ടൊയോട്ടയ്ക്കു ചെറുകാർ ഉണ്ടാക്കാൻ അറിയാം, സംശയമുണ്ടെങ്കിൽ അയ്ഗോ എക്സ് (ക്രോസ്) കാണൂ...

toyota-aygo-x-11
Toyota Aygo X
SHARE

ടൊയോട്ട ലാൻ‌ഡ്ക്രൂസർ, ഹൈലൻഡർ പോലെയുള്ള സിംഹമുഖൻമാർ ഗാര്യേജിൽ കിടക്കുന്ന ഒരു അപ്പർ മിഡിൽ ക്ലാസ് യൂറോപ്യൻ കുടുംബത്തിന് ഓമനിച്ച് കൊണ്ടുനടക്കാനുള്ള വാഹനം എന്ന നിലയിലാണു യൂറോപ്പിൽ സിറ്റി കാറുകൾ വിറ്റഴിക്കപ്പെടുന്നത്. എല്ലാ വികസിതരാജ്യങ്ങളിലും സമീപഭാവിയിൽ ഈ ഗ്രേഡിലേക്ക് ഉയരാൻ സാധ്യതയുള്ള നാടുകളിലും സിറ്റി കാറുകൾക്കു പ്രായോഗിക തലത്തിൽ പ്രധാനമായും ഈ ഒരു നിർവചനമാണുള്ളത്. നമ്മുടെ നാട്ടിലെത്തുമ്പോൾ അത് ‘മുണ്ട് മുറുക്കിയുടുത്ത് ജോലി ചെയ്യുന്നവന്റെ റോൾസ് റോയ്സ്’ എന്നായി മാറുമെങ്കിലും...

toyota-aygo-x-2

എസ്‌യുവികളുടെ തേരോട്ടത്തിൽ ചെറുതായി അടിപതറിയെങ്കിലും ഉപയോഗക്ഷമതയുടെ പേരിൽ പിടിച്ചു നിൽക്കുന്ന വിഭാഗമാണ് ഇവ. വിപണി മാറുന്നത് അനുസരിച്ച് ‘സിറ്റി കാർ’ എന്ന വിഭാഗത്തിലേക്ക് ഒട്ടേറെ പേരുകളുടെ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലുകളും ഒക്കെ വരുമെങ്കിലും ലോകത്തിന്റെ ഏതു കോണിൽ കൊണ്ടുചെന്ന് ഇട്ടാലും ക്യൂട്ട് സിറ്റി കാർ എന്ന വിശേഷണം കിട്ടുന്ന വാഹനമാണ് ടൊയോട്ട ‘അയ്‌ഗോ’. 

toyota-aygo-x-12

2005ലാണ് ഈ കൊച്ചുസുന്ദരിയുടെ ജനനം. ജാപ്പനീസ് ജയന്റ് ആയ ടൊയോട്ടയും ഫ്രഞ്ച് ഫയൽവാൻമാരായ പ്യൂഷൊ സിട്രണും (പിഎസ്എ ഗ്രൂപ്പ്) ചേർന്നു വികസിപ്പിച്ച ഈ വാഹനം മൂന്നു പേരുകളിൽ മൂന്നു ബ്രാൻഡുകളും വിറ്റു. സി1 എന്ന പേരിൽ സിട്രണും 107 – 108 എന്നീ പേരുകളിൽ പ്യൂഷൊയും അയ്ഗോ എന്ന പേരിൽ ടൊയോട്ടയും വിറ്റ ഇവളുടെ ‘ടഫ് ചേച്ചി’ ഏതാനും ദിവസങ്ങൾക്കു മുൻപ് അവളുടെ യൂറോപ്യൻ അരങ്ങേറ്റം പ്രഖ്യാപിച്ചു. ജേഷ്ഠത്തിയുടെ പേര് ‘അയ്ഗോ എക്സ്’. ചെക്ക് റിപ്പബ്ലിക്കിലെ നിർമാണശാലയാണ് അയ്ഗോ എക്സിന്റെ തറവാട്. 

toyota-aygo-x-3

2002ൽ ടൊയോട്ടയും പിഎസ്എ ഗ്രൂപ്പും തുടങ്ങിയ സംയുക്ത സംരംഭത്തിന്റെ കാലാവധി തീരുകയും ഇരു കമ്പനികളും ഇനി ഇതു പുതുക്കുന്നില്ലെന്നു തീരുമാനിക്കുകയും ചെയ്തതോടെ പിഎസ്എ ഗ്രൂപ്പിന് കുറച്ച് ഏറെ തുട്ടുകൾ നൽകി ചെക്ക് നിർമാണശാല ടൊയോട്ട വാങ്ങി. തൊട്ടടുത്ത നീക്കം എന്ന നിലയിൽ അവതരിപ്പിച്ചതാണ് അയ്ഗോ എക്സ്. മാർച്ചിൽ പ്രഖ്യാപിച്ചതാണ് വിപണിപ്രവേശം. കോവിഡ് കാലമല്ലേ... അൽപം താമസിച്ചുവെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ... 

toyota-aygo-x-10

മുൻപ് പിഎസ്എയുടെ സിഎംപി എന്ന പ്ലാറ്റ്ഫോമിൽ നിർമിച്ചിരുന്ന അയ്ഗോ (മൂന്നു വാഹനങ്ങളും) ഇനി ടൊയോട്ടയുടെ ടിഎൻജിഎ – ജിബി എന്ന പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുക. ടൊയോട്ട യാരിസ്, യാരിസ് ക്രോസ്, ജിആർ യാരിസ് എന്നീ മിടുക്കരുടെ അടിസ്ഥാനവും ഈ പ്ലാറ്റ്ഫോം തന്നെ. ‘ജിഎ – ബി’ എന്നു ചുരുക്കി പറയുന്ന ഈ പ്ലാറ്റ്ഫോം ചെറുതായൊന്നു നീളം കുറച്ചാണ് അയ്ഗോ എക്സിന് ഉപയോഗിക്കുക. മുൻപ് സ്വിഫ്റ്റിനെ അടിസ്ഥാനപ്പെടുത്തി സുസുക്കി റിറ്റ്സ് നിർമിച്ച അതേ രീതി.

toyota-aygo-x-7

ഒരു ‘എക്സ്’ കൂടിയപ്പോൾ

ചില ഹോട്ടലുകാർ എല്ലാ കറികളിലും കുറച്ചു കുരുമുളകുപൊടി വാരി വിതറും എന്നു പറഞ്ഞതുപോലെയാണ് ഇപ്പോൾ രാജ്യാന്തര കാർ വിപണി. യൂറോപ്യൻ, അമേരിക്കൻ, ഓസ്ട്രേലിയൻ, ലാറ്റിൻ അമേരിക്കൻ വിപണികളിൽ‌ ഏതു വാഹനം ഇറങ്ങിയാലും ഇപ്പോൾ അതിന് ‘എസ്‌യുവി സ്റ്റൈലിങ്’ വേണം. അല്ലെങ്കിൽ സാദാ വണ്ടിയിൽ കുറച്ചു പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ സ്ഥാപിച്ച്, അൽപം ഗ്രൗണ്ട് ക്ലിയറൻസ് കൂട്ടി ഒരു ക്രോസോവർ വേരിയന്റ് വേണം. അയ്ഗോ എക്സ് എന്ന വാഹനവുമായി ടൊയോട്ട യൂറോപ്പിലെ വിപണികളിലേക്കു പുഞ്ചിരിയോടെ എത്തുന്നത് ഈ രണ്ടു പദ്ധതിയും മാറ്റി പയറ്റി നോക്കാൻ തന്നെയാണ്. ചിലയിടങ്ങളിൽ അയ്ഗോയുടെ പിൻഗാമിയായിരിക്കും എക്സ്. മറ്റു ചിലയിടങ്ങളിൽ അയ്‌ഗോയുടെ ക്രോസോവർ കസിനും. എന്തായാലും അയ്ഗോ എക്സിനെ ടൊയോട്ട വിളിക്കുന്നത് ക്രോസോവർ സിറ്റി കാർ എന്നാണ്. ‘എക്സ്’ എന്നാണ് എഴുത്ത് എങ്കിലും ടൊയോട്ട അത് ഉച്ചരിക്കുക ‘ക്രോസ്’ എന്നായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

toyota-aygo-x-8

സിറ്റി കാറുകൾക്കിടയിലെ ഏറ്റവും ‘പ്രീമിയം’ ആയ മോഡൽ ആയിരിക്കും ഇതെന്നും ടൊയോട്ട പറയുന്നു. ടാറ്റ പഞ്ച് ക്രോസോവർ സിറ്റി കാർ (നമ്മൾ പറയുമ്പോൾ മൈക്രോ എസ്‌യുവി) ഇന്ത്യയിൽ ചർച്ചയായ അതേ സമയത്തു തന്നെയാണ് അയ്ഗോ എക്സ് അവതരിച്ചതെന്നതു വാഹനപ്രേമികൾക്ക് ഓർത്തുവയ്ക്കാവുന്ന ഒരു ചരിത്രബിന്ദുവാണ്.

ചെറുതാണെങ്കിലും ചെറുതല്ല... 

മുൻപത്തെ മോഡലിനെക്കാൾ 235 മില്ലിമീറ്റർ നീളവും (3700 എംഎം) 90 മില്ലിമീറ്റർ വീൽബേസും (2430 എംഎം) വർധിച്ചിട്ടുണ്ട് പുതിയ അയ്ഗോ എക്സിന്. 125 മില്ലിമീറ്റർ വീതിയും (1740 എംഎം) 65 മില്ലിമീറ്റർ ഉയരവും (1525 എംഎം) കൂടി. 230 ലീറ്റർ എന്ന ബൂട്ട് സ്പേസും മുൻപത്തെ മോഡലിനെക്കാൾ 60 ലീറ്ററിന്റെ വർധന കാണിക്കുന്നു. മടക്കാവുന്ന ഫാബ്രിക് റൂഫ് ഉള്ള മോഡലും അയ്ഗോ എക്സിന് ഉണ്ടെന്നു പറയുമ്പോൾ ടൊയോട്ട ഒരുങ്ങിത്തന്നെയാണെന്നു മനസ്സിലാകുമല്ലോ. 

toyota-aygo-x-4

പുതിയ മോഡലിൽ 11 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും വർധിച്ചു. 18 ഇഞ്ച് വീലുകളാണ് അയ്ഗോ എക്സിന്. ഇതിന്റെ എതിരാളികളായ ഹ്യുണ്ടെയ് ഗ്രാൻഡ് ഐ10നും (നമ്മുടെ നാട്ടിൽ നിയോസ് എന്നു പേര്) ഫോക്സ്‌വാഗൺ അപ്പിനും ഫിയറ്റ് പാണ്ടയ്ക്കും റെനൊ ട്വിങ്കോയ്ക്കും ഒന്നും ഇത്രയും വലിയ വീലുകൾ ഇല്ല തന്നെ. മാറ്റ് ബ്ലാക്ക് അലോയ് വീലുകളിലെ ഓറഞ്ച് തൊടുകുറികൾ കാഴ്ചപ്പകിട്ടു കൂട്ടുന്നു. അൽപം വലിയ വാഹനമാണെന്ന തോന്നൽ കാഴ്ചയ്ക്കും ഉപയോഗത്തിനും ഉണ്ടാകണമെന്നെ ടൊയോട്ട ആഗ്രഹിച്ചിട്ടുള്ളു. ഡ്രൈവിങ്ങിൽ ചെറുകാർ എന്ന തോന്നൽ തന്നെ വേണം. അതിന് ആദ്യം വേണ്ടത് എന്താണ്? കുറഞ്ഞ ടേണിങ് റേഡിയസ്. ഇന്നാ പിടിച്ചോ... 4.7 മീറ്റർ. ഇതിനെക്കാൾ തീരെ കുഞ്ഞനായ ടാറ്റ നാനോയ്ക്ക് 4 മീറ്റർ ആയിരുന്നു ടേണിങ് റേഡിയസ്. ഒട്ടും മോശമല്ല... 

toyota-aygo-x-9

പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ വീൽ ആർച്ചിൽ പ്രാധാന്യം കൂട്ടി നൽകിയിരിക്കുന്നു. ബോഡിക്കു ചുറ്റും അതിന്റെ നേർത്ത സാന്നിധ്യവും ഉണ്ട്. ഈ ക്ലാഡിങ്ങും ഡ്യുവൽ ടോൺ നിറങ്ങളും എല്ലാം കാരണം വിദേശത്തെ വാഹനവിദഗ്ധർ ‘ഫങ്കി’ എന്നല്ലാതെ മറ്റൊരു വിശേഷണം ഈ കാറിനു നൽകാൻ തയാറായിട്ടില്ല. ‘ഫങ്കി’ എന്നാൽ മലയാളത്തിൽ ‘പരിഷ്കാരി’. ആരാടാ പറഞ്ഞത് ‘വണ്ടിയൊക്കെ കൊള്ളാമെങ്കിലും ടൊയോട്ടയ്ക്കു ബോറിങ് ഡിസൈനുകൾ മാത്രമേ പുറത്തിറക്കാൻ അറിയൂ’ എന്ന്? അയ്ഗോ എക്സ് കാണുന്ന ടൊയോട്ട ആരാധകർ ഇനി ഈ ആരോപണം ഉന്നയിക്കുന്നവരുടെ മുഖം പിടിച്ച് കാറിന്റെ ബോണറ്റിൽ ചേർത്ത് അൽപനേരം അമർത്തിപ്പിടിക്കും, പറഞ്ഞില്ലെന്നു വേണ്ട. 

toyota-aygo-x-6

ബോഡി കളർ ഉൾപ്പെടെ മൂന്നു നിറങ്ങൾ ഉപയോഗിക്കുന്ന ഇന്റീരിയർ, 9 ഇഞ്ച് ടച്ച് സ്ക്രീൻ, ആംബിയന്റ് ലൈറ്റിങ്, വയർലെസ് ചാർജർ, ചുറ്റും പുറവും മൊത്തം എൽഇഡി ലൈറ്റുകൾ എന്നിങ്ങനെ പകിട്ടിന്റെ പട്ടിക നീളും. 

toyota-aygo-x-1

രാത്രിയിൽ ആളുകൾ നടന്നുപോകുന്നതു ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, അഡാപ്റ്റിവ് ക്രൂസ് കൺട്രോൾ, ലെയ്ൻ ട്രേസ് അസിസ്റ്റ്, പകൽസമയത്ത് സൈക്ലിങ്ങിനു പോകുന്നവരെ തിരിച്ചറിയൽ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്‌ഷൻ, എബിഎസ്, ഇബിഡി, എയർബാഗ്... സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ടൊയോട്ട തയാറല്ല. ഇന്ത്യയിൽ കാറിന്റെ സുരക്ഷയുടെ പേര് പറഞ്ഞ് ബ്രാൻഡ് ആരാധകർ തമ്മിൽ കലഹിക്കുമ്പോൾ ടൊയോട്ട ഉള്ളിൽ ചിരിക്കുന്നുണ്ടാകും, ‘ഒന്നു വിരിഞ്ഞു നിന്നാൽ നമ്മളും ഉണ്ട് കോയാ, കോയിക്കോട്ട് അങ്ങാടിയിൽ’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ട്... കളത്തിൽ സജീവമാകാത്ത പ്രശ്നമേയുള്ളു.

ഒറ്റ എൻജിൻ മാത്രമാണ് അയ്ഗോ എക്സിന് നൽകിയിരിക്കുന്നത്. ഒരു പിടി ചെറു ടൊയോട്ടകളിൽ ഓടി വിജയിച്ച കെആർ എഫ്ഇ പരമ്പരയിൽപ്പെട്ട മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ. 996 സിസി എൻജിൻ ടർബോ ചാർജ്ഡ് അല്ല, നാച്ചുറലി ആസ്പിരേറ്റഡ് ആണ്. 72 ബിഎച്ച്പി ആണ് കരുത്ത്. 6000 ആർപിഎമ്മിൽ 93 ന്യൂട്ടൻ മീറ്റർ ആണു പരമാവധി കുതിപ്പുശേഷി. 5 സ്പീഡ് മാനുവൽ, സിവിടി ഗീയർബോക്സുകൾ ലഭ്യമാണ്. പരസ്യങ്ങളിൽ എല്ലാം മാനുവൽ ഗീയർബോക്സ് ആണു ടൊയോട്ട പ്രദർശിപ്പിക്കുന്നത്. 15.6 സെക്കൻഡുകൾ എടുക്കും വാഹനം നൂറിലേക്ക് എത്താൻ. 155 കിലോമീറ്ററാണ് പരമാവധി വേഗം എന്നു ടൊയോട്ട പറയുന്നു. സിവിടി മോഡലിന് പരമാവധി വേഗം 150 കിലോമീറ്റർ ആണ്. 

toyota-aygo-x-5

ഏറ്റവും മുന്തിയ വകഭേദത്തിന് 1000 കിലോഗ്രാം ആണു ഭാരം. 21 കിലോമീറ്റർ ആണ് ഇന്ധനക്ഷമത. 2022 ആദ്യ പാദത്തിൽ അയ്ഗോ എക്സ് വിൽപനയ്ക്കെത്തും. സമീപഭാവിയിൽ യാരിസിൽ ഉപയോഗിക്കുന്ന ഡൈനമിക് ഫോഴ്സ് എൻജിൻ (123 ബിഎച്ച്പി) അയ്ഗോ എക്സിൽ ഘടിപ്പിച്ച് ഇറക്കുകയാണെങ്കിൽ സെഗ്മെന്റിലെ മറ്റു മത്സരാർഥികളെല്ലാം അടുത്ത മുഖംമിനുക്കലിനായി ജിമ്മിൽ പോയി ശരിക്കും കഷ്ടപ്പെടേണ്ടി വരും. 17500 യൂറോയുടെ പരിസരത്തായിരിക്കും അയ്ഗോ എക്സിന്റെ വില എന്നാണ് അനുമാനം. അത് രൂപയാകുമ്പോൾ ഏകദേശം 15 ലക്ഷം രൂപയ്ക്കടുത്ത് വരും. ഇപ്പോൾ മനസ്സിലായോ ടൊയോട്ടയ്ക്കു ചെറുകാർ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല, പക്ഷേ ഒന്ന് റെഡിയാക്കി വന്നാൽ അത് നമ്മുടെ വിപണി താങ്ങില്ല എന്നതുകൊണ്ടാണ് അവർ ആ സാഹസത്തിനു മുതിരാത്തത് എന്ന്...  

പിറ്റ്സ്റ്റോപ് – ‘ഐ’ എന്നും ‘ഗോ’ എന്നുമുള്ള ഇംഗ്ലീഷ് വാക്കുകളെ ചേർത്തു വച്ച് ഉണ്ടാക്കിയ പേരാണ് ‘അയ്ഗോ’. എന്നു വച്ചാൽ ‘ഞാൻ പോകും’ എന്നു തന്നെ അർഥം. സ്വാതന്ത്ര്യവും ചലനഗുണവും സൂചിപ്പിക്കുന്ന പേര് എന്ന നിലയ്ക്കാണ് ‘അയ്ഗോ’ തിരഞ്ഞെടുത്തപ്പെട്ടത്.  പിഎസ്എ ഗ്രൂപ്പ് തങ്ങളുടെ അയ്ഗോ അടിസ്ഥാനമാക്കിയുള്ള ചെറുകാറുകളുടെ അടുത്ത തലമുറ പുറത്തിറക്കുന്നില്ലെന്നു തീരുമാനമെടുക്കാൻ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, അവർ ചെറുകാറുകൾ വികസിപ്പിക്കാനായി മുടക്കിയ തുക വച്ചു നോക്കുമ്പോൾ ലഭിച്ച ലാഭം തുലോം തുച്ഛമായിരുന്നു.  രണ്ട്, ഫിയറ്റ് ക്രൈസ്‌ലറുമായി ചേർന്ന് സ്റ്റെലന്റിസ് ഗ്രൂപ്പ് സ്ഥാപിച്ചു പിഎസ്എ ഗ്രൂപ്പ്. യൂറോപ്പിലെ ചെറുകാർ രാജാക്കൻമാരായ ഫിയറ്റ് ഒപ്പമുള്ളപ്പോൾ പിന്നെ ടൊയോട്ടയുടെ കൂട്ട് എന്തിന്?

English Summary: Know More About Toyota Small City Car Aygo X

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA