ADVERTISEMENT

എസ്‌യുവി പ്രേമം കൂടി വരുന്നതിനൊപ്പം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഒട്ടേറെ കാർ ബോഡി സ്റ്റൈലുകൾ ഉണ്ട്. സെഡാനുകൾ, എസ്റ്റേറ്റുകൾ, ഹാച്ച്ബാക്കുകൾ, മൾട്ടി പർപ്പസ് വാഹനങ്ങൾ എന്നിങ്ങനെ ഓരോ വർഷം കഴിയുന്തോറും ഈ പട്ടിക നീളുകയാണ്. അതിന് അനുസരിച്ച് എസ്‌യുവി ലോകത്ത് ഓരോ ഉപവിഭാഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കോംപാക്ട് എസ്‌യുവി, മിനി എസ്‌യുവി, മൈക്രോ എസ്‌യുവി, ക്രോസോവർ എസ്‌യുവി... അങ്ങനെ ഓരോ വാഹനനിർ‌മാതാക്കളുടെയും ഭാവന അനുസരിച്ച് ഈ പട്ടിക നീണ്ടുകൊണ്ടിരിക്കുകയാണ്, പുറമ്പോക്ക് ഭൂമിയിലെ കൊന്നത്തെങ്ങ് പോലെ...

subaru-wrx-4

അതിൽ സെഡാനുകളുടെ ലോകത്ത് വലിയ ആരാധകവൃന്ദം സ്വന്തമായുള്ള ഉപവിഭാഗമാണ് ‘സ്പോർട്ട് കോംപാക്ട്’ എന്നത്. വാഹനപ്രേമികൾ ഏറെ ആരാധനയോടെ നോക്കിയിരുന്ന മിറ്റ്സുബിഷി ഇവോ ഉൾപ്പെടുന്ന വിഭാഗമാണ് ഇത്. ഇവോയുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കിയിരുന്ന മോഡലാണ് സുബാരു ഇംപ്രെസ ഡബ്ല്യുആർഎക്സ് എസ്ടിഐ. രണ്ടും ഓൾ വീൽ ഡ്രൈവ് ആയിരുന്നു എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു താരതമ്യം വന്നിരുന്നത്. ഹ്യൂണ്ടെയ് എലാൻട്ര എൻ, ഫോക്സ്‌വാഗൺ ജെറ്റ ജിഎൽഐ, സിവിക് ടൈപ്പ് ആർ, ഫോർഡ് ഫോക്കസ് എന്നിവയും ഉൾപ്പെടുന്ന ലോകം ആണ് സ്പോർട്ട് കോംപാക്ട് എന്നത്.

സുബാരു ഇംപ്രെസ ഡബ്ല്യുആർഎക്സ്

subaru-wrx-1

മമ്മൂട്ടിയും മോഹൻലാലും പോലെയായിരുന്നു സ്പോർട്ട് കോംപാക്ടിൽ ഇവോയുടെയും ഡബ്ല്യുആർഎക്സിന്റെയും സ്ഥാനം. രണ്ടും സൂപ്പർ സ്റ്റാറുകൾ, രണ്ടിനും പ്രത്യേകം ഫാൻ ബേസ്, എന്നാൽ രണ്ടിനും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ചെറിയ വ്യത്യസ്തതകളും. മിറ്റ്സുബിഷിയുടെ കഷ്ടകാലം തുടങ്ങിയപ്പോൾ ഇവോ നിന്നുപോയെങ്കിലും ഡബ്ല്യുആർഎക്സ് തുടർന്നു. സുബാരു താരതമ്യേന ചെറിയ വാഹനനിർമാതാവായിരുന്നിട്ടും അമേരിക്കൻ രാജ്യങ്ങളിലെ അവരുടെ ബ്രാൻഡിന്റെ ശക്തികൊണ്ട് ആണ് ഇതു സാധ്യമായത്.

ഇതിന്റെ ഏറ്റവും പുതിയ മോഡൽ (2022) അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സുബാരു. 2014ൽ ഇവോ ഉണ്ടായിരുന്ന കാലത്താണ് ഇംപ്രെസ എന്ന കാറിന്റെ തണലിൽ നിന്ന് സുബാരു ഡബ്ല്യുആർഎക്സിനെ അടർത്തി മാറ്റി തനതായ വ്യക്തിത്വം നൽകുന്നത്. അതുവരെ ഇംപ്രെസയുടെ പെർഫോർമൻസ് മോഡൽ എന്നറിയപ്പെട്ട ഡബ്ല്യുആർഎക്സ് പെട്ടെന്ന് ‘വീരാംഗന’ പദവിയിലേക്ക് ഉയർന്നു. ‘വേൾഡ് റാലി എക്സ്പിരിമെന്റൽ’ എന്നതിന്റെ ഹ്രസ്വരൂപം ലോകമറിയുന്ന കാർ ബ്രാൻഡ് ആയി മാറി. അതിന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

subaru-wrx-6

2022 മോഡൽ ഡബ്ല്യുആർഎക്സ് സ്പോർട് കോംപാക്ട് സെഡാനുകളുടെ പ്രതാപം തിരികെ പിടിക്കുമെന്ന പ്രതീക്ഷയാണു സുബാരു വച്ചു പുലർത്തുന്നത്. ടൊയോട്ടയുമായി ചേർന്നു വികസിപ്പിച്ച ബിആർസി ഒഴികെയുള്ള സുബാരുവിന്റെ രാജ്യാന്തര മോഡലുകൾ എല്ലാം ഉപയോഗിക്കുന്ന സുബാരു ഗ്ലോബൽ പ്ലാറ്റ്ഫോമിലേക്ക് മാറി എന്നതാണ് പുതിയ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതു മുൻപത്തെക്കാൾ കാറിന്റെ പെർഫോർമൻസ് കൂട്ടിയിട്ടുണ്ടെന്ന് സുബാരു അവകാശപ്പെടുന്നു. 271 ബിഎച്ച്പി കരുത്തുള്ള നാലു സിലിണ്ടർ ബോക്സർ (ഫ്ലാറ്റ് ടൈപ്പ്) ടർബോ പെട്രോൾ എൻജിൻ ആയിരിക്കും പുതിയ ഡബ്ല്യുആർഎക്സിനു കരുത്തേകുക. എന്നാൽ ഡബ്ല്യുആർഎക്സ് ശ്രേണിയിലെ ഉയർന്ന മോഡലായ എസ്ടിഐക്ക് 400 ബിഎച്ച്ബി കരുത്തു സൃഷ്ടിക്കാൻ കഴിയുമെന്നാണ് അനുമാനം. രണ്ടും ഒരു എൻജിൻ തന്നെ ആണെങ്കിലും ട്യൂണിങ്ങിൽ ആയിരിക്കും വ്യത്യാസം ഉണ്ടാകുക.

2022 ആദ്യം തന്നെ ഡബ്ല്യുആർഎക്സ് എത്തുമെങ്കിലും എസ്ടിഐ എത്താൻ വീണ്ടും ആറു മാസങ്ങൾ കൂടി ആരാധകർ കാത്തിരിക്കണം. എന്നാൽ സുബാരു രണ്ടിലും ഓൾ വീൽ ഡ്രൈവ് നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ആയിരിക്കും ഗീയർബോക്സ് ഉണ്ടാകുക. മൂന്നു ഡ്രൈവ് മോഡുകൾ ഓട്ടമാറ്റിക് മോഡലിന് ഉണ്ടാകും. പാഡിൽ ഷിഫ്റ്റ് സംവിധാനവും ഇണക്കി ചേർക്കും. ഓട്ടോമാറ്റിക്കിലെ ഉയർന്ന വേരിയന്റായ ജിടിക്ക് അതിനൂതനമായ ഷോക്ക് അബ്‌സോർബറുകളും കമ്പനി നൽകും. കുറഞ്ഞ മോഡലുകൾക്ക് 17 ഇഞ്ച് വീലുകളും കൂടിയവയ്ക്കു 18 ഇഞ്ച് ചക്രങ്ങളും ആണു ലഭിക്കുക.

subaru-wrx-5

റാലി ടൈപ്പ് ബക്കറ്റ് സീറ്റുകളും 11 ഇഞ്ച് ടച്ച് സ്ക്രീൻ സംവിധാനവും അകത്തു നിന്ന് എത്തിപ്പിടിക്കാവുന്ന ബുട്ട്, അതിന്റെ തുടർച്ചയെന്നോണം 60:40 സ്പ്ലിറ്റ് സീറ്റുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ, ഉള്ളിൽ ഉടനീളം കോൺട്രാസ്റ്റ് സ്റ്റിച്ചിങ്, കാർബൺ ഫൈബർ ബോഡി വർക്കുകൾ, 11 സ്പീക്കർ ഹാർമാൻ സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഫോർവാർഡ് കൊളിഷൻ വാർണിങ്, എമർജൻസി ബ്രേക്കിങ് എന്നിങ്ങനെ ആഡംബര – സുരക്ഷാ സംവിധാനങ്ങൾക്ക് വിപണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഒരു പഞ്ഞവും ഡബ്യൂആർഎക്സിലും എസ്ടിഐയിലും സുബാരു വരുത്തിയിട്ടില്ല.

subaru-wrx-3

എസ്ടിഐ മോഡൽ ഹൈബ്രിഡ് ആയിരിക്കുമെന്ന് സുബാരുവിന്റെ യുകെ മേധാവിയെ ഉദ്ധരിച്ച് പല രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ വന്നാൽ, ഇപ്പോൾ വിപണിയിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന 2 ഡോർ സ്പോർട്സ് കൂപ്പെ മോഡലായ നിസാൻ സി ആശങ്കപ്പെടേണ്ടി വരും. കാരണം നിസാൻ സിയും 400 ബിഎച്ച്പി ആണ്. ഓൾ വീൽ ഡ്രൈവ് അല്ല താനും... 22 ലക്ഷം മുതൽ 26 ലക്ഷം വരെയായിരിക്കും ഡബ്യൂആർഎക്സ് മോഡലിന്റെ വില. 30 ലക്ഷത്തിനും 33 ലക്ഷത്തിനും ഇടയിൽ വില പ്രതീക്ഷിക്കാം ഏറ്റവും ഉയർന്ന മോഡലായ എസ്ടിഐക്ക്. എന്നാൽ സുബാരു ഇന്ത്യയിലേക്ക് വരാതെ നമുക്ക് ഇതു ലഭ്യമാകില്ല. വന്നാൽ തന്നെ, ഇന്ത്യയിലും ഇവി യുഗം തുടങ്ങിയ സ്ഥിതിക്ക് ഇനി പെട്രോൾ എൻജിനുമായി സുബാരു ഒട്ടും വരില്ലെന്ന് അരക്കിട്ട് ഉറപ്പിക്കാം.

മെഗാൻ ഇടെക്

renault-megane-e-tech-4

ഫോക്സ്‌വാഗൺ ഗോൾഫും ഓപൽ ആസ്ട്രയും ഭയപ്പെടുന്ന റെനോ പെർഫോമൻസ് ഹാച്ച്ബാക്കായ മെഗാൻ പെട്ടെന്ന് ഇലക്ട്രിക് ആയോ എന്നു ചിന്തിച്ചു വേവലാതിപ്പെടേണ്ട. ഇത് രണ്ടു ഡോർ സ്പോർട്സ് കൂപ്പെയായ മസ്താങ് ജിടിയുടെ ‘മസ്താങ്ങി’നെ എടുത്തു മാക്ക് ഇ കൂടി ചേർത്തു ഫോർഡ് അവതരിപ്പിച്ച ഇലക്ട്രിക് വാഹനം പോലെ ഒരു പടപ്പാണ്. തങ്ങളുടെ ഏറ്റവും മികച്ച പെർഫോമൻസ് മോഡലിന്റെ പേര് എടുത്ത് ഒട്ടും നാണംകെടുത്തില്ല എന്ന് ഉറപ്പുള്ള ഇലക്ട്രിക് ക്രോസ് ഓവറിന് ഇട്ടിരിക്കുകയാണ് റെനോ. ‘കണ്ടാൽ ഏതാണ്ട് മെഗാൻ പോലെ ഇരിക്കില്ല’ (കടപ്പാട് – ചന്ദ്രോത്സവം സിനിമയിലെ ജഗദീഷിന്റെ കഥാപാത്രമായ കുട്ടിരാമൻ). എന്നാൽ എവിടെയൊക്കെയോ ഒരു സാമ്യമുണ്ടു താനും. മസ്താങ് ജിടിയും മാക്ക് ഇയും പോലെ അജഗജാന്തരം ഇല്ലെന്നു സാരം.

renault-megane-e-tech-5

മെഗാൻ കുറച്ചു പ്രോട്ടീൻ പൗഡർ അടിച്ചിട്ടു മൂന്നു – നാലു സ്റ്റീറോയിഡ് ഇഞ്ചക്‌ഷൻ കൂടി എടുത്തിട്ട് ജിമ്മിൽ പോയി ഒന്നൊന്നര മാസം തുടർച്ചയായി വർക്ക്ഔട്ട് ചെയ്തതുപോലെയാണ് ‘ഇടെക്’ ലൂക്ക്. കരുത്തും പുഷ്ടിയും കാഴ്ചയിൽ നന്നായി മനസ്സിലാകും. പരമ്പരാഗത റെനോ ഡിസൈൻ അല്ല ഇടെക്കിന്. വശക്കാഴ്ചയിലും പിന്നിൽ നിന്നും റേഞ്ച് റോവർ ഇവോക്കിന്റെ രൂപകൽപനയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നു തോന്നാം. മുന്നിൽ തനതു വ്യക്തിത്വം പ്രകടമാണ്. പുത്തൻ റെനോ ലോഗോ അഴകിന്റെ മാറ്റു കുട്ടുന്നു. ഉയർന്ന മോഡലിന് 218 ബിഎച്ച്പിയും 450 കിലോമീറ്റർ റേഞ്ചും ആണു വാഗ്ദാനം. ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ അത്യുഗ്രം.

ലോഗോയിൽ ചാർജിങ് പോർട്ട് ഒളിപ്പിച്ചത് റെനോയുടെ രാജ്യാന്തര പങ്കാളിയായ നിസാന്റെ ബ്രില്യൻസ് ആണ്. ചൂടപ്പം പോലെ വിറ്റുപോയിരുന്ന ലോകത്തെ ആദ്യ ഇവിയായ നിസാൻ‌ ലീഫിനെ ഓർത്താൽ തൊട്ടു മുൻപത്തെ വാചകം മനസ്സിലാകും. 18, 20 ഇഞ്ച് വീലുകൾ ലഭിക്കും. വിപരീത നിറത്തിലുള്ള റൂഫും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. 12 ഇഞ്ച് ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആണ് വരുന്നത് ഇടെകിൽ. ഇതിൽ ആപ്പിൾ കാർപ്ലേയും ഉപയോഗിക്കാം. റിവേഴ്സ് ഇടുമ്പോൾ മാത്രമല്ല, വേണ്ടപ്പോഴെല്ലാം ഓൺ ആക്കാൻ കഴിയുന്ന ക്യാമറയുടെ ഡിസ്പ്ലേ റിയർ വ്യൂ മിററിൽ നൽകിയിട്ടുണ്ട്. 440 ലീറ്ററാണ് ബുട്ട് സ്പേസ്. 130 ബിഎച്ച്പി ആണ് അടിസ്ഥാന മോഡലിന്റെ പവർ ഔട്ട്പുട്ട്. ഡീസന്റ് എന്നു തന്നെ വിശേഷിപ്പിക്കാം. 300 കിലോമീറ്ററായിരിക്കും ഇതിന്റെ റേഞ്ച്. രണ്ടു മോഡലിനും 8 വർഷത്തെ വാറന്റിയും ലഭിക്കും. 35 ലക്ഷം മുതൽ 45 ലക്ഷം വരെയായിരിക്കും മെഗാൻ ഇടെക്കിന്റെ വില. അതുകൊണ്ടു തന്നെ റെനോ ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com