ADVERTISEMENT

നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത് എന്നാണെന്ന് നീ ഓര്‍ക്കുന്നുണ്ടോ? ഒരു മഴയുള്ള വൈകുന്നേരമായിരുന്നു അത്. അന്നു ഞാന്‍ മഴ നനഞ്ഞാണ് ഷോറൂമിലേക്ക് കയറി വന്നത്... ഏതു മഴയത്തും പാറിപറന്നു യാത്ര ചെയ്യാന്‍ പറ്റിയ പങ്കാളിയെയായിരുന്നു ഞാന്‍ അവിടെ തിരഞ്ഞത്... ഒടുവില്‍ ഒരാള്‍ എന്നെ മാത്രം നോക്കിയിരിക്കുന്നത് കണ്ണിലുടക്കി. അത് നീ ആയിരുന്നു...

നമ്മള്‍ ആദ്യമായി കണ്ണില്‍ കണ്ണില്‍ നോക്കിയ നിമിഷം. ആദ്യ കാഴ്ചയിലേ ഞാന്‍ തീരുമാനിച്ചു, നീ എന്റേതാണെന്ന്... വെളുത്ത നിറമുള്ള ക്ലാസിക് 350... അങ്ങനെയാണ് നിന്നെ ഞാന്‍ സ്വന്തമാക്കിയത്. അന്നു മുതല്‍ ഇന്നുവരെ, നമ്മള്‍ ഒരുമിച്ചല്ലേ ലോകം ചുറ്റുന്നത്. ആ മഴക്കാലത്ത് നമ്മള്‍ രണ്ടുപേരും നനഞ്ഞു കുതിര്‍ന്നത് ഓര്‍ക്കുന്നില്ലേ. ഏതു കാലാവസ്ഥയിലും നിന്നെ കാണാന്‍ എന്തൊരു അഴകാണെന്നോ... നിനക്കൊപ്പം യാത്ര ചെയ്യുമ്പോള്‍, നമ്മള്‍ ഒരുമിച്ച് കാണ്ട കാഴ്ച്ചകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റെന്തുണ്ട്? പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ ഒന്നിച്ച് പോയപ്പോള്‍ പൂക്കളുടെ സുഗന്ധത്തില്‍ നമ്മുടെ പ്രണയം കൂടിയല്ലേ പൂത്തു തളിര്‍ത്തത്?

ശാന്തമായ സൂര്യാസ്തമയമോ ഉണര്‍വേകുന്ന സൂര്യോദയമോ ആകട്ടെ, ശ്വാസം മുട്ടിക്കുന്ന വാഹന തിരക്കിലും കഠിനമായ പാതകളിലും ഏതു മോശം കാലാവസ്ഥയിലും എവിടെയും എപ്പോഴും നമ്മള്‍ ഒന്നിച്ചായിരുന്നു. വര്‍ഷം അഞ്ചായെങ്കിലും ആദ്യ നാളുകളിലെ നിന്റെ ശബ്ദം പോലും ഇന്നും മാറിയില്ല. നീയെനിക്ക് നല്‍കുന്ന ആത്മവിശ്വാസവും സുരക്ഷാ ബോധവുമെല്ലാം നാള്‍ക്കുനാള്‍ കൂടിയിട്ടേയുള്ളൂ.

നീയുള്ളപ്പോള്‍ വേറെയെന്തിനെയാണ് ഞാന്‍ കൂടുതലായി ആഗ്രഹിക്കേണ്ടത്??? കണ്‍മുന്നിലെ പാതകള്‍ അവസാനിക്കും വരെ കാണാത്ത മനുഷ്യരേയും സുന്ദരമായ പ്രകൃതിയേയും വൈവിധ്യമുള്ള സംസ്‌കാരങ്ങളേയും രുചികരമായ ഭക്ഷണവും തേടി നമുക്ക് ഒന്നിച്ചു പോകാം. ഇനി പാതകള്‍ തന്നെ തീര്‍ന്നാലും നമ്മുടെ പരസ്പര വിശ്വാസവും സ്‌നേഹവും തീരുമോ? നിനക്കറിയുമോ, ലക്ഷ്യങ്ങളേക്കാള്‍ യാത്രയെ പ്രണയിക്കാന്‍ എനിക്കാവുന്നത് കൂട്ടാളിയായി നീയുള്ളതുകൊണ്ടു മാത്രമാണ്. 

എന്നും നിന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്ന 

നിന്റെ ജിന്‍സി 

jincy-2

പ്രണയികളുടെ ദിനത്തില്‍ ഏറെ പ്രിയപ്പെട്ട സ്വന്തം ബുള്ളറ്റിനാണ് ജിന്‍സി വി.ജെ ദാസ് പ്രണയ ലേഖനം എഴുതിയിരിക്കുന്നത്. ചെറുപ്പത്തിലേ തുടങ്ങിയതാണ് ജിന്‍സിക്ക് ബുള്ളറ്റിനോടുള്ള പ്രിയം. എണ്ണത്തില്‍ കുറവെങ്കിലും അന്നു തൊട്ടേ ബുള്ളറ്റിന്റെ വേറിട്ട ശബ്ദവും അഴകളവുകളും വേറിട്ടു നിര്‍ത്തി. ഒടുവില്‍ ലൈസന്‍സ് എടുത്ത് ആദ്യമായി ഇരുചക്രവാഹനം സ്വന്തമാക്കുന്ന അവസരമെത്തിയപ്പോള്‍ 'ബുള്ളറ്റ് മതി' എന്നതു വരെയെത്തി കാര്യങ്ങള്‍. 

വീട്

തിരുവനന്തപുരം സ്വദേശിയായി ജിന്‍സി ഇപ്പോള്‍ കോഴിക്കോട് ഡെന്റല്‍ കോളജിലാണ് ജോലി ചെയ്യുന്നത്. ''പപ്പയും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തില്‍ ആരും പ്രത്യേകിച്ച് വാഹന പ്രിയരായൊന്നുമില്ല. എങ്കിലും യാത്രകളെ ഇഷ്ടപ്പെടുകയും ധാരാളം യാത്രചെയ്യുകയും ചെയ്തിരുന്നു. ബൈക്ക് ഓടിക്കാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ 'അതിനെന്താ പ്രശ്‌ന'മെന്ന് ചോദിച്ച് പഠിപ്പിച്ചത് പപ്പയും സഹോദരനുമാണ്. ബുള്ളറ്റ് എടുക്കണമെന്നും ഒരു പാട് യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോഴും കുടുംബം കൂടെ നിന്നിട്ടുണ്ട്'

jincy-4

ഓഫ് റോഡ്

'ഓഫ് റോഡിങ്ങിനോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. ബുള്ളറ്റുമായി ആദ്യമായി പോയ ട്രിപ്പും കാടും മേടും കയറിയുള്ളതായിരുന്നു. ഉറുമ്പിക്കരയായിരുന്നു ആദ്യ ട്രിപ്പ്. അന്ന് മലമുകളില്‍ എത്തുമ്പോഴേക്കും പലതവണ വീണു. എങ്കിലും 'Hardest routs leads to beautiful destinations'  എന്ന ചൊല്ല് സത്യമായി തോന്നിയത് അന്നാണ്' 

സോളോ/ഗ്രൂപ്പ്

'പെട്ടെന്ന് വീണുകിട്ടുന്ന അവധി ദിവസങ്ങളിലും മറ്റും യാത്ര പോകണമെങ്കില്‍ സോളോ ആണ് എളുപ്പം. എന്നാലോ എല്ലായ്‌പ്പോഴും സോളോ റൈഡ് ചെയ്യാന്‍ ബുദ്ധിമുട്ടുമാണ്. ഓഫ് റോഡിംങാണെങ്കിലും കൂടെ കുറച്ചുപേരുണ്ടെങ്കില്‍ പരസ്പരം സഹായിച്ച് മുന്നോട്ടു പോകാനാകും. ഒന്നു വീണു പോയാലും താങ്ങാവാന്‍ ഒപ്പമുള്ളവര്‍ക്കാവും. ദീര്‍ഘ ദൂരയാത്രകളില്‍ ഉണ്ടാവുന്ന സ്വാഭാവികമായ പ്രശ്‌നങ്ങളും ഗ്രൂപ്പിലാണെങ്കില്‍ എളുപ്പം പരിഹരിക്കാനാകും. കേരളത്തിലെ വനിതകളുടെ ആദ്യ ബുള്ളറ്റ് റൈഡിംങ് ക്ലബായ Dauntless Royal Explorers Keralaയില്‍ അംഗമാണ്'

jincy-3

റൈഡര്‍ മാനിയ

'റോയല്‍ എന്‍ഫീല്‍ഡിന്റെ ഓരോ വര്‍ഷവും നടത്തുന്ന റൈഡര്‍മാനിയയെക്കുറിച്ച് നേരത്തേ പറഞ്ഞു കേട്ടിരുന്നു. ബുള്ളറ്റ് എടുത്തപ്പോള്‍ മുതല്‍ തന്നെ പലരും റൈഡര്‍മാനിയയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഒരുപാട് ആഗ്രഹിച്ചാണ് 2019ല്‍ റൈഡര്‍മാനിയക്ക് പോകുന്നത്. മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ആദ്യ റൈഡര്‍മാനിയ'

വനിതാ റൈഡര്‍

'ഒരുപാട് പേര്‍ വനിതാ റൈഡറെന്ന നിലയില്‍ പലപ്പോഴും സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരുക്കം മടുപ്പിക്കുന്നവരുമുണ്ടെങ്കിലും സുഹൃത്തുക്കളും കുടുംബവുമെല്ലാം ഈ ഇഷ്ടത്തിന് നല്ല പിന്തുണയാണ്. എനിക്ക് ആഗ്രഹമുണ്ടായിരുന്നു, നടന്നില്ല... നീ ചെയ്യണമെന്ന് പറയുന്നവരുണ്ട്. പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്തി, പോകണമെന്ന് പറയുന്നവരുണ്ട്'

jincy-1

സ്വപ്‌നയാത്രകള്‍

'ബുള്ളറ്റ് ഓടിക്കുമ്പോള്‍ മുഖത്ത് കാറ്റടിക്കുന്നത് ഇഷ്ടമാണ്, എന്നാല്‍ മുഖത്തേക്ക് മഞ്ഞു വീണുകൊണ്ട് ബുള്ളറ്റ് ഓടിക്കുകയാണ് സ്വപ്നം. എല്ലാ റൈഡേഴ്‌സിനേയും പോലെ ലേ- ലഡാക്ക് ആഗ്രഹങ്ങളില്‍ മുമ്പിലുണ്ട്. അടുത്തവര്‍ഷം കന്യാകുമാരി - കാശ്മീര്‍ ഒരു ബൈക്ക് റൈഡ് നടത്തി ഈ സ്വപ്‌നം പൂര്‍ത്തിയാക്കും. 

അടുത്ത മാസം 19ന് സ്പിറ്റി വാലിയിലേക്കൊരു യാത്രയും പ്ലാന്‍ ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷത്തെ K2K(കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ) യാത്രക്കു ശേഷം മറ്റൊരു സ്വപ്‌നം കൂടിയുണ്ട്. സെവന്‍ സിസ്റ്റേഴ്‌സ്... ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബുള്ളറ്റുമായി യാത്ര'  യാത്ര ചെയ്യാന്‍ മുന്നില്‍ നീണ്ടു കിടക്കുന്ന പാതയുള്ളപ്പോള്‍ ജിന്‍സിയുടെ ബുള്ളറ്റ് പ്രേമവും യാത്രകളും അവസാനിക്കുന്നേയില്ല. 

English Summary: Love Letter To Royal Enfield Bullet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com