ADVERTISEMENT

‘വി100 മാൻഡെലോ പ്രദർശിപ്പിച്ച് മോട്ടോ ഗുസി’ എന്നു പറഞ്ഞാൽ ആർക്കും ഒരു ചുക്കും മനസ്സിലാകില്ല. ‘മോട്ടോ ഗുസി’ എന്താണെന്ന് ഇന്ത്യക്കാർക്കു വല്യ പിടിയില്ലെന്നതു തന്നെ കാരണം. മോട്ടോ ഗുസി ഒരു ഇറ്റാലിയൻ ബൈക്ക് നിർമാതാവും മാൻഡെലോ അവർ ഈ നവംബറിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ പോകുന്ന ഒരു ആഡംബര ബൈക്കുമാണ്. സ്റ്റാൻഡേഡ് മോട്ടർസൈക്കിളുകൾ എന്ന വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു മനസ്സിലാക്കിത്തരാൻ വേണ്ടിയാണോ മോട്ടോ ഗുസി മാൻഡെലോയെ അണിയിച്ചൊരുക്കിയത് എന്നു സംശയിക്കും ആദ്യ കാഴ്ചയിൽ. 

triumph-speed-triple-1200-rr-4
Triumph Speed Triple 1200 RR

നിവർന്നിരിക്കാൻ കഴിയുന്ന റൈഡിങ് പൊസിഷനും വൃത്തിയുള്ളതെന്നും തകർപ്പൻ നിർമിതിയെന്നുമൊക്കെ തോന്നിപ്പിക്കുന്ന രൂപഭംഗിയും ഉള്ള സുന്ദരിക്കുട്ടിയാണു മാൻഡെലോ. കമ്പനി ആരംഭിച്ചതിന്റെ 100–ാം വാർഷികം ആഘോഷിക്കാൻ ഒരു ബൈക്ക് ഇറക്കുമ്പോൾ ഒരു ഭാഗത്തും കുറവു വരരുതല്ലോ... 

1921 മാർച്ചിൽ ഇറ്റലിയിലെ മാൻഡെലോ ഡെൽ ലാറിയോ എന്ന സ്ഥലത്തു സ്ഥാപിതമായ മോട്ടർസൈക്കിൾ നിർമാണ കമ്പനിയാണു മോട്ടോ ഗുസി. ഇറ്റാലിയൻ വ്യോമസേനയിലെ 3 ഉദ്യോഗസ്ഥരായിരുന്ന കാർലോ ഗുസി, ജ്യോവാനി റാവേലി, ജോർജോ പാരോഡി എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിക്കാൻ പദ്ധതിയിട്ടത്. എന്നാൽ ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നടന്ന ഒരു വിമാന അപകടത്തിൽ ജ്യോവാനി റാവേലി കൊല്ലപ്പെട്ടതോടെ കാർലോയും ജോർജോയും അദ്ദേഹത്തിന്റെ സഹോദരൻ ഏയ്ഞ്ചെലോയും ചേർന്നാണു പിന്നീട് കമ്പനി തുടങ്ങിയത്. റേസർ കൂടിയായ തങ്ങളുടെ പ്രിയ സുഹൃത്തിന്റെ ഓർമയ്ക്കായി അവർ കമ്പനിയുടെ ലോഗോയിൽ ഒരു പരുന്തിനെയും ഉൾപ്പെടുത്തി. 

moto-guzzi-v100-mandello-1
Moto Guzzi V100 Mandello

പിന്നീടു പല കൈകൾ മറിഞ്ഞ് 2004ൽ മോട്ടോ ഗുസി ഇറ്റലിയിലെ തന്നെ പിയാജിയോയുടെ കൈകളിലെത്തി. ഇപ്പോൾ പിയാജിയോയുടെ 8 ബ്രാൻഡുകളിൽ ഒന്നാണ് മോട്ടോ ഗുസി. പല കൈ മറിഞ്ഞെങ്കിലും ഒരിക്കലും പ്രവർത്തനം നിലച്ചു പോകാതിരുന്നതിനാൽ യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ മോട്ടോർസൈക്കിൾ നിർമാതാവെന്ന സൽപേരും ഇപ്പോൾ മോട്ടോ ഗുസിക്ക് ആണ്. 

ഇരു വശങ്ങളിലേക്കും തള്ളി നിൽക്കുന്ന ലോൻജിട്യൂഡിനൽ‌ വി ട്വിൻ എൻജിനുകളാൽ പ്രശസ്തമായ ഈ ഇറ്റാലിയൻ ഇതിഹാസം ഇന്ത്യയിൽ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കണം... പിയാജിയോ ഇന്ത്യയുടെ പതാകവാഹക ബ്രാൻഡ് ആയി നിലകൊള്ളുന്നത് മോട്ടോ ഗുസി തന്നെയാണ്.

Moto Guzzi V100 Mandello
Moto Guzzi V100 Mandello

വിഖ്യാതമായ എൽദൊറാദോ, ഒഡാച്ചെ ക്രൂസർ ബൈക്കുകളും എംജിഎക്സ് 21 ടൂറിങ് ബൈക്കും 2016ൽ അവതരിപ്പിച്ച മോട്ടോ ഗുസി ഈ വർഷം ആദ്യം വി85 ടിടി സ്പോർട്സ് ടൂറർ ബൈക്കും അവതരിപ്പിച്ചു. വി9 റോമർ, വി9 ബോബർ എന്നിവയും ഗുസിയുടേതായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പിയാജിയോ മോട്ടോപ്ലക്സ് എന്ന പ്രീമിയം ഡീലർഷിപ് ശൃംഘല വഴിയാണ് ബൈക്കുകളുടെ വിൽപന. ബെംഗളൂരു, പുണെ, ചെന്നൈ എന്നിവിടങ്ങളിലായി 4 ഡീലർഷിപ്പുകൾ മാത്രമാണു മോട്ടോ ഗുസിക്ക് ഉള്ളത് എന്നതിനാലാണു രാജ്യത്താകമാനം ബ്രാൻഡിന് അർഹിക്കുന്ന പ്രശസ്തി ലഭിക്കാത്തത്.

ബിഎംഡബ്യൂ ബൈക്കുകൾ പോലെ തന്നെ മോട്ടോ ഗുസിയും ഷാഫ്റ്റ് ഡ്രൈവ് പ്രിയരാണ്. ഹാർലി ഡേവിഡ്സൺ ഗ്രൂപ്പ് മൊത്തത്തിൽ ബെൽറ്റ് ഡ്രൈവ് പ്രിയരാണെന്നു പറയുംപോലെ.

മാൻഡെലോയും ഷാഫ്റ്റ് ഡ്രൈവ് തന്നെ. മാൻഡെലോയുടെ സാങ്കേതിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ചിത്രങ്ങളിൽ നിന്നു മനസ്സിലാക്കിയെടുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പരക്കുന്നത്. ലോകത്തെ എണ്ണം പറഞ്ഞ ബൈക്ക് റിവ്യൂവർമാർ മിക്കവരും തന്നെ തങ്ങളുടെ ‘ഊഹങ്ങൾ’ ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. 

moto-guzzi-v100-mandello
Moto Guzzi V100 Mandello

നവംബർ അവസാനം ഇറ്റലിയിലെ മിലനിൽ നടക്കുന്ന EICMA മോട്ടർഷോയിൽ ആണു മാൻഡെലോയെ കമ്പനി അവതരിപ്പിക്കുക. പല ഊഹങ്ങളും ചേർത്തു വച്ചു നോക്കിയാൽ വരാൻ പോകുന്നത് ഒരു പുതുപുത്തൻ ലോൻജിട്യൂഡിനൽ വി ട്വിൻ എൻജിൻ ആണെന്നും ഇത് 1000 സിസിയുടേത് ആയിരിക്കും എന്നും കരുതുന്നു.

110 കുതിരശക്തി കരുത്തു പ്രതീക്ഷിക്കാം. വി9 ബോബറിലും റോമറിലും മിന്നി നിൽക്കുന്ന പച്ച, ചുവപ്പ് ഷേഡുകളിലുള്ള ബൈക്കുകളുടെ ചിത്രങ്ങളാണ് കമ്പനി പുറത്തു വിട്ടത്. മുൻപിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കും ആയിരിക്കും ഷോക്ക് അബ്സോർബറുകളുടെ ജോലി ചെയ്യുകയെന്നു വ്യക്തം. റേഡിയേറ്റർ ഉള്ളതിനാൽ ലിക്വിഡ് കൂൾഡ് ആണെന്നും ഉറപ്പിച്ചിട്ടുണ്ട്. സെമി ഫെയറിങ് ഉള്ളതിനാൽ നേക്കഡ് സ്റ്റൈൽ ബൈക്ക് അല്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... 

സ്വിച്ച് ഓപ്പറേറ്റഡ് വൈസർ ഗ്ലാസ് പോലെയുള്ള ആഡംബര സൗകര്യങ്ങൾ ഉണ്ടെന്ന് ടീസർ വിഡിയോയിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട്. രണ്ടു പേർക്കു സുഖകരമായി ഇരിക്കാവുന്ന സീറ്റുകൾ ആണെങ്കിലും പിന്നിലെ യാത്രക്കാരനു വേണ്ടി ഗ്രാബ് റെയിൽ സ്റ്റോക്ക് മോഡലിൽ കണ്ടില്ല. എന്നാൽ ആക്സസറി ആയി ഇതു വന്നുകൂടെന്നില്ല. 

സ്റ്റാൻഡേഡ് മോട്ടർസൈക്കിൾ ആയി തന്നെയാണോ ഇവർ ഇത് അവതരിപ്പിക്കുക എന്നും അവ്യക്തമാണ്. ടിഎഫ്ടി കൺസോൾ ആയിരിക്കുമെന്നും ഇതു വി85 ടിടിയുടേത് ആയിരിക്കുമെന്നും പറയുന്നു. വലിയ ഇഴകളുള്ള ചിലന്തിവലയെ അനുസ്മരിപ്പിക്കുന്ന അലോയ് വീലുകൾ മാൻഡെലോയുടെ ചന്തം കൂട്ടുന്നു. ഡിസ്ക് ബ്രേക്കുകൾ ബ്രെംബോയുടേതും ടയറുകൾ പിരെല്ലിയുടേതും ആയിരിക്കും. വലിയ വിലയുള്ള എംജിഎക്സ് 21 ടൂറിങ് ബൈക്ക് ഇന്ത്യയിൽ‌ അവതരിപ്പിച്ച മോട്ടോ ഗുസി ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ മടിക്കേണ്ട കാര്യമില്ല. 

ട്രയംഫ് സ്പീഡ് ട്രിപ്പിൾ 1200 ആർആർ

ബ്രിട്ടീഷ് മോട്ടർസൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ ഏറ്റവും പുതിയ സെമി ഫെയറിങ് ഉള്ള (നമ്മുടെ പൾസർ 220 പോലെ) ബൈക്ക് ആണ് സ്പീഡ് ട്രിപ്പിൾ 1200 ആർആർ. നേക്കഡ് ബൈക്കായ (സുസുക്കി ജിക്സറും യമഹ എഫ്സിയും പോലെ) സ്പീഡ് ട്രിപ്പിൾ ആർഎസ് ആണ് ആർആറിന്റെ അടിസ്ഥാനം. എന്നാൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ ആർആർ കസിനായ ആർഎസിനെ ഏറെ പിന്നിലാക്കും. കുറെ രാത്രികൾ ട്രയംഫിന്റെ എൻജിനീയർമാർ ഉറക്കമിളച്ചിട്ടുണ്ട് ഇതു നിർമാണസജ്ജമാക്കാൻ. ചിത്രങ്ങളിൽ കാണുമ്പോൾ പോലും എന്തൊരു ഫിനിഷിങ്. പഴയ ബ്രിട്ടിഷ് കഫെ റേസർ ബൈക്കുകളുടെ പലതിന്റെയും ആത്മാവിനെ ഇതിലേക്ക് ആവാഹിച്ചിട്ടുണ്ട് ഡിസൈനർമാർ. 

triumph-speed-triple-1200-rr-1
Triumph Speed Triple 1200 RR

ഹെഡ്‌ലൈറ്റ് എൽഇഡി ആണ്. ദൂരക്കാഴ്ചയിൽ അതു പക്ഷേ തോന്നില്ല. യമഹ പണ്ട് വി മാക്സ് എന്ന ക്രൂസർ ബൈക്ക് ഇറക്കിയതാണ് ഇതു കണ്ടപ്പോൾ ഓർമ വന്നത്. ക്ലാസിക്ക് ലുക്ക് ഉള്ള ക്രൂസർ കുട്ടപ്പൻമാരുടെ ഇടയിലേക്ക് അത്യാധുനികനായ വി മാക്സിനെ കൊണ്ടുവന്ന് ഇറക്കാൻ ധൈര്യം മാത്രം പോര, വേറിട്ട ചിന്തയും വേണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്. അത്രയും ഒന്നും ഇല്ലെങ്കിലും ആധുനികതയും പഴയ സ്റ്റൈലിന്റെ ചില മേന്മകളും ഇതിൽ സമന്വയിക്കുന്നു. സ്പോർട്ടി റൈഡിങ് തന്നെയാണ് ട്രയംഫ് ഉദ്ദേശിച്ചിരിക്കുന്നത്. ഡ്രൈവിങ് പൊസിഷൻ അങ്ങനെയാണ്. 

ഹാൻഡിൽ ബാർ ക്ലിപ് ഓൺ ടൈപ്പ് ആണ്. അത്യാധുനിക സസ്പെൻഷൻ സംവിധാനമാണ് ഇതിന്. ആർഎസിൽ ഇതല്ല ഉപയോഗിച്ചിരിക്കുന്നത്. 199 കിലോഗ്രാം ആണ് ഭാരം. 1200 സിസി (180 ബിഎച്ച്പി) 3 സിലിണ്ടർ എൻജിന് 6 സ്പീഡ് ഗീയർബോക്സാണ് നൽകിയിരിക്കുന്നത്. 17 ഇഞ്ച് പിരെല്ലി ടയറുകൾ തന്നെ. 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും പുതുതലമുറ കണക്ടിവിറ്റി ഫീച്ചറുകളും ബൈക്കിൽ ലഭിക്കും. ട്രാക്‌ഷൻ കൺട്രോൾ പോലെയുള്ള സുരക്ഷാ സംവിധാനങ്ങളും. വില പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ട്രയംഫിന് എതിരാളിയായി ഇന്ത്യയിലൊരു സൂപ്പർബൈക്ക് ബ്രാൻഡ് ഇല്ലാത്തതിനാൽ ചിലപ്പോൾ ഇന്ത്യയിലേക്കു വന്നേക്കും. 

triumph-speed-triple-1200-rr
Triumph Speed Triple 1200 RR

എംവി അഗസ്റ്റ ബ്രൂട്ടേൽ‌ ആർഎസ്

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് 2 വർഷം മുൻപ്, 1945ൽ, ഇറ്റലിയിലെ മിലാനിൽ സ്ഥാപിതമായ ബൈക്ക് നിർമാണ സ്ഥാപനമാണ് എംവി അഗസ്റ്റ. പിന്നീട് അഗസ്റ്റ വെസ്റ്റ്‌ലൻഡ് എന്ന് അറിയപ്പെട്ട വിമാന നിർമാണ കമ്പനിക്കു തുടക്കം കുറിച്ച ജ്യോവാനി അഗുസ്റ്റ ആണു കമ്പനിയുടെ സ്ഥാപകൻ. 1923ലാണ് ഇതു സ്ഥാപിക്കപ്പെട്ടത്. 

mv-agusta-brutale-1000-rr
MV Agusta Brutale 1000 RR

വിമാന നിർമാണ കമ്പനിയുടെ ഉപസ്ഥാപനമായി എംവി അഗസ്റ്റ തുടങ്ങുന്നത് അദ്ദേഹത്തിന്റെ മക്കളിലൊരാളും വലിയ ബൈക്ക് പ്രേമിയുമായിരുന്ന ഡൊമിനിക്കൊ അഗസ്റ്റയാണ്. പല കൈകളിലൂടെ അഗുസ്റ്റ ഇപ്പോൾ റഷ്യൻ – ഇറ്റാലിയൻ സംയുക്ത ഉടമസ്ഥതയിൽ ആണുള്ളത്. ട്രയംഫ് സ്പീഡ് ട്രിപ്പിൾ ആർഎസിൽ നിന്ന് ആർആറിലേക്ക് ഉയരുകയായിരുന്നെങ്കിൽ അഗസ്റ്റയും അതു തന്നെയാണു ചെയ്തത്. പക്ഷേ, വിപരീത ദിശയിലാണു നടപടികൾ പുരോഗമിച്ചതെന്നു മാത്രം. അഗസ്റ്റ ആദ്യം ബ്രൂട്ടേൽ ആർആർ ഇറക്കി. രണ്ടാമതാണ് കുറച്ചുകൂടി ആഡംബരം കുറച്ച് ആർഎസ് ഇറക്കുന്നത്. 

ബ്രൂട്ടേൽ ആർആർ എന്ന മോഡലിന്റെ പകിട്ട് കുറയ്ക്കുകയായിരുന്നെങ്കിലും തലകീഴായി സ്ഥാപിച്ച ഫോർക്കുകൾ മുൻപിലും പിന്നിൽ മോണോഷോക്കും എന്ന രീതി ബ്രൂട്ടേൽ ആർഎസും പിന്തുടരുന്നു. അതൊരു ഫാഷനായി കഴിഞ്ഞു സൂപ്പർബൈക്കുകളുടെ ഇടയിൽ എന്നു കരുതണം. ആർആറിലെ സെമി ഓട്ടമാറ്റിക് സസ്പെൻഷൻ ഒഴിവാക്കി. അതും ട്രയംഫ് ചെയ്തതു തന്നെ. അവർ ആർഎസിൽ അതു ഘടിപ്പിച്ചില്ല, ആർആറിൽ കൊടുത്തു. 

ബ്രൂട്ടേൽ ആർഎസിൽ കുറച്ചുകൂടി നിവർന്നിരിക്കുന്ന റൈഡിങ് പൊസിഷൻ ആണ്, സ്പോർട്ടി പൊസിഷൻ ഒഴിവാക്കി. 1000 സിസി 208 ബിഎച്ച്പി 4 സിലിണ്ടർ എൻജിനാണ് ആർഎസിനും ആർആറിനും. 5.5 ഇഞ്ച് ടിഎഫ്ടി സ്ക്രീനും എബിഎസും ഇതര സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ബ്രെം തന്നെയാണ് ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നത്. ആർആറിന് 30 ലക്ഷം രൂപയായിരുന്നു രാജ്യാന്തര വിപണിയിൽ വില. ആർഎസിന് അൽപം വില കുറവുണ്ടാകും. എന്നാലും 22 ലക്ഷത്തിനു മുകളിൽ പ്രതീക്ഷിക്കാം. എംവി അഗസ്റ്റയുടെ ഇന്ത്യൻ പങ്കാളിയായ കൈനറ്റിക് മോട്ടോറോയെൽ പെട്ടി മടക്കിയതിനാൽ ഇനി ഇത് ഇന്ത്യയിലെത്താൻ അൽപം പ്രയാസമാണ്. ഇന്ത്യയിൽ ഏറ്റവും വലിയ നഗരങ്ങളിൽ മാത്രമാണ് ഇത്തരം ബൈക്കുകൾക്ക് മാർക്കറ്റ് എന്നതിനാൽ അത്തരത്തിലൊരു നഗരം സ്വന്തമായി ഇല്ലാത്ത കേരളത്തിലേക്ക് ട്രയംഫ് വന്നാലും (കൊച്ചിയിൽ ഡീലർ ഉണ്ടേ...) അഗുസ്റ്റ വരുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. മോട്ടോ ഗുസി വന്നാൽ വന്നെന്നു പറയാം. 

പിറ്റ്സ്റ്റോപ്പ് – വിലക്കൂടുതലുള്ള വാഹനങ്ങൾക്ക് (പ്രത്യേകിച്ചു ബൈക്കുകൾക്ക്) ശനിദിശയുണ്ടെന്നു കിംവദന്തിയുള്ള ഇന്ത്യയിലേക്കു പക്ഷേ  സുപ്പർബൈക്കുകളുടെ ഒരു ചെറിയ ശോഭായാത്ര തന്നെയാണു നടക്കാനിരിക്കുന്നത്. ഡ്യൂക്കാട്ടി പാനിഗേൽ വി4 എസ്പി, മോൺസ്റ്റർ, സുസുക്കിയുടെ പുതിയ ഹയാബുസ, കാവസാക്കി സെഡ്900 എസ്ഇ... പട്ടിക നീളും. ഇലക്ട്രിക്ക് വിപ്ലവം സ്പോർട്സ് ബൈക്കുകളെ സമീപഭാവിയിലെങ്ങും ബാധിക്കില്ല എന്നതാകാം ഈ വരവിനു കാരണം. 

സായിപ്പ് മിഡിൽ വെയിറ്റ് (500 മുതൽ 800 സിസി വരെ എൻജിൻ ശേഷി ഉള്ളവ) എന്നു വിളിക്കുന്ന വിഭാഗത്തിലേക്ക് 5 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയ്ക്കുള്ള ഓൺറോഡ് വിലയിൽ കൂടുതൽ ബൈക്കുകൾ എത്തിക്കുന്നതു രാജ്യത്തെ പരമ്പരാഗത ബൈക്ക് നിർമാതാക്കൾക്ക് ഗുണം ചെയ്യും. 650 സിസി രണ്ടു സിലിണ്ടർ എൻജിനുമായി വന്ന ഇന്റർസെപ്റ്ററിലേറി റോയൽ എൻഫീൽഡ് ചെത്തുന്നത് നമ്മുടെ കൺമുന്നിലുള്ള ഉദാഹരണമാണ്. 4.50 ലക്ഷം രൂപയ്ക്കു തൊട്ടുതാഴെയുള്ള വിലയിൽ ഇന്റർസെപ്റ്റർ റോഡിലിറങ്ങും. ഈ വിലയ്ക്കു മറ്റൊരു മിഡിൽ വെയിറ്റ് ബൈക്ക് ഇന്ത്യയിൽ ഇറങ്ങുമോയെന്നു സംശയമാണ്. 

എൻഫീൽഡ് അത്രയും ഇന്റർസെപ്റ്ററിനായി പണി എടുത്തിട്ടുണ്ട്. ഇറങ്ങുമ്പോൾ ഇന്റർസെപ്റ്ററിന് 4.30 ലക്ഷം പരിസരത്തു മാത്രമായിരുന്നു വില എന്നും ഓർക്കണം. ഹോണ്ട ഹൈനസ് 350 ഇറക്കിയത് മാറുന്ന വിപണി മുന്നിൽ കണ്ടാണെന്നു കരുതണം. എൻട്രി ലൈറ്റ് വെയിറ്റ് വിഭാഗത്തിലായിരുന്നെങ്കിലും ആ വരവു മാസ് തന്നെ ആയിരുന്നു. ഹീറോ മോട്ടോകോർപ് ഹാർലി ഡേവിഡ്സൺ ബ്രാൻഡിന്റെ ഇന്ത്യൻ പങ്കാളിയായതും ടിവിഎസ് ബ്രിട്ടീഷ് കമ്പനിയായ നോർട്ടൻ ഏറ്റെടുത്തതും മഹീന്ദ്രയ്ക്കു പങ്കാളിത്തമുള്ള ക്ലാസിക് ലെജെൻഡ്സ് കമ്പനി ബ്രിട്ടനിലെ ബിഎസ്എ ബ്രാൻഡ് പൊടി തട്ടി എടുത്തതും ബജാജിന് കെടിഎമ്മും കവാസാക്കിയുമായുള്ള പങ്കാളിത്തവും എല്ലാം പ്രതീക്ഷ നൽകുന്നുണ്ട്. ഒന്നേ പറയാനുള്ളു എല്ലാവരോടും, അടിപൊളി ബൈക്കുകൾ വിപണിയിലെത്തിക്കാൻ അധികം വൈകേണ്ട... 

English Summary: Upcoming Superbikes In World Market 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com