ADVERTISEMENT

സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടില്‍നിന്നും ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യ പാതയായ കര്‍ദുങ്‌ലയിലേക്ക് സോളോ ബൈക്ക് റൈഡ് നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിയിരിക്കുകയാണ് വീണ വിശ്വനാഥ് എന്ന ആലപ്പുഴ മാന്നാറുകാരി. റെക്കോഡിലേക്കു ബൈക്കോടിച്ച കഥ വീണ പറയുന്നു. ലഡാക്കിലേക്ക് ബൈക്ക് ഒറ്റയ്ക്ക് ഓടിച്ചുപോകാനുള്ള സ്വപ്‌നം ആദ്യം പറഞ്ഞപ്പോള്‍ സുഹൃത്തുക്കളും വീട്ടുകാരും ആശങ്കകളാണ് കൂടുതലും പങ്കുവച്ചത്.  ഒറ്റമകളായതുകൊണ്ടു തന്നെ വീട്ടില്‍നിന്നുള്ള എതിര്‍പ്പു കൂടുതലായിരുന്നു. ഗ്രൂപ്പായി പോകാന്‍ സമ്മതിച്ചാലും സോളോ റൈഡിങ് വേണ്ടെന്നായിരുന്നു പിതാവ് വിശ്വനാഥന്‍ പിള്ളയും മാതാവ് ശ്രീലതയും ആവര്‍ത്തിച്ചത്.

സോളോ റൈഡില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം എന്തിന്റെ പേരിലായാലും വിട്ടുകളയില്ലെന്നും പ്രതിസന്ധികളെ ഒറ്റയ്ക്കു നേരിടുമെന്നുമുള്ള ചങ്കൂറ്റത്തിനു മുന്നില്‍ വീട്ടുകാരും സുഹൃത്തുക്കളും ഒടുവില്‍ സ്‌നേഹത്തോടെ കീഴടങ്ങുകയായിരുന്നു. ഭര്‍ത്താവ് തിരുവല്ല സ്വദേശി അനൂപ് കുമാറും ആറു വയസ്സുകാരി മകള്‍ വൈഗാ ലക്ഷ്മിയും യാത്രയ്ക്ക് പച്ചക്കൊടി വീശുക കൂടി ചെയ്തതോടെ കുട്ടനാട്- കര്‍ദുങ്‌ല സോളോ ട്രിപ് ഓണായി.

ജോലി രാജിവച്ച് ഒരുക്കം

ഹോണ്ടയിലെ ജോലി രാജിവച്ച ശേഷമാണ് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത്. യാത്രയ്ക്കുവേണ്ട ശാരീരികവും മാനസികവുമായ ഒരുക്കങ്ങള്‍ ആദ്യം തുടങ്ങി. കോവിഡിന്റെ അടച്ചുപൂട്ടല്‍ കാലത്ത് കൂടിയ വണ്ണം കുറയ്ക്കാനായി ഒരു ഫിസിക്കല്‍ ട്രെയിനറുടെ സഹായം തേടി. ശ്വാസ തടസ്സം അനുഭവപ്പെട്ടിട്ടുള്ളതിനാല്‍ അത് യാത്രയില്‍ പ്രശ്നമാകാതിരിക്കാൻ ഡോക്ടര്‍മാരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും കേട്ടു. മൗണ്ടന്‍ സിക്‌നസിനെ പ്രതിരോധിക്കാനും മറ്റും വേണ്ട മരുന്നുകള്‍ കരുതി.

veena-vishwanath-5

ഹോണ്ട ഹൈനസിനെ ദീര്‍ഘദൂരയാത്രയ്ക്കായി ഒരുക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇതിനായി ഏറ്റവും സഹായിച്ചത് കൊച്ചിയിലെ ഹോണ്ട ബിഗ് വിങ് ടോപ് ലൈനിലെ സർവീസ് മാനേജരായ അനന്തുവും സര്‍വീസ് ടീമുമാണ്. ദീര്‍ഘദൂരയാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട റിപ്പയറിങ്ങിനെക്കുറിച്ചും ഇവര്‍ പറഞ്ഞുതന്നു. റൂട്ട് മാപ്പ് പരിശോധിച്ച് വേണ്ട മാറ്റങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് റൈഡര്‍ കൂടിയായ വിജേഷായിരുന്നു.

യാത്രയുടെ റൂട്ട് മാപ്പ് അനുസരിച്ച് ഓരോ ഘട്ടത്തിലും വാഹനത്തിനു വേണ്ട പരിശോധനകളും ഹോണ്ടയുടെ സര്‍വീസ് സെന്ററുകളുമായി ചേര്‍ത്ത് ഏകീകരിച്ചത് ഹോണ്ടയുടെ കൊച്ചിയിലെ ഈ ടീമാണ്. ഈ സഹായവും കരുതലും നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. യന്ത്രത്തകരാറുമൂലം ഒരിക്കല്‍പോലും ഞാനും ഹൈനെസ്സും വഴിയില്‍ കിടക്കേണ്ടി വന്നില്ലെന്നതിന്റെ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നത് കൊച്ചി ഹോണ്ട ബിഗ് വിങ് ടോപ് ലൈനിലെ സംഘത്തിനാണ്.

യാത്ര തുടങ്ങുന്നു

റൈഡര്‍മാരുടെ ഗ്രൂപ്പുകളില്‍ നിന്നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച യാത്രകളെക്കുറിച്ച് ആദ്യമായി വീണ അറിയുന്നത്. തന്റെ ഓള്‍ ഇന്ത്യ ട്രിപ്പിനും ഇങ്ങനെയൊരു സാധ്യതയുണ്ടോ എന്നറിയാന്‍ സുഹൃത്തുക്കളോട് അന്വേഷിക്കുന്നു. സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതര്‍ക്ക് മെയില്‍ അയച്ചപ്പോള്‍ അനുകൂലമായിരുന്നു പ്രതികരണം. റെക്കോർഡിന് ശ്രമിക്കാന്‍ ശേഖരിക്കേണ്ട വിവരങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ലഭിച്ചു.കുട്ടനാട് തഹസില്‍ദാരാണ് 2021 ഒാഗസ്റ്റ് 15ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ആലപ്പുഴ- കന്യാകുമാരി- ഹൈദരാബാദ്- നാഗ്പുര്‍- ആഗ്ര- ശ്രീനഗര്‍-ലേ- കര്‍ദുങ്‌ല എന്നിങ്ങനെയായിരുന്നു അങ്ങോട്ടേക്കുള്ള റൂട്ട്.

തോരാ മഴ പെയ്ത ഹൈദരാബാദില്‍നിന്നു നാഗ്പുരില്‍ ചെന്നിറങ്ങിയത് മുഹറത്തിന്റെ തിരക്കിലേക്കായിരുന്നു. നാഗ്പുരിലെ ഓള്‍ഡ് സിറ്റിയിലായിരുന്നു താമസം. മുഹറമായതിനാല്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചവരായിരുന്നു ഏതാണ്ടെല്ലാവരും. നാഗ്പുരിലെ സ്ട്രീറ്റ് ഫുഡിന്റെ വൈവിധ്യവും രുചിയും മറക്കാനാവില്ല. 

veena-vishwanath-1

റൈഡര്‍മാരുടെ പിന്തുണ

സുമിത് എന്ന റൈഡറും കുടുംബവും കൂട്ടുകാരുമാണു ജമ്മുവില്‍ വീണയെ സ്‌നേഹം കൊണ്ട് കീഴടക്കിയത്. റൈഡിങ് പാഷനായുള്ള പത്തു കൂട്ടുകാരുടെ സംഘമാണ് സുമിത്തിന്റേത്. യാത്രയില്‍ ഉടനീളം അവര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. റൈഡര്‍മാരുടെ കൂട്ടായ്മയില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങളും സഹായങ്ങളും വളരെയധികം സഹായിച്ചു. 

താമസിക്കേണ്ട സ്ഥലങ്ങളും പോകേണ്ട വഴികളിലെ പ്രതിസന്ധികളും തുടങ്ങി, കഴിക്കേണ്ട ഭക്ഷണം വരെ ഇക്കൂട്ടത്തില്‍ പെടുന്നു. നാരുകള്‍ കുറവും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും  കൂടുതലുമുള്ള ഭക്ഷണമാണ് റൈഡര്‍മാര്‍കഴിക്കേണ്ടത്. ജങ്ക് ഫുഡും കാര്‍ബണേറ്റഡ് ഡ്രിങ്കുകളും കഫീന്‍ അടങ്ങിയ പാനീയങ്ങളുമെല്ലാം പൂര്‍ണമായും ഒഴിവാക്കി. സാധാരണയിലും വളരെ കൂടുതല്‍ വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. 

veena-vishwanath-4

ഭൂമിയിലെ സ്വര്‍ഗത്തിലെ ആശങ്കകള്‍   

ശ്രീനഗറില്‍നിന്നു കാര്‍ഗിലിലേക്കുപോകും വഴി ആ പ്രദേശത്തിന്റെ അരക്ഷിതാവസ്ഥ നേരിട്ട് അനുഭവിക്കാനുമായെന്ന് വീണ പറയുന്നു. ജമ്മു മുതല്‍ തന്നെ മൊബൈലിന് റേഞ്ച് കുറഞ്ഞു വന്നു. ശ്രീനഗര്‍ ആകുമ്പോഴേക്കും ഇന്റര്‍നെറ്റ് തീരെ ലഭിക്കാതെയായി. ശ്രീനഗറില്‍നിന്നു കാര്‍ഗിലിലേക്ക് ഏതാണ്ട് 200 കിലോമീറ്ററുണ്ട്. ഈ റൂട്ടിൽ വാഹനങ്ങളൾ വളരെ കുറവായിരുന്നു. വീടുകളൊക്കെ വഴിയരികില്‍ കാണാമെങ്കിലും ആരെയും പുറത്തു കണ്ടില്ല. വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു അവിടെ.

ഒരു പെട്രോള്‍ പമ്പില്‍ വച്ച് എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍, നിങ്ങള്‍ക്കൊന്നും അറിയില്ലേ എന്ന മറുചോദ്യമാണു ലഭിച്ചത്. ആരും ഒന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല. പിന്നീട്, കാര്‍ഗിലില്‍ എത്തി മുറിയെടുത്ത് മൊബൈല്‍ പരിശോധിച്ചപ്പോഴാണ് റൈഡിങ് ഹെല്‍പ് ലൈന്‍ ഗ്രൂപ്പിലെ മെസേജ് കണ്ടത്. പ്രദേശത്തുണ്ടായ കൊലപാതകത്തെ തുടര്‍ന്ന് കശ്മീര്‍ മേഖലയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നായിരുന്നു സന്ദേശം.

കാര്‍ഗില്‍ യുദ്ധസ്മാരകം നമ്മള്‍ നേരിട്ടു കാണേണ്ടതാണ്. ഇപ്പോഴും ആ പ്രദേശത്ത് യുദ്ധത്തിന്റെ ഒട്ടേറെ അടയാളങ്ങളുണ്ട്. കാര്‍ഗിലില്‍നിന്നു ലേയിലേക്കാണ് പോയത്. നല്ല കാറ്റും ക്ഷീണവും മൂലം യാത്രയ്ക്കിടെ ഉറക്കം വന്നു. ബൈക്ക് റോഡിനോട് ചേര്‍ന്ന് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് സുഖമായി കിടന്നുറങ്ങി. സൈനികരുടെ വാഹനങ്ങള്‍ ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. 

ഒരേയൊരു ലക്ഷ്യം കര്‍ദുങ്‌ല 

ലേയില്‍നിന്നാണ് യാത്രയുടെ പ്രധാന ലക്ഷ്യമായ കര്‍ദുങ്‌ലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ലോകത്തെ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന വിശേഷണമുള്ള കര്‍ദുങ്‌ലയില്‍ എത്തി. പിന്നീട് നുബ്ര താഴ്‌വരയിലൂടെ ഹുന്തര്‍ പിടിച്ചു. റൈഡര്‍മാരും സൈനിക വാഹനങ്ങളും ചരക്കു വാഹനങ്ങളും മാത്രമാണ് ഈ യാത്രയ്ക്കിടെ വഴിയില്‍ കാണാനാവുക. പൊടിയും കല്ലുകളും പാറകളും നിറഞ്ഞ പാത. പലയിടത്തും വലിയ ട്രക്കുകളുടെ ടയറുകള്‍ പോയ കുഴിയിലൂടെ വേണം വാഹനം ഓടിക്കാന്‍. പാറ, പൊടി, ഉരുളന്‍ കല്ലുകള്‍, വെള്ളം... യാത്രയ്ക്കിടെ വീഴ്ചയ്ക്കുള്ള കാരണങ്ങള്‍ പലതായിരുന്നു.

ഓരോ വീഴ്ചയ്ക്കു ശേഷവും പൂർവാധികം ആവേശത്തോടെ യാത്ര തുടര്‍ന്നു. ഹെല്‍മറ്റിനകത്തു വരെ പൊടി കയറി ശ്വാസം മുട്ടിയപ്പോള്‍ താങ്ങായവര്‍, വെള്ളത്തില്‍ വീണുപോയപ്പോള്‍ കൈത്താങ്ങായവർ, രാത്രിയിൽ സുരക്ഷിതമായ താമസസ്ഥലം വരെ കൂട്ടുവന്നവര്‍ എന്നിങ്ങനെ ഒരു പരിചയവുമില്ലെങ്കിലും പ്രതിസന്ധികളെ നമ്മള്‍ കൂട്ടായി നേരിടുമെന്നു പഠിപ്പിച്ച മനുഷ്യര്‍ ഈ യാത്രയുടെ ഊർജവും പാഠവുമായി.

ഹിമാലയന്‍  വെല്ലുവിളികള്‍  

ശ്രീനഗര്‍ മുതല്‍ തന്നെ റോഡുകള്‍ മോശമായിരുന്നു. അതിന്റെ പരമോന്നതിയായിരുന്നു ഹുന്തറില്‍ നിന്നു പാങ്കോങ്ങിലേക്കും തുടര്‍ന്നുമുള്ള ഹിമാലയന്‍ പാതകള്‍. പാങ്കോങ് തടാകം മനോഹരമായ കാഴ്ചയാണ്. എന്നാല്‍, അവിടെ എത്തിപ്പെടാനുള്ള വഴിയാകട്ടെ അതികഠിനവും. വഴിയില്ലെന്നു പറയുന്നതാണു ശരി. കല്ലില്‍നിന്നു കല്ലിലേക്കാണ് പലപ്പോഴും ബൈക്ക് നീങ്ങിയത്. 

veena-vishwanath-3

ചെലവ് കുറയ്ക്കാനായി ഓഫ് റോഡ് ടയര്‍ ഇടാതിരുന്ന അതിബുദ്ധിയെ ശപിച്ചുപോയി. പാങ്കോങ്ങില്‍നിന്നു ലേയിലെത്തി കീലോങ്, മണാലി, ജോഗീന്ദര്‍ നഗര്‍ വഴിയാണ് മടക്കം പ്ലാന്‍ ചെയ്തത്. കീലോങ്ങില്‍നിന്നു മണാലിയിലേക്കുള്ള വഴിയില്‍ തണുപ്പ്  പ്രശ്‌നമായി. കൈ തണുത്തു മരവിച്ച് ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിക്കാന്‍ പോലും സാധിക്കാത്ത നിലയിലായി. വഴിയിലാണെങ്കില്‍ കാര്യമായ ആൾത്താമസവുമില്ല. ഒടുവില്‍ ഒരു ടെന്റ് വഴിയോരത്തു കണ്ടതോടെ വണ്ടി നിര്‍ത്തി അങ്ങോട്ടു ചെന്നു. 

പ്രാദേശിക ഭാഷയായ പഹാഡി മാത്രം അറിയാവുന്ന ഒരു നാട്ടുകാരിയാണ് അവിടെയുണ്ടായിരുന്നത്. പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കൈ മരവിച്ചതാണ് പ്രശ്‌നമെന്നു തിരിച്ചറിഞ്ഞു. ആ കുടിലില്‍ ഏറെ സമയം ഇരുന്ന് തീ കാഞ്ഞ് ഭക്ഷണവും കഴിച്ചാണ് യാത്ര തുടര്‍ന്നത്.

പ്രതിസന്ധികളെ മറികടന്ന റെക്കോർഡ്    

ജോഗീന്ദര്‍ നഗറില്‍നിന്നു നാഥ ടോപ് വഴി ജമ്മുവിലേക്കു തിരിച്ചെത്തിയത് പനിയും നെഞ്ചില്‍ അണുബാധയും ശ്വാസതടസ്സവുമൊക്കെയായാണ്. ഒൻപതു ദിവസത്തിനു ശേഷമാണ് പിന്നീട് യാത്ര തുടരാനായത്. ജമ്മുവില്‍നിന്നു ലുധിയാനയിലെത്തിയപ്പോൾ മഴയും കൂടെക്കൂടി. ലുധിയാനയില്‍ വച്ച് പനി കൂടി. ഒരു ദിവസം വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നു. ഗുരുഗ്രാം, ജയ്പുര്‍, ഉദയ്പുര്‍ വഴി വഡോദരയിലെത്തി. 

വാപി, പുണെ, യെല്ലാപുര്‍ വഴിയാണ് കാസർകോട് എത്തിയത്. യാത്ര പുറപ്പെട്ട് 52–ാം ദിവസമാണ് ഓള്‍ ഇന്ത്യ ട്രിപ്പ് അവസാനിപ്പിക്കുന്നത്. ഇതിനിടെ 183 മണിക്കൂർകൊണ്ട് 9,284 കിലോമീറ്റര്‍ ബൈക്ക് ഓടിച്ചു. ഇതില്‍ കുട്ടനാട് മുതല്‍ കര്‍ദുങ്‌ല വരെയുള്ള 3,760 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോർഡ്സി ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സഞ്ചാരയോഗ്യമായ റോഡിലേക്ക് ഏറ്റവും ദൂരത്തുനിന്നു ഒറ്റയ്ക്ക് ബൈക്ക് ഓടിച്ചെത്തിയ സ്ത്രീയെന്ന റെക്കോർഡാണ് വീണ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. 2022 ജനുവരി ഏഴിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതര്‍ ഔദ്യോഗികമായി അംഗീകരിച്ചത്.

veena-vishwanath-2

വിഷനും മിഷനും

ഒരു വിഷനും ഒരു മിഷനുമുണ്ടായിരുന്നു വീണയുടെ യാത്രയ്ക്ക്. കുട്ടനാട്ടുനിന്നു തുടങ്ങി കര്‍ദുങ്‌ലയിലേക്ക് എത്തണമെന്നതായിരുന്നു മിഷന്‍. സ്ത്രീയാണെന്ന പേരില്‍ മടിച്ചു നില്‍ക്കുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടങ്ങളെ പിന്തുടരാന്‍ എന്തെങ്കിലും തരത്തില്‍ പ്രചോദനമാകണമെന്നതായിരുന്നു വിഷന്‍.

English Summary: Kuttanad to Khardungla Solo Record Ride By Veena Vishwanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com