ADVERTISEMENT

കാരവനും മോട്ടർ ഹോമും ഹട്ട് ഓൺ വീൽസും ഹൗസ് ഓൺ വീൽസുമെല്ലാം പ്ലീസ് സ്റ്റെപ് ബാക്ക്. സെൽഫ് സസ്റ്റെയിനിങ് ഹൗസ് ഓൺ വീൽസ് എന്ന ആശയവുമായി ഡച്ച് വിദ്യാർഥികൾ യൂറോപ്പ് കറക്കം തുടങ്ങി. വാഹനത്തിൽ നിർമിച്ച കൊച്ചുവീട് തന്നെയാണ് സംഗതി. വ്യത്യാസം ഒന്നു മാത്രം. സകലസൗകര്യങ്ങളുമുള്ള വാഹനവീടിന് ഇന്ധനം നിറയ്ക്കേണ്ടതില്ല. ഇലക്ട്രിക് വാഹനമാണെങ്കിലും ചാർജിങ് സ്റ്റേഷൻ കണ്ടെത്താൻ ഓടേണ്ടതില്ല. വാഹനത്തിനും വീടിനും വേണ്ട മുഴുവൻ ഊർജവും ആവാഹിച്ചെടുക്കാൻ പോന്ന ആ ശക്തിയുടെ പേര് സോളർ പാനൽ എന്നാണ്.

Stella Vita - rijdend huis op zonne-energie

ഇപ്പോ ഏതാണ്ടൊക്കെ പിടികിട്ടി എന്നല്ലേ? സംഗതി അതു തന്നെ. സൗരോർജം ആണ് വാഹനത്തിന്റെ അടിസ്ഥാനം. സാധാരണ ഒരു വാഹനത്തിനു മുകളിൽ പാനൽ നിരത്തിയാൽ ആവശ്യത്തിന് സൗരോർജം പിടിച്ചെടുക്കാനാകില്ലെന്നു മനസ്സിലായതോടെ മനസ്സിലെ ആശയത്തിന് ചിറക് മുളപ്പിച്ചു ഡച്ച് സർവകലാശാലയായ ഐന്ദോവനിലെ വിദ്യാർഥി സംഘം. അതിനൊരു പേരുമിട്ടു. സ്റ്റെല്ല വിറ്റ ഡ്രൈവിങ് ആൻഡ് ലിവിങ് ഓൺലി ഓൺ ദ് എനർജി ഓഫ് ദ് സൺ. സൗരോർജത്തിൽ മാത്രം പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന വീട്. 

Stella Vita - rijdend huis op zonne-energie

വിദ്യാർഥികൾ ആശയം പറഞ്ഞപ്പോൾ അധ്യാപകരിൽ ചിലർ പറഞ്ഞത്രേ.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. ഇതൊക്കെ വന്നതല്ലേ എന്ന്. അപ്പോഴാണ് വിദ്യാർഥി സംഘം പറഞ്ഞത് സൗരോർജ കാറുമുണ്ട്, സൗരോർജ വീടുമുണ്ട്. രണ്ടും ചേർത്ത് ഒരെണ്ണത്തിൽ ഇതുവരെ വന്നിട്ടില്ല. അങ്ങനെ സംഗതി പ്ലാൻ ചെയ്തു തുടങ്ങി. വാഹനം കണ്ടാൽ അമേസിന് നീളം കൂട്ടി കണ്ണാടി പതിപ്പിച്ച പോലെയുണ്ടാകും. വാഹനം ഓടുമ്പോൾ ഇങ്ങനെയാണെങ്കിലും ഇവനെ എവിടെയെങ്കിലും കൊണ്ടുപോയി പാർക് ചെയ്താൽ രൂപം മാറും. ആകാശത്തേക്ക് അവന്റെ മേലാപ് ഉയരും. ചിറക് വിരിക്കും. 17 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഈ മേലാപ്പിലാണ് സോളർ പാനലുകൾ. ഇത്ര വീതിയേറിയ പാനലുകളിൽ സൗരോർജം പതിപ്പിക്കുന്നത് കൊണ്ടാണ് കുളിമുറിയും കൊച്ച് അടുക്കളയുമൊക്കെയുള്ള ‘കാർ’ സഞ്ചരിക്കുന്നതും വീട്ടിലേക്ക് വേണ്ട വൈദ്യുതി ലഭിക്കുന്നതും. 

Stella Vita - rijdend huis op zonne-energie

ഐന്ദോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജീസിലെ വിദ്യാർഥി സംഘം 19ന് ഐന്ദോവനിൽ നിന്ന് 3000 കിലോമീറ്റർ അകലെയുള്ള ടാരിഫയിലേക്ക് പുറപ്പെട്ടത്. യാത്ര ഏറെ പിന്നിട്ട സംഘം ആവേശത്തിലാണ്. പല വൻകിട കമ്പനികളും ആശയത്തിന് വില പറഞ്ഞത്രേ. പക്ഷേ, ടീം നേരത്തെ പേറ്റന്റ് അടിച്ച് ആശയം ഭദ്രമാക്കിയിട്ടുണ്ട്. ഒറ്റത്തവണ നിർത്തിയിട്ട് ചാർജ് ആക്കിയാൽ 700 കിലോമീറ്റർ യാത്ര ചെയ്യാമെന്നാണ് സംഘം പറയുന്നത്. പരമാവധി വേഗം 120 കിലോമീറ്റർ വരെയാണ്. സസ്റ്റെയിനബിൾ എനർജി ആണ് ഭാവി എന്നു ലോകത്തെ മനസ്സിലാക്കാനാണ് ഈ യാത്രയെന്നും 22 അംഗ സംഘം വ്യക്തമാക്കുന്നു. ഉപയോഗിക്കുന്നത് സൗരോർജമായതിനാൽ ലൈറ്റ് വെയ്റ്റ് മെറ്റീരിയലാണ് കാറിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 

Stella Vita - rijdend huis op zonne-energie

പക്ഷേ, സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടുമില്ലെന്നാണ് സംഘം പറയുന്നത്. അടുക്കള, ബെഡ്, സോഫ, കുളിമുറി, ശുചിമുറി, വാഷ് ബേസിൻ, എന്റർടെയിൻമെന്റ് സിസ്റ്റം തുടങ്ങിയവയാണ് നിലവിൽ കാറിലുള്ളത്. സഞ്ചരിക്കുന്നത് 2 പേരടങ്ങുന്ന ടീം ആണ്. ഇതിൽ ഏതു രീതിയിലുള്ള മാറ്റങ്ങളും വരുത്താൻ കഴിയും വിധമാണ് ക്രമീകരണം. ഫ്രഞ്ച് നിർമാണ രീതികളിൽ കാണാറുള്ള വലിയ ജാലകത്തിന്റെ പ്രതീതി ലഭിക്കുന്ന വിധമാണ് വാഹനം ഡിസൈൻ ചെയ്തതെന്നും സംഘാംഗങ്ങൾ പറയുന്നു. ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകളെല്ലാം ഒരാൾക്ക് എടുക്കാവുന്നത്ര ഭാരം കുറഞ്ഞവയാണ്. അതുകൊണ്ട് തന്നെ വാഹനം പാർക് ചെയ്യുന്ന സമയം ബെഡോ സോഫയോ ഒക്കെ പുറത്തേക്ക് എടുത്തിട്ട് കാറ്റു കൊള്ളാനും വിശ്രമിക്കാനുമൊക്കെ കഴിയും. 

Stella Vita - rijdend huis op zonne-energie

യാത്രയിലുടനീളം വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സംഘം സമൂഹമാധ്യങ്ങളിലൂടെ വ്യക്തമാക്കി. പ്രകൃതിസുന്ദരമായ പാതയാണ് 3000 കിലോമീറ്റർ യാത്രയ്ക്കായി സംഘം തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രസ്സൽസിലും പാരിസിലുമൊക്കെ സ്റ്റോപ് ക്രമീകരിച്ചാണ് യാത്ര. ഓരോ സ്ഥലത്ത് എത്തുമ്പോഴും വാഹനത്തെ അടുത്തറിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാരിസിലെത്തിയപ്പോൾ ഒരു പ്രമുഖ സിനിമാ താരം ഇവരെ വീട്ടിലേക്ക് വിളിച്ച് ഒരെണ്ണം നിർമിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും സംഘം പറയുന്നു. ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാഹനം നിർമിച്ച് കൈമാറുമ്പോൾ വിവരം പുറത്തുവിടാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. 

Stella Vita - rijdend huis op zonne-energie

സസ്റ്റെയിനബിൾ ട്രാവൽ ഹോം എന്ന ആശയത്തിനു പിന്തുണയുമായി സർവകലാശാല വിദ്യാർഥികളും മറ്റു രാജ്യങ്ങളിലെ യുവാക്കളുമൊക്കെ എത്തിയെന്നും സംഘം വ്യക്തമാക്കുന്നു. ആശയത്തിന്റെ ആരംഭ സമയത്ത് ഇന്റർനെറ്റിലെ ക്രൗണ്ട് ഫണ്ടിങ്ങിലൂടെയാണ് ഇതിനായുള്ള പണം കണ്ടെത്തിയത്. യാത്രയിലെ മറ്റു ചെലവുകൾക്കും സംഘത്തിന്റെ തുടർപ്രവർത്തനങ്ങൾക്കും ഇതേ രീതിയിലാണ് പണം കണ്ടെത്തുന്നത്. ഉപയോഗിച്ചിരിക്കുന്ന സോളർ പാനൽ, ബാറ്ററി തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ തൽക്കാലം രഹസ്യമാണ്. യാത്ര പൂർത്തിയാക്കിയ ശേഷം ഇവ പുറത്തുവിടാമെന്നാണ് സംഘം പറഞ്ഞിരിക്കുന്നത്. സർവകലാശാല വെബ്സൈറ്റിലെ വ്ലോഗിലും മറ്റും യാത്രാവിവരങ്ങളുണ്ട്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പേജുകളിൽ യാത്രയുടെ വിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട് സംഘം.

English Summary: Stella Vita Solar Powered Motor Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com