ADVERTISEMENT

കണ്ണടച്ചിരുന്നാല്‍ ഒരു കരിയിലക്കാറ്റു പോലെ മാത്രം തോന്നിപ്പിക്കുന്ന ശബ്ദമുള്ള ഇ ബൈക്കാണ് ഓസ്‌ട്രേലിയന്‍ സൈന്യത്തിന്റെ പടക്കുതിര. എതിരാളികളുടെ തൊട്ടടുത്തു വരെ പോയി വിവരങ്ങള്‍ ശേഖരിക്കുന്ന രഹസ്യ ദൗത്യങ്ങള്‍ക്ക് പറ്റിയ രഹസ്യ പോരാളിയായാണ് ബാറ്ററിയിലോടുന്ന ഈ ചെറു ബൈക്കിനെ ഉപയോഗിക്കുക. നിശ്ശബ്ദം എന്നാല്‍ അതിവേഗം സഞ്ചരിക്കാനാകുമെന്നതാണ് ഈ ഇ ബൈക്കുകളെ സൈനികരുടെ പ്രിയ വാഹനമാക്കി മാറ്റുന്നത്. 

ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് തങ്ങളുടെ രഹസ്യ വിവര ശേഖരണത്തിനുള്ള ഇ ബൈക്കുകളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്ത്രപ്രധാന സാഹചര്യങ്ങളില്‍ ഇവ എത്രത്തോളം ഉപയോഗപ്രദമാണെന്ന് ഈ വിഡിയോയില്‍നിന്നു തന്നെ വ്യക്തമാണ്. യുദ്ധടാങ്കില്‍നിന്നു പുറത്തേക്ക് വരുന്ന രണ്ട് ഇ ബൈക്കുകളിൽ സൈനികര്‍ അതിവേഗം പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സൈനിക നീക്കങ്ങള്‍ക്കിടെ, അപരിചിതമായ ഭൂപ്രകൃതിയെക്കുറിച്ചും എതിരാളികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇത്തരം ഇ ബൈക്കുകള്‍ വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. 

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ബൈക്കുകള്‍ക്ക് ഒരു ചാര്‍ജില്‍ 100 കിലോമീറ്ററാണ് മൈലേജ് കണക്കാക്കുന്നത്. അതു കുറവാണെന്നു തോന്നാമെങ്കിലും പ്രത്യേക ദൗത്യങ്ങള്‍ക്ക് അതു മതിയാവും. വലിയ ഒച്ചപ്പാടില്ലാതെ അതിവേഗം പോയിവരാമെന്നതു തന്നെയാണ് സൈനികാവശ്യങ്ങള്‍ക്ക് ഇവയെ ഉപയോഗിക്കാനുള്ള പ്രധാന യോഗ്യത. സാധാരണ ബൈക്കുകളും ഇത്തരം ദൗത്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പക്ഷേ ഒന്നുകില്‍ അവ വലിയ ശബ്ദമുണ്ടാക്കുന്നവയോ അല്ലെങ്കില്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കാത്തവയോ ആയിരിക്കും. ഈ കുറവുകളെയാണ് ഇ ബൈക്കിന്റെ വരവോടെ മറികടക്കുന്നത്. 

‘കുറവ് ഊര്‍ജവും കുറഞ്ഞ ശബ്ദവുമാണ്, ഒപ്പം ശത്രുക്കളുടെ കണ്ണില്‍ പെടാന്‍ മാത്രം പൊടി പോലും ഉയരുന്നില്ല. അതുകൊണ്ടൊക്കെയാണ് സാധാരണ ബൈക്കുകളേക്കാള്‍ ഇ ബൈക്കുകള്‍ക്ക് യുദ്ധ മേഖലയില്‍ മുന്‍തൂക്കം ലഭിക്കുന്നത്. ശത്രുനീക്കങ്ങളെക്കുറിച്ച് വിവരം ശേഖരിക്കാനും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്താനും എളുപ്പം സാധിക്കും. കൂടുതല്‍ ദൂരം കുറഞ്ഞ സമയത്തിൽ മറികടക്കാനും സാധിക്കുന്നുണ്ട്’ – ഇ ബൈക്കുകള്‍ ഉപയോഗിക്കുന്ന സൈനികരില്‍ ഒരാളായ കോര്‍പറല്‍ തോമസ് ഓവെ പറയുന്നു. 

ഇ ബൈക്കുകള്‍ കൊണ്ടുള്ള ഗുണങ്ങള്‍ വ്യക്തമാണ്. അതേസമയം ഇവ പുറത്തുവിടുന്ന പരമാവധി ശബ്ദം എത്രയെന്നതിന് ഇപ്പോഴും ഔദ്യോഗിക വിശദീകരണമില്ല. എങ്കിലും സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മോട്ടര്‍ബൈക്കുകളേക്കാള്‍ കുറഞ്ഞ ശബ്ദമാകും ഇവയ്ക്ക് എന്നതില്‍ തര്‍ക്കമില്ല. വേഗതയും മൈലേജും കൂടി വര്‍ധിപ്പിക്കാനായാല്‍ യുദ്ധഭൂമിയിലെ നിശ്ശബ്ദ പടക്കുതിരകളായി ഇ ബൈക്കുകള്‍ മാറുമെന്ന് ഉറപ്പ്. 

English Summary: Stealthy E-Bikes Be Australian Army's New Reconnaissance Transportation?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com