'അവൾ പറക്കട്ടെ', മലപ്പുറത്തുനിന്ന് കശ്മീരിലേക്ക് ഒരു പെൺകുട്ടിയുടെ സൈക്കിൾ യാത്ര

sahla-parappan-4
Sahla Parappan
SHARE

2021 ജൂലൈയ്ക്കു മുൻപ് സഹ്‌ല പരപ്പനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയായിരുന്നു. യുട്യൂബ് ചാനലുമൊന്നുമില്ലാത്ത ആയിരക്കണക്കിന് പെൺകുട്ടികളിലൊരാളായിരുന്നു മലപ്പുറം അരീക്കോട് തച്ചണ്ണയിൽനിന്നുള്ള ഈ ഇരുപത്തൊന്നുകാരി. എല്ലാം മാറിമറിഞ്ഞത് പെട്ടെന്നാണ്; നവംബർ മാസമായപ്പോഴേക്കും സഹലയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം അര ലക്ഷം കവിഞ്ഞു. സഹലയുടെ യുട്യൂബ് ചാനലിനുമുണ്ടായി അത്രയും സബ്സ്ക്രൈബേഴ്സ്! 

ഈ 3 മാസത്തിനിടയിൽ എന്താണു സംഭവിച്ചത്? 

സഹ്‌ല ഒരു യാത്ര പോയി. കേരളത്തിൽനിന്ന് കശ്മീരിലേക്ക്– സൈക്കിളിൽ!  96 ദിവസവും നാലായിരത്തോളം കിലോമീറ്ററും നീണ്ട യാത്ര കഴിഞ്ഞ് തിരിഞ്ഞെത്തിയപ്പോഴേക്കും സഹല അങ്ങനെ ഒരു സെലിബ്രിറ്റിയായി! 

sahla-parappan-1

മനസ്സിൽ പതിഞ്ഞ യാത്ര

ജീവിതത്തിലെ സ്വപ്നയാത്ര 96 ദിവസമായിരുന്നെങ്കിൽ സഹലയുടെ മോഹങ്ങൾക്ക് എത്രയോ വർഷങ്ങളുടെ ഉൾച്ചൂടുണ്ട്. സ്കൂളിൽ പഠിക്കുമ്പോഴേ ഉള്ള ആഗ്രഹമായിരുന്നു മഞ്ഞു പെയ്യുന്ന കശ്മീരിൽ പോകണം എന്നുള്ളത്. വിനോദയാത്രകളും പഠനയാത്രകളുമായി കൊച്ചു കൊച്ച് ആഗ്രഹങ്ങളെല്ലാം നടന്നപ്പോഴും കശ്മീർ യാത്ര മനസ്സിൽ പുതഞ്ഞു കിടന്നു. പക്ഷേ, മിക്ക പെൺകുട്ടികളെയും പോലെ അത് അലിഞ്ഞു തീരാൻ സഹല അനുവദിച്ചില്ല. ആ മോഹം പിന്നീട് വെളിച്ചം കാണുന്നത് ജോലി ചെയ്ത് ഒരു സൈക്കിൾ സ്വന്തമാക്കിയതോടെയാണ്. സൈക്ലിങ്ങിൽ താൽപര്യം കയറി കേരളത്തിലങ്ങോളമിങ്ങോളം കറങ്ങിയതിനുശേഷം ഒരു ദിവസം സഹല ആ തീരുമാനമെടുത്തു– കശ്മീരിൽ പോകാം– സൈക്കിളിൽ! 

നാട്ടിലെങ്ങും പാട്ടായി

സ്വദേശമായ തച്ചണ്ണയിൽനിന്ന് മുപ്പത് കിലോമീറ്റർ ദൂരമുള്ള നിലമ്പൂരായിരുന്നു സഹലയുടെ സ്ഥിരം സൈക്കിൾ ട്രാക്ക്. അങ്ങനെയൊരു യാത്രയിൽ നാട്ടുകാരും സഹയാത്രികരുമായ ഷാമിലിനോടും മഷ്ഹൂർ ഷാനോടും സഹല തന്റെ മോഹം പറഞ്ഞു. മുൻപു താൻ നടത്തിയ കേരള ടു കശ്മീർ സൈക്കിൾ യാത്രയുടെ വിശേഷങ്ങൾ ഷാമിൽ പങ്കുവച്ചതായിരുന്നു പ്രചോദനം. അങ്ങനെ തേക്കിൻമരങ്ങൾ തണലു വിരിച്ച പാതയിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടെ മൂവരും തീരുമാനമെടുത്തു– പോകാം! വീട്ടുകാരോടും അടുത്ത കൂട്ടുകാരോടും മാത്രം പറഞ്ഞ് യാത്ര പുറപ്പെടാനായിരുന്നു പ്ലാൻ. പക്ഷേ, ജേണലിസം ബിരുദ വിദ്യാർഥിനിയായ സഹ്‌ലയുടെ കൂട്ടുകാർ അതു പൊളിച്ചു. അവർ ‘വാർത്ത’യാക്കിയതോടെ സഹലയുടെ സഞ്ചാരം നാട്ടിലെങ്ങും പാട്ടായി! 

sahla-parappan-3

യാത്രയുടെ ‘ഇന്ധനം’

കുടുംബത്തിലും നാട്ടിലും പലരും ആശങ്കയും സംശയവും പ്രകടിപ്പിച്ചെങ്കിലും സഹലയുടെ ഉപ്പ സക്കീർ ഹുസൈൻ മകളുടെ ആഗ്രഹത്തിനൊപ്പം നിന്നു. അതോടെ ഉമ്മ ഹഫ്സത്തിന്റെയും ആധിയകന്നു. അനിയൻ സഫർ, അനിയത്തി സബില എന്നിവരുടെ കയ്യടി കൂടിയായതോടെ സഹ്‌ലയുടെ യാത്രയ്ക്ക് ‘ഇന്ധന’മായി. 2021 ജൂലൈ 25 ന് അരീക്കോട് പൊലീസ് സ്റ്റേ‍ഷനിൽനിന്നായിരുന്നു യാത്രയുടെ ഫ്ലാഗ്ഓഫ്. ഇടയ്ക്കുവച്ച് മറ്റൊരുകൂട്ടുകാരനായ സ്റ്റാലിക്കും യാത്രയിൽ പങ്കുചേർന്നു.

കേരളം–കർണാടക–മഹാരാഷ്ട്ര–ഗോവ–ഗുജറാത്ത്–രാജസ്ഥാൻ–ഹരിയാന–പഞ്ചാബ്– കശ്മീർ... ഒറ്റ വരിയിൽ സഹലയുടെ റൂട്ട് മാപ്പ് ഇങ്ങനെ. പക്ഷേ അതിനിടയിൽ എത്രയോ പട്ടണങ്ങൾ, ഗ്രാമങ്ങൾ, വീടുകൾ, ക്യാംപുകൾ, കാഴ്ചകൾ, മനുഷ്യർ...യാത്രയുടെ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ പലരും സഹലയ്ക്കും കൂട്ടുകാർക്കും ആതിഥേയരായി. ബൽഗാമിൽ വച്ച് മലയാളി സൈനികൻ മേജർ റാഷിദ് മൂവർക്കും പട്ടാളക്യാംപിൽ സ്വീകരണമൊരുക്കി. ഇവിടെ വച്ച് സഹല മറ്റൊരു സാഹസം കൂടി ചെയ്തു– ഒരു പാമ്പിനെ കൈ കൊണ്ടു തൊട്ടു. ആരുമില്ലാത്തിടങ്ങളിൽ കയ്യിലുള്ള ടെന്റടിച്ച് അന്തിയുറങ്ങി. പഞ്ചാബിലും ഹരിയാനയിലും ഗുരുദ്വാരകളായിരുന്നു ആശ്രയം. 

sahla-parappan-2

ഉമ്മായ്ക്കൊരു സർപ്രൈസ് 

സെപ്റ്റംബർ 30 ന് കടുത്ത തണുപ്പു കാലത്താണ് കശ്മീരിലെത്തുന്നത്. യാത്രയുടെ ഏറ്റവും സുന്ദരമായ ഘട്ടവും കടുത്ത ഘട്ടവും അതായിരുന്നെന്നു പറയുന്നു സഹ്‌ല. മഞ്ഞുവീണ പാതകളും മലമടക്കുകളും മുന്നിൽ വെല്ലുവിളിച്ചു നിന്നു. പക്ഷേ, സഹ്‌ല അവയെയെല്ലാം ‘സ്നേഹിച്ചു’ കീഴടക്കി. ലേ പട്ടണത്തിൽ ഒരാഴ്ചയോളം താമസിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡുകളിലൊന്നായ കർദുങ്‌ലയിലേക്ക്. തിരിച്ച് ലേയിലെത്തി യാത്രയുടെ ‘സർപ്രൈസ്’ ഘട്ടത്തിനായി കാത്തുനിന്നു. നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ കൂടി പോയി മടങ്ങാമെന്നായിരുന്നു ആ സർപ്രൈസ് ആഗ്രഹം. എന്നാൽ, മഞ്ഞുവീഴ്ച തുടർന്നതോടെ പട്ടാളക്കാർ വരെ തിരിച്ചു പോകാൻ ഉപദേശിച്ചു. പ്രധാനപാതകൾ അടച്ചതോടെ തിരിച്ചുള്ള യാത്ര വിമാനത്തിലാക്കി. മകളുടെ വരവിന് ഇനിയും മാസങ്ങൾ എടുക്കുമല്ലോ എന്നു കരുതി കാത്തുനിന്ന ഉമ്മയെയും ഉപ്പയെയും ഒരു സുപ്രഭാതത്തിൽ വീട്ടിൽ പ്രത്യക്ഷപ്പെട്ട് അമ്പരപ്പിച്ചതായി അതോടെ സർപ്രൈസ്. 

കട്ടച്ചങ്ക്

ട്രിനിക്സ് ഫ്രീ 1.0 സൈക്കിൾ ആയിരുന്നു സഹ്‌ലയുടെ സഹചാരി. പലവട്ടം പഞ്ചറായെങ്കിലും കട്ടച്ചങ്കിനെപ്പോലെ കൂടെ നിന്നു സൈക്കിൾ. അത്യാവശ്യം പഞ്ചറടയ്ക്കാനും റിപ്പയർ ചെയ്യാനുമെല്ലാം പഠിച്ചിരുന്നു. വിമാനത്തിൽ തിരിച്ചു മടങ്ങിയപ്പോൾ സൈക്കിളിനെയും ഒപ്പം കൂട്ടി. ബോക്സിലാക്കി ലഗേജിൽ കയറ്റുകയായിരുന്നു.

sahla-parappan-2

പരീക്ഷ 'മരത്തണലിൽ'

യാത്രയ്ക്കിടെ നടക്കാതെപോയ ആഗ്രഹം ഒന്നു മാത്രം: പഠിക്കുന്ന ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്സിറ്റി കാണാൻ പറ്റിയില്ല. യാത്രയുടെ റൂട്ടിൽ അല്ലായിരുന്നു അത്. പിജി രണ്ടാം വർഷമായെങ്കിലും കോവിഡ് മൂലം ഇതുവരെ യൂണിവേഴ്സിറ്റിയിൽ പോയിട്ടുമില്ല സഹ്‌ല. പക്ഷേ, യാത്രയ്ക്കിടെ ഓൺലൈനായി അസൈൻമെന്റും സെമിനാറും ഒന്നാം വർഷ പരീക്ഷയെല്ലാമുണ്ടായിരുന്നു. പാതയോരത്തും മരത്തണലിലും വീടുകളിലും ഗുരുദ്വാരകളിലുമിരുന്നാണ് അവയിലെല്ലാം പങ്കെടുത്തത്. 

sahla-parappan

'അവൾ പറക്കട്ടെ'

യാത്രയ്ക്കും മുൻപും പിൻപും സഹ്‌ലയുടെ ഇൻസ്റ്റഗ്രാമിൽ മാറാത്തതായി അതിലെ ബയോ മാത്രമേയുള്ളൂ–‘‘അവൾ പറക്കട്ടെ, പറന്നുയരട്ടെ, വിശാലമായ ആകാശത്തെ മേഘങ്ങളാകുന്ന പറവയെപ്പോലെ..’’ എന്നതാണത്. തൽക്കാലം ഈ ബയോ മാറ്റാൻ ഉദ്ദേശ്യമില്ലെന്നും ചെറുചിരിയോടെ പറയുന്നു സഹ്‌ല.

English Summary: Malappuram Girl and Friends Travel To Kashmir In Cycle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS