ADVERTISEMENT

കോഴിക്കോട്∙ ഒരിടവേളയ്ക്കു ശേഷം വീണ്ടും ക്യാംപസുകൾ തുറന്നതോടെ ആഘോഷങ്ങളും തിരികെയെത്തിയിരിക്കുകയാണ്. 2 വർഷത്തോളമായി സജീവമല്ലാതിരുന്ന ക്യാംപസുകളും സ്കൂളുകളുമൊക്കെ ഇപ്പോൾ ‘മിസ്സായ’ ആഘോഷങ്ങളൊക്കെ പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ്. 

 

college-accident
മലബാർ ക്രിസ്ത്യൻ കോളജ് എച്ച്എസ്എസിലെ വിദ്യാർഥികൾ മൈതാനത്തു നടത്തിയ കാർറേസിങ്ങിനിടെ അപകടം ഉണ്ടാകുന്നു. (വിഡിയോയുടെ സ്ക്രീൻഷോട്ട്)

കോളജ്, സ്കൂൾ ദിനാഘോഷങ്ങളും യൂത്ത് ഫെസ്റ്റിവലുകളും ഫെയർവെലുകളുമെല്ലാം ആഘോഷിക്കുകയാണ് യുവതലമുറ. ആഘോഷങ്ങൾ ക്യാംപസുകളുടെ മുഖമുദ്രയാണെങ്കിലും അടുത്തിടെയായി അവ അതിരുകടക്കുന്നുണ്ടോ എന്നു സംശയിച്ചാൽ തെറ്റില്ല. സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെ ആഘോഷങ്ങൾ കൂടുതൽ ‘മാസ് ’ ആക്കിയെങ്കിൽ മാത്രമേ ‘വൈറൽ’ ആകൂ എന്ന നിലയിലെത്തിയിട്ടുണ്ട്. 

 

നേരിട്ടു കാണുന്നവർക്കു വേണ്ടി മാത്രമല്ല, ഇൻസ്റ്റയിലും ഫെയ്സ്ബുക്കിലും മറ്റുമുള്ള ലക്ഷക്കണക്കിനു ഫോളോവേഴ്സിനു വേണ്ടി കൂടിയാണ് ഇന്ന് പരിപാടികൾ സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതിനായി എന്തും ചെയ്യുമെന്ന സ്ഥിതിയാണ്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞദിവസങ്ങളി‍ൽ ഇത്തരത്തിൽ അതിരുവിട്ട ആഘോഷങ്ങൾ വാർത്തയായിരുന്നു. പ്ലസ് ടു വിദ്യാർഥികൾ സഹിതമാണ് അതിരുകടന്ന ആഘോഷങ്ങളുടെ ഭാഗമായത്.

college-accident-1
മുക്കം കളൻതോട് എംഇഎസ് കോളജിൽ കോളജ് ഡേയോട് അനുബന്ധിച്ചു ജെസിബിയുടെ മുകളിൽ കയറി വിദ്യാർഥികൾ നടത്തിയ യാത്ര.

 

അതിരുവിട്ട റേസിങ്

 

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ജീവൻ പണയം വച്ചാണ് വിദ്യാർഥികൾ യാത്രയയപ്പ് ‘ഷോ’ നടത്തിയത്. കാറുകളും ബൈക്കുകളും അമിതവേഗത്തിൽ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി. കാറുകളുടെ വാതിലുകൾക്ക് ഉള്ളിലൂടെ ശരീരം പുറത്തേക്കിട്ടും കാറുകളുടെ മുകളിലും ബോണറ്റിലും കയറിയിരുന്നുമൊക്കെയാണ് കുട്ടികൾ യാത്രചെയ്തത്. ഒടുവിൽ ഒരു ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. ബോണറ്റിൽ കുട്ടികൾ കയറിയിരുന്നതിനാൽ ‍കാർ ഓടിച്ച വിദ്യാർഥിക്കു മുൻവശം വ്യക്തമായി കാണാൻ സാധിക്കാതിരുന്നതിനാലാണ് കൂട്ടിയിടി നടന്നത്. ഭാഗ്യത്തിനു ബൈക്കിൽ നിന്നു വീണ കുട്ടികൾക്ക് സാരമായ പരുക്ക് ഉണ്ടായില്ല. വളരെ അപകടകരമായ രീതിയിലാണ് ഇവിടെ കാർ റേസിങ് നടത്തിയത്. ചെറുതായി പിടുത്തംവിട്ടാൽ പോലും മുകളിൽ കയറിയിരിക്കുന്ന കുട്ടികൾ മൈതാനത്തേക്കു വീഴാനും കാറിനടിയിലേക്കു പോകാനും സാധ്യതയുണ്ടായിരുന്നു.

 

സംഭവത്തിൽ 3 വാഹനങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തു. ഓടിച്ച കുട്ടികളുടെ ലൈസൻസ് റദ്ദ് ചെയ്യാനും നടപടിയെടുത്തതായി മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂൾ വളപ്പിലേക്കു വാഹനം കൊണ്ടുവരരുതെന്നു കർശന നിർദേശം നൽകിയിരുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ അധികൃതർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.

 

മുക്കം കളൻതോട് എംഇഎസ് കോളജിലും സമാനമായ രീതിയിൽ വാഹനങ്ങളുടെ ആഘോഷം നടത്തിയിരുന്നു. കോളജ് ദിനാഘോഷത്തോട് അനുബന്ധിച്ചു ചാത്തമംഗലം എൻഐടി പരിസരത്തു നിന്നു കോളജിലേക്കായിരുന്നു ഘോഷയാത്ര. രൂപമാറ്റം വരുത്തിയ വാഹനങ്ങളിലായിരുന്നു ഇതിൽ പങ്കെടുത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും യാത്ര. ജെസിബിയിൽ വരെ യാത്ര ചെയ്തവരുണ്ട്. ആഡംബര കാറുകളും ജീപ്പുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ നിരനിരയായി ഓടിച്ചു നാട്ടുകാരെ ഭയപ്പെടുത്തിയുള്ള യാത്ര നാട്ടുകാർ തന്നെ ചിലയിടത്തു തടഞ്ഞു. ഈ സംഭവത്തിലും മോട്ടർ വാഹന വകുപ്പ് കേസെടുത്തു. 11 വാഹന ഉടമകൾക്കെതിരെ കേസെടുക്കുകയും ഒരു മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

 

പ്രോവിഡൻസ് വിമൻസ് കോളജിലും യാത്രയയപ്പ് ദിനത്തിൽ നിയമം ലംഘിച്ച് വിദ്യാർഥികളുടെ വാഹനാഭ്യാസം ഉണ്ടായിരുന്നു. കോളജിലെ കലാ സാംസ്കാരിക കൂട്ടായ്മ ദിനത്തോടനുബന്ധിച്ചായിരുന്നു സംഭവം. ഹെൽമറ്റ് ധരിക്കാതെയും അമിതവേഗത്തിലും കോളജിലും പരിസരത്തും വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങൾ ഓടിച്ചു രസിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോട്ടർ വാഹനവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പേരുവിവരങ്ങൾ നൽകാൻ മോട്ടർവാഹന വകുപ്പ് കോളജ് അധികൃതർക്കു നിർദേശം നൽകി.

 

ലൈസൻസില്ലാത്ത കുട്ടികൾ വാഹനമോടിച്ചാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടമകൾക്കെതിരെ 25000 രൂപ പിഴ ചുമത്തുകയും ചെയ്യും. ലൈസൻസ് ഉള്ളവരാണ് ഇത്തരത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ ലൈസൻസ് സസ്പൻഡ് ചെയ്യും.

 

മറക്കാനാകാത്ത ദുരന്തങ്ങൾ

 

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ 7 വർഷം മുൻപ് അതിരുവിട്ട ‘ആഘോഷങ്ങളുടെ’ ഞെട്ടലിൽ നിന്നു കേരളം ഇതുവരെ മുക്തമായിട്ടില്ല. ഓണാഘോഷങ്ങൾക്കിടെ 2015 ഓഗസ്റ്റ് 20ന് തസ്നി ബഷീർ എന്ന ആറാം സെമസ്റ്റർ വിദ്യാർഥിനിയാണ് മരണപ്പെട്ടത്. ഓണാഘോഷ ലഹരിയിൽ പാഞ്ഞ വിദ്യാർഥിസംഘത്തിന്റെ ജീപ്പിടിച്ചായിരുന്നു തസ്നിയുടെ മരണം.

 

സിഇടി മെൻസ് ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഓണാഘോഷത്തിനു വ്യവസ്‌ഥകളോടെയാണ് കോളജ് അധികൃതർ അനുമതി നൽകിയത്. എന്നാൽ, ‘ചെകുത്താൻ’ എന്ന ലോറിയിലും ജീപ്പിലും ഒട്ടേറെ ബൈക്കുകളിലുമായി വിദ്യാർഥികളുടെ വൻസംഘം കോളജിനകത്തേക്ക് ഇരമ്പിയെത്തുകയായിരുന്നു. വിലക്കുള്ളതിനാൽ, വാഹനങ്ങൾ ഉള്ളിൽ കയറുന്നതു ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്‌ഥൻ തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളി മാറ്റിയാണ് അകത്തു പ്രവേശിച്ചതെന്നു പറയുന്നു. ക്യാംപസിലൂടെ നടന്നുപോകുകയായിരുന്ന തസ്‌നിയെ ഇതിനിടെയാണ് ജീപ്പ് ഇടിച്ചിട്ടത്.

 

ക്യാംപസിൽ വാഹനമിടിച്ച് അതിനു മുൻപും സിഇടിയിൽ മരണം നടന്നിട്ടുണ്ട്. 2002 ജനുവരി 24ന് അലക്ഷ്യമായി ക്യാംപസിനുള്ളിലൂടെ ഓടിച്ച വാഹനം അമിത ശങ്കർ എന്ന വിദ്യാർഥിയുടെ ജീവനാണ് എടുത്തത്. അതേ വർഷം അടൂർ എൻജിനീയറിങ് കോളജിലും വ്യത്യസ്തമായൊരു ഓണാഘോഷം നടന്നിരുന്നു. അഗ്നിശമനസേനയുടെ ഫയർ എൻജിനും ക്രെയിനും ട്രാക്‌ടറുമൊക്കെ വാടകയ്‌ക്കെടുത്ത് അതിൻമേൽ കയറിനിന്ന് ഘോഷയാത്ര നടത്തിയാണ് വിദ്യാർഥികൾ ഓണമാഘോഷിച്ചത് !. സർക്കാർ വകുപ്പുകളുടെ സംവിധാനങ്ങളൊക്കെ വിദ്യാർഥികൾക്ക് കളിക്കാൻ കൊടുക്കാനുള്ളതാണോ എന്ന ചോദ്യം അന്നു കേരളമെമ്പാടും ഉയർന്നിരുന്നു.

 

പാരമ്പര്യസമൃദ്ധമായ നമ്മുടെ കലാലയ സംസ്‌കാരത്തിനേറ്റ തീരാക്കളങ്കം തന്നെയാണ് ഇത്തരം സംഭവങ്ങൾ. സിനിമകളെ അനുകരിച്ചും സമൂഹമാധ്യമങ്ങളിൽ വൈറലാകാനും മറ്റും കാട്ടിക്കൂട്ടുന്ന ഇത്തരം പ്രകടനങ്ങൾ ഒട്ടും ആശാവഹമല്ല. ആഘോഷത്തിമിർപ്പും ലഹരിയുടെ കൂട്ടും വാഹനങ്ങളുടെ പവറും കൂടിയാകുമ്പോൾ അപകടങ്ങൾ തേടിയെത്താം. അതിരുവിടാത്ത ആഘോഷങ്ങളുമായി ക്യാംപസ് കാലം മനോഹരമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com