ADVERTISEMENT

യാത്രകൾ സുരക്ഷിതമാകണം, ഷൂട്ടിങ് ലൊക്കേഷനിലേക്കും തിരിച്ചുമുള്ള യാത്രകൾ സുഖകരമായിരിക്കണം. രണ്ടാമതും ജീപ്പ് കോംപസ് സ്വന്തമാക്കിയ ഹരീഷ് കണാരന്റെ ലോജിക് വളരെ സിമ്പിളാണ്. കഴിഞ്ഞ മൂന്നു വർഷമായി ജീപ്പ് കോംപസിന്റെ സുരക്ഷിതത്വവും യാത്രാസുഖവും നേരിട്ടറിഞ്ഞ ഹരീഷിന് വാഹനം മാറിയെടുക്കാൻ സമയമായപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

 

ആഡംബരമല്ല പ്രധാനം

hareesh-kanaran-jeep-1

 

ബെൻസും ബിഎംഡബ്ല്യുവുമെല്ലാം എടുക്കാൻ സുഹൃത്തുക്കളൊക്കെ പറഞ്ഞെങ്കിലും അത്ര ആഡംബരം വേണമെന്ന് തോന്നിയില്ല. സുഖമായി യാത്ര ചെയ്യാൻ പറ്റുന്നൊരു വാഹനം അതുകൊണ്ടാണ് വീണ്ടും കോംപസ് എടുത്തത്. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്താണ് പുതിയത് വീട്ടിലെത്തിയത്. കോംപസിന്റെ ഉയർന്ന വകഭേദമായ എസ് ആണ് ഇത്തവണ വാങ്ങിയത്. സെ‌ഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ചൊരു വാഹനമാണ് ജീപ്പ്. കാണാനും സ്റ്റൈലിഷാണ്, ഹരീഷ് കണാരൻ പറയുന്നു. ഏകദേശം 36 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.

 

ജീപ്പ് കോംപസ് എസ്

 

ജീപ്പ് കോംപസിന്റെ ഉയർന്ന വകഭേദമാണ് മോഡൽ എസ്. 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്‌പ്ലെ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, 18 ഇഞ്ച് അലോയ് വീലുകൾ, ഓട്ടമാറ്റിക്ക് ഹെഡ്‌ലാംപ്, റെയിൻ സെൻസറിങ് വൈപ്പർ, ഡ്യുവൽ പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, 8 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ പുതിയ ഈ മോഡലിലുണ്ട്. 2 ലീറ്റർ മൾട്ടിജെറ്റ് എൻജിനാണ് വാഹനത്തില്‍. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 9 സ്പീഡാണ് ട്രാൻസ്മിഷൻ.

hareesh-kanaran-jeep-2

 

ഓമ്നിനിയിൽ ഡ്രൈവിങ്ങിന്റെ ആദ്യപാഠം

 

വാടകയ്ക്ക് എടുത്ത മാരുതി ഓമ്നിയിലാണ് ഡ്രൈവിങ് പഠിക്കാൻ ആദ്യം ശ്രമിക്കുന്നത്. എന്നാൽ അത് അപകടത്തിൽ കലാശിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിയന്ത്രണം തെറ്റിയ ഓമ്നി ഒരു പോസ്റ്റിൽ ചെന്നിടിക്കുകയായിരുന്നു.

hareesh-kanaran-jeep-3

 

25000 രൂപയ്ക്ക് എടുത്ത മാരുതി 800

 

കോമഡി ഫെസ്റ്റിവെല്ലിൽ നിന്ന് സമ്മാനമായി ലഭിക്കുന്ന പണം കൊണ്ടാണ് ആദ്യ കാർ വാങ്ങുന്നത്. 25000 രൂപ മുടക്കി  85 മോഡൽ മാരുതി 800 വാങ്ങി. അതിലായിരുന്നു ശരിക്കും ഡ്രൈവിങ് പഠനം. പിന്നീട്, മാരുതി സെൻ വാങ്ങി. അതും സെക്കന്റ് ഹാൻഡ് തന്നെ. അന്ന് 1.30 ലക്ഷം രൂപ മുടക്കിയാണ് വാങ്ങിയത് അത് ലോണായിരുന്നു. ആ സെൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

 

പോളോ ആദ്യ പുതിയ വാഹനം

 

ഫോക്സ്‌വാഗൻ പോളോയാണ് ആദ്യമായി വാങ്ങിയ പുതിയ വാഹനം. 2016ൽ മരുഭൂമിയിലെ ആന എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു ആ വാഹനം വാങ്ങിയത്. ബിജു ചേട്ടനൊക്കെ മികച്ച വാഹനമാണ് എന്ന് പറഞ്ഞതുകൊണ്ടാണ് അത് വാങ്ങിയത്. അന്ന് ലോൺ എടുത്ത് കാർ വാങ്ങാൻ ശരിക്കും ഭയമായിരുന്നു, സിനിമാജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അനിശ്ചിതത്വം നിറഞ്ഞ സമയത്തു ലോൺ എടുത്തു വാഹനം വാങ്ങുക എന്നതു അൽപം റിസ്ക് ആയിരുന്നു.

 

ആദ്യ എസ്‍യുവി ജീപ്പ് കോംപസ് 

 

ആദ്യമായി സ്വന്തമാക്കിയ എസ്‍യുവിയായിരുന്നു ജീപ്പ് കോംപസ്. 2018 ലാണ് ആദ്യ കോംപസ് വീട്ടിലെത്തിക്കുന്നത്. ജീപ്പ് കോംപസിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് ആ വാഹനം വാങ്ങുക എന്ന തീരുമാനത്തിലെത്തിച്ചത്. സെ‌ഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ചൊരു വാഹനമായിരുന്നു ജീപ്പ്, കാഴ്ചയ്ക്കും മനോഹരം. അന്ന് ജീപ്പ് വാങ്ങിയത് എറണാകുളത്തെ ഷോറൂമിൽ നിന്നാണ് ഇപ്പോൾ കോഴിക്കോട് നിന്നാണ് വാഹനം സ്വന്തമാക്കിയത്.

 

ഇഷ്ട നമ്പർ 5665

 

ഇഷ്ടപ്പെട്ട നമ്പർ 5665 ആണ്. പോളോയ്ക്കും പഴയ കോംപസിനും വെസ്പ സ്കൂട്ടറിനുമെല്ലാം ആ നമ്പർ തന്നെ. പുതിയ കോംപസിന് ആ നമ്പർ ലഭിക്കില്ല എന്നൊരു വിഷമവുമുണ്ട്. കാരണം കോഴിക്കോടു നിന്ന് ഞങ്ങളുടെ റജിസ്ട്രേഷൻ ഫറോക്കിലേയ്ക്ക് മാറി. അതുകൊണ്ട് ഇത്തവണ ലഭിച്ചത് 5454 എന്ന നമ്പറാണ്.

 

English Summary: Hareesh Kanaran Bought Jeep Compass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com