ജോജുവിനെ വെറുതേ വിടൂ; ഓഫ് റോഡ് മത്സരം സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ: സംഘാടകർ

SHARE

വാഗമണിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്ത് ജോജു ജോർജ് വിവാദത്തിൽ പെട്ടത് കഴിഞ്ഞ ദിവസമാണ്. ജവീൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണോ ജോജു വാഹനമോടിച്ചത്?. ജോജുവിന്റെ സഹഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്ന സാം കുര്യൻ കളരിക്കലും പ്രതികരിക്കുന്നു.

joju-offroad

ജവീൻ മെമ്മോറിയൽ ട്രോഫി

അടുത്തിടെ മരിച്ച ജവീന്റെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയായിരുന്നു വാഗമണിൽ നടന്നത്. റോയൽ എൻഫീൽഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ യുണൈറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിൽ കേരളത്തിലെ ഓഫ് റോഡ് കുടുംബം ഒന്നിച്ചൊരു പരിപാടിയായിരുന്നു അത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന്, എന്തിന് കേരളത്തിന്റെ പുറത്തു നിന്നുപോലും ഈ പരിപാടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തിയിരുന്നു. എംഎജെ എസ്റ്റേറ്റിന്റെ ഉടമ സൗജന്യമായാണ് മത്സരം നടത്താൻ സ്ഥലം തന്നത്.

പൊതുജനത്തിന് പ്രവേശനമില്ല

വാഗമണിലെ എംഎംജെ എസ്റ്റേറ്റിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ നടത്തിയ പരിപാടിയായിരുന്നു അത്. പരാതിക്കാരൻ പറയുന്നതുപോലെ കൃഷിഭൂമി നശിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്തിട്ടില്ല. തേയിലത്തോട്ടത്തിന്റെ മുകളിലേക്ക് വളവും മറ്റു കാര്യങ്ങളും കൊണ്ടുപോകുന്ന റോഡും പ്ലാറ്റേഷൻ ഇല്ലാത്ത പ്രദേശങ്ങളുമാണ് ട്രാക്കായി ഉപയോഗിച്ചത്.

binu-papu-sam
ബിനു പപ്പു, സാം കുര്യൻ കളരിക്കൽ

എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നു

എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചത്. ആംബുലൻസും ഡോക്ടറുമെല്ലാം മത്സരസ്ഥലത്തുണ്ടായിരുന്നു. കൂടാതെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ ആരെയും ട്രാക്കിൽ വാഹനമിറക്കാൻ അനുവദിച്ചിട്ടില്ല. ജോജുവിന്റേതായി പുറത്തു വന്ന വി‍ഡിയോയിൽ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അത് അദ്ദേഹം വാഹനം നീക്കിയിടുന്നത് മാത്രമാണ്. ട്രാക്കിൽ വാഹനം ഇറങ്ങിയപ്പോൾ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നു, ബിനു പപ്പുവാണ് ജോജുവിന്റെ കോ ഡ്രൈവർ. ജോജു ഉപയോഗിച്ച ജീപ്പ് റാംഗ്ലർ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളുമുള്ള വാഹനമാണ്. മത്സരത്തിൽ പങ്കെടുത്ത മറ്റു വാഹനങ്ങൾക്ക് റോൾ കേജ് അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു.

പ്രളയത്തിൽ ജനങ്ങള്‍ക്കു കൈത്താങ്ങായവരാണ് ഓഫ് റോഡ് ക്ലബുകൾ

പ്രളയത്തിന്റെ സമയത്ത് ഒറ്റപ്പെട്ടുപോയ ജനങ്ങളെ സഹായിച്ചവരാണ് ഓഫ് റോഡ് ക്ലബുകൾ. സ്വന്തം വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചതുപോലും കാര്യമാക്കാതെയാണ് അവർ പ്രളയത്തിൽപെട്ടവരെ സഹായിച്ചത്. അത്തരത്തിൽ സമൂഹത്തിന് നല്ലകാര്യങ്ങൾ ചെയ്യുന്ന ആളുകളെ പ്രശ്നക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല.

ജോജുവിനെ വെറുതേ വിടൂ

ബൈക്ക് അപകടത്തിൽ മരിച്ച സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് അറിഞ്ഞ് മുന്നോട്ട് വന്ന ജോജുവിനെ ക്രൂശിക്കുന്ന നടപടിയാണിത്. സംഘാടകരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി മുന്നോട്ടു വന്ന ജോജുവിനെ വേട്ടയാടുന്ന നടപടിയാണ് ഇത്. മുൻവൈരാഗ്യം വച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് ഒഴിവാക്കി ജീവിക്കാൻ അനുവദിക്കൂ എന്നുമാത്രമാണ് സംഘാടകർക്ക് പറയാനുള്ളത്.


English Summary: Off Road Event Organizers About Joju George Controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS