ADVERTISEMENT

വോൾവോ കാർ ഡിവിഷനും ട്രക്ക് ആൻഡ് ബസ് ഡിവിഷനും രണ്ടു കമ്പനികൾ ആകുകയും കാർ ഡിവിഷൻ ചൈനയിലെ ഗീലിയുടെ കൈകളിൽ എത്തുകയുമൊക്കെ ചെയ്തെങ്കിലും ഇരുവർക്കും പൊതുവായ ചില സവിശേഷതകൾ ഉണ്ട്. പുത്തൻ സുരക്ഷാ സംവിധാനങ്ങൾ കണ്ടുപിടിക്കുന്നതിലും അതു ജനകീയമാക്കുന്നതിലും വോൾവോയ്ക്കുള്ള സൽപേര് ഇരു കമ്പനികളും നിലനിർത്തുന്നു, മികച്ച ഗവേഷണ – വികസന പ്രവർത്തനങ്ങൾ നടത്തുന്നു, ബ്രാൻഡ് മൂല്യം ഉയർത്തുന്നു എന്നിവയാണ് അവ. ഈ പട്ടികയിൽ‌ ഉൾപ്പെടുത്തേണ്ട ഒട്ടും അപ്രധാനമല്ലാത്ത മറ്റൊരു സവിശേഷതയാണ് ഈ കമ്പനികൾ പുറത്തിറക്കുന്ന പരസ്യങ്ങളുടെ മികവ്. ഒരു പരമ്പരാഗത വാഹന നിർമാതാവ് ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായ പരസ്യങ്ങളും പ്രചാരണ പരിപാടികളും ഇരു കമ്പനികളുടെയും പ്രത്യേകതയാണ്. വോൾവോ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ആണ് ഇത്തരം പരസ്യങ്ങളുടെയും പ്രചാരണ പരിപാടികളുടെയും എണ്ണത്തിൽ മുൻപിൽ നിൽക്കുന്നത്. എങ്കിലും, വോൾ‌വോ കാർ ഡിവിഷനും ചെയ്യുന്ന പരസ്യങ്ങളുടെ നിലവാരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 

volvo-c40

അത്തരത്തിലൊന്നായിരുന്നു 2021ന്റെ തുടക്കത്തിൽ വോൾവോ കാർസ് പുറത്തിറക്കിയ ‘കാലാവസ്ഥാ വ്യതിയാനമാണ് നാം നേരിടേണ്ട എറ്റവും വലിയ സുരക്ഷാ പരിശോധന’ എന്ന പരസ്യം. കമ്പനിക്കു വലിയ അഭിനന്ദനം നേടിക്കൊടുക്കുകയും ചർച്ചയാകുകയും ചെയ്ത പരസ്യമായിരുന്നു അത്. അതിന്റെ അനൗപചാരിക തുടർച്ചയെന്നോണമാണ് വോൾവോ കാർസ് ഇപ്പോൾ പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്: ‘2030 ആകുമ്പോഴേക്ക് എല്ലാ കാറുകളിൽ നിന്നു ലെതർ‌ ഒഴിവാക്കും’.

അതിന്റെ ആദ്യപടിയായി വോൾവോ തങ്ങളുടെ ആദ്യത്തെ കൂപ്പെ ഇലക്ട്രിക് എസ്‌യുവി ആയ ‘സി40 റീചാർജി’ൽ നിന്ന് ലെതർ ഒഴിവാക്കുകയാണ്. പകരം ലെതറിനൊപ്പം ഈടും സുഖവും നൽകുന്ന ഇതര വസ്തുക്കൾ വാഹനത്തിൽ പരീക്ഷിക്കാൻ ആണു നീക്കം. ഇനി പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഈ രീതി പിന്തുടരുമെന്നു വോൾവോ പറയുന്നു. ‘വീഗൻ’ ജീവിതശൈലിയോട് കൂടുതൽ ഇഴുകിച്ചേരുകയാണു വോൾവോ ഈ തീരുമാനത്തിലൂടെ. 

volvo-c40-2

ലെതറിനു പകരം കൂടുതൽ സുസ്ഥിരമായ വസ്തുക്കൾ ഉപയോഗിക്കുന്നതിലേക്കാണു കമ്പനി റൂട്ട് മാർച്ച് ചെയ്യുന്നത്. 2040 ആകുമ്പോഴേക്ക് തങ്ങളുടെ വാഹനനിർമാണം മുഴുവൻ പുനരുപയോഗ നയത്തിൽ ഊന്നിയുള്ളതാക്കുക എന്നതാണു വോൾവോയുടെ ലക്ഷ്യം. മൂന്നു വർഷത്തിനകം കാറുകളിലെ 25 ശതമാനം വസ്തുക്കൾ ജൈവ രീതിയിൽ തയാറാക്കുന്നവയാക്കാനും ഈ ചൈനീസ് – സ്വീഡിഷ് നിർമാതാവു പടിപടിയായി നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി പെറ്റ്ബോട്ടിലുകൾ, ജൈവ വസ്തുക്കൾ, കോർക്കുകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ‘നോർഡിക്കോ’ എന്ന മെറ്റീരിയൽ വോൾവോ വികസിപ്പിച്ചിട്ടുണ്ട്. ‘നോർഡിക്കോ’ പരീക്ഷണ ഘട്ടത്തിലാണ് ഉള്ളത്. അടുത്ത തലമുറ വോൾവോ വാഹനങ്ങളിലൂടെ ആയിരിക്കും ഇതു വിപണിപ്രവേശം നടത്തുക. ‘സി40 റീചാർജ്’ മോഡലിൽ നോർഡിക്കോ എത്തുമോയെന്നു കമ്പനി ഇതുവരെ മനസ്സു തുറന്നിട്ടില്ല.

volvo-c40-5

കാറുകളിൽ ഉപയോഗിക്കുന്ന കമ്പിളി പോലെയുള്ള വസ്തുക്കളും മൃഗങ്ങളെ ചൂഷണം ചെയ്യാതെ ശേഖരിക്കുന്നതാണെന്ന് ഉറപ്പു വരുത്തും. ഇതു സംബന്ധിച്ച് സർക്കാരിന്റെയോ ഇതര സ്വതന്ത്ര ഏജൻസികളുടെയോ സാക്ഷ്യപത്രം ഉള്ള സപ്ലയർമാരുടെ അടുത്തുനിന്നു മാത്രമേ കമ്പിളി പോലെയുള്ള വസ്തുക്കൾ സ്വീകരിക്കൂ എന്നാണു കമ്പനിയുടെ നിലപാട്. പുനർലഭ്യമായ ഊർജം ഉപയോഗിക്കുകയാണു മറ്റൊരു നടപടി. അധികം വൈകാതെ വോൾവോയുടെ എല്ലാ നിർമാണശാലകളും സപ്ലയർ‌മാരും പുനരുപയോഗ ഊർജം മാത്രമേ ഉപയോഗിക്കൂ. അതിലേക്കും ചുവടുവച്ച് അടുക്കുകയാണെന്നാണു വോൾവോയുടെ അവകാശവാദം.

volvo-c40-4

വ്യാവസായിക അടിസ്ഥാനത്തിൽ കന്നുകാലികളെ വളർത്തുന്നതിന്റെ ഭാഗമായി പുറത്തുവരുന്ന ഒരു ഉൽപന്നവും തങ്ങളുടെ വാഹനങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തു ആകാതിരിക്കാനും കമ്പനി ശ്രദ്ധിക്കും. കന്നുകാലി വളർത്തൽ, വനനശീകരണം എന്നിവയുടെ പ്രകൃതിവിരുദ്ധ സ്വഭാവം മനസ്സിലാക്കിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കമ്പനി വൃത്തങ്ങൾ വിശദീകരിക്കുന്നത്. ലോകത്തു ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനം കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കന്നുകാലി വളർത്തൽ ആണെന്നാണു കരുതപ്പെടുന്നത്. അതുകൊണ്ടാണ് കന്നുകാലി വളർത്തലും അതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളും നിരുത്സാഹപ്പെടുത്താൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ നീങ്ങാൻ ഇപ്പോൾ എടുത്ത നടപടികൾ സഹായകമാകും എന്നാണ് വോൾവോയുടെ പ്രതീക്ഷ.

volvo-c40-3

എന്നാൽ, ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ഇപ്പോൾ മറ്റൊരു കമ്പനി ആയതുകൊണ്ട് ഇവർ ഈ തീരുമാനത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. മറ്റൊന്ന്, വോൾവോയുടെ മാതൃകമ്പനിയായ ഗീലി ചൈനീസ് വേരുകൾ ഉള്ള സ്ഥാപനമാണ്. പ്രാണികൾ മുതൽ പാമ്പുകൾ വരെ ‘മെനു’വിന്റെ ഭാഗമായ ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ ഇങ്ങനെയൊരു നീക്കം നടത്തുന്നത് വിരോധാഭാസകരമാണെന്ന വിലയിരുത്തലും ചില കോണുകളിൽ നിന്നെങ്കിലും ഉയർന്നേക്കാം.

മസ്താങ് മാക് ഇ ‘പൊലീസ് പരീക്ഷ’ ജയിച്ചു

മിഷിഗൻ പൊലീസ് നടത്തിയ പരീക്ഷകളിൽ ഉന്നത വിജയം നേടി ഫോഡിന്റെ ആദ്യത്തെ ഇലക്ട്രിക് കാർ ആയ മസ്താങ് മാക് ഇ. ഫോഡ് ഗ്ലോബൽ സിഇഒ ജിം ഫാർലി ഇതു സംബന്ധിച്ചു ട്വീറ്റ് ചെയ്തു. ആക്സിലറേഷൻ, ടോപ് സ്പീഡ്, ബ്രേക്കിങ്, അതിവേഗമുള്ള പിന്തുടരൽ എന്നീ പരീക്ഷകളാണു മാക് ഇ വിജയകരമായി പൂർത്തിയാക്കിയത്. 

All-Electric Police Pilot Vehicle

യുഎസിൽ ഇത്തരത്തിൽ പരിശോധിക്കാൻ നൽകിയ ആദ്യ ഇലക്ട്രിക് കാർ ആണ് മാക് ഇ എന്നാണു ഫോഡ് പറയുന്നത്. യുകെയിലും ഇത്തരത്തിൽ മാക് ഇ പരിശോധനയ്ക്കു നൽകിയിട്ടുണ്ട്. ലണ്ടൻ മെട്രോപൊലിറ്റൻ പൊലീസ്, സ്കോട്‌ലൻഡ് പൊലീസ് എന്നിവ ഉൾപ്പെടെ യുകെയിലെ 7 പൊലീസ് ഫോഴ്സുകളാണ് മാക് ഇ പരീക്ഷണ ഓട്ടം നടത്തുന്നത്. തങ്ങളുടെ കാറുകൾ കൂടുതൽ പരിസ്ഥിതി സൗഹാർദപരമാകുന്നു എന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുകെയിലെ വിവിധ പൊലീസ് ഫോഴ്സുകൾ മാക് ഇ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നു ഫോർഡ് വിശദീകരിച്ചു. 

All-Electric Police Pilot Vehicle

346 കുതിരശക്തിയുള്ള മോട്ടറാണ് മാക് ഇക്ക് ഉള്ളത്. 5 സെക്കൻഡുകൾ കൊണ്ട് നൂറു കിലോമീറ്റർ വേഗത്തിലെത്തും. 580 എൻഎം ആണ് ടോർക്ക്. ഒരു ഫുൾ ചാർജിൽ 480 കിലോമീറ്റർ ആയിരിക്കും ഇതിന്റെ റേഞ്ച്. റിയർ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ലേഔട്ടുകളിൽ മാക് ഇ ലഭിക്കുമെങ്കിലും പൊലീസ് ഇതിൽ ഏതാണു ടെസ്റ്റ് ചെയ്യുന്നതെന്ന് അറിയിച്ചിട്ടില്ല. സിലക്ട്, കാലിഫോർണിയ, പ്രീമിയം, ജിടി എന്നീ വകഭേദങ്ങളാണു മാക് ഇക്ക് ഉള്ളത്. ഇതിൽ റേഞ്ചിനാണ് പ്രധാന്യം നൽകുന്നത് എങ്കിൽ പ്രീമിയവും വിലക്കുറവിനാണു പ്രധാന്യമെങ്കിൽ സിലക്ടും കരുത്തിനാണു പ്രധാന്യമെങ്കിൽ ജിടിയും ആണു തിരഞ്ഞെടുക്കേണ്ടത്. പൊലീസിന്റെ പരിശോധന കഴിഞ്ഞെത്തുന്ന വാഹനം ഏതു മോഡലാണോ അതിനെ അടിസ്ഥാനപ്പെടുത്തി പൊലീസിനായി പ്രത്യേക വാഹനം ഉണ്ടാക്കാനും ഫോഡ് മുതിർന്നേക്കും. കാരണം, യുഎസിൽ പൊലീസ് ഫ്ലീറ്റ് എന്ന പേരിൽ പുറത്തിറക്കുന്ന കസ്റ്റം ബിൽറ്റ് വാഹനങ്ങൾക്കു വലിയ ഡിമാൻഡ് ഉണ്ട്. അധികം വൈകാതെ തന്നെ യുഎസിലെയും യുകെയിലെയും വിവിധ സംസ്ഥാന പൊലീസുകൾ മാക് ഇയിൽ ‘കള്ളൻമാരെ പിടിക്കാൻ’ ഇറങ്ങും. 

All-Electric Police Pilot Vehicle

പിറ്റ്സ്റ്റോപ്പ് – യുകെയിൽ ഫോഡ് മാക് ഇ പരീക്ഷണ ഓട്ടം നടത്തുന്നത് ഇന്ത്യയിലെ വാഹനപ്രേമികൾക്കു സന്തോഷവാർത്ത കൊണ്ടുവരാൻ സാധ്യതയുണ്ട്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റായ യുഎസിനായി നിർമിച്ച വാഹനമാണു മസ്താങ് മാക് ഇ. അതുകൊണ്ടു തന്നെ ഫോഡിന് യൂറോപ്യൻ, അമേരിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റിലും മാക് ഇ വിൽക്കാൻ ചെറിയ മാറ്റങ്ങൾ വണ്ടിയിൽ വരുത്തിയാൽ മതിയാകും. എന്നാൽ, താരതമ്യേന കുറച്ചു രാജ്യങ്ങൾ മാത്രമാണ് റൈറ്റ് ഹാൻഡ് ഡ്രൈവ് രീതി പിന്തുടരുന്നത്. ഇതിലെ പ്രധാനപ്പെട്ട വിപണികളാണ് യുകെയും ജപ്പാനും. ഫോഡ് ഇന്ത്യയിൽ വാഹന നിർമാണം അവസാനിപ്പിക്കുകയും മാക് ഇ, എഫ് 150 പിക്കപ്പ് ട്രക്ക്, മസ്താങ് ജിടി എന്നീ പ്രീമിയം ഉൽപന്നങ്ങൾ മാത്രമേ ഇനി ഇന്ത്യയിൽ വിൽക്കൂ എന്നു പ്രഖ്യാപിക്കുകയും ചെയ്ത സ്ഥിതിക്ക് യുകെയിൽ മാക് ഇ അവതരിപ്പിക്കുന്നത് ഇന്ത്യയിലേക്കുള്ള വരവിന്റെ വേഗം കൂട്ടും. നിസാൻ ജപ്പാനിൽ സി കാർ അവതരിപ്പിക്കുമെന്നു പറഞ്ഞപ്പോൾ ഇന്ത്യയിലെ പോക്കറ്റിൽ കാശുള്ള വിരലിലെണ്ണാവുന്ന വാഹനപ്രേമികൾ എങ്കിലും കരുതിയിട്ടുണ്ടാകില്ലേ ഇന്ത്യയിലും സി’ എത്തുമെന്ന്... അതുപോലൊരു വിദൂര പ്രതീക്ഷ.

English Summary: Volvo C40 Recharge and Mustang E Mach Police Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com