ടാറ്റ ഷാസി, കൊണ്ടോടി സ്റ്റൈൽ: പ്രൈവറ്റിനെ വെല്ലും പുതിയ കെഎസ്ആർടിസി- വിഡിയോ

SHARE

കുന്നും മലയും താണ്ടി ഇഴഞ്ഞിഴഞ്ഞ് ആടിയുലഞ്ഞ് നീങ്ങിയ ആനവണ്ടികൾ മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ഓർമകളാണ്. മലയോര ഗ്രാമങ്ങളിലെ കപ്പയും കാച്ചിലും ചേമ്പും ചേനയുമെല്ലാമായി, വലിയ സ്വപ്നങ്ങളും പേറി ആ ചുവപ്പു നിറക്കാരൻ പതിയെ മൂളിമുരണ്ട് കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി യാത്ര ചെയ്ത ഒരു കാലം നമുക്കിന്ന് ഒാർമകൾ മാത്രമാണ്. 

ksrtc-4

മോഹൻലാലിനെപ്പോലെ ഒരു വശം ചരിഞ്ഞെത്തുന്ന ഓർഡിനറിയും കുതിച്ചു പായുന്ന സൂപ്പർഫാസ്റ്റും ഇടിമിന്നലായി എത്തുന്ന ലൈറ്റ്നിങ് എക്സ്പ്രെസുമെല്ലാം ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലമേറേയായി. കട്ടിയുള്ള തകരംകൊണ്ട് നിർമിച്ച ബോഡിയും ബോക്സ് രൂപവുമായിരുന്നു അന്നത്തെ കെഎസ്ആർടിയുടെ മുഖ മുദ്ര. എന്നാല്‍ അതിൽനിന്ന് മാറി കെഎസ്ആർടിസിക്ക് പുതിയ സ്റ്റൈൽ നൽകിയത് കോട്ടയത്തെ കൊണ്ടോടി ഓട്ടോക്രാഫ്റ്റായിരുന്നു. അശോക് ലൈലാൻഡുമായി സഹകരിച്ച്, പുതിയ മുഖമുള്ള നൂറുകണക്കിന് ബസുകളാണ് കൊണ്ടോടി കെഎസ്ആർടിസിക്ക് നിർമിച്ചു നൽകിയത്.

ksrtc-3

അന്ന് അശോക് ലൈലാൻഡിന്റെ ഷാസിയായിരുന്നെങ്കിൽ ഇപ്പോഴിതാ ടാറ്റയുടെ ഷാസിയിൽ കെഎസ്ആർടിസിക്കുവേണ്ടി ബസ് നിർമിക്കുകയാണ് കൊണ്ടോടി. പരീക്ഷണാടിസ്ഥനത്തിൽ നിർമിച്ച ബസ് കെഎസ്ആർടിസിക്ക് വീണ്ടും പുതിയ മുഖം നൽകുന്നു. ടാറ്റ നൽകിയ ബിഎസ് 6 പ്രോട്ടോടൈപ്പ് ഷാസിയിലാണ് പുതിയ ബസ് നിർമിച്ചിരിക്കുന്നത്. കർണാടക ട്രാൻസ്പോർട്ട് കോർപറേഷനും ടാറ്റ ഈ ഷാസി നൽകിയിട്ടുണ്ട്.

ksrtc-2

അഞ്ച് ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്. 177 ബിഎച്ച്പി കരുത്തും 590 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. നാലു സിലിണ്ടർ എൻജിനായതുകൊണ്ട് വാഹനത്തിന് ഇന്ധനക്ഷമത കൂടുതലായിരിക്കുമെന്നാണ് ടാറ്റ പറയുന്നത്. 11 മീറ്ററിൽ കൂടുതൽ നീളമുള്ള ഷാസിയിൽ ആദ്യമായാണ് ഈ ബിഎസ് 6 എൻജിൻ ടാറ്റ പരീക്ഷിക്കുന്നത്.

ksrtc-8

ടാറ്റ കെഎസ്ആർടിസി

ബസ് ബോഡി കോഡ് പ്രകാരമാണ് ഈ ബസും നിർമിച്ചിരിക്കുന്നത്. 48 പേർക്ക് ഇരുന്നു യാത്ര ചെയ്യാം. മുൻ ബസിൽനിന്ന് വ്യത്യസ്തമായി അലുമിനിയം ഷീറ്റുകൊണ്ടാണ് നിർമാണം. അശോക് ലൈലാൻഡിന്റെ ഷാസിയിൽ നിർമിച്ച ബസിന്റെ മുൻഭാഗവും പിൻഭാഗവും ഫൈബറായിരുന്നു. ഈ ബസിന്റെ ഉള്ളിലും റൂഫിലുമെല്ലാം അലുമിനിയം ഷീറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. മുൻഡോർ മൂന്നു സീറ്റുകൾ കഴിഞ്ഞാണ് നൽകിയിരിക്കുന്നത്. ഓട്ടമാറ്റിക്കാണ് ഡോറുകൾ. എല്ലാം സീറ്റിലും രണ്ട് യുഎസ്ബി പവർ സോക്കറ്റുകളും നൽകിയിട്ടുണ്ട്.

English Summary: KSRTC Tata Bus Built By Kondody Autocraft

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS