ADVERTISEMENT

എഴുപതുകളിൽ യൗവ്വനം ആഘോഷിച്ചിരുന്ന സിനിമാപ്രേമികൾ ഇടയ്ക്കിടെ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘ജയന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്...’ എന്ന്. ഇതുപോലെ ഒരു നിരീക്ഷണം നടത്താമോയെന്നു വാഹനപ്രേമികളോടു ചോദിച്ചാൽ, ‘ബോഡി ഓൺ ഫ്രെയിം എസ്‌യുവികളുടെ സുവർണകാലം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്’ എന്നാകും അവരുടെ പ്രതികരണം. ഇപ്പോഴും ഒരുപിടി നല്ല മോഡലുകൾ ഈ വിഭാഗത്തിലുണ്ടെങ്കിലും ക്രോസ്ഓവർ എസ്‌യുവികളുടെയും ഇവികളുടെയും പ്രചാരം വർധിക്കുന്നത് ബോഡി ഓൺ ഫ്രെയിം (ഷാസിയിൽ ബോഡി ഉറപ്പിക്കുന്ന തരം) എസ്‌യുവികളുടെ പ്രചാരം കാലക്രമേണ കുറയ്ക്കുമെന്നു തന്നെ വാഹനപ്രേമികളിലെ പ്രബലവിഭാഗം കരുതുന്നു. 

ineos-grenadier-8

 

ineos-grenadier-1

എന്നാൽ, ഇന്ത്യയിൽ ഈ പ്രവചനത്തെ അവഗണിച്ചു രണ്ടാം തലമുറ മഹീന്ദ്ര ഥാറും ഫോഴ്സ് ഗൂർഖയും വിപണിയിലെത്തി വിജയം കൊയ്തുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ ഇവയുടെ രണ്ടിന്റെയും 5 ഡോർ വകഭേദവും നിരത്തിലെത്തുമെന്ന തരത്തിൽ വാലും തലയുമില്ലാത്ത വാർത്തകൾ മറ്റൊരു വശത്തുകൂടി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യാന്തര വിപണിയിൽ പുതിയ ലാൻഡ്ക്രൂസറുമായി (300 സീരീസ്) എത്തി ടൊയോട്ടയും കാഡിലാക് എസ്ക‌ലേഡിന്റെ മുഖം മിനുക്കി ജനറൽ മോട്ടോഴ്സും ഈ രംഗത്തു നിന്നു പിന്നോട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഈ ഭാഗത്തു കഴിവു തെളിയിച്ചിട്ടുള്ള നിസാൻ, ഫോർഡ്, സ്റ്റെലന്റിസ് തുടങ്ങി മിക്ക കമ്പനികളും തങ്ങളുടെ സ്റ്റാർ മോഡലുകൾ പുതിയ കാലത്തെ പോരിനായി തയാറാക്കിക്കൊണ്ടിരിക്കുകയുമാണ്. ദീർഘനാളുകളായി സൽപേരു കേൾപ്പിച്ചിരുന്ന ബ്രാൻഡുകളാണ് ഇവയിൽ പലതും എന്നതിനാൽ ചെറിയ അധ്വാനം കൊണ്ടു തന്നെ ഇവയെ വിപണിയിൽ സംസാരവിഷയമാക്കി എടുക്കാം എന്നതാണു മിക്ക കമ്പനികളുടെയും കണക്കുകൂട്ടൽ.

ineos-grenadier-5

 

സമീപകാലത്ത് ഒരു പുതിയ വാഹനം ഈ രീതിയിൽ രൂപകൽപന ചെയ്തു പുറത്തിറങ്ങി ‘വൈറൽ’ എന്ന നിലയിലേക്ക് എത്തിയതു ഫോർഡിന്റെ ബ്രോങ്കോ ആണ്. അതേസമയം, ബോഡി ഓൺ ഫ്രെയിം നിർമാണ രീതിക്കു പേരു കേട്ട ലാൻഡ്റോവറിന്റെ ഡിഫൻഡർ എന്ന വാഹനത്തിന്റെ പുതിയ മോഡൽ‌ മോണോക്കോക്ക് (ബോഡിയും ഷാസിയും ഒരു യൂണിറ്റ് ആയുള്ള നിർമാണ രീതി) ശൈലിയിലേക്കു മാറുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷ് പാരമ്പര്യമുള്ള ഒറ്റ ഓഫ് റോഡർ പോലും ബോഡി ഓൺ ഫ്രെയിം രീതി പിന്തുടരാതെയായി. ആ സിംഹാസനം പക്ഷേ, ഒഴിഞ്ഞു കിടക്കുമെന്നു കരുതേണ്ട. അതു നോട്ടമിട്ട് ഇനിയോസ് ഗ്രനേഡിയർ വരുന്നുണ്ട്. വൈകാതെ പ്രതീക്ഷിക്കാം. എന്നു വച്ചാൽ ഈ വർഷത്തിന്റെ പകുതിക്കു വച്ചു തന്നെ... 

 

ineos-grenadier-6

വരുന്നത്  ‘ഗ്രനേഡു’മായി... 

 

ineos-grenadier-4

ഗ്രനേഡിയർ എന്ന വാക്കിന്റെ അർഥം യുദ്ധഭൂമിയിൽ ഗ്രനേഡുകളുമായി നിലയുറപ്പിക്കുന്ന പട്ടാളക്കാരൻ എന്നാണ്. യുദ്ധമുന്നണിയിൽ ഗ്രനേഡിയർമാരുടെ ജോലി എന്തെന്നാൽ, വേണ്ടപ്പോൾ ഗ്രനേഡുകൾ ശത്രുക്കളുടെ ഇടയിലേക്ക് എറിഞ്ഞു പൊട്ടിച്ച് അവരെ ഭയപ്പെടുത്തുകയോ അപായപ്പെടുത്തുകയോ ചെയ്തുകൊണ്ട് കാലാൾപ്പടയെ മുന്നേറാൻ സഹായിക്കുകയാണ്. പണ്ട് കൈകൊണ്ട് എറിഞ്ഞിരുന്ന ഗ്രനേഡുകൾ ഇപ്പോൾ അതിനായുള്ള പ്രത്യേകം മെഷീൻ ഗൺ ഉപയോഗിച്ചു പായിക്കുകയാണു ചെയ്യുന്നത്. 

ഇനിയോസ് ഓട്ടമോട്ടീവ് എന്ന വാഹനനിർമാണരംഗത്തെ പുതുമുഖം ‘ഗ്രനേഡിയർ’ എന്ന പേര് തങ്ങളുടെ വാഹനത്തിന് ഇട്ടതു വെറുതെയല്ല. ലാൻഡ്റോവർ ഡിഫൻഡർ പ്രതിനിധാനം ചെയ്യുന്ന ബ്രിട്ടീഷ് ബോഡി ഓൺ ഫ്രെയിം ഓഫ്റോഡറുകളുടെ ലോകം എന്തു വില കൊടുത്തും ഭരിക്കുമെന്നു തന്നെയാണ് ആ പേരിടലിലൂടെ ഇനിയോസ് പറയാതെ പറയുന്നത്. 

ineos-grenadier-2

 

ineos-grenadier-3

ഇനിയോസ് എന്ന രാസവസ്തു നിർമാണ കമ്പനി 2017ലാണ് അവരുടെ വാഹന ഡിവിഷൻ ആരംഭിക്കുന്നത്. ജാഗ്വാർ ലാൻഡ്റോവർ കമ്പനി അവരുടെ പഴയ ഡിഫൻഡർ മോഡൽ നിർത്താൻ പോകുകയാണെന്ന വാർത്ത വന്നപ്പോൾ ഇനിയോസ് മേധാവിയായ സർ ജിം റാറ്റ്‌ക്ലിഫ് അതിന്റെ ടൂളിങ് സാമഗ്രികൾ വാങ്ങാൻ ശ്രമിച്ചിരുന്നു. പിന്നീട്, അത്തരമൊരു വാഹനം സ്വന്തമായി രൂപകൽപന ചെയ്താൽ കൊള്ളാമെന്നായി അദ്ദേഹത്തിന്. അങ്ങനെയാണു പ്രോജക്ട് ഗ്രനേഡിയറിന് തുടക്കമാകുന്നത്. വാഹനനിർമാണരംഗത്തേക്കു തങ്ങൾ കടക്കുന്നതു ‘മുന്നിലുള്ള പാത ഒട്ടും സുഗമമല്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ്’ എന്ന് അദ്ദേഹം മുൻപു പറഞ്ഞ​ിട്ടുണ്ട്. സ്റ്റീൽ ലാഡറിൽ ആയിരിക്കും ഗ്രനേഡിയറിന്റെ ബോഡി ഉറപ്പിക്കുക.

 

എൻജിനുകൾ ബിഎംഡബ്യുവിന്റെ പക്കൽ നിന്നു വാങ്ങാൻ ഇനിയോസ് ഓട്ടമോട്ടീവ് 2019ൽ കരാറൊപ്പിട്ടു. ഇതുപ്രകാരം ബിഎംഡബ്യൂവിന്റെ ബി58 ടർബോ പെട്രോൾ എൻജിനും ബി57 ടർബോ ഡീസൽ എൻജിനും ഗ്രനേഡിയറിനു കരുത്തു പകരും. രണ്ടും 6 സിലിണ്ടർ സ്ട്രെയിറ്റ് ലേഔട്ട് ഉള്ള എൻജിനുകൾ ആണ്. ബിഎംഡബ്യൂ സ്ട്രെയിറ്റ് ലേഔട്ട് എൻജിനുകളുടെ നിർമാണത്തിൽ വൈദഗ്ധ്യമുള്ള കമ്പനിയായതിനാൽ പ്രകടനത്തിന്റെ കാര്യത്തിൽ ഗ്രനേഡിയർ പിന്നോട്ടുപോകില്ല എന്ന് ഉറപ്പിക്കാം. 

 

സെ‍ഡ്എഫ് കമ്പനിയുടെ 8 സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് ആയിരിക്കും ഇതിനൊപ്പം വരിക വരിക. ഇതുവരെ മാനുവൽ ഗിയർബോക്സ് വരുമെന്ന കാര്യത്തിൽ ഇനിയോസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. പക്ഷേ, ഇലക്ട്രിക് വിപ്ലവത്തിന്റെ ഇടയ്ക്കു മുങ്ങിപ്പോയ ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഹ്യുണ്ടെയ്‌യ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് ഇനിയോസ് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ യൂറോപ്പിൽ ആകമാനം ഫോസിൽ ഇന്ധനങ്ങൾക്കെതിരെയുള്ള മലിനീകരണ നിയന്ത്രണ നിയമങ്ങൾ കടുക്കുമ്പോൾ ഈ നീക്കം രക്ഷയ്ക്കെത്തുമെന്നാണ് ഇനിയോസ് കരുതുന്നത്. 

 

വിവിധ കമ്പനികളുടെ വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ നിർമിച്ചു നൽകുന്ന ഓസ്ട്രിയൻ കമ്പനിയായ മാഗ്ന സ്റ്റെയറിന്റെ എൻജിനീയറിങ് സഹായവും ഇനിയോസ് ഗ്രനേഡിയറിനായി തേടിയിട്ടുണ്ട്. 2019 മുതൽ‍ ഇരു കമ്പനികളും ഒരുമിച്ചു പ്രവർത്തിക്കുകയാണ് ഡിഫൻഡറിന്റെ യഥാർഥ പിൻഗാമിക്കായി.

11 ലക്ഷം മൈൽ ടെസ്റ്റ് റൺ കഴിഞ്ഞായിരിക്കും ഗ്രനേഡിയർ മാസ് പ്രൊഡക്‌ഷനു തയാറെടുക്കുക എന്നാണ് ഇനിയോസ് അവകാശപ്പെടുന്നത്. വർഷം 25000 വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയാണ് ഫ്രാൻസിലെ ഫാക്ടറിയിൽ ഒരുക്കുന്നത്. നിലവിൽ അൻപതിനായിരത്തിന് അടുത്ത് വാഹനങ്ങൾ വിൽക്കാനുള്ള ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. ഡിഫൻഡറിന്റെ ജനപ്രീതി വച്ചു നോക്കുമ്പോൾ അതിനു സാധ്യതയുണ്ട് താനും. 

 

പിറ്റ്‌സ്റ്റോപ്പ് – ഇനിയോസ് ഗ്രനേഡിയർ ഒരിക്കലും ഡിഫൻഡറിന്റെ കോപ്പി അല്ലെന്ന് കമ്പനിയുടെ രൂപകൽപനാ വിഭാഗം തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയാൻ കാരണം ഡിഫൻഡറിന്റെ നിർമാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളൊന്നും ഗ്രനേഡിയറിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ടാണെന്നും അവർ വിശദീകരിക്കുന്നു. ‘ലോകത്തെ ഏറ്റവും മോശം കാലാവസ്ഥകളിലും പ്രതലങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന റോഡിൽ മികച്ച രീതിയിൽ പെരുമാറുന്ന അത്യുഗ്രൻ ഓഫ് റോഡർ‌’, ഇത്ര മാത്രമേ തങ്ങൾ വാഹനത്തിന്റെ വികസനഘട്ടത്തിൽ കരുതിയിട്ടുള്ളു എന്നും പഴയ ഡിഫൻഡറിനെക്കാൾ മികച്ച വാഹനം നിർമിക്കാൻ ഒട്ടേറെ വഴികൾ മുൻപിൽ നീണ്ടു കിടക്കുമ്പോൾ എന്തിനു പഴയ സാങ്കേതികവിദ്യ നൽകി നാട്ടുകാരെ നിരാശപ്പെടുത്തണം എന്നും ഇനിയോസ് എൻജിനീയർമാർ വിവിധ രാജ്യാന്തര മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, കാലഘട്ടത്തിന്റെ മാറ്റത്തെ അതിജീവിച്ചു മുന്നേറാൻ പഴയ ഡിഫൻഡറിനെ സഹായിച്ചിരുന്ന രൂപഭംഗി തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും അവർ സമ്മതിക്കുന്നു. 

 

English Summary: Know More About Ineos Grenadier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com