ADVERTISEMENT

‘ഭയാനകം’ എന്ന സിനിമ നിഖിൽ എസ്. പ്രവീണിനു സമ്മാനിച്ചത് നിറഞ്ഞ സന്തോഷം. സംവിധായകൻ ജയരാജിന്റെ ആ സിനിമയിലൂടെയാണ് നിഖിൽ 2017 ൽ തന്റെ ദേശീയ അവാർഡ് ഫ്രെയിമിലാക്കിയത്. നിഖിലിന്റെ ആദ്യ ഫീച്ചർ ഫിലിം ആയ ഭയാനകത്തിന്റെ ക്യാമറാ വർക്കുകൾക്കു തന്നെ ദേശീയ അവാർഡ് തേടിയെത്തി. സുരേഷ് ഗോപി നായകനായ ‘കാവൽ’ ആണ് അടുത്തിറങ്ങിയ സിനിമ. കോട്ടയം മറ്റക്കര സ്വദേശിയായ ഈ യുവസിനിമാറ്റോഗ്രഫറുടെ സിയാസ് അനുഭവങ്ങളാണ് ഇത്തവണ. 

ഫുൾ എച്ച്ഡി സിയാസ്

എച്ച്ഡി, ഫുൾ എച്ച്ഡി എന്നൊക്കെ ഇപ്പോൾ കേൾക്കാത്തവരില്ല. വീഡിയോ സ്ക്രീനിന്റെ പിക്സൽ  കണക്കുകളാണിവ. ഫുൾ എച്ച്ഡി  (1920 1080)  സ്ക്രീൻ എന്നാൽ നീളത്തിലുള്ള വശത്ത് 1920 പിക്സൽ. വീതി 1080 പിക്സൽ. ഫുൾഎച്ച്ഡി യെ ചുരുക്കി പറയുന്നത് 1080 എന്നാണ്. നിഖിലിന്റെ പ്രിയപ്പെട്ട സിയാസിന്റെ നമ്പറും 1080. സിനിമ ഫുൾ എച്ച്ഡിയൊക്കെ കടന്ന് 4 കെ യിലൂടെ കടന്നു മുന്നോട്ടുപോകുമ്പോഴും നിഖിൽ തന്റെ സിയാസിനു കൊടുക്കുന്നത് ഫുൾ എച്ച്ഡി മാർക്ക്. സ്വന്തമായി അധ്വാനിച്ചു വാങ്ങിയ ആദ്യ കാറിനോടുള്ള സ്നേഹം. എന്തിനും കൂടെയുണ്ടാകും സിയാസ് എന്നാണ് നിഖിലിന്റെ അനുഭവസാക്ഷ്യം. ഷൂട്ടിങ് ആവശ്യങ്ങൾക്കായി ഇടയ്ക്കിടെയുള്ള ബെംഗളൂരു യാത്രകളിലും സകുടുംബ സഞ്ചാരത്തിലും സിയാസ് ഡബിൾ ഓകെ. 2.3 ലക്ഷം കിലോമീറ്റർ സിയാസ് ഓടിയപ്പോൾ ഏതാണ്ടെല്ലാ സമയത്തും ഡ്രൈവിങ് സീറ്റിൽ നിഖിൽ തന്നെയായിരുന്നു. 

ആദ്യ കാർ വീട്ടിലെ മാരുതി 800 ജപ്പാൻ മോഡൽ. പിന്നീട് ടൈപ്പ് 3 മാരുതിയും റെനോ ലോഗനും യാത്രയിൽ കൂട്ടാളികളായി. ഏഴു വർഷം മുൻപാണ് സിയാസ് സ്വന്തമാക്കുന്നത്. യാത്രാസുഖം, ഡ്രൈവ് കംഫർട്ട് എന്നിവയാണ് സിയാസിന്റെ ഹൈലൈറ്റുകളായി നിഖിൽ പറയുന്നത്.  ബെംഗളൂരു യാത്രകളിലാണ് ഡ്രൈവിങ് വളരെ ആസ്വദിക്കാറുള്ളത്. കമ്പം, തേനി റൂട്ടിൽ രാത്രിയിലാണ് യാത്ര. അപ്പോൾ മാത്രമാണു   വേഗമെടുക്കുക. ഉറക്കം മറികടക്കാൻ ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുകയും സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയും ചെയ്യും. ഹൊസൂർ ഭാഗത്തെ ഡ്രൈവ് ആണ് ഈ റൂട്ടിൽ കൂടുതൽ ഇഷ്ടം.  

nikhil-ciaz-1

നഗരങ്ങളിൽ വളരെ സൂക്ഷിച്ചുമാത്രം വണ്ടിയോടിക്കും. യാത്രകൾ നൽകുന്ന ദൃശ്യങ്ങൾ പിന്നീടു സിനിമകളിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഓരോ യാത്രയും അങ്ങനെ ഓരോരോ പാഠങ്ങൾ നൽകുന്നുണ്ട്.  ഇനിയൊരു വാഹനം ഓട്ടമാറ്റിക് എസ്‌യുവി ആണ് അടുത്ത ലക്ഷ്യം. പക്ഷേ, ആദ്യാനുരാഗം തോന്നിയ സിയാസിനെ വിറ്റു കളയുകയില്ല. ഒൻപതു വർഷത്തെ പ്രേമത്തിനുശേഷം ജീവിതത്തിലെ അനുരാഗിയെ സ്വന്തമാക്കിയ നാളിൽ കല്യാണവേദിയിൽനിന്നു വീട്ടിലേക്കുള്ള പത്തു കിലോമീറ്റർ ദൂരം മാത്രമുള്ള  ഡ്രൈവ് ആണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നു നിഖിൽ. അതുമാത്രം മതി സിയാസിനെ ജീവിതകാലം കൊണ്ടുനടക്കാൻ. 

ഭയാനകം ആ മറിയൽ

കുമരകത്തു വച്ചായിരുന്നു ഭയാനകത്തിന്റെ ഷൂട്ട്. വെളുപ്പിനെ നാലുമണിക്ക് ലൊക്കേഷനിലേക്കെത്തും.  ആ നാളുകളിലൊന്നിൽ  സഹപ്രവർത്തകനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ഒരു ദിവസം വീടിനടുത്തെത്തുന്നതിനു തൊട്ടുമുൻപ് അവൻ ഉറങ്ങിപ്പോയി. സിയാസ് തലകീഴായി മറിഞ്ഞു. പക്ഷേ, ഒരു പരുക്കുപോലും പറ്റാതെ കൂളായി ഞങ്ങൾ ഇറങ്ങിപ്പോന്നു. നല്ല കരുത്തുറ്റ ബോഡിയാണു സിയാസിന്റേത്. 

ഡ്രൈവിങ്ങിൽ റീ ടേക്ക് ചെയ്യേണ്ട നിമിഷങ്ങൾ ഉണ്ടായിട്ടില്ല.  അതിനു കാരണം നഗരപരിധികളിലും നാട്ടിൻപുറത്തും പതിയെ ഓടിക്കുന്ന ശീലമാണ്. ഡിഗ്‌നിറ്റി ബ്രൗൺ നിറമുള്ള ആ സിയാസ് അതേ ആദരവ് തിരിച്ചു നിഖിലിനും നൽകുന്നു. അതുകൊണ്ടാണ് പുതുഫ്രെയിമുകൾ തേടിയുള്ള യാത്രയിൽ രണ്ടര ലക്ഷം കിമീ താണ്ടിയിട്ടും  എല്ലായ്പോഴും സിയാസിനെ ഒപ്പം കൂട്ടുന്നത്- നിഖിൽ പറഞ്ഞു നിർത്തുമ്പോൾ അടുത്ത ഷോട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നുണ്ടായിരുന്നു.

English Summary: Cinematographer Nikhil S Praveen Vehicle World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com