ADVERTISEMENT

സ്വന്തം പേരിന്റെ ഹ്രസ്വരൂപമായ ജിഎസി കൊണ്ടു തങ്ങൾ ഉദ്ദേശിക്കുന്നത് ‘ഗോ ആൻഡ് ചേഞ്ച്’ (‘പോയി മാറ്റം വരുത്തൂ...’) എന്നാണെന്നു ചൈനയിലെ ഗ്വാൻഷോ ഓട്ടമൊബീൽ ഗ്രൂപ്പ് കമ്പനി പറയുന്നു. ഇതിനു മുൻപു സ്വന്തം കമ്പനിയുടെ പേര് ഇങ്ങനെ ലളിതവൽക്കരിച്ച് ബ്രാൻഡ് സ്‌ലോഗൻ ആക്കി മാറ്റി വിജയിച്ചത് കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ എൽജി ആണ്. അവർ തങ്ങളുടെ ബ്രാൻഡ് നാമത്തിന്റെ ഒപ്പം ‘ലൈഫ്സ് ഗുഡ്’ (ഉദ്ദേശിച്ചത് ‘ലൈഫ് ഈസ് ഗുഡ്’ എന്നു തന്നെ) എന്ന സ്‌ലോഗൻ കൂടി ചേർത്തു. ഇപ്പോൾ കുറെ പേരെങ്കിലും വിശ്വസിക്കുന്നത് എൽജിയുടെ പൂർണ രൂപം ‘ലൈഫ്സ് ഗുഡ്’ ആണെന്നാണ്. അങ്ങനെ പല അപ്പാപ്പൻമാരും കൊച്ചുമക്കളും തർക്കിച്ചു വരെ കേട്ടിട്ടുണ്ട്. ‘ലക്കി – ഗോൾഡ്സ്റ്റാർ’ എന്ന പൂർണരൂപത്തെക്കാൾ പറയാനും കേൾക്കാനും സുഖം ലൈഫ്സ് ഗുഡ് ആയതിനാൽ അറിയാവുന്നവരും ഈ തെറ്റു തിരുത്താൻ പോകാറില്ല. ബ്രാൻഡ് വളരുന്നത് അനുസരിച്ച് തങ്ങൾക്കും ഇങ്ങനെയൊരു ലളിത സുന്ദര പരിവർത്തനം ഉണ്ടാകുകയാണു ജിഎസിയുടെ ലക്ഷ്യമെന്നു കരുതണം. 

gac-g8

ചൈനയ്ക്കു പുറത്തേക്ക് അധികം പേരൊന്നും ഇല്ലാതിരുന്ന ഓട്ടമൊബീൽ നിർമാതാവാണ് ജിഎസി. എന്നാൽ, 2010 ന്റെ ആദ്യം മുതൽ യുഎസ് വിപണിയിലേക്ക് എത്തണമെന്ന് അതിയായി ആഗ്രഹം ഉണ്ടായിരുന്നതിനാൽ പരമ്പരാഗത ചൈനീസ് രൂപകൽപനാ ശൈലിയിൽ നിന്നു മാറി ചിന്തിക്കാൻ കമ്പനി ശ്രമം തുടങ്ങിയിരുന്നു. ഇപ്പോഴത്തെ സുന്ദരി കാറുകൾ എല്ലാം തന്നെ രാജ്യാന്തര തലത്തിൽ പേരെടുക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് രൂപമെടുത്തവയാണ്. ‘ട്രംപ്‌ചി’ എന്ന ബ്രാൻഡ് നാമത്തിലാണു പ്രധാനമായും ജിഎസി ആഭ്യന്തര മാർക്കറ്റിൽ (ചൈന) വാഹനം വിൽക്കുന്നത്. രാജ്യാന്തര പ്രവർത്തനങ്ങൾക്ക് ജിഎസി എന്ന ബ്രാൻഡും ഉപയോഗിക്കുന്നു. ജിഎസിയുടെ പതാകവാഹക എസ്‌യുവി മോഡലായ ജിഎസ്8ന്റെ വരാനിരിക്കുന്ന രണ്ടാം തലമുറ മോഡലാണു നമ്മുടെ കഥാനായിക... 

രണ്ടാം തലമുറ

ജിഎസ്8 എന്ന ഫുൾസൈസ് എസ്‌യുവിയുടെ (ജിഎസിയുടെയും ചൈനയുടെയും കണക്കിൽ മാത്രം. രാജ്യാന്തര തലത്തിൽ ജിഎസ്8 ഫുൾസൈസ് എസ്‌യുവി അല്ല) രണ്ടാം തലമുറ മോഡൽ മൂന്നു മാസങ്ങൾക്കു മുൻ‍പാണ് കമ്പനി പുറത്തിറക്കിയത്. പുതിയതായി പുറത്തിറക്കിയ ടൊയോട്ട ലാൻഡ് ക്രൂസർ 300 മോ‍ഡലിന് കാഡിലാക് എസ്കലേഡ്, നിസാൻ പട്രോൾ എന്നിവയുടെ ഛായ ആണു വാഹനപ്രേമികൾ ആരോപിച്ചിരുന്നതെങ്കിൽ പുതിയ ജിഎസ്8ന് എസ്കലേഡിന്റെയും പുതിയ ലാൻഡ് ക്രൂസർ 300ന്റെയും രൂപത്തോടു സാദൃശ്യം തോന്നും. ടൊയോട്ടയുടെ ചൈനയിലെ നിർമാണ പങ്കാളിയാണ് ജിഎസി എന്നതിനാൽ ലാൻഡ്ക്രൂസറിന്റെ പ്രചോദനം വന്ന വഴി മനസ്സിലാകും. എന്നാൽ, ഈ എസ്കലേഡ് എവിടുന്നു വന്നു എന്നാണ്. 

gac-g8-1

ആരാധന പ്രകടിപ്പിക്കാൻ അനുകരണവും നല്ല മാർഗം ആണല്ലോ... അങ്ങനെ വന്നതെന്നു കരുതാം. ചിലർ ഹ്യൂണ്ടെയ് പാലിസേ‍ഡിന്റെയും ഛായ ആരോപിക്കുന്നുണ്ട്. ആ വാദത്തിന് നേരിയ പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഹെഡ്‌ലൈറ്റ് ഡിസൈനുമായുള്ള ചെറിയ സാമ്യം കൊണ്ടൊക്കെയാകാം ഈ പാലിസേഡ് റഫറൻസ് വന്നത്. ഫ്രണ്ട് വീൽഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ലേഔട്ടുകളിൽ ലഭ്യമായ ജിഎസ്8ൽ ഉപയോഗിക്കുന്നത് 2000 സിസി 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ ആണ്. ടോർക്ക് കൺവർട്ടർ ടൈപ്പ് 8 സ്പീഡ് ഗീയർബോക്സ് ആണു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് എയ്‌സിൻ കമ്പനി വികസനവും നിർമാണവും നിർവഹിച്ചവയാണ്. 

248 ബിഎച്ച്പിയാണ് ജിഎസ്8ന്റെ കരുത്ത്. 400 ന്യൂട്ടൻമീറ്റർ ആണ് ടോർക്ക്. പഴയ ലുക്ക് അപ്പാടെ മാറ്റിയിട്ടില്ലെങ്കിലും നീളവും വീതിയും വീൽബേസും എല്ലാം കൂടിയിട്ടുണ്ട് ഇപ്പോൾ അവതരിച്ചിരിക്കുന്ന രണ്ടാം തലമുറ വാഹനത്തിന്. പുതിയ ഡിസൈൻ ട്രെൻഡ് ആയ വെർട്ടിക്കൽ ഹെഡ്‌ലാംപുകൾ ആണ് ഇറങ്ങാൻ പോകുന്ന ജിഎസ്8ന്. പിന്നിൽ മാറ്റങ്ങൾ വലിയതോതിൽ വന്നിട്ടില്ലെങ്കിലും സൗന്ദര്യം വർധിപ്പിക്കാൻ ആവശ്യമായ ‘ലൈറ്റ് പരിഷ്കാരങ്ങൾ’ ഡിസൈനർമാർ ഒരുക്കിയിട്ടുണ്ട്. സ്പോയിലറും ഡ്യുവൽ എക്സ്ഹോസ്റ്റും ജിഎസ്8 അർഹിക്കുന്ന പ്രൗഢി വാഹനത്തിനു നൽകുകയും ചെയ്യുന്നു. 

gac-g8-4

ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ടച്ച് സ്ക്രീൻ സംവിധാനത്തോടു സാദൃശ്യം തോന്നുന്ന 14.60 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ജിഎസ്8ൽ. വ്യക്തിത്വമുള്ള 12.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും. 7 സീറ്റർ ആയതിനാൽ ബൂട്ട് സ്പേസ് അധികമില്ലെങ്കിലും പിൻസീറ്റുകൾ മടക്കിയിട്ടാൽ സംഗതി ജോറാകും. ഡയമണ്ട് കട്ട് അലോയ് വീലുകൾ ആണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഉയർന്ന മോഡലിൽ വ്യത്യസ്ത ഡിസൈനുള്ള അലോയ് വീലുകൾ നൽകിയതും ‘തകർത്തിട്ടുണ്ട്’.

ടൊയോട്ട ഹൈബ്രിഡ്

ഉയർന്ന മോഡൽ ഹൈബ്രിഡ് ആയിരിക്കുമെന്നാണ് ജിഎസി പറഞ്ഞിരിക്കുന്നത്. ടൊയോട്ട ഹൈബ്രിഡ് സിനർജി ഡ്രൈവ് എന്നു വിളിക്കുന്ന സംവിധാനമാണ് ജിഎസ്8ൽ സ്ഥാനം പിടിക്കുക. ഹൈബ്രിഡ് സംവിധാനമെല്ലാം ടൊയോട്ടയുടേതും പെട്രോൾ എൻജിൻ ജിഎസിയുടേതും ആയിരിക്കും ഇതിൽ. ഇന്ത്യയിൽ ലഭ്യമായ ടൊയോട്ട കാംറി പ്രവർത്തിക്കുന്നത് ഈ സംവിധാനത്തിലാണ്. കാംറിയിൽ എൻജിനും ടൊയോട്ടയുടേത് ആണെന്ന വ്യത്യാസമേ ഉള്ളു. ജിഎസ്8 ഹൈബ്രിഡിന്റെ കരുത്ത് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ ജിഎസി പുറത്തു വിട്ടിട്ടില്ല. പക്ഷേ, ഹൈബ്രിഡിലും ടു വീൽ ഡ്രൈവ് – ഫോർ വീൽ ഡ്രൈവ് വകഭേദങ്ങൾ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. വില 25000 (20 ലക്ഷം രൂപയ്ക്കടുത്ത്) മുതൽ 30500 (23 ലക്ഷം രൂപ) ഡോളർ വരെയാണു പ്രതീക്ഷിക്കുന്നത്. നിലവിൽ ജിഎസ്8 വിൽക്കുന്ന എല്ലാ വിപണികളിലും 2022 ആദ്യ പാദത്തിൽ തന്നെ പുതിയ തലമുറ വാഹനം വിൽപനയ്ക്ക് എത്തിച്ചേക്കും. 

gac-g8-2

ജിഎസിയുടെ വേരുകൾ 

ചൈനീസ് സർക്കാരിന്റെ കീഴിലുള്ള ജോയിന്റ് സ്റ്റോക്ക് കമ്പനിയായ ഗ്വാൻഷോ ഓട്ടമൊബീൽ ഇൻഡസ്ട്രി ഗ്രൂപ്പ് ആണ് ജിഎസി ഗ്രൂപ്പിന്റെ മാതൃസ്ഥാപനം. 2000ത്തിൽ ആണ് ജിഎസി ബ്രാൻഡ് സ്ഥാപിതമാകുന്നത്. അതുവരെ ടൊയോട്ടയുടെയും ഹോണ്ടയുടെയും കാറുകൾ നിർമിക്കുന്നതിൽ പങ്കാളിയായിരുന്നു ജിഎസി ഗ്രൂപ്പ്. ഇപ്പോഴും ടൊയോട്ട, ഹോണ്ട എന്നിവയുമായി ബന്ധപ്പെട്ട സംയുക്ത സംരംഭങ്ങൾ ചൈനയിൽ കമ്പനി തുടർന്നു പോരുകയും ചെയ്യുന്നുണ്ട്. മിറ്റ്സുബിഷി, സ്റ്റെലന്റിസ് (മുൻപ് ഫിയറ്റ് – ക്രൈസ്‌ലർ) എന്നിവയുമായും ജിഎസിക്ക് വ്യാപാര ബന്ധങ്ങളുണ്ട്. 

2010ന്റെ തുടക്കത്തിൽ തന്നെ ജിഎസി യുഎസ് വിപണിയിൽ കടന്നുകയറുക എന്ന സ്വപ്നം പരസ്യമാക്കിയിരുന്നു. ഇതിനു മുന്നോടിയായി തങ്ങളുടെ തദ്ദേശീയ ബ്രാൻഡ് ആയ ട്രംപ്ചിയുടെ പല മോഡലുകളും കൺസപ്റ്റ് തലത്തിലുള്ള വാഹനങ്ങളും എല്ലാം പല രാജ്യാന്തര ഓട്ടോ ഷോകളിലും കമ്പനി പ്രദർശിപ്പിക്കുകയും ചെയ്തു. 2018 ആയപ്പോഴേക്ക് സിലിക്കൺ വാലിയിലും ലൊസാഞ്ചലസിലും ഗവേഷണ – വികസന ടീമുകളെയും ജിഎസി വിന്യസിച്ചു. എന്നാൽ, ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് നടന്ന ചൈന  – യുഎസ് വ്യാപാരയുദ്ധം കാരണം ബ്രാൻഡിന്റെ യുഎസ് വിപണിപ്രവേശം നീളുകയാണ്. 

gac-g8-3

കുവൈത്ത്, സൗദി അറേബ്യ, യുഎഇ, നൈജീരിയ, ഫിലിപ്പീൻസ്, റഷ്യ, ലെബനൻ എന്നീ രാജ്യങ്ങളിൽ കമ്പനി തങ്ങളുടെ സൗന്നിധ്യം അറിയിച്ചിട്ടുണ്ട്. വൈകാതെ ഓസ്ട്രേലിയയിലും ജിഎസി ശക്തമായ സാന്നിധ്യം അറിയിക്കും. അത്യുഗ്രൻ വാഹനങ്ങൾ താരതമ്യേന കുറഞ്ഞ വിലയിൽ എന്നതാണു കമ്പനി അനൗദ്യോഗികമായി പിന്തുടരുന്ന ആപ്തവാക്യം. വർ‍ഷം 10 ലക്ഷം വാഹനങ്ങൾ പുറത്തിറക്കുന്ന ജിഎസി, ചൈനയിലെ ആറാമത്തെ വലിയ വാഹന നിർമാതാവാണ്. ഇന്ത്യയിൽ 2020ൽ നിർമിക്കപ്പെട്ട കാറുകൾ എല്ലാംകൂടി 30 ലക്ഷത്തിൽ താഴെയേ വരൂ എന്നതുകൂടി ഇതിനോടു ചേർത്തു വായിച്ചാൽ ചൈനയിലെ ഈ ആറാമന്റെ വലുപ്പം ഏകദേശം മനസ്സിലാകും. ചൈനീസ് ബസ് നിർമാണ കമ്പനിയായ ബിവൈഡിയുമായും ഹോണ്ട ഇരുചക്രവാഹന നിർമാണ കമ്പനിയുമായും ജിഎസിക്ക് നിർമാണ സഹകരണം ഉണ്ട്.

പിറ്റ്സ്റ്റോപ്പ് – 2022 മധ്യത്തോടെ ജിഎസ്8ന്റെ ബുള്ളറ്റ് പ്രൂഫ് പതിപ്പ് പുറത്തിറക്കാൻ ജിഎസി ശ്രമിക്കുന്നുണ്ട്. ഫിലിപ്പീൻസിലായിരിക്കും ഇതിന്റെ അരങ്ങേറ്റം. ജിഎസി ഇതു വരെ ലെഫ്റ്റ്ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളിലേക്കു മാത്രമാണു പോയിട്ടുള്ളത്. ചൈന ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് രീതി പിന്തുടരുന്ന രാജ്യം ആയതിനാലാണ് ഇവർക്ക് സാങ്കേതികമായി വലിയ വെല്ലുവിളികൾ ഇല്ലാതെ ഫിലിപ്പീൻസ്, മിഡിൽ ഈസ്റ്റ് എന്നിങ്ങനെ സമാനരീതി പിന്തുടരുന്ന വിപണികളിൽ വാഹനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞത്. വൈകാതെ യുഎസിലേക്ക് എത്താൻ ജിഎസി ശ്രമിക്കുന്നതും. എന്നാൽ, ഇന്ത്യ റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റ് ആയതിനാൽ ഉടനെയെങ്ങും ജിഎസി ഇവിടെ എത്താൻ സാധ്യതയില്ല. ജിഎസിയുടെ റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ പരീക്ഷണ ഓട്ടം തുടങ്ങിയെന്നു സ്ഥിരീകരിക്കാത്ത വാർത്തകൾ മാത്രമാണ് ഇതു സംബന്ധിച്ച് ഉള്ളത്. അതുകൊണ്ട് നമുക്ക് നഷ്ടം 20 ലക്ഷം രൂപ പരിസരത്തു വിലയുള്ള, സാങ്കേതികമായി മികവുള്ള, യഥാർഥ എസ്‌യുവി ലുക്ക് ഉള്ള ഒരു കിടിലൻ ക്രോസോവർ എസ്‌യുവി ആണ്.

gac-g8-6

ഇത്രയും പറഞ്ഞപ്പോൾ ഒരു സംശയമുണ്ടാകില്ലേ... നമ്മുടെ നാട്ടിൽ വലിയ പേരുണ്ടാക്കിയ എംജിയുടെ മാതൃകമ്പനി ചൈനയുടെ സായ്ക് ആയിട്ടും എന്തുകൊണ്ട് അവർ ഇന്ത്യ പോലൊരു റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റിലെത്തി എന്ന്. അതിന്റെ ഉത്തരം ആ ചോദ്യത്തിൽ തന്നെയുണ്ട്. എംജി അഥവാ മോറിസ് ഗാര്യേജസ് എന്ന സ്ഥാപനത്തിന്റെ മാതൃരാജ്യം ബ്രിട്ടനാണ്. ഇന്ത്യയ്ക്കു റൈറ്റ് ഹാൻഡ് ഡ്രൈവ് രീതി നൽകിയ രാജ്യം. അവിടെ വണ്ടി വിൽക്കണമെങ്കിൽ സ്വാഭാവികമായും റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ വികസിപ്പിക്കണമല്ലോ... ചുരുക്കത്തിൽ എംജി ബ്രാൻഡ് കാരണമാണ് സായ്ക് ഇന്ത്യയിലെത്തിയത് എന്നു പറയാം. കുറച്ചുകൂടി പൊതുവിജ്ഞാന സ്വഭാവത്തിൽ പറഞ്ഞാൽ, ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങി കാർ നിരത്തിലെത്തിച്ച ആദ്യ ചൈനീസ് വാഹന നിർമാതാവ് സായ്ക് ആണ്. 

English Summary: Know More About GAC G8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com