ADVERTISEMENT

പോളിടെക്‌നിക് പഠിക്കാതെ തന്നെ സാലു ജോസഫ് എന്ന കോഴിക്കോട്ടുകാരൻ യന്ത്രങ്ങളുടെ പ്രവർത്തനം മനസിലാക്കി. ഒപ്പം ഏറെ നാളത്തെ കാർ നിർമാണം എന്ന മോഹവും ചേർന്നപ്പോൾ വെള്ളിമാടുകുന്നിലെ സാറാ വില്ലയുടെ മുറ്റത്തു രൂപംകൊണ്ടത്  വിന്റേജ് കാർ.  റോൾസ് റോയ്സ് 1935 വിന്റേജ് കാറിനെ മനസിൽ കണ്ടുകൊണ്ടാണ് ഈ വാഹനം നിർമിച്ചത്.

ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടാണ് സാലു ജോസഫ് റോൾസ് റോയ്സ് ഫാന്റം 1935 മോഡൽ നിർമിച്ചത്. കാർ മോഡൽ ഉണ്ടാകണം എന്ന ആഗ്രഹം ഒരുപാട് നാളായി ഉണ്ടായിരുന്നതായി സാലു പറയുന്നു. ലോക്ഡൗണിലെ വിരസത മാറ്റാൻ കൂടി വേണ്ടിയാണു നിർമാണത്തെ കുറിച്ച് ചിന്തിച്ചത്. 

വിന്റേജ് കാറുകളോടുള്ള പ്രിയം മൂലം പല സ്ഥലത്ത് നിന്നും കാറുകളുടെയും മിനിയേച്ചർ സൂക്ഷിച്ചിരുന്നു. മോഡലുകൾ വരച്ചും ഉണ്ടാക്കി. ഉദയ്പൂർ കൊട്ടാരത്തിലെ കാർ ശേഖരത്തിൽ നിന്നാണ് ഇപ്പോൾ നിർമിച്ചിരിക്കുന്ന മോഡലിന്റെ ചിത്രം എടുത്തത്. ഗൂഗിളിന്റെ സഹായത്തോടെയായിരുന്നു ഇത്. 

പഴയ ബജാജ് ഓട്ടോയുടെ എൻജിൻ കാറിനായി ഉപയോഗിച്ചു. മാരുതി 800ന്റെ ടയർ, പഴയ ബൈക്കിന്റെ പാർട്സുകളും  അങ്ങനെ വിന്റേജിന്റെ ഭാഗമായി. മാരുതിയുടെ ഷോക്ക് അബ്സോർബറും ഇതിൽ ഉൾപ്പെടും. നിർമാണത്തിന് 24 ദിവസമെടുത്തു. സാലു ഒറ്റയ്ക്കാണ് നിർമാണം പൂർത്തിയാക്കിയത്. 25000 രൂപ ചെലവായി. ആദ്യം ചെയ്‌സാണ് ഉണ്ടാക്കിയത്. ബാക്കിൽ ഓട്ടോയുടെ ഹബ്  ഉപയോഗിച്ചിട്ടുണ്ട്. ജിഇ ഷീറ്റാണ് ബോഡിയിൽ. നിർമാണത്തിന് വേണ്ടി വെൽഡിങ് മെഷീൻ വാങ്ങി ചെയ്തു പഠിച്ചു. സ്‌പിരിറ്റ് ഓഫ് എക്‌സ്‌റ്റസി എംബ്ലം 3ഡി പ്രിന്റ് ചെയ്ത് എടുത്തു. ഇനിയുള്ള ലക്ഷ്യം വിന്റേജ് കാറിന്റെ ഇലക്ട്രിക്കൽ മോഡൽ ഉണ്ടാകണം എന്നതാണ്. അടുത്ത കാർ നിർമാണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങുകയാണ് അദ്ദേഹം. വീട്ടുകാരുടെ പൂർണ സഹകരണം കാർ നിർമാണത്തിനുണ്ട്. വിൻേജ് കാറിനെക്കുറിച്ച് കേട്ടറിഞ്ഞ് ആളുകൾ എത്തുന്നുമുണ്ട്.

റോൾസ്– റോയ്സ്

ലോകത്തെ ലക്ഷ്വറി കാർ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം കാണുന്നത് തന്നെ റോൾസ് റോയ്സാണ്. 1907ൽ സിൽവർ ഗോസ്റ്റ് എന്ന ആറു സിലിണ്ടർ വിസ്മയത്തോടെയാണ് റോൾസ്– റോയ്സിന്റെ പടയോട്ടം തുടങ്ങുന്നത്. കാർ നിർമാണത്തിന്റെ പതിവു സമവാക്യങ്ങൾ പൊളിച്ചെഴുതി വന്ന സിൽവർ ഗോസ്റ്റിനെത്തേടി ലോകത്തേറ്റവും മികച്ച കാറെന്ന വിലയിരുത്തലുകളും വന്നെത്തി.

1914ൽ ഒന്നാം ലോക‌യുദ്ധത്തിന്റെ വരവോടെ റോൾസ്– റോയ്സിന്റെ കാറിടപാടുകൾക്കൊരു മാന്ദ്യം വന്നു. ഫാന്റം –2 എന്ന അദ്ഭുതത്തോടെയാണ്  റോൾസ്– റോയ്സ് പിന്നീടു ലോകത്തെ അമ്പരപ്പിച്ചത്. ഇന്ധനക്ഷമതയും അവിശ്വസനീയമായ കരുത്തുമായി പിറന്നുവീണ ഫാന്റത്തിന്റെ പിൻഗാമിയെത്താനും വൈകിയില്ല. വി12 എൻജിനുമായി മുപ്പതുകളുടെ ഒടുവിലാണ് ഫാന്റം–3യുടെ വരവ്. 1946ൽ സിൽവർ വ്രെയ്ത് എന്ന 4887 സിസി എൻജിനുള്ള നിർമിതിയും 1947ൽ സിൽവർ ഡോൺ എന്ന സ്റ്റീൽ നിർമ്മിതിയും അവതരിപ്പിച്ചതിനു പിന്നാലെയാണ് റോൾസ്–റോയ്സിന്റെ വിഖ്യാതമായ ഫാന്റം – 4 ന്റെ വരവ്. രാജകീയ മോഡൽ എന്ന വിശേഷണം നേടിയ ഈ കാറിനു പിന്നാലെ സിൽവർ ക്ലൗഡും ഫാന്റം അഞ്ചാമനും നിരത്തിലെത്തിയതോടെ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ സ്വപ്നമായി റോൾസ്– റോയ്സ്. ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും സ്‌പിരിറ്റ് ഓഫ് എക്‌സ്‌റ്റസി എംബ്ലം സമ്മാനിക്കുന്ന വിസ്മയത്തിന് ഇന്നും മാറ്റമില്ല.

English Summary: Home Made Rolls Royce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com