ADVERTISEMENT

19 വയസു തികഞ്ഞ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20ന് തന്നെയാണ് ദിയ ജോസഫ് വാഹനം ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കുന്നത്. എന്നാല്‍ ഇതിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പെണ്‍കുട്ടി ബുള്ളറ്റ് മെക്കാനിക്കാവാനുള്ള ലൈസന്‍സ് സ്വന്തം പിതാവ് ജോസഫ് ഡൊമിനിക്കില്‍ നിന്നു നേടിയിരുന്നു. ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കും മുമ്പേ കേടുപാടുകള്‍ തീര്‍ക്കാന്‍ പഠിച്ചയാളാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന വിശേഷണത്തിന് അര്‍ഹയായ ഈ കൊച്ചു മിടുക്കി.

1987ലാണ് കോട്ടയം പുളിക്കപ്പറമ്പില്‍ ജോസഫ് ഡൊമിനിക്ക് ആദ്യമായി മരയ്ക്കാറില്‍ ബുള്ളറ്റ് മെക്കാനിക്കായി ജോലി തുടങ്ങുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം 2008ല്‍ ജോസഫ് സ്വന്തം വര്‍ക്ക് ഷോപ്പ് വീട്ടില്‍ തന്നെ തുടങ്ങി. ഓടിക്കളിക്കുന്ന പ്രായം മുതല്‍ തന്നെ ദിയയുടെ ചുറ്റും വീട്ടുകാരേക്കാള്‍ കൂടുതല്‍ ബുള്ളറ്റുകളുണ്ടായിരുന്നു. തുടക്കത്തില്‍ വീടിന്റെ പുറകുവശത്ത് ആരംഭിച്ച വര്‍ക്ക് ഷോപ്പിലെത്തുന്ന ബുള്ളറ്റുകളുടെ എണ്ണം കൂടിയതോടെ വര്‍ക്ക് ഷോപ്പ് മുന്നിലേക്ക് മാറ്റി. എന്നും രാവിലെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്ന ബുള്ളറ്റിന്റെ കുടു കുടു ശബ്ദം ദിയയുടെ സ്വപ്‌നങ്ങളിലും നിറഞ്ഞു. 

bullet-girl-3
ദിയ ജോസഫ്. ചിത്രങ്ങൾ: റിജോ ജോസഫ്

അച്ചേ, ഞാനും കേറിക്കോട്ടേ

കോട്ടയം റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ജോസഫ് ഡൊമിനിക്കിന്റെ വര്‍ക്ക് ഷോപ്പില്‍ പണിയൊഴിഞ്ഞ നേരമുണ്ടാവാറില്ല. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് വെറുതേ മൊബൈലില്‍ കുത്തിയിരുന്ന് ബോറടിച്ചപ്പോഴാണ് 'അച്ചേ, ഞാനും കൂടി കേറിക്കോട്ടേ...'' എന്ന് ദിയ ചോദിക്കുന്നത്. നിനക്ക് ഇഷ്ടമാണേ കേറിക്കോ എന്ന ജോസഫ് ഡൊമിനിക്കിന്റെ മറുപടിയിലാണ് ദിയ എന്ന ബുള്ളറ്റ് മെക്കാനിക് പിറക്കുന്നത്. ബുള്ളറ്റിനോടുള്ള സ്‌നേഹത്തിനൊപ്പം രാപ്പകലില്ലാതെ ജോലിയെടുക്കുന്ന അച്ചയോടുള്ള സ്‌നേഹം കൂടിയാണ് ദിയ എന്ന പെണ്‍കുട്ടിയെ ടൂള്‍സ് എടുപ്പിക്കുന്നത്. 

ഫോണില്‍ കുത്തിക്കൊണ്ടിരുന്ന മകള്‍ അച്ഛനെ സഹായിക്കുന്നതില്‍ അമ്മ ഷൈന്‍ മാത്യുവിനും സന്തോഷമായിരുന്നു. എന്നാല്‍ അവധിക്കാലം കഴിഞ്ഞും മെക്കാനിക്ക് പണി അവധിയില്ലാതെ തുടരുന്നത് കണ്ടതോടെ അമ്മക്ക് ആശങ്കയായി. സമയവും കാലവും നോക്കാതെയുള്ള ബുള്ളറ്റു മെക്കാനിസം മൂലം പ്ലസ്ടു ഉഴപ്പുമോ എന്നായിരുന്നു പേടി. അപ്പോഴും പഠനത്തിന്റെ ഇടവേളയില്‍ ഇടവേളകളില്ലാതെ ദിയ ബുള്ളറ്റുകള്‍ക്കരികിലേക്ക് വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ പരീക്ഷാ ഫലം വന്നപ്പോള്‍ 98 ശതമാനം മാര്‍ക്കുമായി ഗംഭീര വിജയം നേടുകയും ചെയ്തു.

ബുള്ളറ്റ് നന്നാക്കാന്‍ വരുന്നവരോട് കുഴപ്പങ്ങള്‍ ചോദിച്ച് മനസിലാക്കി കംപ്ലെയിന്റ് എഴുതിയെടുത്താണ് തുടങ്ങിയത്. പതിയെ എയര്‍ഫില്‍ട്ടര്‍ ക്ലീനിങ്ങും ഓയില്‍ ചെയ്ഞ്ചും കേബിള്‍ ചെയ്ഞ്ചും തുടങ്ങി ജനറല്‍ സര്‍വീസിനുള്ള പണികളെല്ലാം ചെയ്തു പഠിച്ചു. അച്ചയുടേയും വര്‍ക്ക് ഷോപ്പിലെ സഹായിയായ ഗിരീഷേട്ടന്റേയും ഒപ്പം ചേര്‍ന്നാണ് ഓരോന്നും പഠിച്ചെടുത്തതെന്ന് ദിയ പറയുന്നു.

bullet-girl-1
ദിയ ജോസഫ്. ചിത്രങ്ങൾ: റിജോ ജോസഫ്

തൂത്താല്‍ പോവാത്ത ചെളിയുണ്ടോ

ഇപ്പോള്‍ രണ്ടും മൂന്നും ബുള്ളറ്റുകള്‍ ഒരു ദിവസം സര്‍വീസ് ജോലികള്‍ മുഴുവനായും ചെയ്തുകൊടുക്കാന്‍ ദിയക്ക് പറ്റുന്നുണ്ട്. ദിവസം ഏതാണ്ട് രണ്ടായിരം രൂപയുടെ പണി വരെ അച്ചയുടെ വര്‍ക്ക് ഷോപ്പില്‍ ഈ 19കാരി ചെയ്യുന്നു. പ്രത്യേകിച്ച് പോക്കറ്റ് മണി വാങ്ങാറില്ലെങ്കിലും ഇഷ്ടമുള്ള ഭക്ഷണം വാങ്ങിപ്പിക്കാറുണ്ടെന്നാണ് ദിയ പറയുന്നത്.

പത്താം ക്ലാസിലെ അവധിക്കാലത്ത് തുടക്കമിട്ട വര്‍ക്ക് ഷോപ്പിലെ പണി ഇക്കഴിഞ്ഞ പ്ലസ്ടു അവധിക്കാലത്താണ് വീണ്ടും ഉഷാറായത്. ഇപ്പോഴിതാ അമല്‍ജ്യോതി എൻജീനീയറിങ് കോളജില്‍ ദിയക്ക് അഡ്മിഷനും ലഭിച്ചിരിക്കുന്നു. ഇഷ്ട ട്രേഡായ മെക്കാനിക്കല്‍ എൻജീനീയറിങ് തന്നെയാണ് ദിയ ഇവിടെയും പഠിക്കുക. നെയില്‍ പോളിഷും ഫേഷ്യലുമൊക്കെ ചെയ്ത് സമാനപ്രായക്കാര്‍ നടക്കുമ്പോള്‍ കയ്യിലും ദേഹത്തും ഗ്രീസും ചളിയും പറ്റുന്നതില്‍ പ്രത്യേകിച്ചൊരു വിഷമവും ദിയക്കില്ല. തൂത്താല്‍ പോകാത്ത ചെളിയുണ്ടോ എന്നാണ് ഒട്ടും അഴുക്കില്ലാത്ത ദിയയുടെ ചോദ്യം.

പിറന്നാളിന് കിട്ടിയ ലൈസന്‍സ്

ചെറുപ്പം തൊട്ടേ കണ്ടുപരിചയിച്ച ബുള്ളറ്റിനെ ഒന്ന് ഓടിച്ചു മെരുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു ദിയക്ക്. ബുള്ളറ്റൊക്കെ ഓടിക്കുമ്പൊ അത്യാവശ്യം പണിയൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ. പ്ലസ് ടു വിജയിച്ച ദിയക്ക് തണ്ടര്‍ ബേഡാണ് ജോസഫ് സമ്മാനിച്ചത്. ഇപ്പോള്‍ പത്തൊമ്പതാം പിറന്നാള്‍ ദിനത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടി കിട്ടിയ സ്ഥിതിക്ക് റോഡിലൂടെ കൂടി ഓടിച്ചു തുടങ്ങിയിട്ടുണ്ട് ദിയ.

വലിയ വലിയ യാത്രാ മോഹങ്ങളില്ലെങ്കിലും പരമാവധി ബുള്ളറ്റ് ആസ്വദിച്ച് ഓടിക്കണമെന്ന ആഗ്രഹവും ദിയ പങ്കുവയ്ക്കുന്നുണ്ട്. അമ്മ ഷൈന്‍ മാത്യുവിന്റെ നാടായ മുണ്ടക്കയത്തേക്ക് അനിയത്തി മരിയയേയും പിന്നില്‍ വച്ചുകൊണ്ട് പോകുന്നതാണ് ദിയയുടെ മനസിലെ ചെറിയ വലിയ യാത്ര. ദിയ പറയും പോലെ വഴിയിലെങ്ങാനും തണ്ടര്‍ ബേഡ് നിന്നുപോയാലും ആരുടേയും സഹായമില്ലാതെ കുഴപ്പം തീര്‍ത്ത് യാത്ര തുടരാമല്ലോ.

English Summary:  Bullet Girl From Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com