ADVERTISEMENT

എഥനോൾ കലർന്ന പെട്രോൾ വിൽപന രാജ്യവ്യാപകമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇത് എൻജിന്റെ ആയുസ്സിനെയും ഇന്ധനക്ഷമതയേയും ബാധിക്കുന്നതെങ്ങനെ? വിലുക്കുറവുണ്ടാകുമോ? നിലവിലെ എൻജിനുകളിൽ ഉപയോഗിക്കാനാകുമോ ഈ സംശയങ്ങൾ എല്ലാവർക്കുമുണ്ടാകും. വിശദമായി പരിശോധിക്കാം.

 

എന്താണ് എഥനോൾ

 

ജലരഹിതമായ ഈഥൈൽ ആൽക്കഹോളിനാണ് എഥനോൾ എന്നു പറയുന്നത്. കരിമ്പ്, ധാന്യങ്ങൾ എന്നിങ്ങനെ അന്നജം ധാരാളം അടങ്ങിയ ജൈവവസ്തുക്കളിൽനിന്നാണ് ഇതു നിർമിക്കുന്നത്. എഥനോൾ തന്മാത്രയിൽ ഓക്സിജൻ ഉള്ളതിനാൽ പൂർണമായ ജ്വലനം സാധിക്കുന്ന ഒരു ഇന്ധനമാണിത്. സൗരോർജം സ്വീകരിച്ചു വളരുന്ന ജൈവ വസ്തുക്കളിൽനിന്നു നിർമിക്കുന്നതിനാൽ എഥനോൾ പുനർജീവന ഇന്ധനമായി കണക്കാക്കപ്പെടുന്നു. ജ്വലനസ്വഭാവത്തിലുള്ള സമാനതമൂലം പെട്രോൾ എൻജിനുകളിൽ ഇത് ഇന്ധനമായി ഉപയോഗിക്കാൻ കഴിയും. ചെറിയ അളവിൽ പെട്രോളുമായി ചേർത്ത മിശ്രിതം മുതൽ എഥനോൾ മാത്രം വരെ ഉപയോഗിക്കുന്ന എൻജിനുകൾ പല രാജ്യങ്ങളിലും നിലവിലുണ്ട്.

 

ഗുണങ്ങൾ

 

വാഹന എൻജിനുകളിൽ എഥനോൾ ഉപയോഗിക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട്. ജ്വലനശേഷം പുറന്തള്ളുന്ന വാതകങ്ങളിൽനിന്നുള്ള മലിനീകരണം എഥനോൾ ഉപയോഗിക്കുമ്പോൾ കുറവാണ്. നിലവിലുള്ള സാഹചര്യത്തിൽ ഖനനം െചയ്തെടുക്കുന്ന ഇന്ധനങ്ങളെക്കാൾ ഇതിനു ഗണ്യമായ വിലക്കുറവുണ്ട്. കൃഷി ചെയ്തു കിട്ടുന്ന ജൈവവസ്തുക്കളിൽനിന്നു നിർമിക്കുന്നതിനാൽ ദീർഘകാലത്തേക്കു ലഭ്യത ഉറപ്പുള്ള ഇന്ധനമാണ് എഥനോൾ. ഈ കാരണങ്ങളാൽ അമേരിക്ക, ബ്രസീൽ എന്നിവടങ്ങളിൽ വാഹന ഇന്ധനമെന്ന നിലയ്ക്ക് ഇതിനു ഗണ്യമായ ഉപയോഗമുണ്ട്. ഇന്ത്യയിൽ 2001 ൽത്തന്നെ എഥനോളും െപട്രോളും ചേർന്ന മിശ്രിതം ഇന്ധനമായി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു. 

 

ഇന്ത്യയിൽ എന്നു മുതൽ

 

ജനുവരി 2003 ൽ ഇന്ത്യയിലെ ഒൻപതു സംസ്ഥാനങ്ങളിൽ പെട്രോളിന്റെ 5% എഥനോൾ ചേർത്ത് ഉപയോഗിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. 2006 ൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ അംഗീകാരം ലഭിച്ചതോടെ മറ്റൊരു പത്തു സംസ്ഥാനങ്ങളിൽക്കൂടെ ഈ പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഉപയോഗക്ഷമത തെളിയിക്കപ്പെട്ടതിനാൽ ഇന്ത്യൻ ഗവൺമെന്റ് 2019 ഏപ്രിൽ 1 മുതൽ എല്ലാ പെട്രോളിയം കമ്പനികൾക്കും 10% വരെ എഥനോൾ ചേർത്ത പെട്രോൾ വിൽക്കാൻ അനുമതി നൽകി. ഇത് ഇന്ത്യയൊട്ടാകെ നടപ്പിൽ വരുത്താൻ 2022 വരെയാണു സമയം നൽകിയിരിക്കുന്നത്. 2025 ഓടെ എഥനോളിന്റെ പങ്ക് 20% ആക്കണമെന്നാണു നിലവിലുള്ള പ്രഖ്യാപിത ലക്ഷ്യം. ഇതുമൂലം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനോടൊപ്പം പെട്രോളിയം ഇറക്കുമതിക്കു വേണ്ടിവരുന്ന ഭീമമായ ചെലവുകൂടി കുറയ്ക്കാം എന്നാണു പ്രതീക്ഷ.

 

എൻജിനുകൾക്കു പ്രശ്നമാകുമോ

 

പെട്രോളിൽ എഥനോൾ കലർത്തുമ്പോൾ വാഹന എൻജിനുകൾക്ക് കുഴപ്പമുണ്ടോ എന്ന സംശയം ആദ്യകാലം മുതൽ ഉടമകൾക്കുണ്ട്. 5% എഥനോൾ ചേർന്ന പെട്രോൾ മിക്കവാറും പെട്രോൾ എൻജിനുകളിലും കുഴപ്പമുണ്ടാക്കില്ല. എന്നാൽ, അനുപാതം 10 ശതമാനത്തിലേക്കെത്തുമ്പോൾ സ്ഥിതി മാറാനിടയുണ്ട്. എഥനോളിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം ചില പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാൻ ഇടയാക്കിയേക്കാം. ഇത് ഇന്ധനപമ്പുകൾ, ഇൻജക്ടറുകൾ, ഹോസുകൾ എന്നിവയുടെ ആയുസ്സിനെ ബാധിക്കും. എഥനോളിന് ജ്വലനക്ഷമത പെട്രോളിനെക്കാൾ കൂടുതലുണ്ടെങ്കിലും ഊർജലഭ്യത കുറവാണ്. ഇത് ഇന്ധനക്ഷമത അൽപം കുറയാനിടയാക്കും. പഴക്കമുള്ള വാഹനങ്ങളിൽ ചില ഘടകങ്ങളെങ്കിലും മാറ്റിയില്ലെങ്കിൽ തുടർന്നുപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. 

 

നിലവിൽ 5% എഥനോളുള്ള E 5 പെട്രോളാണ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും. പത്തു ശതമാനമുള്ള E 10 പെട്രോൾ, എഥനോൾ നിർമാണം കൂടുതലായുള്ള മഹാരാഷ്ട്രയിലാണുള്ളത്. പല വാഹനനിർമാതാക്കളും തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഇന്ധനത്തിന്റെ നിലവാരം നിജപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഹോണ്ട തങ്ങളുടെ പെട്രോൾ വാഹനങ്ങൾ E 10 ഇന്ധനം ഉപയോഗിക്കാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. എഥനോൾ ചേർക്കുമ്പോൾ പെട്രോൾ പമ്പിലെ ടാങ്കിൽ ജലാംശം കൂടുതലായി രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇതു തടയാൻ പെട്രോളിയം കമ്പനികൾ തങ്ങളുടെ പമ്പ് ഉടമകൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, 20% എഥനോൾ അടങ്ങിയ E 20 പെട്രോൾ വിപണിയിലെത്തിയാൽ വാഹനനിർമാതാക്കൾ എൻജിനിലും മറ്റു ഘടകങ്ങളിലും പരിഷ്കാരങ്ങൾ വരുത്തേണ്ടിവരും. ഇതോടൊപ്പം നിരത്തിലുള്ള വാഹനങ്ങൾക്ക് E 20 പെട്രോൾ ഉപയോഗിക്കാൻവേണ്ടി മാറ്റിവയ്ക്കേണ്ട ഘടകങ്ങൾ ലഭ്യമാക്കാനുള്ള ബാധ്യതയും ഉണ്ടാ

യേക്കാം.

 

എന്താണ് ഫ്ലെക്സ് എൻജിനുകൾ

 

ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താകണം ഗവൺമെന്റ് ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് എത്രയും വേഗം ‘ഫ്ലെക്സ്’ എൻജിനുകൾ ലഭ്യമാക്കണമെന്ന് നിർമാതാക്കളോടു നിർദേശിച്ചിരിക്കുന്നത്. ഫ്ലെക്സ് എൻജിനുകൾക്ക് രണ്ടു വ്യത്യസ്ത ഇന്ധനങ്ങളുടെ ഏത് അനുപാതത്തിലുള്ള മിശ്രിതവും ഉപയോഗിക്കാം. അതായത്, 100% പെട്രോളോ 100% എഥനോളോ ഇവയുടെ ഏത് അനുപാതത്തിലുള്ള മിശ്രിതമോ ഒരു ഫ്ലെക്സ് എൻജിൻ വാഹനത്തിന്റെ ടാങ്കിൽ നിറയ്ക്കാം. എൻജിന്റെ ഫ്യുവൽ ഇൻജക്‌ഷൻ സംവിധാനവും ഫ്യൂവൽ പൈപ്പുകളും എൻജിൻ നിയന്ത്രണ സംവിധാനവും ഇതിനനുയോജ്യമായ രീതിയിലായിരിക്കും. പെട്രോൾ മാത്രം ഉപയോഗിക്കുമ്പോൾ ആവശ്യമായ ഇൻജക്‌ഷൻ മർദവും ആവൃത്തിയും എൻജിൻ ടൈമിങ്ങും ആയിരിക്കില്ല, എഥനോൾ മാത്രം ഉപയോഗിക്കുമ്പോൾ. ഇവയുടെ മിശ്രിതം ആകുമ്പോൾ അതിനനുസരിച്ച് ഫ്ലെക്സ് എൻജിന്റെ നിയന്ത്രണ യൂണിറ്റ് പ്രവർത്തനരീതി ക്രമീകരിക്കും. സിട്രോൺ ഇന്ത്യയിൽ ഇറക്കുന്ന രണ്ടാമത്തെ വാഹനമായ ചെറു എസ്‌യുവിക്ക് ഫ്ലെക്സ് എൻജിൻ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

 

നിലവിലുള്ള വാഹനങ്ങൾക്കോ? 

 

ഇസിയു നിയന്ത്രിത, പോർട്ട് ഇൻജക്‌ഷൻ സംവിധാനമുള്ള ഏതു പെട്രോൾ എൻജിനും ഒരു ‘കൺവർഷൻ കിറ്റ്’ ഉപയോഗിച്ച് ഫ്ലെക്സ് എൻജിനാക്കിയെടുക്കാം. പഴയ കാർബുറേറ്റർ എൻജിനുള്ള വാഹന ഉടമകളും ഭയക്കേണ്ടിവരില്ല എന്നാണ് ബ്രസീലിലെയും അമേരിക്കയിലെയും പതിറ്റാണ്ടുകൾ നീളുന്ന അനുഭവം സൂചിപ്പിക്കുന്നത്. ചില ഘടകങ്ങൾ മാറ്റുകയും സർവീസ് ഇടവേള കുറയ്ക്കുകയും ചെയ്താൽ അൽപം കുറഞ്ഞ ഇന്ധനക്ഷമതയോടെ ഇവയും എഥനോളിൽ ഓടും. നൂറുവർഷം മുൻപ് ഇറങ്ങിയ ‘ഫോഡ് മോഡൽ റ്റി’ പെട്രോളിലോ എഥനോളിലോ ഇവയുടെ മിശ്രിതത്തിലോ ഓടുമായിരുന്നു എന്നോർക്കുക!

 

English Summary: What is ethanol blending in petrol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com