ADVERTISEMENT

‘വാഹനം നിരത്തിൽ ഇഴഞ്ഞുപോകുന്നതു കണ്ടാൽ ഡ്രൈവർ പെണ്ണു തന്നെയെന്ന് ഉറപ്പിക്കാം.’– വണ്ടിയുമെടുത്തു നിരത്തിലിറങ്ങുന്ന സ്ത്രീകളിൽ ഇങ്ങനെയുള്ള കമന്റ് കേൾക്കാത്തവർ ചുരുക്കമാണ്.  ഇത്തരം പരിഹാസ കമന്റുകളിൽ മനസ്സ് തളരാതെ ടോപ് ഗിയറിൽ കുതിക്കുന്ന മിടുക്കികളുമുണ്ട്. ബസിന്റെ മുതൽ ട്രെക്കിന്റെ വരെ വളയം പിടിക്കുന്ന പെണ്ണുങ്ങളുണ്ട്. അച്ഛന്റെ ആഗ്രഹവും നിർബന്ധവുമാണ് തന്നെ കണ്ണൂർ ഡ്രൈവിങ് സ്കൂളിൽ എത്തിച്ചതെന്നും സ്ത്രീകൾ ഡ്രൈവിങ് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്നും പറയുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി രസ്ന പവിത്രൻ. ഒരേസമയം ‘ട്രാജഡിയും കോമഡിയുമായ’ ഡ്രൈവിങ് അനുഭവത്തെക്കുറിച്ച് മനോരമ ഒാൺലൈനിനോടു സംസാരിക്കുകയാണ് രസ്ന.

resna-pavithran-3

 

ഡ്രൈവർക്കൊപ്പം സൈഡ് സീറ്റാണ് പ്രിയം

 

ഡ്രൈവിങ് പഠിക്കുന്നതിന് മുമ്പുതന്നെ വാഹനത്തിന്റെ സൈഡ് സീറ്റിലിരുന്നു കാഴ്ചകൾ കണ്ട് യാത്ര ചെയ്യാനായിരുന്നു ഇഷ്ടം. ഇപ്പോഴും അതിനു മാറ്റമില്ല. എന്നാലും സ്വന്തമായി വാഹനം ഒാടിക്കുന്നതിലും സന്തോഷമുണ്ടെന്ന് മനസ്സിലാക്കിയത് ലൈസൻസ് കിട്ടിയ ശേഷമാണ്. ഇൗശ്വരാനുഗ്രഹത്താൽ ആദ്യ ശ്രമത്തിൽത്തന്നെ ലൈസൻസ് കിട്ടി. ഡ്രൈവിങ് സമയത്ത് മനസ്സ് ശാന്തമാക്കണം, സംസാരിക്കരുത്, ഏകാഗ്രത നഷ്ടമാകും എന്നൊക്കെയാണ് എല്ലാവരും പറയുന്നത്. പക്ഷേ ഞാൻ ഒാരോന്നും ചിന്തിക്കുന്നത് ഡ്രൈവിങ് സമയത്താണ്. അത് അപകടം വിളിച്ചു വരുത്തുമെന്ന് ഉറപ്പുള്ളതിനാൽ ആദ്യകാലത്ത് അധികം വാഹനം ഒാടിക്കാറില്ലായിരുന്നു. കൃത്യമായ പരിശീലനം നേടുകയും റോഡ് നിയമങ്ങൾ മനസ്സിലാക്കുകയും വേണം. റോഡ് നിയമങ്ങൾ അറിഞ്ഞാലേ നല്ല ഡ്രൈവർ ആകാൻ സാധിക്കൂ.

resna-pavithran-6

 

resna-pavithran-4

ട്രാജഡി കോമഡിയായ ഡ്രൈവിങ് പരിശീലനം

 

resna-pavithran-1

രണ്ടു പെൺകുട്ടികൾ വീട്ടിലുണ്ടായിട്ടും വാഹനം ഒാടിക്കുന്നില്ല എന്ന അച്ഛന്റെ പരാതി മാറ്റുവാനായി ഞാനും ചേച്ചിയും ഡ്രൈവിങ് പഠിക്കാൻ തീരുമാനിച്ചു. വളരെ രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അക്കാലത്ത്. വഴിയില്‍ വണ്ടി ഒാഫ് ആവുക, ക്ലച്ച് കൊടുക്കാതെ ഗിയര്‍ മാറുക, ഗിയര്‍ മാറി വീഴുക.. ഹാഫ്ക്ലച്ചിൽ കാര്‍ പുറകോട്ട് പോവുക അങ്ങനെ സംഭവബഹുലമായിരുന്നു ഡ്രൈവിങ് പരിശീലനം. 

 

ആദ്യമൊക്കെ സ്റ്റ‌ിയറിങ് പിടിക്കുമ്പോൾ എനിക്ക് ആവേശമായിരുന്നു, ഞാൻ ബ്രേക്ക് ചവിട്ടാതെ തന്നെ പറയുന്നിടത്ത് വണ്ടി നിൽക്കുന്നു, അടിപൊളി. മിക്കവാറും ഞാൻ രണ്ടു ദിവസം കൊണ്ട് പണി പഠിക്കും എന്നായിരുന്നു ചിന്ത, ഡ്രൈവിങ് പഠിക്കുന്ന കാറിൽ ക്ലച്ചും ബ്രേക്കുമൊക്കെ രണ്ടുഭാഗത്തുമുണ്ടെന്നും ആദ്യദിവസങ്ങളിൽ ആശാനായിരുന്നു കൃത്യമായി ക്ലച്ചും ബ്രേക്കും ചവിട്ടിയതെന്നും പിന്നീടല്ലേ മനസ്സിലാകുന്നത്. അങ്ങനെ ദിവസങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഡ്രൈവിങ് പഠിച്ചെടുത്തു. ലൈസൻസ് കിട്ടിയാൻ മാത്രം പോരല്ലോ, സ്റ്റിയറിങ് ബാലൻസും വേണം.

resna-pavithran-5

 

വീട്ടിലെ മാരുതിയുമായി നിരത്തിലിറങ്ങിയപ്പോൾ

 

ഒരിക്കൽ ഞാനും ചേച്ചിയും അടുത്ത വീട്ടിലെ ചേട്ടനൊടൊപ്പം ‍ഞായറാഴ്ച ഡ്രൈവിങ് പരീശിലനത്തിനിറങ്ങി. ഗ്രൗണ്ടിലെത്തി, അവിടെ കുറേ ആൺകുട്ടികളുണ്ടായിരുന്നു, ഇവിടെ വണ്ടി ഒാടിക്കുന്നത് റിസ്കാണെന്നും ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു. അതിനാൽ അധികം തിരക്കില്ലാത്ത ഇട റോഡിലേക്ക് എത്തി, ഡ്രൈവിങ് സ്കൂളിലെ ആശാന്റെ കൂടെ മാത്രം വണ്ടിയോടിച്ച അമിത ആവേശത്തിൽ വാഹനം ഒാടിക്കാൻ വളരെ കൂളായി ഞാനിരുന്നു. വണ്ടിയിൽ കയറി ഫസ്റ്റിട്ട് ആക്സിലേറ്ററിൽ കാല് കൊടുത്തതു മാത്രമേ ഒാര്‍മയുള്ളൂ, പിന്നീട് കാണുന്നത് അടുത്തുള്ള പോസ്റ്റിൽ ഇടിച്ച് നിൽക്കുന്നതാണ്. കാറിന്റെ ഒരു ഭാഗം മുഴുവനും തകർന്നു. ഹെഡ്‌‌‌ലൈറ്റും പൊട്ടി. വാഹനം ഒാടിക്കുന്നത് അന്നത്തേതോടെ ഞാൻ നിർത്തി, പേടികൊണ്ടല്ല, ആകെ നാണക്കേടായിരുന്നു. 

resna-pavithran-8

 

മറ്റൊന്ന് അതിലും രസകരമായ അനുഭവമായിരുന്നു. അച്ഛൻ ഖത്തറിൽനിന്നു നാട്ടിലെത്തിയ സമയം. നിന്റെ ഡ്രൈവിങ് ഞാനൊന്നു കാണട്ടെയെന്നു പറഞ്ഞ് എന്നെയും കൂട്ടിയിറങ്ങി. അച്ഛൻ ഭയങ്കര സ്ട്രിക്റ്റായ ആളാണ്. അച്ഛനോട് ഒന്നും നോ പറയുവാൻ എനിക്കാവില്ലായിരുന്നു. ഒാകെ പറഞ്ഞ് ഞങ്ങളുടെ മാരുതിയുമായി ഇറങ്ങി. ഞാൻ പ്ലസ് ടു പഠിച്ച സ്കൂളിനു മുന്‍പിലെ വലിയ ഗ്രൗണ്ടിലെത്തിയിട്ട് അച്ഛൻ എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു. ഞാൻ ഫസ്റ്റിലിട്ട് പതിയ കാർ ഓടിക്കാൻ തുടങ്ങി. സ്കൂളിലെ പ്രിൻസിപ്പൽ എന്നെ കണ്ട് അടുത്തു വന്നു. രസ്ന ഡ്രൈവിങ് പഠിച്ചോ? മിടുക്കിയാണല്ലോ എന്നൊക്കെ പറഞ്ഞു. അതൊക്കെ കേട്ട് അച്ഛന്റെ മുന്‍പിൽ വലിയ സ്റ്റാറായി ഞാനിരുന്നു. പിന്നീട് എന്താ സംഭവിച്ചതെന്ന് സത്യത്തിൽ അറിയില്ല. ഭയങ്കര ഒച്ചയുണ്ട്, പൂഴിയൊക്കെ പറക്കുന്നു, ആക്സിലേറ്ററിൽ കാൽ അമർത്തി ഞാനിരിക്കുകയാണ്, എങ്ങനെയാണെന്ന് അറിയില്ല, അച്ഛൻ കൈ കൊണ്ട് ആക്സിലേറ്റിൽനിന്ന് എന്റെ കാല് തള്ളി മാറ്റി, എങ്ങനയൊക്കെയോ വാഹനം നിർത്തി. അല്ലെങ്കിൽ പണി പാളിയേനേ, ഗ്രൗണ്ടിന് മുന്നിൽ കൊക്ക പോലെയുള്ള കുഴിയായിരുന്നു. ദൈവാനുഗ്രഹത്താൽ ഒന്നും സംഭവിച്ചില്ല. അച്ഛൻ വഴക്കു പറയുമോ എന്നതായിരുന്നു എന്റെ ഭയം. പക്ഷേ എന്റെ മുഖം കണ്ട് അച്ഛന് ചിരിവന്നു. അപ്പോഴാണ് എനിക്കും സമാധാനമായത്. ഞാനും പൊട്ടിച്ചിരിച്ചു.

 

ആദ്യവാഹനം

resna-pavithran-7

 

തിരിച്ചറിയൽ രേഖയായി ലൈസൻസ് പഴ്സിൽ സൂക്ഷിച്ചിരുന്നു. പിന്നീട് സ്വന്തമായി വാഹനം വേണം എന്ന ആഗ്രഹത്തിലാണ് ഹോണ്ട സിറ്റി സ്വന്തമാക്കിയത്. ഒാട്ടമാറ്റിക്കാണ് വാങ്ങിയത്. എനിക്ക് ഗിയർ മാറ്റുന്നതിനേക്കാൾ ഒാട്ടമാറ്റിക്ക് ഉപയോഗിക്കുന്നതാണ് ഇഷ്ടം.

 

സ്ത്രീകൾക്ക് അനുയോജ്യമായ വാഹനം

 

ഇന്നത്തെ കാലത്ത് സ്ത്രീകൾക്കും പരുഷൻമാർക്കും പ്രത്യേകം വാഹനം എന്നൊന്നില്ല. ഒാട്ടോ, ബസ് മുതൽ ഹെവിവെഹിക്കിൾ വരെ ഒാടിക്കുന്ന സ്ത്രീകളുണ്ട്. പുരുഷനായാലും സ്ത്രീയായാലും നിയമങ്ങൾ പാലിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം വാഹനം നിരത്തിലിറക്കണം. ശ്രദ്ധയും സുരക്ഷയുമാണ് പ്രധാനം.

 

ഡ്രൈവ്–ഇൻ ബീച്ച്

 

തിരമാലകളെ തൊട്ട് വാഹനമോടിക്കാവുന്ന കേരളത്തിലെ ഏക ‘ഡ്രൈവ്–ഇൻ’ ബീച്ചാണ് കണ്ണൂരിലെ മുഴുപ്പിലങ്ങാടുള്ളത്. അവിടെ വാഹനമോടിച്ചിട്ടുണ്ട്. വളരെ രസകരമായ അനുഭവമായിരുന്നു. ആവേശം കൂടി അമിത വേഗത്തിൽ ബീച്ചിൽ വണ്ടിയോടിക്കരുത്. ആരും നിയന്ത്രിക്കാനില്ലാത്തതിനാൽ മറ്റു വാഹനങ്ങളുമായി കൂട്ടിയിടി ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്രദ്ധിച്ചു വണ്ടിയോടിക്കുക. ഉപ്പുവെള്ളം കയറുന്നതിനാൽ ഡ്രൈവ് കഴിഞ്ഞാലുടനെ നല്ലൊരു സർവീസ് സെന്ററിൽ വാട്ടർ സർവീസ് നിർബന്ധമായും നടത്തണം.

 

കാലം മാറി, ഇനിയെല്ലാം ഇലക്ട്രിക്

 

സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ജീവിതരീതികളും മാറി. ഇപ്പോഴത്തെ ആളുകൾക്ക് ഡ്രൈവിങ് പഠിക്കാനും വാഹനമോടിക്കുവാനും വളരെ എളുപ്പമായിരിക്കും. കൂടാതെ ഇന്ധനവില കുതിച്ചുയരുന്ന ഇക്കാലത്ത് ഇനി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. കൂടാതെ ആഗോളതലത്തില്‍ പരിസ്ഥിതി സൗഹൃദമെന്നതാണ് ഏവര്‍ക്കും ഇലക്ട്രിക് കാറുകളോട് പ്രിയമേറാന്‍ മറ്റൊരു കാരണം. വരും വർഷങ്ങളിൽ ഇലക്ട്രോണിക് വാഹന വിപണി സജീവമാകും.

 

ഡ്രൈവ് ചെയ്ത് പോകാൻ ഇഷ്ടമുള്ളയിടം

 

ഒരുപാട് ഡ്രൈവ് ചെയ്യണം എന്നതാണ് ഇപ്പോഴത്തെ മോഹം. എനിക്ക് ഏറ്റവും ഇഷ്ടം വിദേശ രാജ്യങ്ങളിൽ വാഹനമോടിക്കുവാനാണ്.  കേരളത്തിൽ റോഡുകൾ വളരെ മോശമാണ്. വിദേശ നാടുകളിൽ റോഡുകൾ നല്ലതാണ്. യാത്ര സുഗമമാണ്. എത്ര ദൂരം വേണമെങ്കിലും മടുപ്പുകൂടാതെ ‍ഡ്രൈവ് ചെയ്യാൻ സാധിക്കും. 

 

സ്വപ്ന വാഹനം

 

ലക്സസിന്റെ വാഹനങ്ങൾ ഏതെങ്കിലും എടുക്കണമെന്നുണ്ട്. കൂടാതെ ടാറ്റയുടെ നിരവധി വാഹനങ്ങള്‍ വിപണിയിലുണ്ട്. നല്ല അഭിപ്രായങ്ങളാണ് മിക്കവരും പറയുന്നത്. ഇന്ത്യക്കാരി എന്ന നിലയ്ക്ക് ടാറ്റയുടെ ഏതെങ്കിലും എസ്‌യുവി സ്വന്തമാക്കണമെന്നുണ്ട്.

 

English Summary: Resna Pavithran About Her Driving Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com