ഇന്ധനവില കുറയുമ്പോൾ ഏതു കാർ വാങ്ങണം? പെട്രോളോ ഡീസലോ?

petrol-diesel
Representative Image
SHARE

ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങളും തീരുമാനിച്ചപ്പോൾ ജനത്തിന് ആശ്വാസമായെങ്കിലും കാർ നിർമാതാക്കൾക്ക് ഉറക്കം നഷ്ടപ്പെടാനാണു സാധ്യത. ഏറെക്കാലമായി, പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം നേർത്തു നേർത്ത് രണ്ടോ മൂന്നോ രൂപ മാത്രമായതോടെ ജനം പെട്രോൾ കാറുകളിലേക്ക് കൂടുതൽ ചായ്‌വു കാണിച്ചു വരുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ വില കുറയ്ക്കലിനുശേഷം പെട്രോളിനു ഡീസലിനെക്കാൾ വളരെ ഉയർന്ന വിലയാണു പല സംസ്ഥാനങ്ങളിലും. കേരളത്തിൽ ഒരു ലീറ്റർ പെട്രോളും ഒരു ലീറ്റർ ഡീസലും തമ്മിലുള്ള വില വ്യത്യാസം 12.75 രൂപയാണ്. മൊത്തം സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കിയാൽ ലീറ്ററിന് 6 രൂപ മുതൽ 18 രൂപ വരെയാണ് വ്യത്യാസം. 

petrol-diesel-2

ഏതാനും വർഷം മുൻപ് ഇങ്ങനെ 8–10 രൂപ വ്യത്യാസമുണ്ടായിരുന്ന കാലത്ത് പല വിഭാഗം കാറുകളിലും 70% വരെ വിറ്റിരുന്നത് ഡീസൽ കാറുകളായിരുന്നു. വില വ്യത്യാസം കുറഞ്ഞതനുസരിച്ച് ഡീസൽ കാറിന്റെ മേൽക്കോയ്മ താഴ്ന്നു താഴ്ന്നു വന്നു. ഇപ്പോൾ പല വിഭാഗങ്ങളിലും 70% വിൽപനയും പെട്രോൾ മോഡലുകൾക്കാണ്. കാരണം, ലീറ്ററിന് രണ്ടോ മൂന്നോ രൂപ മാത്രം ഡീസലിനു വിലക്കുറവുള്ള സാഹചര്യത്തിൽ, സാധാരണ ഓട്ടം മാത്രമുള്ളവർക്ക് ഡീസൽ കാർ മുതലാകില്ല. ഡീസൽ കാറിന് വില ഒന്ന്–ഒന്നര ലക്ഷം രൂപ കൂടുതലാണ് എന്നുമാത്രമല്ല, പരിപാലനച്ചെലവ് അൽപം കൂടുകയും ചെയ്യും. എന്നാൽ ധാരാളം യാത്ര ഉള്ളവർക്ക് ഡീസലിന്റെ ഉയർന്ന മൈലേജ് ഇഷ്ടമാണുതാനും.‌ 

കണക്കുകൂട്ടൽ ഇങ്ങനെ

ഇപ്പോൾ വില വ്യത്യാസം (വിവിധ സംസ്ഥാനങ്ങളിലെ ശരാശരി) 12 രൂപ ആയതോടെ ഡീസൽ കാറുകൾക്ക് ഒരു ലക്ഷം രൂപ കൂടുതൽ കൊടുത്തുകൂടേ എന്നു ജനം ചിന്തിച്ചുതുടങ്ങും. ജോലിക്കോ ബിസിനസിനോ വ്യക്തിഗത ആവശ്യങ്ങൾക്കോ ആയി നഗരയാത്രയാണ് കൂടുതലെങ്കിൽ ഡീസൽ കാറിന് 15 കിലോമീറ്റർ മൈലേജ് പ്രതീക്ഷിക്കാം. അതേ സാഹചര്യത്തിൽ, അതേ വിഭാഗത്തിലെ പെട്രോൾ കാർ 10 കിലോമീറ്റർ മൈലേജേ നൽകൂ. കേരളത്തിലെ വില അനുസരിച്ച്, ഒരു കിലോമീറ്റർ ഓടാൻ  പെട്രോൾ കാറിന് 10.50 രൂപ ഇന്ധനച്ചെലവാകും. ഡീസൽ കാറിന് 6.13 രൂപ മതി. ഒരു കിലോമീറ്ററിന് 4.37 രൂപയാണ് പെട്രോൾ കാറുടമ അധികം ചെലവാക്കേണ്ടിവരുന്നത്. മാസം 1000 കിലോമീറ്റർ ഓടിയാൽ അധികച്ചെലവ് 4370 രൂപ. ഒരു വർഷം 52,440 രൂപ. ഡീസൽ കാറിന് അൽപം സർവീസ് ചെലവ് കൂടുതലാണെന്നു കണക്കാക്കിയാൽപ്പോലും, മൊത്തം ഇന്ധന–പരിപാലനച്ചെലവിൽ ഏകദേശം 45000 രൂപ ലാഭിക്കാം. ഡീസൽ കാർ വാങ്ങാൻ അധികം നൽകേണ്ടുന്ന തുക രണ്ടര വർഷം കൊണ്ട് ഇങ്ങനെ ‘മുതലാക്കാം’.

petrol-diesel-1

ദീർഘദൂര, അഥവാ ഹൈവേ യാത്രകൾ കൂടുതലുള്ള സാഹചര്യം നോക്കിയാൽ പെട്രോൾ കാറിന് പരമാവധി 17–18 കിലോമീറ്ററൊക്കെ മൈലേജ് പ്രതീക്ഷിക്കാമെന്നു കരുതുക. (ഈ പറയുന്നതൊക്കെ സാധാരണ ഇടത്തരം കുടുംബങ്ങൾക്കിടയിൽ പോപ്പുലർ ആയ മോഡലുകളെക്കുറിച്ചാണ്). അപ്പോൾ കിലോമീറ്ററിന് ഏതാണ്ട് 6 രൂപയേ ചെലവാകൂ. ഡീസൽ കാർ 21–22 കിലോമീറ്റർ നൽകും. കിലോമീറ്ററിന് ഏതാണ്ട് 4.25 രൂപ ചെലവ്. ഇങ്ങനെ 1.75 രൂപ വ്യത്യാസമേയുള്ളൂവെങ്കിൽ പ്രതിമാസം 1000 കിലോമീറ്ററിന് 1750 രൂപയാണു ഡീസൽ കാറുടമ ലാഭിക്കുക. വർഷം 21000 രൂപ. ഇക്കണക്കിൽ നോക്കിയാൽ ഡീസൽ വാഹന വിലയായി അധികം നൽകുന്ന ഒന്നോ ഒന്നരയോ ലക്ഷം രൂപ ‘തിരികെപ്പിടിക്കാൻ’ 6 വർഷം വേണ്ടിവരും. അതു ലാഭക്കച്ചവടമല്ല. അതായത്. മൈലേജ് കുറവുള്ള സാഹചര്യത്തിലാണ് വാഹനം കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ, ഇപ്പോഴത്തെ ഇന്ധനവില രീതിയിൽ,  ഡീസൽ കാർ വാങ്ങുന്നതാണു നേട്ടം. 

ഡീസലില്ലാത്ത കമ്പനികൾ– മാരുതി ഉൾപ്പെടെ

രാജ്യത്തെ ഏറ്റവും വലിയ കാർനിർമാതാക്കളായ മാരുതി സുസുകിക്ക് ഇപ്പോൾ ഡീസൽ മോഡലുകളേയില്ല. ഫോക്സ്‌വാഗൻ, സ്കോഡ, റെനോ, നിസാൻ എന്നിവയുടെ സ്ഥിതിയും അതുതന്നെ. ബിഎസ്–4 യുഗത്തിൽനിന്ന് ബിഎസ്–6 യുഗത്തിലേക്കു വന്നപ്പോൾ ഡീസൽ വേണ്ടെന്നുവച്ച കമ്പനികളാണിതൊക്കെ. പെട്രോൾ–ഡീസൽ വില തമ്മിൽ വ്യത്യാസം വളരെ കുറവായിരുന്നതിനാൽ അവരുടെ തീരുമാനം തെറ്റായിരുന്നുമില്ല എന്നാണ് വിൽപനക്കണക്കുകൾ തെളിയിച്ചത്. എന്നാൽ, അപ്പോഴും ഡീസൽ എൻജിനുകളോടു താൽപര്യമുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, ഫോഡ്, ഹോണ്ട തുടങ്ങിയ കമ്പനികൾ ഉണ്ടായിരുന്നു.  എസ്‌യുവി വിഭാഗങ്ങളിൽ കമ്പനികൾക്ക് ഡീസൽ മോഡലുകൾ വലിയ നേട്ടം നൽകുകയും ചെയ്തു.

diesel-1

എസ്‌യുവിക്കു പുറമെ, ഹാച്ച്ബാക്, പ്രീമിയം ഹാച്ബാക്, സെഡാൻ വിഭാഗങ്ങളിലൊക്കെ ഡീസൽ കാർ വാങ്ങാൻ താൽപര്യം ഉയരും എന്നതാണ് ഇപ്പോഴത്തെ സാധ്യത. പെട്രോൾ എൻജിൻ മാത്രമുള്ള കാർ കമ്പനികൾക്ക് ഇതു വെല്ലുവിളി ആയേക്കാം. നികുതി ഘടന ഇപ്പോഴത്തേതുപോലെ നിൽക്കുന്നെങ്കിലേ വെല്ലുവിളിയുള്ളൂ. സംസ്ഥാനങ്ങൾ ഡീസലിനു നികുതി കൂട്ടുകയോ പെട്രോളിനു കുറയ്ക്കുകയോ ചെയ്താൽ വില വ്യത്യാസം താഴും. അപ്പോൾ നമ്മൾ നടത്തിയതുപോലെ മൈലേജ്–ചെലവ്–കാറിന്റെ വില സമവാക്യം അപ്രസക്തമാകും.

നയങ്ങളിലെ അസ്ഥിരത പ്രതിസന്ധി

കാർ വ്യവസായലോകത്തിന്റെ എല്ലാക്കാലത്തെയും പരാതിയാണ് സർക്കാർ നയങ്ങൾ അടിക്കടി മാറ്റുന്നു എന്നത്. അവർ ഒരു നയം അനുസരിച്ച് ഉൽപാദനവും ബിസിനസ് ആസൂത്രണവും നടത്തിത്തുടങ്ങുമ്പോഴേക്ക് സർക്കാർ നയം മാറും. ഉദാഹരണത്തിന്, ഡീസലിന് പെട്രോളിനെക്കാൾ നികുതി ആനുകൂല്യം നൽകണോ എന്ന ചർച്ച ഏറെക്കാലമായി ഉണ്ടായിരുന്നു. ആഡംബര കാറുകൾ വൻതോതിൽ ഡീസൽ എൻജിനുകളാണ് ഉപയോഗിച്ചിരുന്നത്. കുറഞ്ഞ വിലയുള്ള ഇന്ധനം അവർക്ക് നൽകുകയും ജീവിത പ്രാരബ്ധം നേരിടാൻ ദൈനംദിന ബൈക്ക് യാത്ര നടത്തേണ്ടുന്നവർക്ക് വില കൂടിയ ഇന്ധനമാക്കി പെട്രോൾ നൽകുകയും ചെയ്യുന്ന സ്ഥിതി. പെട്രോൾ, ഡീസൽ വിലകൾ ഏതാണ്ട് ഒരേ നിലയിൽ എത്തിയപ്പോഴാണ് ആ പരാതിക്ക് അൽപം ശമനമായത്. ലക്ഷുറി കാറുകളിൽ ഇപ്പോൾ പെട്രോളിന് പ്രാമുഖ്യമുണ്ട്. ഇനി വീണ്ടും പഴയ സ്ഥിതി ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണാം. ഇന്ധനവിലക്കാര്യത്തിൽ കേന്ദ്രത്തിനും ഓരോ സംസ്ഥാനത്തിനും അധികാരമുള്ളതിനാൽ എന്തു തീരുമാനവും എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.

petrol-diesel-3

എന്തായാലും, ഇപ്പോഴത്തെ നില തുടർന്നാൽ എല്ലാ കമ്പനികളും ഡീസൽ കാറുകൾ അവതരിപ്പിക്കാൻ പ്രേരിതരാകും. സ്വന്തമായി ഡീസൽ എൻജിൻ വികസിപ്പിക്കണോ, മറ്റേതെങ്കിലും കമ്പനികളിൽനിന്നു വാങ്ങി ഉപയോഗിക്കണോ, ഏതൊക്കെ മോഡലുകളിൽ വേണം, ഡീസ്ൽ കാറിന്റെ അഭാവം നേരിടാൻ പെട്രോൾ കാറുകളിൽ എന്തൊക്കെ പുതുമകൾ വരുത്താനാകും എന്നൊക്കെയുള്ള വലിയ തീരുമാനങ്ങൾക്കു സമയം വേണം. നയത്തിൽ സ്ഥിരത പ്രതീക്ഷിക്കാനായാലേ കമ്പനികൾക്ക് അത്തരം തീരുമാനങ്ങൾ എടുക്കാനാകൂ.

ചിപ് ക്ഷാമവും പണിയാകും

ഡീസൽ കാറുകൾക്ക് കൂടുതൽ ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ ആവശ്യമായതിനാൽ സെമികണ്ടക്ടർ ചിപ്പുകൾ പെട്രോൾ കാറുകളെ അപേക്ഷിച്ച് കൂടുതൽ വേണമെന്നു വിലയിരുത്തപ്പെടുന്നു. മഹീന്ദ്ര ഈയിടെ അവതരിപ്പിച്ച എക്സ്‌യുവി 700 എസ്‌യുവിയുടെ പെട്രോൾ മോഡൽ കഴിഞ്ഞ മാസം അവസാനം വിൽപന തുടങ്ങിയെങ്കിലും ഡീസൽ മോഡലുകൾ ഈ മാസം ഒടുവിലേ വിൽപന തുടങ്ങാനാകൂ എന്നു കമ്പനി അറിയിച്ചിരുന്നു. ചിപ് ക്ഷാമം തന്നെയാണു വില്ലനായത്. ഇനി, പൊതുവെ ഡീസൽ കാറുകൾക്കു പ്രീതി കൂടിയാൽ മറ്റു നിർമാതാക്കളും ഇതേ പ്രതിസന്ധി നേരിടേണ്ടിവന്നേക്കാം. 

English Summary: Which Car is best to Buy in the Time of Petrol-Disel Price Fluctuations? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA