ഥാറേ നീ പോകരുതിപ്പോൾ, ഗൂർഖ ഇതിലേ വരുന്നുണ്ട്...

HIGHLIGHTS
  • കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 9846338575
  • ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത് മെഴ്സെഡിസ് ജി വാഗനാണ്
gurkha
Force Gurkha
SHARE

ഥാറിനെ നേരിടാൻ ഇതാ വരുന്നു ഗൂർഖ. ഫോഴ്സ് മോട്ടോഴ്സ് ഇന്നേ വരെ ഇറക്കിയിട്ടുള്ളതിൽ ഏറ്റവും മനോഹരവും ഫിനിഷിങ്ങുള്ളതുമായ ഗൂർഖ അനാവരണം ചെയ്യപ്പെട്ടു. വില പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും പ്രതീക്ഷ 10–13 ലക്ഷത്തിന് ഗൂർഖ വീട്ടിലെത്തുമെന്നത്രേ. ഥാറിലേക്കെത്തണമെങ്കിൽ ലക്ഷങ്ങളുടെ എണ്ണം കൂട്ടണം.

force-gurkha-12
Force Gurkha

നീ റാംഗ്ലറെങ്കിൽ ഞാൻ ജി വാഗൻ

മഹീന്ദ്ര ഥാർ രൂപകൽപനയുടെ ആധാരം ജീപ്പ് റാംഗ്ലറാണെങ്കിൽ ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത് മെഴ്സിഡീസ് ജി വാഗനാണ്. ജി വാഗനു തുല്യമായ, പെട്ടികൾ കൂട്ടിവച്ച രൂപവും കാലികമായ ചില പരിഷ്കാരങ്ങളും പുതിയ ഗൂർഖയെ ഒന്നാന്തരം പടയാളിയാക്കി. ഏതു ഥാറിനെയും പൊരുതി തോൽപിക്കാൻ വേണ്ടത്ര രണശൗര്യമുള്ള ഗൂർഖ. മെഴ്സിഡീസ് ജി വാഗനെപ്പറ്റി അറിയാത്തവർക്കായി ഒരു വാക്ക്: ജീപ്പ് റാംഗ്ലറിന്റെ മുതുമുത്തച്ഛനായി വരും ജി വാഗൻ; കാഴ്ചയിലും പ്രകടനത്തിലും ജാഡയിലും വിലയിലും. യുഎഇയിൽ പോയിട്ടുള്ളവർക്കറിയാം ദുബായ് വൺ എന്ന റജിസ്ട്രേഷൻ പേറുന്ന ജി വാഗന്റെ വില. അസംഖ്യം റോൾസ് റോയ്​സും മറ്റനേകം ആഡംബര വാഹനങ്ങളുമുണ്ടെങ്കിലും രാജാവിന് ജി വാഗൻ കഴിഞ്ഞേ എല്ലാമുള്ളൂ. ആ ജി വാഗന്റെ രാജകീയ ജീനുകളാണ് ഗൂർഖയിലും കാണാനാവുക.

benz-g-wagon
Benz G Wagon

വൃത്തികേടുകൾക്കു വിട

ഗൂർഖ പണ്ടും ഒന്നാന്തരം ഓഫ് റോഡറാണ്. പക്ഷേ ഫിനിഷിങ് കാശിനു കൊള്ളില്ല. ലോറിയും ഓട്ടോറിക്ഷയുമൊക്കെപ്പോലും ട്രാക്സിന്റെ ഫിനിഷിനെക്കാൾ കാതങ്ങൾ മുന്നിൽ. ചേർത്താൽ ചേരാത്ത പ്ലാസ്റ്റിക് ഘടകങ്ങളും വൃത്തികെട്ട സ്വിച്ചുകളും നിലവാരമില്ലാത്ത സീറ്റ് അപ്ഹോൾസറിയുമൊക്കെച്ചേർന്ന് വീട്ടിൽക്കയറ്റാൻ കൊള്ളില്ല. ഭംഗികെട്ട ബംബറും ‘എഫ്’ എന്ന് ആർക്കോവേണ്ടി എഴുതിയ ലോഗോയും മുൻനിര പല്ലുകൾ കൊഴിഞ്ഞ പോലുള്ള ബമ്പറും... ഹാ കഷ്ടം.

force-gurkha-8
Force Gurkha

ബെൻസാണു മോനേ, ബെൻസ്

കണ്ടാൽ തെല്ലു തറയായിരുന്നെങ്കിലും ബെൻസിനായി തുടിക്കുന്ന ഹൃദയമാണ് ട്രാക്സിനുണ്ടായിരുന്നത്. ഷാസിയും മെക്കാനിക്കൽ ഘടകങ്ങളും പഴയ കിഴക്കൻ ജർമനിയിലെ ഹാനോമാഗ് എന്ന നിർമാതാക്കളിൽനിന്ന് മെഴ്സിഡീസിൽ എത്തിയത്. ജർമനികൾ യോജിച്ചപ്പോൾ ഹാനോമാഗും മെഴ്സിഡീസും ഒന്നായി. അവരുടെ ഘടകങ്ങൾ പലതും ഒന്നായിമാറി. അങ്ങനെ മെഴ്സിഡീസ് പാരമ്പര്യവും ജനുസ്സും ടെംപോ ട്രാക്സ് എന്ന ഗൂർഖയിലുമെത്തി. ഒഎം സീരീസിൽപ്പെട്ട ഡീസൽ ബെൻസ് എൻജിനും ഗീയർബോക്സും ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസുമെല്ലാം ബെൻസിനോടു കടപ്പെട്ടിരിക്കുന്നു.‌

force-gurkha-17
Force Gurkha

ബെൻസുള്ള കാലത്തോളം ഞങ്ങൾ

ലോകത്തെല്ലാം അന്തസ്സായി ബെൻസ് ഓടുന്നതിൽ ഞങ്ങൾക്കും പങ്കുണ്ടെന്ന് അഭയ് ഫിറോദിയ എന്ന ഫോഴ്സ് മോട്ടോഴ്സ് (പണ്ട് ബജാജ് ടെംപോ) ഉടമ പണ്ട് നേരിട്ടു പറഞ്ഞിട്ടുണ്ട്. മെഴ്സിഡീസ് എൻജിനും ഗീയർബോക്സിനും വേണ്ട ഘടകങ്ങൾ ഇന്നും ഫോഴ്സ് നിർമിച്ച് കയറ്റി അയയ്ക്കുന്നു. ഗുണമേന്മയിൽ വിട്ടുവീഴ്ചയുണ്ടായിരുന്നെങ്കിൽ ഈ പരിപാടി പണ്ടേ അവസാനിച്ചേനേ. അതുകൊണ്ട് മെക്കാനിക്കൽ ഘടകങ്ങളിലും സാങ്കേതികതയിലും മെഴ്സിഡീസ്, ബിഎംഡബ്ല്യു നിലവാരത്തിലാണ് ഫോഴ്സ്. മാത്രമല്ല, കമ്പനികൾ രായ്ക്കുരാമാനം രാജ്യം വിടുന്ന കാലഘട്ടത്തിൽ മെഴ്സിഡീസ് ഉള്ള കാലത്തോളം ഫോഴ്സും കാണും എന്നൊരു ഉറപ്പുമുണ്ട്.

force-trax
Force Trax Cruiser

നീളം കൂടിയപ്പോൾ കൂടെ പോയത്

ആദ്യമിറങ്ങിയ ഫോഴ്സ് ട്രാക്സ് കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടാവും. അത്ര കാര്യമായി ശ്രദ്ധിച്ചിട്ടുണ്ടാവില്ല. രണ്ടു ഡോറുകൾ മാത്രമുള്ള ഷോർട് വീൽബേസ് വാഹനമാണത്. പട്ടാളവാഹനമായാണ് രൂപകൽപന. എന്നാൽ ബോഡിയിലുള്ള പരിഷ്കാരങ്ങൾ ‘അതിരുവിട്ടപ്പോൾ’ മിനി ബസിനൊപ്പം നീളമുള്ള ട്രാക്സുകൾ ഇറങ്ങി. 50 പേരെ വരെ വഹിച്ചുകൊണ്ടു പോകുന്ന ട്രാക്സുകൾ ഉത്തരേന്ത്യയിൽ കണ്ടിട്ടുണ്ടെന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയല്ല. പക്ഷേ നീളം കൂടുന്നതിനൊപ്പം ട്രാക്സിന്റെ ചാരുതയും കുറഞ്ഞു കൊണ്ടിരുന്നു.

force-gurkha-14
Force Gurkha

പടക്കുതിര കഴുതയായപ്പോൾ

ലോകയുദ്ധ കാലത്തെ പഴയ ജീപ്പുകളെ ജീപ്നി എന്നു പേരിട്ട് നീളം കൂട്ടി ബസാക്കി മാറ്റിയ പഴയ ഫിലിപ്പൈൻ അടവു തന്നെയാണ് ഫോഴ്സ് പയറ്റിയത്. പക്കാ വാണിജ്യ വാഹനത്തിന് ഭാരവാഹകശേഷിയും പ്രായോഗികമായി ഏതു റോഡിലൂടെയും പോകാനാവുന്ന ഓഫ് റോഡിങ് മികവും ഈടുമൊക്കെയാണ് മുഖ്യം. പ്ലാസ്റ്റിക്കിന്റെ ഫിനിഷോ ഡാഷ് ബോർഡിന്റെ ഡിസൈനോ ഗ്രില്ലിന്റെ ഭംഗിയോ പ്രസക്തമല്ല. അതുതന്നെയാണ് ട്രാക്സിനു സംഭവിച്ചത്. പാരമ്പര്യവും കരുത്തുമുള്ള കുതിരയിൽനിന്ന് ഭാരം വഹിക്കുന്ന കഴുതയിലേക്കുള്ള വേഷപ്പകർച്ച. ലോകയുദ്ധകാലത്തെ ജീപ്പ് ഷാസികൾക്ക് ക്ഷാമമായപ്പോൾ ഫോഴ്സ് മോട്ടോഴ്സ് ഫിലിപ്പീൻസുകാരെയും സഹായിച്ചു എന്നത് ഉപകഥ. ജീപ്നി നിർമിക്കാനുള്ള ഷാസി ആദ്യം കയറ്റി അയച്ചു. പിന്നെ മൊറൈൽസ് മോട്ടോഴ്സ് എന്ന സ്ഥാപനം ട്രാക്സുകൾ ഫിലിപ്പീൻസിൽ പ്രാദേശികമായി നിർമിച്ചു. പേര് ടോഗോ ട്രാക്കർ.

trex
ടോഗോ ട്രാക്കർ, ഫോഴ്സ് ട്രാക്സ്

തെറ്റു പറ്റി സാർ...

വൈകിയെങ്കിലും ഫോഴ്സ് തെറ്റു തിരുത്തി. കാരണഭൂതൻ ഥാർ ആണെങ്കിൽ ഥാറിനു നന്ദി. നമുക്ക് നല്ലൊരു ഓഫ്റോഡർ കൂടി കിട്ടിയല്ലോ. ഥാർ മടുത്തവർക്ക് ഗൂർഖ. കഴുതയിൽനിന്നു പടക്കുതിരയിലേക്കുള്ള തിരിച്ചുവരവിൽ പുതിയ ഗൂർഖ മൃഗീയ വാസനകൾക്കൊപ്പം ദൈനംദിന ഉപയോഗങ്ങൾക്കുള്ള ശേഷി കൂടി കൂട്ടിച്ചേർത്തു. ജീപ്പിനൊപ്പം കരുത്തും കാറിനൊപ്പം ഭംഗിയും കൃത്യതയും ലാഘവത്വവും ഗൂർഖ സ്വന്തമാക്കി. ഖുക്രി ഉറയിൽ നിന്നൂരി ആക്രമണോത്സുകനായി നിൽക്കുന്ന രണശൂരനായ ഗൂർഖ. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ട്രാക്സ് അതേ പടി വണ്ടിക്കാളയായും ലഭിക്കും.

force-gurkha-9
Force Gurkha

എന്താണ് പുതുമ?

സ്വകാര്യ ആവശ്യങ്ങൾക്കായി ഗൂർഖ പണ്ടും ലഭിച്ചിരുന്നെങ്കിലും വാണിജ്യ മോഡലുകളുടെ ബോഡി ഘടകങ്ങളും പ്ലാസ്റ്റിക്കും പങ്കിട്ടു. എന്നാലിപ്പോൾ മുഖ്യമാറ്റം ഇവിടെയാണ്. മെക്കാനിക്കൽ ഘടകങ്ങളുടെ കൃത്യതയും ഈടും ഷാസിയുടെ പ്രത്യേകതകളും അതേപടി നിലനിർത്തി. രൂപം അതീവ ഭംഗിയിലും ഫിനിഷിലും ഉയർത്തി. വൃത്തികെട്ട എഫ് ലോഗോയും വൃത്തിയില്ലാത്ത ഗ്രില്ലും മനോഹരമായ ഗ്രില്ലിലും ഗൂർഖ എന്ന എഴുത്തിലും ഭംഗിയായി. നല്ലൊരു ഉരുണ്ട എൽഇഡി ഇന്റഗ്രേറ്റഡ് ഹെഡ്‌ലാംപും ബോണറ്റിലെ ഇൻഡിക്കേറ്ററും ബമ്പറും ജി വാഗൻ രൂപഗുണം വാരി വിതറി. മനോഹരമായ അലോയ് വീലുകൾ, പ്രായോഗികവും ഭംഗിയുള്ളതുമായ ബോഡി ക്ലാഡിങ്, ഫുട്ബോർഡ്. ഉയർന്ന സുരക്ഷ. ബിഎസ് 6 അപ്ഗ്രേഡ്.

force-gurkha-7
Force Gurkha

പിൻ വാതിലിലൂടെത്തന്നെ പിന്നിലേക്ക്

നാലു ക്യാപ്റ്റൻ സീറ്റുകളാണ്. മുൻഡോർ കഴിഞ്ഞാൽ തുറക്കാനാവാത്ത വലിയൊരു ഗ്ലാസ് വിൻഡോയാണ് വശങ്ങളിൽ. ഏറ്റവും പിന്നിലെ ഹാച്ച് ഡോർ തുറന്നാണ് പിൻ യാത്രികർ കയറേണ്ടത്. അതിനായി നല്ലൊരു ഫുട്‌സ്റ്റെപ്പുണ്ട്. മുൻസീറ്റ് മടക്കി വച്ചു പിന്നിലേക്ക് കയറുന്ന പരിപാടിയില്ല. പിൻ സീറ്റുകൾക്ക് പിന്നിൽ ആവശ്യത്തിന് ലഗേജ് ഇടം. വേണമെങ്കിൽ പരസ്പരം നോക്കുന്ന രണ്ടു ജംപ് സീറ്റുകൾ ആക്സസറിയായി കിട്ടും. കാഴ്ചയിലും ഫിനിഷിലും പെയിൻറിങ്ങിലും ലക്‌ഷ്വറി കാറുകൾ പിന്നിലാകും. ഈ പണിയൊക്കെ അറിഞ്ഞിട്ടും എന്തേ ഫോഴ്സ് ഇത്രനാൾ പമ്മിക്കിടന്നു? കുതിച്ചു ചാടാൻ തന്നെ ആയിരുന്നിരിക്കും.

force-gurkha
Force Gurkha

മനോഹരം ഉൾവശം

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുൻ ഓവർഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാനിയമങ്ങൾക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്കരിക്കാനാണ്. 2400 മി.മി. എന്ന പഴയ വീൽ ബേസ് തന്നെ. മനോഹരമായ നാലു ക്യാപ്റ്റൻ സീറ്റുകൾ. ഡാഷ് ബോർഡ് ആധുനിക ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്. ടച്ച് സ്ക്രീൻ സ്റ്റീരിയോ. മികച്ച എസി. കാറുകളോടു കിട പിടിക്കും ഉൾവശം. ക്യാപ്റ്റൻ സീറ്റുകളുടെ സുഖവും കുറച്ചുകൂടി മെച്ചപ്പെട്ട യാത്രയും പ്രതീക്ഷിക്കാം.

force-gurkha-3
Force Gurkha

ആദ്യം കാണുന്ന സ്നോർക്കൽ

എൻജിനിലേക്ക് വായു വലിച്ചെടുക്കാനുദ്ദേശിച്ചുള്ള സ്നോർക്കൽ തുമ്പിക്കൈക്കൊത്ത വണ്ണം ആദ്യ കാഴ്ചയിലേ കണ്ണിലുടക്കും. ഇത് സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. എപ്പോൾ വേണമെങ്കിലും ബോണറ്റ് ഉയരത്തിൽ വെള്ളത്തിലൂടെ ഓടാൻ ഈ സ്നോർക്കൽ തുണയാകും. നന്നായി ഇണങ്ങുന്ന കുറച്ചധികം നിലവാരമുള്ള ആക്സസറികൾക്കൂടി വന്നാലേ ഗൂർഖ പൂർണതയിലെത്തൂ. വിൻഡ് സ്ക്രീൻ ബാർ, റൂഫ് റെയിൽ, റൂഫ് കാരിയർ, റൂഫ് ലാഡർ, ലാംപ് ഗ്രിൽ. പിന്നെ നേരത്തേ പറഞ്ഞ ചൈൽഡ് സീറ്റ്. ബാക്കി കാണുന്നതൊക്കെ ഒറിജിനൽ എക്യുപ്മെന്റ്. ഓൾ ടെറൈൻ വീലുകളും വേണമെങ്കിൽ കമ്പനി ഘടിപ്പിച്ചു തരും. ഇതെല്ലാം ചേരുമ്പോൾ മഹീന്ദ്ര ഥാറിനെ വലുപ്പത്തിൽ നിഷ്പ്രഭമാക്കുന്ന ഉയർന്നുള്ള ആ നിൽപ് ശ്രദ്ധേയം.

force-gurkha-2
Force Gurkha

എൻജിനും ഗീയർബോക്സും ബെൻസ്

2.4 ഒഎം 616 എൻജിനിൽ അധിഷ്ഠിതമായ 2.6 ലീറ്റർ ടി ഡി 2650 എഫ് ഡീസൽ എൻജിന് കടലാസിൽ കരുത്ത് 91 ബി എച്ച് പി. 250 എൻ എം ടോർക്ക്. നൂറിലധികം ബി എച്ച് പിയുള്ള എതിരാളികളോട് കിടപിടിക്കാനിതു മതിയോയെന്ന് സംശയിക്കേണ്ട. പ്രായോഗികതലത്തിൽ ഈ കരുത്ത് ആവശ്യത്തിലധികം. റോഡുകൾക്കും ഓഫ് റോഡിങ്ങിനും വേണ്ട കനത്ത ടോർക്ക്. മെഴ്സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയർബോക്സ്. കൃത്യതയുള്ള ഗീയർ അടിക്കടി മാറേണ്ടതില്ല. നല്ല ടോർക്കും ഗീയർ റേഷ്യോയും ലൈറ്റ് ക്ലച്ചും ചേർന്ന് ഓട്ടമാറ്റിക്കിനൊപ്പം ഡ്രൈവബിലിറ്റി തരും. പെട്രോൾ എൻജിനും ഓട്ടമാറ്റിക് ഗീയർബോക്സുമില്ല.

force-gurkha-16
Force Gurkha Engine

കലർപ്പില്ലാത്ത ഓഫ്റോഡിങ്

അധികം സെൻസറുകളും സാങ്കേതികതയുമില്ലാതെ തനിമയുള്ള ഓഫ് റോഡിങ്ങാണ് ഗൂർഖയെ വ്യത്യസ്തമാക്കുന്നത്. ഫോർ വീൽ ഡ്രൈവ് ലോ, ഹൈ മോഡുകളിലേക്ക് മെക്കാനിക്കൽ ഷിഫ്റ്റുകളാണ്. ഡിഫറൻഷ്യൽ ലോക്ക് ചെയ്യുന്നതടക്കം എല്ലാം മാനുവൽ പ്രക്രിയ; യഥാർഥ ഓഫ് റോഡിങ് രസിക്കുന്നവർക്ക് സ്വിച്ചിട്ടാൽ വീഴുന്ന ഫോർ വീൽ മോഡുകളെക്കാൾ പഥ്യം ലിവർ കൊണ്ട് ഇത്തരം കാര്യങ്ങൾ നടത്തുന്നതാണ്. ടോർക്ക് ആവശ്യത്തിലധികമുള്ള എൻജിൻ ഫോർ വീൽ ലോ മോഡിലിട്ടാൽ കാലു കൊടുക്കാതെ ഏതു ദുർഘടവും ഗൂർഖ താണ്ടും. കുറഞ്ഞ വീൽ ബേസും 205 മി.മി. ഗ്രൗണ്ട് ക്ലിയറൻസും സ്വതസിദ്ധമായ രൂപകൽപനാമികവുകളും ഗൂർഖയെ വ്യത്യസ്തനാക്കുന്നു.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 9846338575

English Summary: Force Gurkha New Model Preview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA