ADVERTISEMENT

ഞാൻ ഫിൽമോർ 1967 മോഡൽ ജർമൻ കോംബി... ഇത് എന്റെ  കഥയാണ്. വാർധക്യത്തിൽ  യൗവനം വീണ്ടു കിട്ടിയ ക്യാംപർവാനിന്റെ കഥ. 1967 ൽ ജർമനിയിലെ വൊൾഫ്‌സ്ബർഗിൽ ജനിച്ച ഞാൻ 1968 ൽ ആണ് ഇൻഡോ-ജർമൻ നീലഗിരി ഡവലപ്മെന്റ് പ്രൊജക്ടിനു വേണ്ടി ജർമനിയിൽ നിന്ന് തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് എത്തുന്നത്. സായിപ്പിന്റെ കൂടെ ആ പ്രോജക്റ്റിൽ പ്രവർത്തിച്ചു. പഴക്കം ആയപ്പോൾ ആരോ എന്നെ ലേലത്തിൽ എടുത്തു തിരുപ്പൂരിലേക്കു കൊണ്ടുപോയി. വർഷങ്ങൾക്കു ശേഷം 1998 ൽ കേരളത്തിലേക്കെത്തി. പിന്നീട് 2003 ൽ ഫിറ്റ്നസ് കാലാവധി തീർന്ന ദിവസം മുതൽ 4 വീലും അഴിച്ചു വർക്‌ഷോപ്പിന്റെ ഒരു കോണിൽ പൊടിപിടിച്ചു കഴിയാനായിരുന്നു വിധി. ഒരേ നിൽപ്പിൽ കട്ടപ്പുറത്ത് ഒരുപാടു വർഷങ്ങൾ... 

 

volkswagen-combi-4
ജഗദീഷ്

പലയിടത്തും തുരുമ്പു കയറാൻ തുടങ്ങി വർക്‌ഷോപ്പിലെ ആവശ്യമില്ലാത്ത വസ്തുക്കൾ എന്നിൽ നിക്ഷേപിക്കാൻ തുടങ്ങി. പെയിന്റർ ചേട്ടന്റെ സാമ്പിൾ അടിച്ചു നോക്കാനുള്ള ചുമരായി എന്റെ ശരീരത്തിന്റെ ഒരു വശം. ചായ്പിനിടയിലൂടെ വരുന്ന മഴവെള്ളവും പൊടിയും വെയിലും ഏറ്റ് നരകിച്ചു, ഒരുപാടു നാളുകൾ...എന്റെ മൂല്യം ശരിക്കറിയാവുന്ന മുതലാളി എന്നെ സ്ക്രാപ് ചെയ്യാൻ കൊടുത്തില്ല. ഒരുപാട് അകലെ നിന്നുപോലും ആളുകൾ വന്നു വില പറഞ്ഞിട്ടും അയാൾ താൻ പറഞ്ഞ വലിയ വിലയിൽ ഉറച്ചു നിന്നു. 

 

volkswagen-combi-1
പഴയ രൂപം

ഇതിനിടയിൽ 2008 ജൂലൈയിലെ മഴയുള്ള പ്രഭാതത്തിൽ പഴയ യമഹ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ എന്നെ കാണാൻ വന്നു എന്നെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങുന്നതു ഞാൻ കണ്ടു.‌ ചുമരിനോടു ചേർന്നു കിടക്കുന്ന എന്റെ വശങ്ങളിൽ അവൻ ചുറ്റിനടന്നു. പൊടി പിടിച്ചു വൃത്തികേടായ എന്റെ മുഖത്തു തലോടി. ആ സ്നേഹസ്പർശം പുനർജന്മം കാത്തു കിടക്കുന്ന എന്നിൽ കുളിർമഴയായി. പക്ഷേ, വിലയുടെ കാര്യത്തിൽ എന്റെ മുതലാളിയുടെ വാശിയിൽ അവൻ നിരാശനാകുന്നതും ഞാൻ കണ്ടു. 

 

വിദേശത്തു ജോലിയുള്ള ആ യുവാവ്  ഓരോ അവധിയിലും നാലും അഞ്ചും തവണ എന്നെ കാണാൻ വന്നുകൊണ്ടേയിരുന്നു. എന്റെ വിലയും കൂടിക്കൊണ്ടേ ഇരുന്നു. 2018 വരെ ഓരോ അവധിക്കാലവും ഇതു തന്നെ തുടർന്നു... ഒരു ദിവസം മകനെയും കൊണ്ട് അവൻ എന്നെ കാണാൻ വന്നു. ആറു വയസ്സുള്ള ആ കുസൃതിപ്പയ്യൻ എന്നെ കണ്ട മാത്രയിൽ "ഹായ് ഫിൽമോർ" എന്നു വിളിച്ചു തുള്ളിച്ചാടി. എനിക്കൊന്നും മനസ്സിലായില്ല. ആ കൊച്ചു മനസ്സ് ആഹ്ലാദത്താൽ വിളിച്ച പേര് ഞാൻ സ്വീകരിച്ചു. ഏതോ കാർട്ടൂൺ പരമ്പരയിലെ എന്റെ ജനുസ്സിൽ പെട്ട ഒരു കഥാപാത്രത്തിന്റെ പേരാണത്. എന്തായാലും അന്ന് മുതൽ ഞാൻ ഫിൽമോർ എന്ന പേരിൽ അറിയപ്പെട്ടു. 

volkswagen-combi-3

 

"നിന്നെ ഞാൻ ഇവിടെ നിന്നു കൊണ്ടുപോകും" 2018 ലെ അവധിക്കാലസന്ദർശനത്തിനിടയിൽ അവൻ നിശ്ചയദാർഢ്യത്തോടെ എന്നോടു മന്ത്രിച്ചു. 2019 ജൂലൈയിലെ ഒരു പുലർകാലം. പതിറ്റാണ്ടുകളുടെ നിരാശയ്ക്ക്  അവസാനം കുറിച്ച്, ഊരി വച്ചിരുന്ന ചക്രങ്ങൾ ഘടിപ്പിച്ച് എന്നെ പുറത്തിറക്കി. അതെ, മന്ത്രിച്ചതു പോലെ അവൻ എന്നെ സ്വന്തമാക്കിയിരിക്കുന്നു. പഴയ പോലെ വീണ്ടും കാടും മലകളും കടൽത്തീരവും എല്ലാം കണ്ട് ഓടി നടക്കാം... എന്നെ കെട്ടിവലിച്ചു കൊണ്ടുപോകാൻ ട്രക്ക് വന്നു. അന്നും മഴ പെയ്യുന്നുണ്ടായിരുന്നു എന്റെ ഏതാനും ചെറിയ പാർട്ടുകൾ മാറി. പുതിയതു വെച്ചു. ശേഷം കുറച്ചു മണിക്കൂറുകളുടെ ശ്രമത്തിൽ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം പുനർജന്മത്തിന്റെ തുടക്കംകുറിച്ച് എന്നിലെ എൻജിൻ സ്റ്റാർട്ടായി.  കൈവിട്ടു പോയെന്നു വിശ്വസിച്ച ജീവിതം തിരിച്ചു കിട്ടിയ ഞാൻ ആഹ്ലാദത്താൽ മതിമറന്നു. ശേഷം എല്ലാം വേഗത്തിലായിരുന്നു നഷ്ടപ്പെട്ടു തുടങ്ങിയിരുന്ന എന്റെ ആകാരം വീണ്ടെടുത്ത് പെയിന്റിങ്ങിനും ഇന്റീരിയർ വർക്കിനുമായി അങ്ങ് ദൂരെയുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ട് പോയി. വൈകിയാലും പുതിയ നിറങ്ങളും ഉടയാടകളുമായി ഞാൻ ഇപ്പോൾ പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു... എല്ലാം ഒരു സ്വപ്നം പോലെ ഇപ്പോൾ ഞാൻ കാത്തിരിക്കുകയാണ് കൊച്ചിൻ എയർപോർട്ടിലെ പ്രീ പെയ്ഡ് ടാക്സി അവനെയും ഭാര്യയെയും ആ കൊച്ചു കുസൃതിപ്പയ്യനെയും കൊണ്ട് ഈ വീടിന്റെ മുറ്റത്തു വന്നു നിൽക്കുന്ന അവധിക്കാലത്തിനായി.

‌സ്നേഹത്തോടെ,

സ്വന്തം ഫിൽമോർ

 

കോംബി റീസ്റ്റോർ ചെയ്തപ്പോൾ 

 

‘‘ റീസ്റ്റോർ ചെയ്തപ്പോൾ 95% ഭാഗങ്ങളും ഒറിജിനൽ തന്നെ ഘടിപ്പിച്ചു. ബാക്ക്സീറ്റ് റോക്ക് ആൻഡ് റോൾ മോഡൽ ആക്കി എന്നതാണു വ്യത്യാസം. ബെഡ് ആക്കി മാറ്റാവുന്നതാണ് ഇത്. മൂന്നുപേർക്ക് സുഖമായി കിടക്കാം. ആലുവയിലെ നിഗോഷ് ഗോപി ആണ് റോക്ക് ആൻഡ് റോൾ സീറ്റ് നിർമിച്ചുനൽകിയത്. 5 സീറ്റർ മോഡൽ ആണ് കോംബി.  1600 സിസി എയർ കൂൾഡ് എൻജിനിലും മാറ്റമില്ല. മ്യൂസിക് സിസ്റ്റം, ഇൻവെർട്ടർ എന്നിവ ഉള്ളിലുണ്ട്. എവിടെയെങ്കിലും ക്യാംപ് ചെയ്യാൻ നേരം ഇൻവെർട്ടറിലെ ഊർജം ഉപയോഗിച്ചു ലൈറ്റും മറ്റും പ്രവർത്തിപ്പിക്കാം. ’’കോംബിയുടെ ഉടമ, തൃശൂർ എങ്ങണ്ടിയൂർ സ്വദേശി ജഗദീഷ് പറയുന്നു. 

പതിറ്റാണ്ടുകൾക്കുമുൻപ് റോഡ് ട്രിപ്പുകളുടെയും മ്യൂസിക് ഫെസ്റ്റിവലുകളുടെയും അൾട്ടിമേറ്റ് ഐക്കൺ എന്നു വാഴ്ത്തപ്പെട്ട മോ‍ഡൽ ആയിരുന്നു കോംബി. കാരവൻ ടൂറിസം കേരളത്തിൽ കരുത്താർജിക്കുന്ന സമയത്താണ് കോംബി പുനർജന്മമെടുക്കുന്നത്. അതുകൊണ്ടുതന്നെ റോഡിൽ ഇറങ്ങിയാൽ ആരെയും കൊതിപ്പിക്കും ഈ കോംബി. 

 

English Summary: Volkswagen Kombi Restored In Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com