കമ്പനിയായ സിപാനി മോട്ടോഴ്സിലൂടെ. ബ്രിട്ടീഷ് കാറായ ബാദലായിരുന്നു സിപാനിയുടെ പ്രചോദനം.1973ൽ ആരംഭിച്ച കമ്പനിയിൽ നിന്ന് പിന്നീട് ഫൈബർ ഗ്ളാസ് ബോഡിയുള്ള സബ് കോംപാക്ട് വാഹനങ്ങളാണ് നിർമിച്ചത്. സിപാനി ഡോൾ‌ഫിൻ എന്ന വാഹനമാണ് ഇക്കൂട്ടത്തിൽ പ്രശസ്തമായത്. മാരുതിയുടെ വരവോടെ ഈ മോഡലുകൾ ആർക്കും വേണ്ടതായി. വീണ്ടും ചില മോഡലുകൾ ഇറക്കിയെങ്കിലും വിജയിക്കാനായില്ല. 50ൽ താഴെ വിറ്റു വരവ് വന്നതോടെ 1995ൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു.

sipani
Sipani Montana

സ്റ്റാൻഡേർഡ് 

ചെന്നൈ ആസ്ഥാനമാക്കി 1949 മുതൽ 88 വരെ പ്രവർത്തിച്ച വാഹന നിർമാതക്കളാണ് സ്റ്റാൻഡേർഡ് മോട്ടോർ പ്രോഡക്റ്റ്സ്. ഈ കാലയളവിൽ സ്റ്റാൻഡേർഡ് വിവിധ മോഡലുകൾ പുറത്തിറക്കി. ഒരു കാലത്ത് സ്റ്റാൻഡേർഡ് കാറുകൾ ഇന്ത്യയിലെ ജനപ്രിയ വാഹനമായിരുന്നു. ഹെറാൾഡ് ആയിരുന്നു അക്കൂട്ടത്തിലെ സൂപ്പർ താരം. ബ്രിട്ടീഷ് പാർട്സുമായാണ് ആദ്യം പുറത്തിറങ്ങിയതെങ്കിലും 1965 ആയപ്പോഴേക്കും എൻജിനും ഗിയർ ബോക്സുമെല്ലാം മെയ്ഡ് ഇൻ ഇന്ത്യനായി. നിലവാരക്കുറവും വിലയും അതോടൊപ്പം മൈലേജിനെക്കുറിച്ചുണ്ടായ വിവാദങ്ങളും ചേർന്നപ്പോള്‍ കമ്പനിക്ക് ഷട്ടർ വീണു.

standard-herald
Standard Herald

ദേ‌യ്‌വു

ഇന്ത്യൻ ചെറുകാർ വിപണിയിലേക്ക് ഒരു തരംഗമായി വന്നെത്തിയ കൊറിയൻ വാഹന നിർമാതാക്കളാണ് ദേയ്‌വു. ഹ്യൂണ്ടായ് സാൻട്രോ, മാരുതി 800 എന്നിവയുടെ എതിരാളിയായി 1998 ൽ ദേയ്‌വു പുറത്തിറക്കിയ വാഹനമായിരുന്നു മാറ്റിസ്. പ്രീമിയം കാറായിരുന്ന സീലോയും മാരുതിയോട് മത്സരിക്കാനെത്തിയ മാറ്റിസുമെല്ലാം വിപണിയിൽ പ്രധാനികളായി. പക്ഷേ പുറത്തിറങ്ങി കുറച്ചുനാൾക്കൊണ്ട്  തന്നെ മാറ്റിസ് ഹിറ്റായെങ്കിലും ദേയ്‌വുവിന് ആ വിജയം മുന്നോട്ടുകൊണ്ടുപോകായില്ല. ജനറൽ മോട്ടോഴ്‌സ് എറ്റെടുത്തതിന് ശേഷം ഷെവർലെ സ്പാർക്കായി ഇന്ത്യയിലെത്തിയത് മാറ്റിസിന്റെ രണ്ടാം തലമുറയാണ്. 2002 ല്‍ ജനറൽ മോട്ടോഴ്സ് ഏറ്റെടുത്തതോടെ ഇന്ത്യയിൽ ദേയ്‌വു യുഗത്തിന് അവസാനമായി.

daewoo-matiz
Daewoo Matiz

പെഷൊ

തൊണ്ണൂറുകളിൽ ആഗോള ബ്രാൻഡുകൾക്കായി ഇന്ത്യൻ വിപണിയുടെ കവാടം തുറന്നു കൊടുത്തപ്പോൾ ആദ്യമെത്തിയ വാഹന നിർമാതാക്കളിലൊന്നാണ് ഫ്രഞ്ച് കമ്പനിയായ പെഷൊ. പ്രീമിയറുമായി സഹകരിച്ചായിരുന്നു വാഹന വിൽപന. പക്ഷേ പ്രീമിയർ കമ്പനിയിലെ തൊഴിലാളി സമരം മൂലം സഹകരണം അവസാനിപ്പിച്ച് പെഷോ രാജ്യം വിടുകയായിരുന്നു. 1997ൽ രാജ്യം വിട്ട പിഎസ്എ ഗ്രൂപ്പ് സിട്രോണുമായി വീണ്ടും ഇന്ത്യൻ വിപണിയിൽ അരങ്ങേറിയത് അടുത്തിടെയാണ്. 

peaguot-309
Peugeot 309

ഹിന്ദുസ്ഥാൻ മോട്ടോഴ്സ്

ഒരു കാലത്ത്‌ ഇന്ത്യയിൽ സാധാരണക്കാരന്റെ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനമായിരുന്നു അംബാസഡർ കാർ. മോറിസ് ഒാക്സ്ഫോഡ് സീരിസിനെ അടിസ്ഥാനമാക്കി 1958ൽ ബിർളാ ഗ്രൂപ്പാണ് അംബാസിഡർ കാറുകളുടെ ഉൽപാദനം ആരംഭിച്ചത്. മാരുതി 800 ന്റെയും വിദേശ മോഡലുകളുടെയും വരവ് അംബാസിഡറിന് തിരിച്ചടിയായി. 2014 മേയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പ്രവർത്തനം അവസാനിച്ചു. അംബാസഡർ കാറിന്റെ വ്യാപാര നാമം നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോഴ്സ്‌ ഫ്രഞ്ച് കമ്പനിയായ പ്യൂഷോയ്ക്ക് കൈമാറി.

ambassador
Hindustan Motors Ambassador

മിറ്റ്സുബിഷി

ഹിന്ദുസ്ഥാൻ മോട്ടോഴ്സുമായി സഹകരിച്ച് 1998 ലാണ് മിറ്റ്സുബിഷി ഇന്ത്യയിലെത്തുന്നത്. ലാൻസറും പജീറോയുമെല്ലാം ഒരു കാലത്ത് ഇന്ത്യക്കാരുടെ പ്രിയ വാഹനങ്ങളായിരുന്നു. പിന്നീട് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ പ്രതിസന്ധികൾ മിറ്റ്സുബിഷിയേയും ബാധിച്ചു എന്നു വേണം കരുതാൻ. 2012 ൽ പജീറോയുടെ പുതിയ മോഡൽ സ്പോർട്ടും 2018 ല്‍ ഔട്ട്‌ലാൻഡറും പുറത്തിറക്കി. ഡീലർഷിപ്പുകളുടേയും സർവീസ് പോയിന്റുകളുടേയും അഭാവം ഉപഭോക്താക്കളെ മിറ്റ്സുബിഷിയിൽ നിന്ന് അകറ്റി.  ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും കമ്പനി ഏകദേശം പ്രവർത്തനം അവസാനിപ്പിച്ച മട്ടാണ്.

ഓപ്പൽ, ജനറൽ മോട്ടോഴ്സ്

സ്വാതന്ത്രത്തിന് മുന്നേ തന്നെ ഇന്ത്യയിൽ ജനറൽ മോട്ടോഴ്സിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ പഴയ തലമുറയ്ക്കു ജിഎം കാറുകൾ സുപരിചിതമാണ്. ജിഎമ്മിന്റെ ഷെവർലെ കാറുകളും ബെഡ്ഫോഡ് ട്രക്കുകളും ബസുകളുമൊക്കെ 1920 കളില്‍ത്തന്നെ ഇന്ത്യൻ നിരത്തുകളിലെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ വാഹന നിർമാണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറ്റു വിദേശ കമ്പനികൾക്കൊപ്പം ജിഎമ്മും ഇന്ത്യ വിടുന്നതിന് കാരണമായി. 1994ൽ ആണ് രണ്ടാം വരവ്. അന്നു ഹിന്ദുസ്ഥാൻ മോട്ടോഴ്സുമായി തുടങ്ങിയ പങ്കാളിത്തം അ‍ഞ്ചു വർഷമേ നീണ്ടുള്ളു. 1999 മുതൽ ജിഎം സ്വതന്ത്രമായി പ്രവർത്തനം തു‍ടങ്ങി.

opel-astra-old

ജിഎമ്മിന്റെ തന്നെ കമ്പനിയായ ഒാപ്പലിന്റെ മോഡലുകളുമായാണ് വിപണി പിടിക്കാൻ തുടങ്ങിയത്. ഓപ്പൽ ആസ്ട്രയായിരുന്നു ആദ്യ മോഡൽ. തുടർന്ന് ഓപ്പലിന്റെ തന്നെ കോഴ്സയും അതിന്റെ വകഭേദങ്ങളും ഇതോടൊപ്പം ഓപ്പൽ വെക്ട്ര എന്ന വലിയ സെഡാനും വിപണിയിലെത്തി. ഇക്കാലയളവിൽത്തന്നെ ഫോറസ്റ്റർ എന്ന സ്റ്റേഷൻ വാഗണിലൂടെ ഷെവർലെ ബ്രാൻഡ് വീണ്ടും ഇന്ത്യയിലെത്തിച്ചു. ക്രമേണ ഓപ്പൽ ബ്രാൻഡ് വാഹനങ്ങൾ നിർത്തി ഷെവർലെയുടെ ശ്രേണി കൊണ്ടുവരാനായി ശ്രമം. ഇക്കൂട്ടത്തിൽ ടവേര, സ്പാർക്ക്, ബീറ്റ്, ഒപ്ട്ര എന്നിവയ്ക്കു തരക്കേടില്ലാത്ത വിൽപനയുണ്ടയിരുന്നു. എങ്കിലും നിർമാണരംഗത്തെ മുടക്കുമുതലിനനുസരിച്ചുള്ള വിൽപന കിട്ടാത്തതിനാൽ തങ്ങളുടെ ചൈനീസ് പങ്കാളിയുടെ സെയിൽ, എൻജോയ് എന്നീ ഉൽപന്നങ്ങളുമായി ഒരു അവസാന ശ്രമംകൂടി നടത്തി. അതും ഗുണം ചെയ്തില്ല. കൂടാതെ ടവേരയും എൻജോയ്‌യും ബിഎസ് 3, ബിഎസ് 4 കാലത്ത് നേരിട്ട പ്രതിസന്ധിയും ജനറൽ മോട്ടോഴ്സിന്റെ പിൻമാറ്റം കൂടുതൽ വേഗത്തിലാക്കി. ഇന്ത്യൻ നിർമാണ ശാലയിൽ നിന്ന് കയറ്റുമതി തുടരും എന്ന വാഗ്ദാനത്തോടെ ജിഎം 2017 ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻമാറി.

English Summary: Car Companies Ceased India Operations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA