ഒറ്റ ചാർജിൽ 400 കി.മീ, പെട്രോൾ പമ്പു കണ്ടിട്ട് മാസങ്ങളായി’ ടെസ്‌ലയെക്കുറിച്ച് മിഥുൻ

SHARE

"ഒറ്റ ചാർജിങിൽ 400 കി.മീ സുഖമായി ഓടും, നല്ല പവറാ. പെട്രോൾ പമ്പു കണ്ടിട്ട് മാസങ്ങളായി. ചാർജിങും സൌജന്യമാണല്ലോ. കാറിൽ നിറയെ രസകരമായ ഓപ്ഷൻസുണ്ട്"”-തന്റെ പുതിയ ടെസ്‌ല കാറിനെക്കുറിച്ച് അവതാരകനും നടനും ഒക്കെയായ മിഥുൻ പറഞ്ഞു കൊണ്ടേയിരുന്നു. തന്റെ സ്വതസിദ്ധമായ ചിരിയും തമാശകളും എല്ലാം കൂടിക്കലർന്ന് നിറയെ ഉത്സാഹത്തിലാണ് വർത്തമാനം. ഫുൾ ചാർജായ ബാറ്ററി പോലെ എപ്പോഴും ഉഷാറാണ് മിഥുനും പുതിയ കാറും. 

സുഹൃത്തുക്കളായ ചിലർ ടെസ്‌ല വാങ്ങിയതോടെയാണ് മിഥുനും ഇതെക്കുറിച്ച് ആലോചിച്ചത്. പക്ഷേ ചാർജിങ് സ്റ്റേഷനുകൾ കുറവാകുമെന്ന് കരുതി ഒന്നു മടിച്ചു. എന്നാൽ അത് തെറ്റായ ധാരണായിയിരുന്നെന്ന് വിവിധ ഇടങ്ങളിൽ സ്റ്റേഷനുകൾ കണ്ടതോടെ മനസ്സിലായി. സൂപ്പർ ചാർജറുകൾ കുറവാണെങ്കിലും നോർമൽ ചാർജിങ് സ്റ്റേഷനുകൾ ധാരാളമുണ്ട്. വെറും ഇരുപത് മിനുറ്റു കൊണ്ട് ഫുൾ ചാർജ് ചെയ്യാം എന്നതാണ് സൂപ്പർ ചാർജിങ് സ്റ്റേഷനുകളുടെ പ്രത്യേകത. ഇതിനു പുറമേ കാറിന്റെ മറ്റ് പ്രത്യേകതകൾ കൂടി മനസ്സിലാക്കുകയും ചെയ്തതോടെ കണ്ണുമടച്ച് കൈകൊടുത്തു. ടെസ് ല 3 ഡ്യുവൽ മോഡൽ കാർ ബുക്ക് ചെയ്ത് ഒന്നരമാസത്തിനുള്ളിൽ ലഭിച്ചു. രണ്ടുലക്ഷത്തി പതിനായിരം ദിർഹം(നാല്പത്തിരണ്ടുലക്ഷം രൂപ) ചെലവായി. ഇപ്പോൾപക്ഷേ ആവശ്യക്കാർ ഏറിയതോടെ അല്പം കൂടി കാത്തിരിക്കേണ്ടി വരും. നമ്മുടെ താൽപര്യമനുസരിച്ച് കാറിന്റെ ഉള്ളിലെ കളർ പാറ്റേണുകളും വീൽ അലോയ്കളും ഒക്കെ മാറ്റാം. ബുക്ക് ചെയ്യുമ്പോൾ ഇതെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകിയാൽ മതി. 

മൊബൈലുപയോഗിച്ച് നിയന്ത്രിക്കാം എന്നതാണ് വലിയ പ്രത്യേകത. മൊബൈലിൽ നിർദ്ദേശം നൽകിയാൽ കാർ തനിയേ മുൻപിലേക്കും പുറകിലേക്കുമെല്ലാം ഉരുണ്ടു നീങ്ങും. പൂജ്യത്തിൽ നിന്ന് നൂറ് കി.മീ വേഗത്തിലെത്താൻ നാലു സെക്കൻഡിൽ താഴെ മതി. മറ്റ് കാറുകളിലെപ്പോലയല്ല വേഗം കൂടുതന്നത്. ശരിക്കും കുതിക്കുകയാണ്. മുൻപിൽ വാഹനങ്ങളും മറ്റും ഉണ്ടെങ്കിൽ സ്വയം തിരിച്ചറിഞ്ഞ് വേഗം കുറയുകയും ചെയ്യും. സിഗ്നലുകൾ ഉള്ള സ്ഥലങ്ങളിലും മറ്റും ഇത് ഏറെ പ്രയോജനപ്രദമാണ്. നിർമിത ബുദ്ധിയുടെ ഉപയോഗം ശരിക്കും നടത്തിയിട്ടുണ്ട് കാറിൽ.

midhun-ramesh-1
Midhun Ramesh

കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ കരോക്കയിട്ട് പാട്ട് പാടണമെങ്കിൽ അതാവാം, ചൊവ്വയിലൂടെ പോകുന്നതു പോലെ തോന്നണമെങ്കിൽ അതുമാകാം. ക്രിസ്മസ് അപ്പൂപ്പനെ പോലെ സഞ്ചരിക്കാനാണ് ആഗ്രഹമെങ്കിൽ അതിനും കാറിന്റെ സ്ക്രീനിൽ സൌകര്യമൊരുങ്ങും. പുറത്ത് തണുപ്പു കൂടുമ്പോൾ കാറിനുള്ളിൽ തീകാഞ്ഞ് അല്പം റൊമാന്റിക്ക് മൂഡിൽ ഇരിക്കണമെന്ന് തോന്നിയാൽ സ്ക്രീൻ മുഴുവനായി നെരിപ്പോടു പോലെയാകും. പതുക്കെ ഉൾവശം ചൂടാകാനും തുടങ്ങും.

വെറുതേ ഇരുന്ന് ഉത്തരവ് നൽകിയാൽ അനുസരിക്കാൻ കാത്തിരിക്കുന്നതു പോലെയാണ് കാറിന്റെ വിവിധ ഭാഗങ്ങൾ. വശങ്ങളിലെ കണ്ണാടികളും ചാർജ് ചെയ്യുന്ന ഭാഗത്തിന്റെ മൂടിയും എല്ലാം അനുസരണ കാട്ടും. മൊബൈലിലൂടെ മാത്രമേ കാർ നിയന്ത്രിക്കാനാകൂ എന്ന് കരുതേണ്ട. പകരം ഉപയോഗിക്കാനുള്ള കാർഡും ഉണ്ട്. കാർ തുറക്കുമ്പോഴാകട്ടെ ഗ്ലാസുകൾ അല്പം ഒന്നു താഴുകയും ചെയ്യും. ഉള്ളിലെ വായൂവിനെ പുറത്തു കളയാനും പുറമേയുള്ള വായൂ ഉള്ളിലേക്കു കയറാനുമുള്ള സൂത്രം. ഇങ്ങനെ നിരവധി സംവിധാനങ്ങളുള്ള ബുദ്ധിയുള്ള കാറാണ് ടെസ് ല. ഏതായാലും താൻ ഹാപ്പിയാണെന്ന് മിഥുൻ പറയുന്നു. കൂടെയാത്ര ചെയ്യുന്നവരും ഹാപ്പിയാകും. 

English Summary: Midhun Ramesh About His New Tesla

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA