ADVERTISEMENT

പുകയ്ക്കു പകരം വെള്ളം പുറന്തള്ളുന്ന കാറുകളെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ... ഹൈഡ്രജൻ ഫ്യൂവൽ സെൽ വെഹിക്കിൾസ് അഥവാ എഫ്സിഇവി എന്നാണ് ഇത്തരം വാഹനങ്ങൾ ഉൾപ്പെടുന്ന വിഭാഗത്തിന്റെ പേര്. ലോകത്തെ ഏറ്റവും പ്രശസ്തമായ എഫ്സിഇവി യാത്രാ വാഹനം ടൊയോട്ടയുടെ മിറായ് എന്ന സെഡാൻ കാർ ആണ്. യുഎസിലും ജപ്പാനിലുമാണ് മിറായ് പ്രധാനമായും വിൽപനയ്ക്കുള്ളത്. ഹ്യുണ്ടെയ്‌യുടെ നെക്സോ എന്ന ക്രോസോവർ എസ്‌യുവിയും എഫ്സിഇവി തന്നെയാണ്. ഇതിനും പ്രചാരം ഏറി വരുന്നുണ്ട്. 

 

ഇലക്ട്രിക് വെഹിക്കിൾ അഥവാ ഇവികളുടെ വളർച്ചയിൽ പകച്ചു നിൽക്കുന്ന സാങ്കേതികവിദ്യയാണു നിലവിൽ എഫ്സിഇവിയുടേത്. എന്നാൽ, ഇവികളെക്കാൾ മലിനീകരണം കുറവുള്ളതാണ് എഫ്സിഇവികൾ എന്ന സത്യം ലോകജനതയുടെ ഭൂരിപക്ഷത്തിനു ബോധ്യപ്പെടുകയും ഹൈഡ്രജൻ ഒരു ഇന്ധനമെന്ന നിലയ്ക്ക് ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുകയും ചെയ്യുന്ന പക്ഷം വാഹനവിപണി ഹൈഡ്രജൻ ഫ്യൂവൽസെൽ സാങ്കേതികവിദ്യയുടെ കാൽചുവട്ടിൽ അഭയം പ്രാപിക്കുമെന്നു തന്നെയാണ് ഇതിനെ പിന്തുണയ്ക്കുന്നവർ വിശ്വസിക്കുന്നത്. എഫ്സിഇവി സാങ്കേതികവിദ്യയുടെ ആരാധകർക്കു സന്തോഷം നൽകുന്ന സംഭവം അടുത്തിടെ നടന്നതു ചൈനയിലാണ്.

 

ചൈനയിലെ ട്രെയിൻ നിർമാതാക്കളായ സിആർആർസി കോർപറേഷന്റെ ഉപകമ്പനിയായ സിആർആർസി ഡറ്റോങ് ലിമിറ്റഡും സ്വയംഭരണാധികാരമുള്ള ഇന്നർ മംഗോളിയ മേഖലയിലെ വൈദ്യുതോൽപാദന സ്ഥാപനമായ സ്റ്റേറ്റ് പവർ ഇവെസ്റ്റ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും അവരുടെ കീഴിലുള്ള ഹൈഡ്രജൻ എനർജി കമ്പനി ലിമിറ്റഡും ചേർന്നു വികസിപ്പിച്ച ഹൈഡ്രജൻ ഫ്യൂവൽ സെല്ലിൽ പ്രവർത്തിക്കുന്ന ലോക്കോമോട്ടിവ് (ട്രെയിൻ എൻജിൻ) പരീക്ഷണ ഓട്ടം തുടങ്ങി. ഈ വർഷം ആദ്യം ആണ് ഇത്തരമൊരു പദ്ധതിയെപ്പറ്റി വാർത്തകൾ വന്നു തുടങ്ങുന്നത്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി തന്നെയാണ് ഇതു റിപ്പോർട്ട് ചെയ്തതും. 2021 വർഷം കഴിയും മുൻപു തന്നെ ലോക്കോയുടെ പരീക്ഷണ ഓട്ടം തുടങ്ങിയതു നൂതനസാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും അതു ജനകീയമാക്കാനുമുള്ള ചൈനയുടെ താൽപര്യത്തെ കാണിക്കുന്നു.

 

നിലവിൽ ചരക്കുനീക്കത്തിനാണ് ഈ ലോക്കോ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗം. ഒരു തവണ ഇന്ധനം നിറച്ചാൽ 24 മണിക്കൂറും 50 മിനിറ്റും തുടർച്ചയായി പ്രവർത്തിക്കാൻ കഴിയും ഈ ലോക്കോമോട്ടിവിന്. 5000 ടൺ വരെ വലിച്ചുകൊണ്ടുപോകാനുള്ള ശേഷിയും ഇതിനുണ്ട്. ഒരു വർഷം 96000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഈ ലോക്കോയ്ക്കു കഴിയുമെന്ന് സിആർആർസി ഡറ്റോങ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടിട്ടുണ്ട്. മുൻഭാഗത്തും പിൻഭാഗത്തും 4 വീതം വീലുകൾ (മൊത്തം 8) ഉള്ള ബോ – ബോ ടൈപ്പ് വീൽ അറേഞ്ച്മെന്റ് ആണ് ഇതിന്. ഡീസൽ ലോക്കോയെക്കാൾ കുറഞ്ഞ ശബ്ദം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രവർത്തനച്ചെലവും ഡീസൽ ലോക്കോയുടെ മൂന്നിലൊന്നു മാത്രമേ വരുന്നുള്ളു എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

 

ഇന്നർ മംഗോളിയയിലെ ബൈയിൻവ കൽക്കരി ഘനിയിൽ നിന്ന് ലിയോണിങ് പ്രവിശ്യയിലെ ജിൻജൗ തുറമുഖം വരെയുള്ള 627 കിലോമീറ്റർ ദൂരമാണ് 5000 ടണ്ണിനു തൊട്ടു താഴെ നിൽക്കുന്ന ഭാരം വലിച്ച് ഈ ഹൈഡ്രജൻ ഫ്യൂവൽ സെൽ ലോക്കോ ഓടേണ്ടത്. കേരളത്തിന്റെ കാര്യമെടുത്താൽ പാറശാല മുതൽ കാസർകോട് വരെയുള്ള ദൂരം താണ്ടാൻ 617 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും എന്നോർക്കണം. കണക്കുകൾ പരിശോധിച്ചാൽ കൃത്യം 8 മണിക്കൂറുകൾ കൊണ്ട് ഹൈഡ്രജൻ ഫ്യൂവൽ സെൽ ലോക്കോ വലിക്കുന്ന ഗുഡ്സ് ട്രെയിൻ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്ത് എത്തും. ഇന്ത്യയിൽ സാധാരണഗതിയിൽ കൽക്കരി നിറച്ച വാഗണുകളുടെ റേക്ക് 4000 ടണ്ണിനു താഴെ മാത്രം ഭാരമുള്ളവയാണെന്നതും ഈ ഘട്ടത്തിൽ ഓർക്കാം.

 

വലിയ ഫാക്ടറികൾ‌, ഘനികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ലോക്കോയെ മാറ്റിയെടുത്തു വിൽക്കുക എന്നതായിരിക്കും സിആർആർസിയുടെ അടുത്ത നീക്കം. ഇപ്പോൾ നടക്കുന്ന പരീക്ഷണഓട്ടം അതുകൂടി ഉദ്ദേശിച്ചുള്ളതാണ്. ഷണ്ടിങ്, രക്ഷാപ്രവർത്തനം എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ ലോക്കോ മികച്ച കൂട്ടായിരിക്കും എന്നും സിആർആർസി എൻജിനീയർമാർ പറയുന്നു. 1000 കുതിരശക്തിയാണ് ഈ ചരക്കുലോക്കോയുടെ കരുത്ത്. അധികം വൈകാതെ തന്നെ ഇതേ സാങ്കേതികവിദ്യ പരിഷ്കരിച്ച് 2700 കുതിരശക്തിയുള്ള മറ്റൊരു ലോക്കോ പുറത്തിറക്കാനും സിആർആർസിക്കു പദ്ധതിയുണ്ട്. അതിന് ഈ ലോക്കോയുടെ രണ്ടിരട്ടി ശേഷിയുള്ള ലിഥിയം അയൺ ബാറ്ററികൾ ആയിരിക്കും ഉപയോഗിക്കുക.

 

എന്നാൽ, അതും ചരക്കുനീക്കം ഉദ്ദേശിച്ചാണു നിർമിക്കുക. സ്റ്റേറ്റ് പവർ ഇവെസ്റ്റ്മെന്റ് കോർപറേഷൻ ലിമിറ്റഡും (എസ്പിഐസി) അവരുടെ കീഴിലുള്ള ഹൈഡ്രജൻ എനർജി കമ്പനി ലിമിറ്റഡും വരാൻപോകുന്ന കരുത്തുകൂടിയ ലോക്കോയുടെ നിർമാണത്തിലും പങ്കാളികൾ ആണ്. ലോക്കോയുടെ രൂപകൽപന സിആർആർ‌സിയും ഫ്യുവൽസെൽ സാങ്കേതികവിദ്യ മറ്റു രണ്ടു കമ്പനികളും ചേർന്നാണു സാക്ഷാത്കരിച്ചിരിക്കുന്നത്. ചൈനയിലെ 5 വൈദ്യുതി ഉൽപാദന കമ്പനികളിലൊന്നാണ് എസ്പിഐസി (നമ്മുടെ കെഎസ്ഇബി പോലെ). ചരക്കുനീക്കം എന്ന ആവശ്യത്തിനായി ചൈന പുറത്തിറക്കിയ ആദ്യ ലോക്കോ ആണിത്. ഈ ഗണത്തിൽപ്പെടുന്ന ലോകത്തെ ആദ്യ ലോക്കോയും ഇതു തന്നെയാണ്. ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ ലോക്കോ പുറത്തിറക്കുന്നതിനായി യത്നിച്ച 3 സ്ഥാപനങ്ങളും പൊതുമേഖലയിൽ ഉള്ളതാണെന്നതാണ്.

 

2030 ആകുമ്പോഴേക്ക് രാജ്യത്തെ കാർബൺ പുറന്തള്ളൽ തോത് പകുതിയാക്കണമെന്നും 2060ൽ കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെന്നുമാണ് ചൈനയുടെ ആഗ്രഹം. അതിലേക്കുള്ള ചവിട്ടുപടി എന്ന നിലയ്ക്കാണ് ഇത്തരം പദ്ധതികൾക്ക് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത്. സാങ്കേതികവിദ്യ വികസിക്കുന്ന മുറയ്ക്കു ചൈന അവരുടെ മുഴുവൻ ചരക്കു ഗതാഗതവും ഹൈഡ്രജൻ ഫ്യൂവൽ സെൽ ലോക്കോകൾ ഉപയോഗിച്ചു നടത്തിക്കൂടായ്കയുമില്ല.

 

പിറ്റ്സ്റ്റോപ്പ് – ചരക്കുനീക്കത്തിനായി ഹൈഡ്രജൻ ഫ്യൂവൽ സെൽ ലോക്കോ ലോകത്ത് ആദ്യമായി നിർമിച്ചതും ഉപയോഗിച്ചതും ചൈനയാണെങ്കിലും ലോകത്ത് ആദ്യമായി ഡീസൽ ലോക്കോ ഇലക്ട്രിക്ക് ആക്കി മാറ്റിയത് ഇന്ത്യയിലാണ്. വാരാണസി ഡീസൽ ലോക്കോമോട്ടിവ് വർക്സ് (ഇപ്പോൾ ബനാറസ് ലോക്കോമോട്ടിവ് വർക്സ്) എന്ന പൊതുമേഖലാ സ്ഥാപനമാണ് ഈ നേട്ടത്തിനു പിന്നിൽ. 2 വർഷങ്ങൾക്കു മുൻപാണ് ഈ ലോക്കോ അവതരിപ്പിക്കപ്പെട്ടത്. ‘ഡബ്യൂഡിജി – 3എ’ എന്ന പരമ്പരയിൽപ്പെട്ട ചരക്കുനീക്കത്തിനുപയോഗിക്കുന്ന ഡീസൽ ലോക്കോ ആണ് ഡബ്യൂഎജിസി – 3 എന്നു പുനർനാമകരണം ചെയ്തുകൊണ്ട് ഇലക്ട്രിക് ലോക്കോ ആക്കി മാറ്റിയത്. കാലപ്പഴക്കത്തെത്തുടർന്ന് ഇവയുടെ ഡീസൽ എൻജിൻ പുതുക്കി പണിയേണ്ട ഘട്ടം എത്തിയപ്പോഴാണ് ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിനു വേണ്ട ശ്രമം ആരംഭിച്ചത്. ഡിഎൽഡബ്യൂവിനൊപ്പം പൊതുമേഖലയിൽത്തന്നെയുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടിവ് വർക്സും ആർഡിഎസ്ഒ എന്ന റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനവുമെല്ലാം ഈ പദ്ധതിക്കായി സഹകരിച്ചു. 2017ലാണു പദ്ധതി തുടങ്ങിയത്. 2 വർഷം കൊണ്ട് പൈലറ്റ് പ്രോജക്ട് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അതിനു തുടർച്ചയുണ്ടായില്ല എന്നു വേണം കണക്കുകൾ നോക്കുമ്പോൾ മനസ്സിലാക്കാൻ. കാരണം, ഇതുവരെ രണ്ടെണ്ണം മാത്രമേ ഈ പദ്ധതിയിൽപ്പെടുത്തി ഡീസലിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറ്റപ്പെട്ടിട്ടുള്ളു. ആക്ടീവ് സർവീസിൽ ഒരു ലോക്കോ മാത്രമേയുള്ളു.

 

3100 കുതിരശക്തിയുണ്ടായിരുന്ന ഡീസൽ ലോക്കോ ഇലക്ട്രിക് ആയപ്പോൾ കരുത്ത് 10000 കുതിരശക്തിയായാണ് ഉയർന്നത്. അതൊരു അഭിനന്ദനാർഹമായ സാങ്കേതിക മുന്നേറ്റം തന്നെയായിരുന്നു. ഈ ക്ലാസിൽപ്പെട്ട ആയിരത്തിയൊരുന്നൂറോളം ഡീസൽ ലോക്കോകൾ ഇന്ത്യയിലെ വിവിധ റെയിൽവേ സോണുകൾക്കു കീഴിൽ ഇപ്പോഴും ഓടുന്നുണ്ട്. ഇവ എന്ന് ഇലക്ട്രിക് ആക്കി മാറ്റുമെന്നു ചോദിച്ചാൽ രണ്ടാമത്തെ സ്വരാക്ഷരം മാത്രമായിരിക്കും മറുപടി; ‘ആ...’.

 

English Summary: China Developed Hydrogen Fuel Cell Locomotive Starts Trial Runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com