മരത്തിൽനിന്നു വീഴുംപോലെ; നട്ടെല്ലൊടിയും, കൈകാലുകൾ തളരും; വേണോ റോഡിൽ പരാക്രമം?

bike-stunt
Representative Image
SHARE

വാഹനാപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നതായി ആരോഗ്യവിദഗ്ധർ. 20നും 40നും ഇടയിൽ പ്രായമുള്ളവരാണേറെയും. ന്യൂജെൻ ബൈക്കുകളിൽ ഭൂമിയിലുമല്ല, ആകാശത്തുമല്ല എന്ന മട്ടിൽ പായുന്നവർ അപകടങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു പോലുമില്ല. ബൈക്കുകളിലേക്കു ലക്ഷ്യമില്ലാതെ വന്നുകയറുന്ന വാഹനങ്ങളുണ്ടാക്കുന്ന ദുരന്തങ്ങളും ചെറുതല്ല. ഇങ്ങനെ ഒറ്റ അപകടം മതി, ജീവിതം വഴിതിരിഞ്ഞുപോകാൻ. വാഹനത്തിനു മുന്നിലിരിക്കുമ്പോഴും ഓർക്കണം, മുറുകെപ്പിടിച്ചിരിക്കുന്നതു നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതത്തിന്റെ ഹാൻഡിൽ കൂടിയാണെന്ന്. 

പരുക്കുകൾ ചെറുതല്ല

പിന്നിലെ സീറ്റ് ഉയർന്ന തരത്തിലെ ബൈക്കുകളിൽനിന്നു തെറിച്ചുവീഴുന്നവർക്കു നട്ടെല്ലിനാണു കൂടുതലും ക്ഷതമുണ്ടാകുക. ‘ഇരിപ്പുറയ്ക്കാത്ത’ ഈ വണ്ടികളിലെ അലക്ഷ്യമായ യാത്ര, പറന്നുനടക്കുന്ന ജീവിതത്തെ ചക്രക്കസേരയിലേക്കു വീഴ്ത്തും. മരത്തിൽനിന്നോ അത്രയും ഉയരമുള്ള സ്ഥലത്തുനിന്നോ വീഴുന്നതിനു സമാനമാണ് ഈ ബൈക്കുകളിൽനിന്നുള്ള വീഴ്ച. കഴുത്തിലെ കശേരുക്കൾ പൊട്ടി കൈഞരമ്പുകൾക്കു തകരാറുണ്ടാകും. കൈകൾ അനക്കാൻ പോലുമാകാതെ തളർന്നുപോകും. ഇങ്ങനെ കൈകളും കാലുകളും തളർന്നുപോയവരുണ്ടെന്നു ഡോക്ടർമാർ പറയുന്നു. 

നട്ടെല്ലിനും സുഷുമ്നാ നാഡിക്കുമുണ്ടാകുന്ന  ഗുരുതര പരുക്കുകൾക്ക് ഒരു പരിധിവരെയേ ചികിത്സയുള്ളൂ. 100% ആരോഗ്യം വീണ്ടെടുക്കാനാവില്ല. നീർക്കെട്ട് പോലെയുള്ള ചെറിയ പരുക്കുകൾ ആണെങ്കിൽ ഒരു മാസത്തിനുള്ളിൽ പൂർണമായും ഭേദപ്പെടും. കഴുത്തിലും നട്ടെല്ലിലും ക്ഷതമേറ്റ് എത്തുന്നവരിൽ  യുവാക്കളുടെ എണ്ണം കൂടുതലാണ്. കൈകളും കാലും ഒടിഞ്ഞ് അസ്ഥി പുറത്തുവന്ന അവസ്ഥയിലാണു കൂടുതലും പേർ ആശുപത്രിയിൽ എത്തുന്നത്. പരുക്കേറ്റ ഭാഗങ്ങളിൽ അണുബാധയുണ്ടായാൽ  സ്ഥിതി സങ്കീർണമാകും. മിക്കവാറും പിന്നീടങ്ങോട്ട് ഇടയ്ക്കിടെ ആ ഭാഗത്തു പഴുപ്പുണ്ടാകും.  

അപകടങ്ങളിൽ തലയ്ക്കു പരുക്കേറ്റ് എത്തുന്നവർ ഏറെയാണ്. തലയോട്ടിക്കുള്ളിലെ രക്തസ്രാവമാണു ഭീഷണി. ശ്വാസകോശത്തിലേക്കു രക്തം കയറി മരണം വരെ സംഭവിക്കാം. ഇങ്ങനെ പരുക്കേൽക്കുന്നവരിൽ ചെവിയിലൂടെ രക്തമോ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡോ വരാറുണ്ട്. തലയോട്ടിയിലെ പൊട്ടലാവാം കാരണം. ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കി തലയ്ക്കുള്ളിൽ രക്തസ്രാവം ഇല്ല എന്നുറപ്പാക്കണം. 

മുഖത്തെ എല്ലുകൾ ഒടിയുന്നതാണു മറ്റൊരു പ്രശ്നം. സാധാരണ ഒടിവുകൾ 3–4 ആഴ്ച കൊണ്ടു ഭേദപ്പെടും. എന്നാൽ താടിയെല്ലിനും മറ്റുമുള്ള ഗുരുതര ഒടിവുകൾക്കു മാക്സിലോ ഫേഷ്യൽ ശസ്ത്രക്രിയ വേണ്ടിവരും. ഇത്തരം പരുക്കുകളിൽ മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോവും. ഇടുപ്പെല്ല്, തുടയെല്ല്, മുട്ടുചിരട്ട എന്നിവ ഒടിയുന്ന തരത്തിലെ പരുക്കുകൾ വേറെ. ഇവയ്ക്കെല്ലാം ശസ്ത്രക്രിയ മാത്രമാണു പോംവഴി. 

പരാക്രമം റോഡിൽ

അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും തന്നെയാണു പ്രധാനവില്ലൻ.  മദ്യപിച്ചുള്ള യാത്ര, ഹെൽമെറ്റ് ധരിക്കാത്തത്, ഉണ്ടെങ്കിൽ തന്നെ സ്ട്രാപ് ഇടാത്തത്, ബൈക്കിൽ 3 പേർ പോകുന്നത്, അശ്രദ്ധമായ പാർക്കിങ് ഇതെല്ലാം പിന്നാലെ വരുന്ന കാരണങ്ങൾ.  പ്രതിസന്ധികളിൽ പെട്ടെന്നു  പ്രതികരിക്കാനുള്ള കഴിവു കുറയ്ക്കുന്നതാണു മദ്യം. അപകടം കൺമുന്നിൽ വന്നാൽപ്പോലും ഒന്നു ബ്രേക്കിടാനോ വേഗം കുറയ്ക്കാനോ ആകില്ല. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. ശബരിശ്രീ, പ്രഫസർ, ഓർത്തോപീഡിക്സ് വിഭാഗം (കാപ്), തിരുവനന്തപുരം മെഡിക്കൽ കോളേജ്

English Summary: Number Of Seriously Injured Youth In Bike Accident Increased

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA